കോമാളികളില്ലെങ്കിലും തമാശയുണ്ട്; വില്ലന്‍മാരില്ലെങ്കിലും ദുരന്തമുണ്ട്. ചരിത്രം കുറിച്ച പാരസൈറ്റിനെക്കുറിച്ച് സംവിധായകന്‍ ബോങ് ജൂന്‍ ഹോയുടെ ഈ വാക്കുകളിലുണ്ട് സിനിമയുടെ അടിസ്ഥാന പ്രമേയം. 

പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഓസ്കറില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടുന്ന ആദ്യ വിദേശ സിനിമയാണ് പാരസൈറ്റ് എന്ന ഇതിനകം ലോകമെങ്ങും ചര്‍ച്ചാവിഷയമായ കൊറിയന്‍ സിനിമ. കൊറിയയുടെ തലസ്ഥനമായ സോളിലെ രണ്ടു വ്യത്യസ്ത കുടുംബങ്ങളുടെ കഥയിലൂടെ സമൂഹത്തിലെ സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള വ്യത്യാസവും സാദൃശ്യങ്ങളുമാണ് സംവിധായകന്‍ സമര്‍ഥമായി വെളിച്ചത്തുകൊണ്ടുവന്നത്. 

നിവര്‍ന്നുനില്‍ക്കാന്‍ പോലും ഉയരമില്ലാത്ത മേല്‍ക്കൂരയില്ലാത്ത ഒരു കുടുംബം. ആഡംബരത്തിന്റെ അവസാന വാക്ക് എന്ന് പറയാവുന്ന മണിമാളിക. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ മണിമാളികയില്‍ എത്തുന്ന പാവപ്പെട്ട വീട്ടിലെ ചെറുപ്പക്കാരന്‍. അയാള്‍ കാണുന്ന കാഴ്ചകളിലൂടെ സമൂഹത്തിലെ പരാന്നഭോജികള്‍ ആരെന്നു കണ്ടെത്തുകയാണ് ബോങ് ഹോ. 

കാഴ്ചയിലും കാഴ്ചപ്പാടിലും വ്യത്യാസങ്ങളുണ്ടെങ്കിലും പ്രണയവും പ്രതികാരവും പോലെ അടിസ്ഥാന വിഷയങ്ങളില്‍ പാവപ്പെട്ടവനേക്കാള്‍ എത്രയോ തരംതാണ മാനസികാവസ്ഥയിലേക്ക് സമ്പന്ന‍ന്‍ പതിക്കുന്നതു കാണുമ്പോള്‍ ചിരിക്കണോ കരയനോ എന്നറിയാത്ത മാനസികാവസ്ഥയിലാകും പ്രേക്ഷകര്‍. ഉപരിതലത്തില്‍ ഒരു കുടുംബകഥ. ആഴത്തില്‍ ചെന്നാലോ മനസ്സിനെ മഥിക്കുന്ന സങ്കീര്‍ണ സാമൂഹിക പ്രശ്നങ്ങള്‍ ഇഴപിരിച്ചെടുക്കാനുള്ള ശ്രമം. 

ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത പാരസൈറ്റ് ലോക സിനിമാ ചരിത്രത്തില്‍ തന്നെ അദ്ഭുതമാണ്. ഈ അദ്ഭുതം ഇനി മറ്റൊരു രീതിയിലും ആസ്വദിക്കാം എന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്തകള്‍. സിനിമകളുടെ തിരക്കഥകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതില്‍ പുതുമയില്ലെങ്കിലും ഇതാദ്യമായി ഒരു സിനിമയുടെ മേക്കിങ്ങിന്റെ കഥ വെബ്സിരീസിനു പുറമെ പുസ്തകമായും പുറത്തിറങ്ങാന്‍ പോകുന്നു. 

ചിത്രത്തിനുവേണ്ടി സംവിധായകന്‍ തയാറാക്കിയ സ്റ്റോറി ബോര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഒരു ഗ്രാഫിക് നോവല്‍ പുറത്തിറങ്ങാന്‍ പോകുന്നു. പാരസൈറ്റ് എന്ന കഥ. ഒപ്പം പാരസൈറ്റിന്റെ നിര്‍മാണ കഥയും. മേയ് 19 ന് ഗ്രാഫിക് നോവല്‍ വായനക്കാരുടെ കൈകളിലെത്തും. ഗ്രാന്‍ഡ് സെന്‍ട്രല്‍ പബ്ലിഷിങ് ഹൗസാണ് പ്രസാധകര്‍. സിനിമ എങ്ങനെയെല്ലാം ആസ്വാദ്യകരമാണോ അതേ രീതിയില്‍ തന്നെ ഗ്രാഫിക് നോവലും ആസ്വദിക്കാമെന്നാണ് സംവിധായകന്‍ നല്‍കുന്ന ഉറപ്പ്. 

ചില സിനിമകള്‍ തിയറ്ററില്‍ തന്നെ അവസാനിക്കുകയാണെങ്കില്‍ പാരസൈറ്റിനെപ്പോലെ ചുരുക്കം ചില സിനിമകള്‍ ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും വേട്ടയാടാറുണ്ട്. പറിച്ചെറിഞ്ഞുകളയാനോ ഉപേക്ഷിക്കാനോ കഴിയാത്ത രീതിയില്‍ അസ്ഥിയില്‍ ഒട്ടിപ്പിടിക്കുന്നതുപോലുള്ള അവസ്ഥ. ഇത്തരത്തില്‍ ഒരു സിനിമ എങ്ങനെ സൃഷ്ടിച്ചു എന്ന കഥയാണ് ബോങ് പറയുന്നത്. വിശദവും എല്ലാം സൂക്ഷ്മാംശങ്ങളും ഉള്‍ക്കൊള്ളുന്നതുമാണ് സ്റ്റോറിബോര്‍ഡുകള്‍. 

ഓരോ സീനും എന്താണെന്നും എങ്ങനെയാണ് ചിത്രീകരിക്കേണ്ടതെന്നും കഥാപാത്രങ്ങളുടെ ഭാവപ്രകടനങ്ങള്‍ ഏതു വരെയാകാം എന്നുമെല്ലാം വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ സമീപകാലത്തെ ഒരു ഇതിഹാസത്തിന്റെ ഇതിഹാസമായിരിക്കും അടുത്തുതന്നെ പുറത്തുവരുന്ന ഗ്രാഫിക് നോവല്‍. ഹാന്‍ ജിന്‍ വോണിനൊപ്പം സംവിധായകന്‍ കൂടിയാണ് സിനിമയുടെ തിരക്കഥ തയാറാക്കിയത്. 

English Summary : Parasite is being transformed into a graphic novel