കണ്ണീരും കരളുറപ്പും സമാസമം ചേർന്ന, കാലാകാലങ്ങളായുള്ള വലിയൊരു കാൽപനികതയാണ്  വിപ്ലവകാരിയുടെ അമ്മ എന്നത്. ലോകത്തിൽ എത്രയേറെ വിപ്ലവകാരികളുണ്ടോ, അത്രയുംതന്നെ ശക്തരായ അമ്മമാരുമുണ്ട്; ഗോർക്കിയുടെ ‘അമ്മ’യെ പോലെ. 

അത്തരമൊരു അമ്മയായിരുന്നു മൂൽമതി. തൂക്കിലേറ്റപ്പെട്ട, വിപ്ലവകാരിയായ, സ്വാതന്ത്ര്യസമര സേനാനി രാം പ്രസാദ് ബിസ്മിലിന്റെ അമ്മ. ഗോർക്കിയുടെ നോവലിലെ പിലഗേയയേയും മകൻ പാവെലിനെയും പോലെ തന്നെ അവർ– മൂൽമതിയും മകൻ രാം പ്രസാദ് ബിസ്മിലും. 

ഉത്തർപ്രദേശിലെ ഷാജഹാൻപുർ നഗരത്തിൽ ലളിത ജീവിതം നയിച്ചിരുന്ന സാധാരണക്കാരിയായ ഒരമ്മയായിരുന്നു മൂൽമതി. സാഹചര്യങ്ങളാണല്ലോ ഏതൊരാളുടെയും ശക്തിയെ പുറത്തേക്കു കൊണ്ടുവരുന്നത്. അത്തരത്തിൽ മൂൽമതിയുടെ വ്യക്തിജീവിതത്തിലും മാറ്റങ്ങൾ ഉണ്ടായി. മകന്റെ കരളുറപ്പിൽ അമ്മയുടെ കണ്ണുനീർ കാരിരുമ്പിന്റെ കരുത്താർജ്ജിച്ച കഥ കൂടിയാണത് .

അച്ഛനിൽ നിന്ന് ഹിന്ദിയും ഒരു മൗലവിയിൽനിന്ന് ഉർദുവും പഠിച്ചിരുന്ന ബിസ്മിൽ ചെറുപ്പം മുതൽ രണ്ടു ഭാഷയിലും കവിതകൾ എഴുതിപ്പോന്നു. വിപ്ലവപ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടനായത് ദേശസ്നേഹവും സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നവും ഉള്ളിലുള്ളതിനാൽ ആയിരുന്നു. സ്വാമി പരമാനന്ദിനെ തൂക്കിലേറ്റിയതിൽ മനംനൊന്ത് ബിസ്മിൽ ‘മേരാ ജന്മ്’ എന്ന കവിതയെഴുതി. ബ്രിട്ടിഷ് ഭരണത്തിനെതിരായി ബിസ്മിലിന്റെ ആദ്യ ചുവടുകളിലൊന്നായി ആ കവിത. പിന്നീടങ്ങോട്ടും അക്ഷരങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ബിസ്മിൽ ബ്രിട്ടിഷ് ഭരണത്തിനെതിരെ പടപൊരുതി. ഗംഭീര കവിയെന്ന് ഭഗത് സിങ് ബിസ്മിലിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

ഭരണത്തിനെതിരെ തൂലിക മാത്രമല്ല യഥാർഥ പടവാൾ തന്നെയെടുത്തു ബിസ്മിൽ. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള അഹിംസാത്മക സമരമുറകളിൽനിന്ന് മാറി ചരിച്ചവരാണ് ബിസ്മിലും കൂട്ടരും. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന പാർട്ടിയുടെ സ്ഥാപകരിൽപ്പെട്ടവർ. ഭഗത് സിങ് ഉൾപ്പെടെയുള്ള വിപ്ലവകാരികൾക്കൊപ്പം പാർട്ടിയുടെ മുൻ നിരയിൽ ആയിരുന്നു ബിസ്മിലും. 

ചൗരി ചൗരാ സംഭവത്തിനു ശേഷവും ഗാന്ധിജിയുടെ നേതൃത്വത്തിൽ ‌അഹിംസാത്മക സമരം മുന്നോട്ടു പോകുന്നതിൽ അതൃപ്തരായാണ് വിപ്ലവകാരികൾ പുതിയ പാർട്ടി രൂപീകരിച്ചത്. ഭരിക്കുന്നവരും ആയുധ ശേഷിയിൽ മുൻതൂക്കമുള്ളവരുമായ ബ്രിട്ടിഷുകാർക്കു മുന്നിൽ സായുധ വിപ്ലവത്തിനും ഒളിപ്പോരിനുമൊന്നും ഏറെ പിടിച്ചു നിൽക്കാൻ ആകുമായിരുന്നില്ല.

മകന്റെ വിപ്ലവമാർഗം ഏതുമാവട്ടെ, ബിസ്മിലിന്റെ അമ്മയുടെ നിയോഗം അടിപതറാതെ കൂടെ നിൽക്കുക എന്നതായിരുന്നു.1925 ൽ നടന്ന കക്കോരി ഗൂഢാലോചന ഉൾപ്പടെയുള്ള കേസുകളിൽ വിചാരണയ്ക്കു ശേഷം ബിസ്മിൽ, അഷ്ഫഖുള്ള ഖാൻ, റോഷൻ സിങ് എന്നിവക്ക് വധശിക്ഷ വിധിച്ചു. 1927ൽ മുപ്പതുകാരനായ ബിസ്മിലിന്റെ വധശിക്ഷ നടപ്പാക്കി. കവിയായ വിപ്ലവകാരി രക്തസാക്ഷിയായി. കഥ കാൽപനികമാകുന്നത് അവിടം മുതലാണ്.

ബിസ്മിൽ അവസാനമായി എഴുതിയത് കവിതയല്ല, ഒരു കത്തായിരുന്നു. പ്രിയപ്പെട്ട അമ്മയ്ക്ക് എന്ന മട്ടിൽ തുടങ്ങി, പതിവു പോലെ എന്ന് സ്വന്തം മകൻ  ബിസ്മിൽ എന്ന് അവസാനിക്കുന്ന ഒന്നായിരുന്നില്ല അത്. ആ യുവാവ് അഭിസംബോധന ചെയ്തത് സ്വന്തം രാജ്യത്തെയായിരുന്നു. അതിലൊരു അപേക്ഷ കൂടിയുണ്ടായിരുന്നു. അപേക്ഷയെന്നല്ല, അന്ത്യാഭിലാഷം എന്നുവേണം അതിനെ പറയാൻ. 

ബിസ്മിൽ ഇങ്ങനെ എഴുതി: ‘വിഷമിക്കരുത്, ഞങ്ങളുടെ മരണത്തിൽ. അഥവാ നിങ്ങൾക്ക് ഞങ്ങളുടെ മരണത്തിൽ അൽപമെങ്കിലും സങ്കടമുണ്ടെങ്കിൽ, എന്റെ രാജ്യത്തെ ജനങ്ങളോട് എനിക്കൊരു അപേക്ഷയുണ്ട്. മറ്റൊന്നുമല്ലത്, ഏതു വിധേനയും ഹിന്ദു - മുസ്‌ലിം ഐക്യം നിലനിർത്തണം. അതാണ് ഞങ്ങളുടെ അന്ത്യാഭിലാഷം. അതിനു മാത്രമാണ് ഞങ്ങളുടെ സ്മാരകമാകാൻ കഴിയുന്നത്.’

ആ സ്മാരകം ഒരിക്കലും പൂർത്തിയാകാത്ത വിധമാണ് പിന്നീട് അവരുടെ സ്വപ്നസാമ്രാജ്യത്തെ നമ്മൾ രണ്ടായി വിഭജിച്ചത്. സ്വാതന്ത്ര്യം എന്ന, സർവരുടെയും സ്വപ്നത്തെ നമ്മൾ രണ്ടായി മുറിച്ചത് അങ്ങനെയാണ്. ഒരേ ലക്ഷ്യത്തിലേക്ക് എത്താനായി പ്രവർത്തിച്ച സമാധാനവും സായുധവുമായ രണ്ടു രീതികൾ രണ്ടു വഴിക്കായതും അങ്ങനെയാണ്.

വധശിക്ഷ നടപ്പാക്കുന്നതിന്റെ തലേന്ന് ബിസ്മിലിനെ ജയിലിൽ സന്ദർശിക്കാൻ മൂൽമതി എത്തി. അമ്മയെ നോക്കി നിന്ന അവന്റെ കണ്ണുകൾ നിറഞ്ഞു. നനവു മൂടിയ ആ കണ്ണുകളിലേക്ക് നോക്കി ആ അമ്മ പറഞ്ഞത്, ‘എന്റെ മകൻ ധൈര്യശാലിയാണെന്നാണ് ഞാൻ കരുതിയത്. ബ്രിട്ടിഷുകാർ അവന്റെ പേരിനെപ്പോലും ഭയക്കുന്നു. അവൻ മരണത്തെ ഇത്ര ഭയക്കുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല’ എന്നാണ്. ബിസ്മിലിന്റെ മറുപടി, മരണഭയമല്ല, അമ്മയെ ഇനി കാണാൻ കഴിയില്ലല്ലോ എന്നതാണ് തന്നെ കരയിച്ചതെന്നായിരുന്നു. ‘കരഞ്ഞുകൊണ്ട് തൂക്കുമരത്തിനടുത്തേക്ക് നടക്കുവാനാണെങ്കിൽ നീ എന്തിനീ ജീവിതവഴി സ്വീകരിച്ചു’ എന്ന അമ്മയുടെ ചോദ്യത്തിനു മുന്നിൽ ബിസ്മിൽ കണ്ണീർ തുടച്ച് സധൈര്യം നിൽക്കുക തന്നെ ചെയ്തു. മകന്റെ ചേതനയുള്ള കൈത്തണ്ടയിൽ അവസാനമായി മുറുകെ പിടിച്ച് നിശബ്ദമായി ആ അമ്മ ഒരായിരം മുദ്രാവാക്യങ്ങൾ മുഴക്കി. തന്റെ ജീവിതത്തിലെ അവസാന സന്ധ്യയുടെ മുഴുവൻ ഏകാന്തതയും പേറി നിൽക്കുന്ന മകനെ പിന്തിരിഞ്ഞൊന്നു നോക്കാനാകാതെ ആ അമ്മ തിരികെപ്പോയി. 

അടുത്ത പകൽ ബിസ്മിലിനെ തൂക്കിലേറ്റി. അതുകഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കു ശേഷം ആ അമ്മ ഒരു പൊതുവേദിയിൽ സംസാരിച്ചു. ‘എനിക്ക് ഇനിയൊരു മകൻ കൂടിയുണ്ട്. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അവനെയും എടുത്തുകൊള്ളൂ’ എന്ന് അവർ ആവശ്യപ്പെട്ടു. പാതയോരങ്ങളിൽനിന്ന് പൊട്ടിപ്പുറപ്പെടുന്ന പ്രതിഷേധാഗ്നിയേക്കാൾ ശക്തി അടുക്കളകളിലെ അംഗട്ടിയിൽ ആളുന്നുണ്ടെന്ന് അവർ പറയാതെ പറയുകയായിരുന്നു.  

അധികാരികൾ അത് കാണാതിരുന്നില്ല. അടിച്ചമർത്തൽ എന്നൊരു ആയുധം അവർ പ്രയോഗിക്കുമല്ലോ. മൂൽമതിയെ പിന്നീട് കാത്തിരുന്നത് ദുരിത ജീവിതമായിരുന്നു. ഉള്ളതെല്ലാം വിറ്റ് ജീവിതച്ചെലവിനു വഴി തേടേണ്ടി വന്നു ആ സ്ത്രീക്ക്. 

1906 ൽ ഗോർക്കി എഴുതിയ അമ്മ എന്ന നോവലിലെ റഷ്യൻ വിപ്ലവകാരിയുടെ അമ്മയായ പിലഗേയ, 1917ൽ തുടങ്ങിയ ബോൾഷെവിക് വിപ്ലവം, 1919 ൽ ബോൾഷെവിക് വിപ്ലവത്തെക്കുറിച്ച് പുസ്തകമെഴുതിയ ബിസ്മിൽ (ബോൾഷെവിക് കി കർടൂട്ട് എന്ന പുസ്തകം), ബിസ്മിലിന്റെ അമ്മ, പിലഗേയയെ പോലെയുള്ള മൂൽമതി. ചരിത്രം അങ്ങനെ പല പേരുകളിലായി പല നാടുകളിലായി കണ്ണികൾ വിളക്കി ചേർത്തുകൊണ്ടേയിരിക്കുന്നു. 

ഓരോ വിപ്ലവകാരിയായ രക്തസാക്ഷിയുടെയും രാഷ്ട്രീയ പിതൃത്വം ഏറ്റെടുക്കാൻ സംഘടനകൾ മുറവിളി കൂട്ടുന്നതിനിടയിൽ മാതൃത്വങ്ങൾ മറവിയിലായിപ്പോകും. അതും അതിശക്തരായ സ്ത്രീകൾ. അവരുടെ മാതൃത്വം കൂടിയാണ് മക്കൾക്കൊപ്പം രക്തസാക്ഷിത്വം വരിക്കുന്നത്. അങ്ങനെ എത്രയെത്ര അമ്മ മരണങ്ങൾ. ഒരിക്കലും ഉയരാത്ത സ്മാരകങ്ങളാണവ. വിപ്ലവത്തിനും യുദ്ധത്തിനുമൊടുവിൽ വിജയിച്ച പക്ഷത്തുമുണ്ടാകും അമ്മമാരുടെ കഴുകിക്കളയാനാവാത്ത കണ്ണീർപ്പാടുകൾ. കഥയുടെ കാവ്യനീതിയാണത്.

English Summary : About Ram Prasad Bismil And His Mother