‘ഞാൻ ഇരുന്നാൽ ഇനിയും കഥയെഴുതും, അതുകൊണ്ടിനി ആർക്കൊക്കെ ഉപദ്രവമാകുമോ?; ഞാൻ പോകട്ടെ’
‘ഞാൻ ഇരുന്നാൽ ഇനിയും കഥയെഴുതും, അതുകൊണ്ടിനി ആർക്കൊക്കെ ഉപദ്രവമാകുമോ?; ഞാൻ പോകട്ടെ’
‘ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്, കൊള്ളരുതായ്മയുടെയും-’
‘ഭീരുത്വം എന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുമ്പിൽ തല വയ്ക്കുന്നതു ഭീരുത്വമാണത്രേ ഭീരുത്വം’.
‘പിന്നെ അല്ല, ധീരതയാണ്. അവരവരു വിചാരിച്ച പോലെയെല്ലാം നടക്കാതെ വരുമ്പോൾ ഉടനെ പോയങ്ങു മരിക്കുക....’
രാജലക്ഷ്മി എഴുതിയ ‘ആത്മഹത്യ’ എന്ന കഥ ഇങ്ങനെയാണു തുടങ്ങുന്നത്. പുരുഷന്മാർ അധികമുള്ള സദസ്സിൽ നടന്ന ചൂടുള്ള സംവാദത്തിൽ നിന്നു ചില ഭാഗം അടർത്തിയെഴുതിയതാണു കഥാകാരി. ഇത്തരം ചർച്ചകളിൽ ഇടപെടാതിരിക്കുന്നതാണു നല്ലതെന്നു വിശ്വസിക്കുന്നവളാണ് ഇക്കഥയിലെ കേന്ദ്രകഥാ പാത്രമായ യുവതി.
‘പുരുഷന്മാരുടെ സംവാദത്തിൽ ഇടപെട്ട് അഭിപ്രായം പറയാതെ രണ്ടു കൂട്ടരും പറയുന്നതു കേട്ടു ചിരിച്ച് (ചിരി കാണാൻ നല്ലതാണെങ്കിൽ ഏറെ നന്ന്) മയത്തിൽ നിൽക്കുകയാണു വേണ്ട’തെന്നു കഥാകാരി ഓർമിപ്പിക്കുന്നു. ഇങ്ങനെയുള്ള സ്ത്രീകളെപ്പറ്റി ‘അവർ കൊള്ളാം’ എന്നു പുരുഷന്മാർ പറയുമത്രെ.
എന്നാൽ, ഈ പ്രായോഗിക ജ്ഞാനം ഓർത്തല്ല, പ്രധാന കഥാപാത്രം മിണ്ടാതിരുന്നത്.
ആത്മഹത്യയെപ്പറ്റിയുള്ള പ്രസ്താവങ്ങൾ അവർക്കു പേടിയോടുകൂടിയല്ലാതെ കേൾക്കാൻ കഴിയില്ല.
ഏതായാലും ‘ആത്മഹത്യ’ എന്ന ചെറുകഥയിൽ ഇങ്ങനെയൊക്കെ എഴുതിയ രാജലക്ഷ്മി 1965 ജനുവരി 18 നാണ് സ്വന്തം ജീവിതം അവസാനിപ്പിച്ചത്. 1956 ജൂണിൽ ‘മകൾ’ എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ട ശേഷം വായനക്കാരുടെ മനസ്സിൽ ഇടംപിടിച്ച അവർ കേവലം ഒൻപതു വർഷം മാത്രമേ എഴുത്തിന്റെ ലോകത്തുണ്ടായിരുന്നുള്ളൂ.
വ്യക്തിപരമായ കാരണങ്ങളാൽ രണ്ടു വർഷം എഴുത്തു നിർത്തുകയും ചെയ്തു. ‘കഥയെഴുതാതെ ഞാൻ രണ്ടു കൊല്ലം ഇരുന്നു നോക്കി. അതെന്നെക്കൊണ്ടാവില്ല. ഞാൻ ഇരുന്നാൽ ഇനിയും കഥയെഴുതും. അതുകൊണ്ടിനി ആർക്കൊക്കെ ഉപദ്രവമാകുമോ? ഞാൻ പോകട്ടെ’. ജ്യേഷ്ഠത്തിക്ക് എഴുതിവച്ച കത്തിൽ രാജലക്ഷ്മി കുറിച്ചിട്ട വാചകങ്ങളാണിതെന്ന് ‘ഏകാന്തപഥിക’ എന്ന പുസ്തകത്തിൽ ഡോ. എൻ. ആർ. ഗ്രാമപ്രകാശ് എഴുതുന്നു.
എഴുത്തു നിർത്തിയെന്നു പ്രഖ്യാപിച്ച രണ്ടു വർഷത്തിനിടയിൽ ടി. എ. പത്മാലയ എന്ന പേരിൽ രണ്ടു കഥകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ഈ കഥയുടെ ശൈലി രാജലക്ഷ്മിയുടേതു തന്നെയാണെന്നും കരുതുന്നവരുണ്ട്. പത്മാലയ എന്ന പേരിൽ രാജലക്ഷ്മിക്ക് ഒരു സഹോദരിയുണ്ടെന്ന വസ്തുത ഈ വാദത്തെ ബലപ്പെടുത്തുന്നു.
1930 ജൂൺ രണ്ടിന് ചെർപ്പുളശ്ശേരിക്കടുത്തു തേക്കത്ത് അമയങ്കോട്ടു തറവാട്ടിൽ കുട്ടിമാളു അമ്മയുടെയും അച്യുതമേനോന്റെയും അഞ്ചാമത്തെ മകളായി ജനിച്ച രാജലക്ഷ്മിയുടെ കഥകളിലും നോവലുകളിലും വള്ളുവനാടൻ ഭാഷയും ജീവിതവുമാണു നിറഞ്ഞുനിൽക്കുന്നത്. അച്ഛൻ എറണാകുളം കോടതിയിൽ അഭിഭാഷകനായിരുന്നതിനാൽ അവിടെയായിരുന്നു പഠനം.
മഹാരാജാസ് കോളജിൽ നിന്ന് ഇന്റർമീഡിയറ്റും ഫിസിക്‌സ് പ്രധാന വിഷയമായെടുത്തു ബിരുദപഠനവും പൂർത്തിയാക്കി. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നു ഫിസിക്‌സിൽ തന്നെ ബിരുദാനന്തര ബിരുദം നേടിയ ശേഷം തിരുവനന്തപുരം പെരുന്താന്നി എൻഎസ്എസ് കോളജിൽ അധ്യാപികയായി. പിന്നീടു പന്തളം കോളജിലും ജോലി ചെയ്ത ശേഷം ഒറ്റപ്പാലം എൻഎസ്എസ് കോളജിലെത്തി.
എൻ. വി. കൃഷ്ണവാരിയർ എന്ന പത്രാധിപർക്ക് എഴുതി നൽകിയ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ രാജലക്ഷ്മി പാതിവഴിക്കു പിൻവലിച്ചു. കോപ്പി തിരികെ വാങ്ങി. പ്രസിദ്ധീകരണം നിർത്തണമെന്നു പറഞ്ഞു തനിക്കു കത്തയച്ചതു രാജലക്ഷ്മിയുടെ മൂത്ത സഹോദരി സരസ്വതിയമ്മയാണെന്ന് എൻവി പിന്നീടു വെളിപ്പെടുത്തി.
നോവൽ നിർത്തിയാൽ വായനക്കാർക്കുണ്ടാവുന്ന പ്രയാസത്തെപ്പറ്റി അദ്ദേഹം അവരെ ധരിപ്പിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. രാജലക്ഷ്മിയുടെ ആത്മഹത്യയ്ക്കുള്ള കാരണം തനിക്കറിയാമെന്നും എന്നാൽ അതു വെളിപ്പെടുത്താനാവില്ലെന്നും എൻവി പിന്നീടു പറഞ്ഞത് അവർ തമ്മിൽ നടത്തിയ കത്തിടപാടുകളെ മുൻനിർത്തിയാവാം.
ആത്മാഹുതിയിലൂടെ മലയാളത്തിന്റെ സിൽവിയ പ്ലാത്തും വെർജിനിയ വൂൾഫുമായി മാറി പാലക്കാടിന്റെ പ്രിയപുത്രി രാജലക്ഷ്മി.
English Summary : Article About N V Krishna Warrier And Rajalakshmi