കണ്ണന്റെ മറുപടിയാണ് എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത്: എന്താ കണ്ണായിത് പഠിച്ചതു മുഴുവൻ...
മുറിവേറ്റ ദിനങ്ങളെ മറന്നുകൊൾക, ഞങ്ങൾ സന്തോഷം തേടിയാണ് യാത്ര തുടങ്ങിയിരിക്കുന്നത് എന്ന് മനസ്സു കൊണ്ട് തീരുമാനിച്ചായിരുന്നു സ്പെയിനിലെ രണ്ടാം ദിവസത്തെ യാത്ര ആരംഭിക്കുന്നത്. അങ്ങെയെങ്കിൽ ഏറ്റവും സന്തോഷം തോന്നുന്ന സ്ഥലത്തേക്കു തന്നെ പോകാം എന്ന് തീരുമാനിച്ചു.
മകൾ ചക്കിക്ക് കാണേണ്ടത് റിയൽ മാഡ്രിഡാണ്. അവള്‍ ആരാധനയോടെ മാത്രം ഓർക്കുക പോലും ചെയ്യുന്ന സ്ഥലം. ഇഷ്ടതാരങ്ങളുടെ മനസ്സും കണ്ണും കാലടികളും ഒരു നർത്തകന്റേതു പോലെ ആടിയമർന്ന റിയൽ മാഡ്രിഡ് സ്റ്റേഡിയമായിരുന്നു ലക്ഷ്യം. ഒരു ദിവസം മുഴുവൻ കണ്ടിട്ടും മതിവരാത്ത സ്റ്റേഡിയം. അവിടെ ഒരു ഫുട്ബോൾ ആരാധകനെ സന്തോഷിപ്പിക്കുന്നതെല്ലാമുണ്ട്.
കളിക്കളത്തിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ റൊണാൾഡോയും റൊണാൾഡീഞ്ഞോയുമൊക്കെ ആ കളത്തിലേക്ക് ഇറങ്ങുമ്പോൾ ഉയർന്നു പൊങ്ങുന്ന സ്റ്റേഡിയത്തിലെ അലയോലികൾ കൺമുന്നിൽ കാണുന്നതു പോലെ തോന്നി. ടെലിവിഷൻ സ്ക്രീനിന്റെ ഇത്തിരി വ്യാസത്തിനപ്പുറം റിയൽ മാഡ്രിഡ് മുഴുവനായി സ്വപ്നം കണ്ടുകൊണ്ടാണ് അന്നത്തെ മത്സരങ്ങളൊക്കെയും വീക്ഷിച്ചിരുന്നത്.
ഇന്നിതാ അതേ ഗ്രൗണ്ടിൽ റൊണാൾഡോയൊന്നുമില്ലെങ്കിലും ഞങ്ങൾ നിൽക്കുകയാണെന്ന് മകൾ പറയാതെ പറയുന്നുണ്ടായിരുന്നു. അവൾ അത്രയേറെ അഭിമാനത്തോടെയാണ് അവിടെ നിന്നത്. അടുത്ത ദിവസത്തെ യാത്ര ബാഴ്സലോണയിലേക്കായിരുന്നു. ഒളിമ്പിക്സ് നടന്ന ബാഴ്സലോണയിൽ പോകണമെന്ന് അശ്വതിയുടെ ആഗ്രഹമായിരുന്നു. ഒരു മലയാളിയുടെ, മലയാളമണ്ണിന്റെ സാന്നിധ്യം തേടിയായിരുന്നു ബാഴ്സലോണയിൽ ഞങ്ങൾ നടന്നത്.
ഒളിമ്പിക്സിൽ പങ്കെടുത്ത് ജയിച്ചവരുടെയെല്ലാം കാൽപ്പാടുകൾ അവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു. കാൾ ലൂയിസ്, എഡ്വിൻ മോസസ് ഇങ്ങനെ തുടങ്ങുന്നു ഈ കാൽപ്പാടുകളുടെ അടിയിൽ എഴുതി വച്ചിരിക്കുന്ന പേരുകൾ. ഞങ്ങൾ ആ വരികൾക്കിടയിലെല്ലാം അന്വേഷിച്ചതും കാണാൻ കൊതിച്ചതും ഒരേയൊരു പേരായിരുന്നു. ഇന്ത്യ എന്ന ടൈറ്റിലിനും കാൽപ്പാടുകൾക്കുമിടയിൽ ഞങ്ങൾ ആ പേര് കണ്ടെത്തി. പി.ടി. ഉഷ! പയ്യോളി എക്സ്പ്രസ് എന്ന മലയാളികളുടെ അഭിമാനതാരത്തിന്റെ കാൽപ്പാടുകൾ.
ഞങ്ങൾ മറ്റൊരു കാൽപ്പാടുകളും പിന്നീട് അവിടെ കണ്ടില്ല. അഭിമാനനിമിഷത്തെ ഞങ്ങളുടെ അഭിമാനമായി കണക്കാക്കി അവിടെ മണിക്കൂറുകളോളം നിന്നു. മറ്റുള്ളവർക്കു മുന്നിൽ പി.ടി. ഉഷയുടെയും ഭാരതത്തി ന്റെയും പേരിനൊപ്പം ഞങ്ങൾ തലയെടുപ്പോടെയാണ് നിന്നത്. ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായിരുന്നു അവിടെയുണ്ടായിരുന്ന മണിക്കൂറുകൾ. വൈകുന്നേരമായതോടെ ഞങ്ങൾ അവിടെ നിന്നും വിട പറഞ്ഞു.
സ്പെയിനിൽ നിന്നും വിടപറയുകയാണ്. സ്പെയിനിലേക്ക് ഇനിയും വരണമെന്നുണ്ട്; ഈ കാഴ്ചകളെല്ലാം വീണ്ടും കാണുവാൻ പക്ഷേ, കാളപ്പോര് കാണാൻ മാത്രം ഇനി വയ്യ! നാലുപേരും ഒരു പോലെയാണ് ആ തീരുമാനമെടുത്തത്. അത് ഞങ്ങളെ അത്രമേൽ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. അടുത്ത യാത്ര ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് മക്കൾ രണ്ടു പേരും വന്ന് ഒരു സങ്കടം പറഞ്ഞത്. സ്പെയിനിലേക്കാണല്ലോ വരുന്നത് ; അതുകൊണ്ട് സ്പാനിഷ് വാക്കുകൾ പഠിച്ചു വച്ചിട്ടുണ്ട്. പക്ഷേ അത് പ്രയോഗിക്കാൻ പറ്റിയില്ലല്ലോ എന്നതായിരുന്നു അവരുടെ ധർമസങ്കടം. അതിൽ സങ്കടപ്പെടേണ്ട കാര്യമില്ലല്ലോ....അങ്ങനെ നാലു സ്പാനിഷ് വാക്കുകൾ പഠിച്ചല്ലോ. അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്? എന്ന് ഞാൻ അവരെ ആശ്വസിപ്പിച്ചു.
‘നാലൊന്നുമല്ല, ഇരുപത്തഞ്ചോളം വാക്കുകളാ ഞങ്ങള് പഠിച്ചത്.’ കണ്ണനായിരുന്നു അത് പറഞ്ഞത്. എന്നാൽ കേൾക്കട്ടെ.
കുട്ടികളുടെ സ്പാനിഷ് ഭാഷ കേൾക്കാൻ ഞങ്ങൾക്കും കൊതിയായി. ‘ഓ....നോ നോസ് മാറ്റേ... നോ നോസ് മാറ്റേ.....’ കണ്ണൻ സ്പാനിഷിൽ അലറി വിളിച്ചു. ഇതെന്ത് നോ നോസ്? എന്റെ സംശയം. ‘അപ്പാ ഇതിന്റെ അർഥം, അയ്യോ എന്നെ കൊല്ലല്ലേ, അയ്യോ എന്നെ കൊല്ലല്ലേ എന്നാണ്.’ പഠിച്ച മുഴുവൻ വാക്കുകളും കേട്ടപ്പോൾ ഞാൻ ഞെട്ടിത്തരിച്ചു പോയി. അയ്യോ എന്റെ പോക്കറ്റടിച്ചേ....., ഞങ്ങളുടെ പാസ്പോർട്ട് പോയേ, ൈദവത്തെയോർത്ത് പാസ്പോർട്ട് തിരിച്ചു തരൂ...., എന്റെ അച്ഛനുമമ്മയെയും ഒന്നും ചെയ്യല്ലേ....
ഇത്രയുമായപ്പോഴേക്കുംതന്നെ പഠിച്ച വാക്കുകളുടെ സ്വഭാവം മനസ്സിലായി. എന്താ കണ്ണായിത്? കുറച്ചു പുതിയ വാക്കുകൾ പഠിച്ചത് മുഴുവൻ നെഗറ്റീവാണല്ലോ?
കണ്ണന്റെ മറുപടിയാണ് എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത്. അപ്പാ, ഇവിടെ വന്നിട്ട് സുഖാണോ എന്നൊക്കെ ചോദിക്കാൻ സ്പെയിനിൽ നമുക്ക് പരിചയക്കാരൊന്നുമില്ലല്ലോ? ഒരു പുതിയ രാജ്യത്തേക്ക് വരുമ്പോ ഇതൊക്കെയാണപ്പാ പഠിക്കേണ്ടത്. രക്ഷപ്പെടണമെങ്കിൽ ഇതൊക്കെ പഠിച്ചിട്ടേ കാര്യമുള്ളൂ. കണ്ണൻ പറഞ്ഞതിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നി. പ്രായോഗികതയാണ് ഇപ്പോൾ കണ്ണൻ പറഞ്ഞ കാര്യം. ചിലപ്പോഴൊക്കെ കുട്ടികളിൽ നിന്നും നമുക്ക് പഠിക്കാനുണ്ടാവും. ചിരിയോടെയാണെങ്കിലും ചിന്തിച്ചു കൊണ്ടായിരുന്നു ഞങ്ങൾ സ്പെയിനിൽ നിന്നും മടങ്ങിയത്.
സപ്തവർണ്ണച്ചിറകുകൾ വീശി പറന്നു പറന്നൊരു യാത്ര ശുഭയാത്ര (യാത്രാവിവരണം)
ജയറാം
മനോരമ ബുക്സ്
വില 240
പുസ്തകം ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English Summary: Sapthavarnachirakukal Veeshi Parannu Parannoru Yathra - Shubayathra by Jayaram - Manorama Books