എഴുത്തുകാരി കൂടിയായ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഒരു കവിതയാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചാവിഷയം. ഇക്കഴിഞ്ഞ ദിവസമാണ് ‘നരകം’ എന്നു പേരിട്ട കവിത അവര്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പ്രസിദ്ധീകരിച്ചത്. സമാധാനം നിറഞ്ഞ ഒരു രാജ്യത്തെ അക്രമത്തിന്റെ തലസ്ഥാനമാക്കി മാറ്റിയവരെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് മമതയുടെ കവിത. നിറങ്ങളുടെ ഹോളിയായിരുന്നു ഒരിക്കല്‍ ഇന്ത്യയുടെ പ്രത്യേകതയെങ്കില്‍ ഇപ്പോള്‍ രാജ്യത്തിന് ഒരൊറ്റ നിറം മാത്രം. ചോരച്ചുവപ്പ്. രക്തത്തിന്റെ ഹോളി ആഘോഷിക്കുകയാണ് രാജ്യ തലസ്ഥാനം എന്ന് കവിതയില്‍ മമത വിലപിക്കുന്നു. 

രക്തച്ചൊരിച്ചില്‍, മരണങ്ങള്‍, കത്തിയെരിയുന്ന വിദ്വേഷം 

നിറങ്ങളുടെ ഹോളിക്കു മുമ്പേ രക്തത്തിന്റെ ഹോളി 

വിലപിക്കുന്നു മനുഷ്യത്വം... 

മരണ സംഖ്യ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന ഡല്‍ഹി കലാപത്തെക്കുറിച്ചാണ് മമത എഴുതിയിരിക്കുന്നതെന്നു വ്യക്തം. 

നഷ്ടപ്പെട്ട വിലാസത്തിനു വേണ്ടിയാണ് അന്വേഷണം , 

തോക്കിന്‍മുനയില്‍ കൊടുങ്കാറ്റ് വീശിയടിക്കുന്ന രാജ്യത്ത്. 

ഈ രാജ്യം ഒരിക്കല്‍ സമാധാനത്തിന്റെ തലസ്ഥാനമായിരുന്നു 

ഇപ്പോഴോ വിദ്വേഷത്തിന്റെ തലസ്ഥാനവും. 

ഇതാണോ ജനാധിപത്യത്തിന്റെ അവസാനം ? 

മമത ചോദിക്കുന്നു. 

ഇക്കഴിഞ്ഞ ദിവസം ഡല്‍ഹി കലാപത്തെക്കുറിച്ചു നടത്തിയ രാഷ്ട്രീയ പ്രസ്താവനയ്ക്കിടെ സമാധാനത്തിനുവേണ്ടി മമത ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും മമത പേരെടുത്ത് കുറ്റപ്പെടുത്തിയിരുന്നില്ല. ഇതിന്റെ പേരില്‍ സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മമതയ്ക്കെതിരെ ആരോപണവുമായി രംഗത്തുവന്നു. 

മമതയും ബിജെപിയും തമ്മില്‍ രഹസ്യധാരണയിലാണെന്നായിരുന്നു ആരോപണം. അതിനു തൊട്ടുപിറ്റേ ന്നാണ് കവിതയിലൂടെ മമത ആരോപണങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞിരിക്കുന്നത്. 

ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുമ്പോള്‍ മമത മാത്രം നിശ്ശബ്ദത പാലിക്കുകയാണെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 

ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഐബി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഇതിനോടകം 32 പേരാണ് മരിച്ചത്. 

English Summary : "Holi Of Blood": Mamata Banerjee's Poem