ജയിലിൽ നിന്നു ലഭിച്ചൊരു കത്തിലാണ് എല്ലാം തുടങ്ങിയത്; സ്വന്തം മകനെ പോലെ കരുതിയിരുന്ന ആൾ പെട്ടെന്ന്...
ജയിലിൽ നിന്നു ലഭിച്ചൊരു കത്തിലാണ് എല്ലാം തുടങ്ങിയത്. ആ കത്ത് നൽകിയ സന്തോഷവും വേദനയും കടലാസിലേക്ക് പകർത്തിയപ്പോൾ ഖദീജ മുംതാസിന്റെ ആദ്യ നോവൽ ‘ആത്മതീർഥങ്ങളിൽ മുങ്ങി നിവർന്ന്’ പിറന്നു. എഴുത്ത് തുടരാനായി ദൈവനിയോഗം പോലെ എത്തിയ ആൾ പിന്നീട് മടങ്ങി വന്നില്ലെങ്കിലും എഴുത്തിന്റെ വഴിയിലെ യാത്ര അവർ തുടർന്നു.
ഭൂതക്കണ്ണാടിയിലേക്ക് നോക്കിയപ്പോൾ
നന്നായി വായിക്കുകയും കുറിപ്പുകൾ എഴുതുകയും ചെയ്തിരുന്ന കൗമാരത്തിൽ നിന്ന് എഴുത്ത് പൂർണ്ണമായി നിലച്ച യൗവനമായിരുന്നു ഖദീജ മുംതാസിന്റേത്. മെഡിക്കൽ കോളജ് പഠനവും ജോലിയുടെയും കുടുംബജീവിതത്തിന്റെയും തിരക്കുകളും എഴുത്തിനെ അവസാനിപ്പിച്ച കാലം. വായന തുടർന്നിരുന്നു. വീണ്ടും എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനൊരു തുടക്കം കിട്ടാത്ത സ്ഥിതി.
ലോഹിതദാസ് സംവിധാനം ചെയ്ത ഭൂതക്കണ്ണാടി എന്ന സിനിമ ആയിടയ്ക്കാണ് കാണുന്നത്. സിനിമയും അതിലെ കഥാപാത്രങ്ങളും വല്ലാതെ സ്വാധീനിച്ചപ്പോൾ അതേക്കുറിച്ച് ഒരു കുറിപ്പെഴുതി. പത്രത്തിൽ അതു പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപ്പെട്ട മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടർമാരായ ഡോ.സാമന്തഭദ്രനും ടി.നാരായണനുമൊക്കെ എഴുത്ത് തുടരാൻ ആവശ്യപ്പെട്ടു.
പിന്നീട് ഡോ.രാജശേഖരന്റെ ആവശ്യപ്രകാരം അച്ചുവിന്റെ ആകുലതകൾ എന്ന പേരിൽ റേഡിയോ നാടകം എഴുതി. നവജാത ശിശു സ്വന്തം അനുഭവങ്ങൾ വിവരിക്കുന്നതായിരുന്നു പ്രമേയം. ഇതു പിന്നീട് ലേഖനമായി ആരോഗ്യപ്രസിദ്ധീകരണത്തിലേക്ക് നൽകി. അതു ശ്രദ്ധിക്കപ്പെട്ടതോടെ ആരോഗ്യപ്രസിദ്ധീകരണങ്ങളിൽ എഴുതാൻ തുടങ്ങി. എഴുത്തിന്റെ വഴിയിൽ വീണ്ടും പിച്ച വച്ചു തുടങ്ങുന്ന കാലം.
ജയിലിലെ കത്ത്
തൂലികാ സൗഹൃദം ആവശ്യപ്പെട്ട് പ്ലസ്ടുവിന് പഠിക്കുന്ന മൂത്ത മകൻ നൽകിയ പരസ്യത്തിന് മറുപടിയാ യാണ് ആ കത്ത് ലഭിച്ചത്. മനോഹരമായ കൈപ്പടയിൽ ഇംഗ്ലീഷിലെഴുതിയ കത്ത് അയച്ചത് കൊലക്കുറ്റ ത്തിനു ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിയുന്ന യുവാവായിരുന്നു.
ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിയായിരിക്കെ, അച്ഛന്റെ ശത്രുവിനെ ഒരു വഴക്കിനിടയിൽ അബദ്ധത്തിൽ കൊലപ്പെടുത്തിയതായിരുന്നു അവന്റെ കേസ്. പ്രത്യേക അനുമതിയോടെ പഠനം പൂർത്തിയാക്കി എംഡിക്ക് പ്രവേശനം ലഭിച്ചുവെന്നും ശിക്ഷാ ഇളവ് ലഭിച്ചതിനാൽ ഉടൻ പുറത്തിറങ്ങുമെന്നും കത്തിലുണ്ടായിരുന്നു.
അച്ഛൻ മരിച്ച ശേഷം അമ്മ ചെന്നൈയിൽ വീട്ടുജോലി ചെയ്താണു ജീവിക്കുന്നതെന്ന് വിവരം കൂടി വായിച്ചപ്പോൾ കത്ത് വീട്ടിൽ എല്ലാവർക്കും വലിയ ആഘാതമായി. മകൻ ആ കത്തിന് മറുപടി അയയ്ക്കു കയും പിന്നീട് ഇരുവരും പരസ്പരം കത്തുകൾ അയയ്ക്കുകയും ചെയ്തു. കത്തുകളിലൂടെ അവൻ വീട്ടിലെ ഒരംഗത്തെ പോലെ ആയി.
ഖദീജ മുംതാസിനെയും ഭർത്താവിനെയും അവൻ അമ്മയും അച്ഛനുമെന്നാണ് വിളിച്ചിരുന്നത്. പിന്നീട് അമ്മയ്ക്കായി നേരിട്ടും കത്തുകൾ വന്നു തുടങ്ങി. ജയിലിൽ കഴിയുന്ന യുവാവിനെയും രണ്ടു മക്കൾക്കൊപ്പം അവർ മനസ്സുകൊണ്ട് മകനായി സ്വീകരിച്ചു.
ജയിലിൽ നിന്നു പുറത്തിറങ്ങി കോയമ്പത്തൂരിലെ ലോഡ്ജിൽ കഴിയുമ്പോൾ മകൻ നേരിട്ടു പോയി അവനെ കാണുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. കോഴിക്കോട്ടെ വീട്ടിൽ വന്നു അവൻ താമസിക്കുകയും വീട്ടിൽ എല്ലാവരുമായി അടുത്ത ബന്ധമാവുകയും ചെയ്തു. ഇതിനിടെ അവന് ഊട്ടിയിലെ ഒരു ആശുപത്രിയിൽ ജോലി കിട്ടി. എംഡി പഠനത്തിനായി ബെംഗളൂരുവിലേക്ക് പോകുന്നതിനു മുൻപും വീട്ടിൽ വന്നു.
ബെംഗളൂരുവിലേക്ക് പോയതിനു ശേഷം അവനെക്കുറിച്ചു വിവരമൊന്നുമില്ലാതായി. ഫോൺ വിളികളും കത്തുകളും നിലച്ചു. ഊട്ടിയിലും കോയമ്പത്തൂരിലുമൊക്കെ അന്വേഷിച്ചപ്പോൾ കിട്ടിയതു പൊരുത്തപ്പെടാത്ത ചില വിവരങ്ങളായിരുന്നു. സ്വയം പെട്ടെന്ന് അപ്രത്യക്ഷനായപോലെ. സ്വന്തം മകനെ പോലെ കരുതിയിരുന്ന ആൾ പെട്ടെന്ന് പോയപ്പോൾ ഖദീജ മുംതാസിന് ഉണ്ടായ ശൂന്യത വളരെ വലുതായിരുന്നു.
സാമ്പത്തികമായി സഹായിച്ചത് അവൻ ആവശ്യപ്പെട്ടിട്ട് അല്ലാത്തതിനാൽ പറ്റിച്ചു പോയതാണോ എന്നും പറയാനാവില്ല. ആ വേദനയിൽ അവനെഴുതിയ കത്തുകളും മറുപടികളും മനസിന്റെ വിഷമങ്ങളുമെല്ലാം അടുക്കിച്ചേർത്തപ്പോൾ അതൊരു പുസ്തക രൂപത്തിലായി. ‘ ആത്മതീർഥങ്ങളിൽ മുങ്ങി നിവർന്ന്’ എന്ന ആദ്യ നോവൽ. ആത്മതീർഥങ്ങളിൽ മുങ്ങി നിവർന്നതോടെ ഒരിക്കൽ നിലച്ചു പോയ എഴുത്തിന്റെ വഴിയിലെ യാത്ര ഖദീജ മുംതാസ് വീണ്ടും തുടങ്ങി. ‘നീട്ടിയെഴുത്തുകളും’ ‘ബർസ’യും ‘ആതുര’വുമെല്ലാം ആയി ആ യാത്ര ഇന്നും തുടരുന്നു.
English Summary: How Kadhija Mumtaz Come-back-to-literary-world