മിത്താണോ യഥാർഥ്യമാണോ ഗോലം?; കൊച്ചിയുമായുള്ള ബന്ധമെന്താണ്?
അനൂപ് ശശികുമാര്‍ എഴുതിയ ‘പച്ച’ എന്ന ചെറുകഥ വായിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ദ് ഗോലം’ എന്ന സിനിമയാണ് ഓര്‍മ വന്നത്. ഇസ്രയേലി ജൂതന്മാരുടെ ജീവിതവും ദുരന്തങ്ങളും നേരിട്ടു കാണുന്ന ചിത്രമായിരുന്നു അത്. ജൂതന്മാരെ രക്ഷിക്കാനായി ആത്മീയാചാര്യനായ റബ്ബി നിര്‍മിച്ചെടുത്ത ഒറ്റയാള്‍ പട്ടാളമായിരുന്നു ഗോലം. എന്നാല്‍ സിനിമ കാണിച്ചത്, പ്ലേഗ് പടര്‍ന്നു പിടിച്ച ഒരു ജൂതനഗരത്തിനെ അതിക്രമിക്കാന്‍ വരുന്ന ഒരു സംഘം പട്ടാളക്കാരില്‍നിന്ന് സ്വയം രക്ഷ നേടാൻ മനുഷ്യരിലൊരാളായി ഗോലം നിര്‍മിച്ച ഒരു സ്ത്രീയുടെ കഥയായിരുന്നു. എന്നാല്‍ ഈ കഥകളൊക്കെ നടക്കുന്നത് കേരളത്തിനു പുറത്ത് എത്രയോ ദൂരെയാണ്! അവരിലൊരു കഥാപാത്രം എന്നെങ്കിലും നമ്മുടെ ജീവിത പരിസരങ്ങളില്‍ വന്നെത്തുമെന്ന് ചിന്തിക്കുക എളുപ്പമാണോ?
അര്‍ബന്‍ ഫാന്റസി എന്ന, മലയാളിക്ക് അത്ര പരിചിതമല്ലാത്ത ലോകം ‘എട്ടാമത്തെ വെളിപാട്’ എന്ന പുസ്തകത്തിലൂടെ പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് അനൂപ് ശശികുമാര്‍. വാംപയറുകളും കുറുനരിയും നടക്കും ചാവുമൊക്കെയുള്ള ഒരിടം നമ്മുടെ കൊച്ചിയിലെവിടെയോ ഉണ്ടെന്ന് ‘എട്ടാമത്തെ വെളിപാട്’ വായിക്കുമ്പോള്‍ തോന്നിപ്പോകും. സിനിമകളിലും വിദേശ പുസ്തകങ്ങളിലുമൊക്കെ മാത്രം കണ്ട അത്തരം കഥാപാത്രങ്ങളെ മലയാളിക്കു പരിചയപ്പെടുത്തിയതിന്റെ ഭാഗമായാണ് അനൂപിന്റെ പുതിയ കഥയായ ‘പച്ച’യും വായിക്കേണ്ടത്. കൊച്ചിയും ജൂതത്തെരുവും പരദേശി സിനഗോഗും ഒക്കെയാണ് ഇവിടെയും കഥാ പരിസരങ്ങള്‍.
പൊക്കിളില്ലാത്ത ഡേവിഡ് എന്ന ആളെക്കുറിച്ചുള്ള കഥ നായകനായ ആഖ്യാതാവ് കേള്‍ക്കുന്നത് കുട്ടിക്കാലത്താണ്. തന്റെ അമ്മയും സുഹൃത്തും സംസാരിക്കുന്നതിലെ ആ ഭാഗങ്ങള്‍ അയാള്‍ ഓര്‍ത്തിരുന്നു. ഡേവിഡ് പക്ഷേ ആഖ്യാതാവിന്റെ ജീവിതത്തിലേക്ക് ഒരു അനുഭവമായി കടന്നു വരുന്നത് പത്താമത്തെ വയസ്സിലാണ്. കൊച്ചി കാർണിവലിന്റെ അവസാനത്തെ ദിവസമായ, പാപ്പാഞ്ഞിക്കു തീ കൊടുക്കുന്ന സമയം. കല്ലില്‍ തട്ടി വീഴാന്‍ പോയ നായകനെ ഒറ്റക്കൈകൊണ്ട് പൊക്കിയെടുത്തത് കല്ലന്‍ ഡേവിഡ് എന്ന അയാളായിരുന്നു.
അയാള്‍ ഒറ്റയ്ക്കാണ് ആന്റോയുടെ വീടിനു തറകെട്ടാന്‍ കൊണ്ടു വന്ന കല്ല് മുഴുവന്‍ ചുമന്നത്. അങ്ങനെയാണ് അയാളെ നാട്ടുകാര്‍ കല്ലന്‍ എന്നു കൂട്ടി വിളിച്ചു തുടങ്ങുന്നത്. അയാള്‍ അധികമാരോടും സംസാരിക്കുമായിരുന്നില്ല. എന്നാല്‍ കാലിഗ്രാഫിയിലുള്ള അയാളുടെ കഴിവു കൂടി മനസ്സിലാക്കിയതോടെ ആഖ്യാതാവായ നായകന് ഡേവിഡ് താരമായി. അയാള്‍ക്കൊപ്പം നടക്കാനുള്ള ആഗ്രഹമായി.
എല്ലാ ആണ്‍കുട്ടികള്‍ക്കും (പെണ്‍കുട്ടികള്‍ക്കും) ഒരു പ്രായം കഴിയുമ്പോള്‍ ചിലപ്പോഴൊക്കെ അതുവരെ ചെയ്തുകൊണ്ടിരുന്ന പലതിനോടും മുഷിപ്പ് തോന്നും. പിന്നെ ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്നിടത്ത് നില്‍ക്കാനേ ആവില്ല. മറ്റാരും കാണാത്ത ഒരിടത്തേക്ക് ഒളിച്ചോടാന്‍ തോന്നും. അങ്ങനെയൊരു തോന്നലിന്റെ പുറത്താണ് നമ്മുടെ കഥാനായകന്‍ കൊച്ചിയില്‍നിന്ന് ഒളിച്ചോടുന്നത്.
വീണ്ടും വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചു വരുമ്പോള്‍ അയാള്‍ക്ക് വളരെ വിശേഷപ്പെട്ട ഒരു കഴിവുമുണ്ടായിരുന്നു. ഒളിച്ചോടി ചെന്ന ഇടം പഠിപ്പിച്ച ആ കഴിവുപയോഗിച്ചാണ് ഇനിയുള്ള തന്റെ ജീവിതമെന്ന് മനസ്സിലാക്കിയ അയാളെ പണവും കടയും നല്‍കി സഹായിക്കുന്നത് ഡേവിഡ് ആണ്. പിന്നീട് അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിനൊക്കെ ഒരുപക്ഷേ സാക്ഷിയാകാനുള്ളതായിരുന്നു കുട്ടിക്കാലത്തെ ആ ഒളിച്ചു പോക്കെന്ന് ആഖ്യാതാവ് വളരെ വൈകിയാണ് തിരിച്ചറിയുന്നത്.
ഡേവിഡ് തന്റെ ഷര്‍ട്ട് ഒരിക്കല്‍ നായകന്റെ മുന്നില്‍ വച്ച് അഴിച്ചു മാറ്റുമ്പോഴാണ് ആദ്യമായി അയാള്‍ പൊക്കിളില്ലാത്ത ഒരു മനുഷ്യനെ കാണുന്നത്. അപ്പോള്‍ അന്ന് അമ്മച്ചി പറഞ്ഞത് ശരിയായിരുന്നു. എന്നാല്‍ കൂടുതല്‍ ആലോചിക്കുന്നതിനു മുൻപ് ഗ്യാസ്ട്രോക്കിസിസ് എന്ന ഭീമന്‍ പേര് പറഞ്ഞു തന്റെ അവസ്ഥയെ ഡേവിഡ് ശാസ്ത്രീകരിച്ചു. സത്യവും ഭാവനയും ഏതെന്ന സംശയങ്ങളിലാണ് ഗോലം എന്ന പേര്‍ കഥയിലുരുത്തിരിഞ്ഞു വരുന്നത്. എന്താണ് ഗോലം? അതും കൊച്ചിയുമായുള്ള ബന്ധമെന്താണ്? എന്തിനു വേണ്ടിയാണ് ഗോലം എന്ന സങ്കൽപമുണ്ടായി വന്നത്?
മിത്തും യഥാർഥ്യവും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ ഈ കഥയില്‍ ഒരിടത്തു വച്ച് നഷ്ടമാവുന്നുണ്ട്. തന്റെ അവസ്ഥയ്ക്ക് ശാസ്ത്രത്തിന്റെ കൂട്ട് പിടിക്കുന്നതോടെ ഡേവിഡ് എന്ന വ്യക്തിയെ വീണ്ടും സംശയത്തിന്റെ കണ്ണുകളോടെ കാണാന്‍ വായനക്കാര്‍ക്ക് കഴിയുന്നു. എന്നാല്‍ ഈ മിത്തും യഥാർഥ്യവും തമ്മിലുള്ള സംശയം തന്നെയാണ് ‘പച്ച’ എന്ന കഥയുടെ രസകരമായ വശവും. യഥാർഥത്തില്‍ ഡേവിഡ് ആരായിരുന്നു. കഥയുടെ അവസാനം, താന്‍ എവിടെ നിന്നാണോ വന്നത് അവിടേക്ക് അയാള്‍ മടങ്ങിപ്പോയതാകുമോ അതോ കഥയിലെ ആഖ്യാതാവിന്റെ വീടിനുള്ളില്‍ അയാള്‍ സൂക്ഷിച്ചു വച്ച ചെളിക്കട്ടകളിലാണോ ഡേവിഡ് ഉറങ്ങിക്കിടക്കുന്നത്? അയാള്‍ മടങ്ങി വരുമോ?
വായിച്ച് അവസാനിപ്പിച്ചു കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷവും ഇത്തരം ചോദ്യങ്ങള്‍ ആശങ്കപ്പെടുത്തുന്നുണ്ട്. ഒരിക്കലും നടക്കില്ലെന്നു മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്തോറും ആ മിത്ത് അസ്വസ്ഥതയുണ്ടാ ക്കുന്നുണ്ട്. കൊച്ചിയും ജൂതത്തെരുവും സിനഗോഗും ഒക്കെ വീണ്ടും കാണുമ്പോള്‍ ഗോലം ഒരു ഭ്രമമായി മനസ്സിനെ തെല്ലൊന്ന് ഭയപ്പെടുത്തിയേക്കാം. എഴുത്തില്‍ അര്‍ബന്‍ ഫാന്റസി എന്ന തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം വരച്ചു വയ്ക്കുന്ന അനൂപിന്റെ എഴുത്തുകളിലെ ഒഴിവാക്കാനാകാത്ത ഒരു കഥ തന്നെയാണ് പച്ച എന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നു. കളിമണ്ണിനു ജീവന്‍ കൊടുത്ത് അനശ്വരതയുടെ വാചകം പച്ച കുത്തി ഗോലം തിരിച്ചു വന്നേക്കുമോ? അയാള്‍ അപകടകാരിയാകുമോ? ഇനിയെല്ലാം കാലത്തിനു വിട്ടു കൊടുക്കുന്നു.
English Summary : Book Review pacha Book By Anoop Sasikumar