‘‘വിഭ്രമമല്ല ജനിപ്പിപ്പതാനന്ദ- 

വിസ്മൃതിയാണു നിൻവേഷം

ആഡംബരമല്ലനന്താനുഭൂതികൾ-

ക്കാലംബനമാണിതെല്ലാം’’

എന്ന ചങ്ങമ്പുഴയുടെ വരികളിൽ കാവ്യാനുഭവത്തിന്റെ സത്യവാങ്മൂലം കിടപ്പുണ്ട്. മനുഷ്യർ ദുരിതകാലത്തു സാഹിത്യത്തെ ഉപേക്ഷിക്കുകയല്ല വാരിപ്പുണരുകയാണു ചെയ്യുക. കാരണം മറ്റെല്ലാം നഷ്ടപ്പെടുമ്പോഴും ജീവിതത്തിന്മേലുള്ള നിരന്തര പ്രേമങ്ങളെ ജ്വലിപ്പിക്കുന്നതു സാഹിത്യകലാദികളാണ്. ഏതു രാഷ്ട്രീയ മാറ്റങ്ങളിലായാലും ഏതു സാമൂഹികപരിവർത്തന മുന്നേറ്റങ്ങളിലായാലും സർഗാനന്ദമാണു നമ്മെ കെട്ടുപാടുകളിൽനിന്നഴിച്ചു മുന്നോട്ടു നടത്തിക്കുന്നത്.

ഭയാനകമായി ചിതറിപ്പോകുന്ന കലാപകാലത്ത് അതിനാൽ കലയുടെ സ്വാതന്ത്ര്യത്തിനായും ജീവിക്കണമെന്നു ചില മനുഷ്യർക്കു തോന്നുകയും ചെയ്യും. നാത്‌സി ജർമനിയിൽനിന്നു പലായനം ചെയ്ത വാൾട്ടർ ബെന്യമിൻ സ്വിസ് അതിർത്തിയിലെ ഒരു ക്യാംപിലാണു ജീവനൊടുക്കിയത്. അമേരിക്കയിലെ പ്രവാസജീവിതത്തിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടെന്നു തോന്നിയ നിമിഷത്തിലെ കടുംകൈ ആയിരുന്നു അത്. മരിക്കുമ്പോൾ ബെന്യമിന്റെ കയ്യിൽ രണ്ടു സ്യൂട്കെയ്സുകൾ ഉണ്ടായിരുന്നു. അതു നിറയെ അദ്ദേഹമെഴുതിയ കടലാസുകളും പുസ്തകങ്ങളുമായിരുന്നു. കഷ്ടകാലത്തിന്റെ അടയാളങ്ങൾ കൂടിയായ ആ കടലാസുകൾ, ജീവിതത്തിനുമേൽ മുറുകെ പിടിച്ചതിന്റെ പാടുകളായിരുന്നു.

ചിലപ്പോൾ മറ്റുള്ളവർക്ക് അസംബന്ധം എന്നു തോന്നാവുന്ന ചില മൂല്യങ്ങളിലുള്ള വിശ്വാസമോ അന്വേഷണമോ ആകണം ഓരോ എഴുത്തിനെയും മുന്നോട്ടു കൊണ്ടുപോകുന്നത്. സ്വന്തം രചനയ്ക്കെതിരായ ചപല വിമർശനങ്ങളിലും ക്രൂരമായ അവഗണനകളിലും എഴുത്തുകാർ കഠിനമായി വേദനിക്കുകയോ രൂക്ഷമായി പ്രതികരിക്കുകയോ ചെയ്യുന്നത് തങ്ങളുടെ മൂല്യങ്ങളാണു വാക്കുകൾ എന്ന ഉറച്ച വിശ്വാസം കൊണ്ടാണ്. തനിക്കെതിരായ വിമർശനങ്ങളോടു കവിതയിലൂടെ സംവാദരൂപത്തിൽ പ്രതികരിക്കുന്ന രീതി ചങ്ങമ്പുഴയ്ക്കുണ്ടായിരുന്നു.

‘‘മാനിപ്പൂ ഞാൻ സ്വയമെങ്കിലും ലോകമേ,

താണില്ല നിൻ കലാഭാസത്തിലേക്കു ഞാൻ!’’

ജി.ശങ്കരക്കുറിപ്പ്

എന്നായിരുന്നു കവിയുടെ പ്രഖ്യാപനം. തന്റെ കവിതയുടെ ഔന്നത്യം സംബന്ധിച്ചു ചങ്ങമ്പുഴയ്ക്കു ദൃഢവിശ്വാസമുണ്ടായിരുന്നു. അതിന്മേലുള്ള അഹങ്കാരം കവി ഒളിച്ചുവച്ചില്ല. സോഷ്യലിസ്റ്റ് റിയലിസം വലിയ ഫാഷനായിരുന്ന കാലത്ത് കാല്പനികത അധമമാണെന്ന ആശയത്തിനു പ്രചാരം ഉണ്ടായിരുന്നു. കവിതയിലെ വിഷാദവും വിലാപവും ഒരു വലിയ കുറ്റമായി വിളിച്ചുപറഞ്ഞവരോടു ചങ്ങമ്പുഴ പറഞ്ഞ മറുപടി

‘‘ഗാനങ്ങളെക്കാൾ മധുരമാം നിർവൃതി-

യാണെനിക്കേകുന്നതീയാത്മരോദനം..’’

എന്നായിരുന്നു. 

തന്റെ സൗന്ദര്യസങ്കൽപങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കവി ഒരുക്കമായിരുന്നില്ല. കവിതയിലെ സ്വാതന്ത്ര്യമായിരുന്നു കവിക്കു പ്രമാണം. 1948 ൽ ചങ്ങമ്പുഴ മരിച്ചു. ക്ഷയരോഗപീഡിതനായി ഇടപ്പള്ളിയിലെ വീടിനു പുറത്ത് ഒരു ചായ്പിലായിരുന്നു അവസാനകാലത്തു കവിയുടെ വാസം. അവിടെ അദ്ദേഹത്തെ ഒഴിവുദിവസങ്ങളിൽ പതിവായി സന്ദർശിച്ചിരുന്നതിനെപ്പറ്റി ജി. ശങ്കരക്കുറുപ്പ് എഴുതിയിട്ടുണ്ട്. തന്റെ സാന്നിധ്യം ആശ്വാസദായകമായതുകൊണ്ടാകാം ജീവിതത്തിന്റെ പോയ കാലങ്ങളിൽ അദ്ഭുതത്തോടെ, അഭിമാനത്തോടെ, പശ്ചാത്താപത്തോടെ ചങ്ങമ്പുഴ സഞ്ചരിക്കുക പതിവായിരുന്നുവെന്ന് ജി ഓർക്കുന്നു. ചങ്ങമ്പുഴ മരിച്ചപ്പോൾ ജി എഴുതിയത് ‘‘ചിതയിൽദ്ദഹിക്കുമോ നിത്യതതൻ കൈത്തണ്ടിൽ ചിറകുവിരുത്തുമാ നിർജ്ജരനിമിഷങ്ങൾ’’ 

ഹിഷാം മാതറുടെ ‘എ മൻത് ഇൻ സിയന്നാ’ എന്ന പുസ്തകം,  ഇതേപോലെ ചിതയിൽ ദഹിക്കാത്ത കലയിലെ വ്യക്തിനിഷ്ഠത എന്താണെന്നു വിശദീകരിക്കുന്നു. ചിത്രകലയോടുള്ള നോവലിസ്റ്റിന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ പുസ്തകമാണിത്. പത്തൊൻപതാം വയസ്സിൽ പിതാവിനൊപ്പം ഇറ്റലിയിലെ സിയന്നയിൽ മധ്യകാല പെയിന്റിങ്ങുകൾ കാണാൻ പോയതിന്റെ സ്മരണകൾ ആണ് 25 വർഷങ്ങൾക്കുശേഷം ഭാര്യക്കൊപ്പം വീണ്ടും ആ കലാനഗരത്തിലേക്കു പോകാൻ മാതറെ പ്രേരിപ്പിച്ചത്. 

സിയനസ് കലാപാരമ്പര്യം സവിശേഷമാണ്. കലാസൃഷ്ടികൾ കമ്മിഷൻ ചെയ്തിരുന്ന മധ്യകാലത്തു കലാകാരന്റെ വ്യക്തിത്വം പ്രകടിപ്പിക്കുന്ന, കലാകാരന്റെ ഭാഷയുളള സൃഷ്ടികൾ അപൂർവമായിരുന്നു. മധ്യകാലത്ത് ഇത്തരം കലാഭാഷയുടെ, സെക്യൂലർ ചിത്രകലയുടെ ശക്തമായ പ്രതിനിധാനമായിരുന്നു അബ്രോജോ ലോറൻസെറ്റിയുടെ രചനകൾ. ദി അലിഗറി ഓഫ് ഗുഡ് ആൻഡ് ബാഡ് ഗവൺമെന്റ് (1348) ചിത്രങ്ങൾ ഇതിൽ ഏറ്റവും ശ്രദ്ധേയം.

പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം സർവനാശം വിതച്ച കറുത്ത മരണമായ പ്ലേഗ് ബാധ സിയനസ് കലയിലെ സെക്യൂലർ പാരമ്പര്യത്തെയും പ്രതികൂലമായി ബാധിച്ചു. പ്ലേഗ് പടരുന്നതറിഞ്ഞ് പലരും നഗരം വിട്ട് ഉൾഗ്രാമങ്ങളിലേക്കു ഭയന്നോടി. ലോറൻസെറ്റിയും കുടുംബവും പക്ഷേ സിയന്നയിൽ തുടർന്നു. പ്ലേഗ് കലാനഗരത്തെ വിഴുങ്ങിയപ്പോൾ ആദ്യ ഇരകളിലൊന്ന് ലോറൻസെറ്റിയായിരുന്നു. ഒപ്പം അക്കാലത്തെ പല പ്രമുഖരായ ചിത്രകാരന്മാരും കലാപ്രവർത്തകരും പ്ലേഗിൽ ഇല്ലാതായി. ഉത്തര ആഫ്രിക്ക മുതൽ മധ്യപൂർവദേശത്തിലൂടെ യൂറോപ്പിലെമ്പാടും പടർന്നു പിടിച്ച പ്ലേഗ് റഷ്യ വരെ സഞ്ചരിച്ചു. 

വ്യത്യസ്ത കാലാവസ്ഥയും പലതരം ഭൂപ്രദേശങ്ങളും ആ വൈറസ് അതിജീവിച്ചു. എന്തുകൊണ്ടാണ് ഇത്ര ഭയാനകമായ വേഗത്തിൽ അതു യൂറോപ്പിലെമ്പാടും പടർന്നതെന്നത് ഇപ്പോഴും നിഗൂഢമായി തുടരുന്നു. പ്ലേഗ് ബാധ ശമിക്കുമ്പോൾ യൂറോപ്പിലെ ജനങ്ങളിൽ പകുതിയിലേറെ ചത്തൊടുങ്ങിയിരുന്നു. മരണം കൊത്തിവയ്ക്കാത്ത ഒരു ചിന്തയും തന്നിൽ പിറക്കാറില്ലെന്നു മൈക്കലാഞ്ചലോ പറഞ്ഞിട്ടുണ്ട്. ‘ദ് പ്രോബ്ളം വിത് ഫെയ്ത്’ എന്ന അധ്യായത്തിൽ മാതർ മധ്യകാല ചിത്രകലയിലെ സെക്യൂലർ പരീക്ഷണങ്ങളും കലയിലെ വ്യക്തിപരതയും എങ്ങനെയാണു കറുത്ത മരണം മാറ്റിമറിച്ചതെന്നു വിശദീകരിക്കുന്നുണ്ട്.

ചിത്രം ഒരാളുടെ വൈകാരികലോകത്തെ എപ്രകാരം സ്പർശിക്കുന്നു, കലാവിഷ്കാരത്തിലൂടെ ദൃശ്യമാകുന്ന അനുഭവമണ്ഡലം കാണിയുടെ ധിഷണയിലേക്ക് എങ്ങനെ കടന്നു ചെല്ലുന്നു തുടങ്ങിയ ചോദ്യങ്ങൾക്കു പിന്നാലെയാണു മാതറുടെ സഞ്ചാരം സിയന്നയിൽ പെയിന്റിങ്ങുകൾ കാണാൻ മാത്രമായി ചെലവഴിച്ച ഒരു മാസം എന്നും എഴുത്തുകാരൻ രാവിലെ എഴുന്നേറ്റു കലാമ്യൂസിയത്തിലേക്കു പോകുന്നു. വൈകിട്ടു വരെ അവിടെ ഇഷ്ട ചിത്രത്തിനു മുന്നിൽ നിൽക്കുന്നു. ഇതു പതിവായതോടെ ഒരു ഘട്ടത്തിൽ മ്യൂസിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് ഒരു കസേര കൊണ്ടുപോയി കൊടുക്കുന്നുണ്ട്, പെയിന്റിങ് ഇരുന്നു കാണാൻ.. എന്നാൽ മാതർ പറയുന്നു എന്റെ നോട്ടം ശരിയാകണമെങ്കിൽ എനിക്കു നിൽക്കുക തന്നെ വേണം.‌

ഹിഷാം മാതർ. ചിത്രത്തിന് കടപ്പാട് വിക്കിപീഡിയ

സിയന്നയിലെ ദിവസങ്ങളിൽ ഭാര്യ ഡയാന അദ്ദേഹത്തിന്റെ കൂടെയുണ്ട്; എഴുത്തുകാരന്റെ വിചാരങ്ങളിലും നടത്തങ്ങളിലും. കൗമാരത്തിൽ അച്ഛനോടൊപ്പം ഇറ്റലിയിൽ ചെലവഴിച്ച ദിവസങ്ങൾ എഴുത്തുകാരൻ അപ്പോൾ ഓർമിക്കുന്നു. ഇറ്റാലിയൻ ഭാഷ അറിയാത്ത തന്നോടു ചിലനേരം പിതാവ് ഇറ്റാലിയനിൽ ചില വാക്യങ്ങൾ പുഞ്ചിരിയോടെ, വെറുതെ പറയാറുണ്ടായിരുന്നു. അതു കേട്ട് തനിക്കുണ്ടായ അമ്പരപ്പ് ഇപ്പോഴും ഓർമയിലുണ്ട്. എന്തായിരിക്കും അന്ന് അദ്ദേഹം പറഞ്ഞത്..

ചിത്രകലയായാലും കവിതയായാലും നോവലായാലും ചിലപ്പോൾ ആദ്യം നമ്മെ അത് അമ്പരിപ്പിക്കും. ആ ഭാഷ മനസ്സിലാകാത്തതുപോലെ തോന്നും. ആദ്യ കലാനുഭവത്തിൽ, നമ്മുടെ കൈ പൊള്ളും. ചിലപ്പോൾ നാം കണ്ട ആദ്യ പെയ്ന്റിങ്, ആദ്യം വായിച്ച പുസ്തകം നമ്മെ മടുപ്പിച്ചിരിക്കാം. നാം അതു വെറുത്തിട്ടുണ്ടാകാം. പക്ഷേ ആദ്യത്തെ പുസ്തകവും ആദ്യത്തെ പെയ്ന്റിങ്ങും മോശമായി എന്നു നാം ഒരിക്കലും പറയാതിരിക്കാനും ശ്രദ്ധിക്കും, ആദ്യ പ്രേമം ഒരാൾ മഹത്വപ്പെടുത്തുന്നതുപോലെ. 

പക്ഷേ, വർഷങ്ങൾക്കുശേഷം, ദിവസങ്ങളോളം ഏതെങ്കിലും കലാസൃഷ്ടിക്കു പിന്നാലെ അലയാനായി ഒരിക്കൽ നിങ്ങൾ തിരിച്ചുവന്നേക്കുമോ? അങ്ങനെ കലാപങ്ങളും കഷ്ടകാലങ്ങളും പിന്നിട്ടു വരുന്ന മനുഷ്യർക്കു മുന്നിൽ അനർഘരസമാർന്ന ലോകം  ഉദിച്ചുവരുക തന്നെ ചെയ്യും, അതു കലയുടെ മാജിക്കാണ്. 

English Summary : Relationship Between Literature And Humen Being