കാസർകോട് ∙ സാറാ അബൂബക്കർ. പ്രായം 84. ദക്ഷിണേന്ത്യയിൽ മെട്രിക്കുലേഷൻ പാസായ ആദ്യ മുസ്‌ലിം പെൺകുട്ടി. 1953 ൽ കാസർകോട് ബിഇഎം ഹൈസ്കൂളിൽ 11-ാം ക്ലാസ് വിദ്യഭ്യാസം പൂർത്തിയാക്കിയായിരുന്നു ചരിത്രം തിരുത്തിയ ആ മുന്നേറ്റം. മെട്രിക്കുലേഷൻ പാസായ പെൺകുട്ടിയെന്ന വിശേഷണത്തേക്കാൾ ഉപരിയായി സാറാ ഇന്ന് അറിയപ്പെടുന്നത് കന്നഡ സാഹിത്യ ലോകത്തിനു നൽകിയ സംഭാവനകളിലൂടെയാണ്. വിവർത്തക, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ തിളങ്ങിയ സാറാ ഇപ്പോൾ മംഗളൂരുവിൽ വിശ്രമജീവിതത്തിലാണ്. ജീവിത ഓർമകൾ സാറാ അബൂബക്കർ പങ്കുവയ്ക്കുന്നു....

 മെട്രിക്കുലേഷൻ കഴിഞ്ഞു, ഇന്റർമീഡിയറ്റ് പക്ഷേ...

അക്കാലത്ത് മുസ്‍ലിം പെൺകുട്ടികൾക്കു രക്ഷിതാക്കൾ പരമാവധി 5 വരെ മാത്രമേ വിദ്യാഭ്യാസം അനുവദിച്ചിരുന്നുള്ളൂ. പ്രായപൂർത്തിയെത്തും മുൻപ് 11 ാം വയസി‍ൽ  വിവാഹം ചെയ്തു കൊടുക്കുന്നതായിരുന്നു പതിവ്. എന്നാൽ പിതാവ് അഹമ്മദിന്റെ നിശ്ചയ ദാർഢ്യവും സാറയുടെ കടുത്ത ആഗ്രഹവും ഒന്നു ചേർന്നപ്പോൾ  അന്നത്തെ മെട്രിക്കുലേഷൻ ആയ 11 ാം ക്ലാസ് എന്ന ലക്ഷ്യം സാറ സാധിച്ചെടുത്തു.

ഇന്റർമീഡിയറ്റിനു പോകാൻ ആഗ്രഹിച്ചെങ്കിലും മംഗളൂരു സെന്റ് ആഗ്നസ് കോളജായിരുന്നു ഏറ്റവും അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനം. വിട്ടിൽ നിന്നു പെൺകുട്ടികളെ ദൂരെ കോളജിലേക്കു അയക്കാൻ വീട്ടുകാർ തയാറായില്ല. അങ്ങനെ സാറയുടെ വിദ്യാഭ്യാസം മെട്രിക്കുലേഷനിൽ അവസാനിച്ചു.  ബിഇഎം സ്കൂളിൽ 11 ാം ക്ലാസിൽ 16 പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. ഏക മുസ്‍ലിം പെൺകുട്ടി സാറയുൾപ്പെടെ മെട്രിക്കുലേഷൻ പാസായത് 4 പേർ മാത്രം. അവരിൽ വസന്തിയും ദേവയാനിയും മാത്രമായിരുന്നു കോളജ് വിദ്യാഭ്യാസം നേടിയത്. ദേവയാനി പിന്നീട് അധ്യാപികയായി.

 മെട്രിക്കുലേഷൻ  കഴിഞ്ഞ ഉടൻ വിവാഹം

മെട്രിക്കുലേഷൻ പാസായ 1953ൽ, ഒക്ടോബർ 1നു ആയിരുന്നു നിക്കാഹ്.  16 ാം വയസിൽ ആണ് മംഗളൂരു ലാൽബാഗിലെ പൊതുമരാമത്ത് വിഭാഗം എക്സി.എൻജീനിയർ ആയിരുന്ന അബൂബക്കറിന്റെ ജീവിത പങ്കാളിയായത്. 

അബൂബക്കർ മരിച്ചിട്ടു 30 വർഷം പിന്നിട്ടു. അമേരിക്കയിലും മംഗളൂരിലുമായി എൻജിനിയർമാരും ബിസിനസുകാരുമായി 4 മക്കളാണ് ഉള്ളത്. എഴുത്തു വിട്ടിട്ടു 2 വർഷമായി. 1965 ലെ ഇന്ത്യ– പാക്ക് യുദ്ധത്തിൽ വീരമൃത്യു വരിച്ച ലഫ്ടനന്റ് പി. മുഹമ്മദ് ഹാഷിമിന്റെ സഹോദരിയാണ് സാറാ.

വിവർത്തനത്തിലേക്ക്

രണ്ടും മൂന്നും ക്ലാസിലെ മലയാള പഠനമാണ് മലയാളത്തിൽ നിന്നു കന്നഡയിലേക്കു മൊഴിമാറ്റം നടത്താൻ സഹായിച്ചത്. കാസർകോട്  ചെമ്മനാട് സ്കൂളിൽ ആയിരുന്നു മലയാളം പഠിച്ചത്. 4 മുതൽ കന്നഡ മീഡിയത്തിലായി പഠനം. സമീപത്ത് മികച്ച മലയാളം സ്കൂൾ ഇല്ലാത്തതായിരുന്നു കാരണം. 

കാസർകോട് താലൂക്ക് ഓഫിസിനും കോടതിക്കും സമീപത്തെ ഗേൾസ് സ്കൂളിലായിരുന്നു 4 മുതൽ 7 വരെ പഠനം. 

സാറാ അബൂബക്കർ ഭർത്താവ് അബൂബക്കറോടൊപ്പം

കന്നഡയും മലയാളവും മാത്രമറിയാവുന്ന സാറ ഇരുന്നിരുന്ന ബഞ്ചിൽ ഇടത്തും വലത്തുമായി കൊങ്കിണി സംസാരിക്കുന്ന കുട്ടികൾ. കൊങ്കിണി അറിയാത്തത് തന്നെ വേറിട്ടു നിർത്തുന്നത് പോലെയായി. ഇതിനു പരിഹാരമുണ്ടാക്കിയത് നെല്ലിക്കുന്നിൽ താമസിച്ചിരുന്ന ദുർഗാബായി ടീച്ചർ. എല്ലാ കുട്ടികളും കന്നഡ സംസാരിക്കണമെന്നു നിഷ്കർഷിച്ചു. 

വീട്ടിൽ വന്നു കന്നഡ പഠിപ്പിച്ചു. 8 മുതൽ കാസർകോട് ബിഇഎം സ്കൂളിൽ. കണക്ക് അധ്യാപകൻ കൊറഗ നായ്ക്കും കന്നഡ വിദ്വാൻ കെ.എസ്.ശർമയും ആയിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട അധ്യാപകർ. ശർമ മാഷ് എടുക്കുന്ന ക്ലാസിൽ സമയം പോകുന്നത് അറിയില്ല. ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് എടുത്തു തരുമായിരുന്നു അദ്ദേഹം. ആ വായനയാണ് പരന്ന വായനയ്ക്കും എഴുത്തിനും പ്രചോദനമായത്.

സ്ത്രീകളോട്  പറയാനുള്ളത്

ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വേലിക്കെട്ടിൽ നിന്നു പുറത്തു കടന്നു സ്ത്രീകൾ പോരാടണം. ‍ഞങ്ങളുടെ വിദ്യാഭ്യാസ കാലത്ത് മുസ്‌ലിമെന്നോ ബ്രാഹ്മണരെന്നോ നായരെന്നോ വ്യത്യാസമില്ലാത്ത സ്ത്രീകൾ വളരെ അടുത്ത് ഇടപഴകിയാണ് ജീവിച്ചത്. കാസർകോട് നായക്സ് റോഡിൽ വാടക വീട്ടിൽ താമസിക്കെ അടുത്തുള്ള നായർ കുടുംബത്തിന്റെ വീട്ടിലെ യുവതിയുടെ പ്രസവവേദന സമയത്ത് ഉമ്മ ഖുർആൻ വായിച്ചു പ്രാർഥന നടത്തിയത് ഇന്നും ഓർക്കുന്നു. മതസൗഹാർദം നാടിന്റെ പുരോഗതിയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. 

വർഗീയ വിദ്വേഷം ആളിക്കത്തിക്കാനും സ്ത്രീകളെ അടിച്ചമർത്താനും ആവിഷ്കാര സ്വാതന്ത്യം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ രംഗത്തിറങ്ങണം. ഭാഷയും മതവും ജാതിയും അടിച്ചേൽപ്പിക്കുന്ന അനാചാരങ്ങളിൽ നിന്നു പുറത്തു കടക്കുന്നതോടൊപ്പം ഭരണാധികാരികളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഉശിരോടെ പോരാടാനും സ്ത്രീകൾ തയാറാവണം.

സാറാ അബൂബക്കർ 

കാസർകോട് ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന ഫോർട്ട് റോഡ് തെരുവത്ത് കുന്നിൽ പുതിയപുരയിൽ അഹമ്മദിന്റെയും സൈനബിയുടെയും 6 മക്കളിൽ ഏക മകൾ. ചന്ദ്രഗിരിയ തീറദല്ലി, കദന വിറാമ, സഹന തുടങ്ങിയവ പ്രധാന നോവലുകൾ. 8 കൃതികൾ കന്നഡയിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.  

കമലാദാസിന്റെ മനോമി, പി.കെ.ബാലകൃഷ്ണന്റെ ഇനി ‍ഞാൻ ഉറങ്ങട്ടെ അടക്കമുള്ളവയാണ് കന്നഡയിലേക്കു  വിവർത്തനം ചെയ്തത്. ചന്ദ്രഗിരി പ്രകാശന എന്ന പേരിൽ  സ്വന്തമായി പ്രസാധക സ്ഥാപനം നടത്തുന്നുണ്ട്. അവരുടെ നേതൃത്വത്തിലുള്ള കർണാടക റൈറ്റേഴ്സ് ആൻഡ് റീഡേഴ്സ് അസോസിയേഷനിൽ 300 ലേറെ സ്ത്രീകൾ അംഗങ്ങളാണ്.

English Summary: Life Story Of Sara Abubakar As A Woman And Writer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT