ഫുൾ ഒരു അധോലോക സെറ്റപ്പ് സങ്കൽപിക്കുക. നടൻ ഇന്ദ്രജിത്ത് അല്ലെങ്കിൽ അച്ഛൻ സുകുമാരൻ; അതുപോലൊരു സുന്ദര അധോലോക നായകൻ. കള്ളക്കടത്ത്, തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം, കൊലപാതകം എല്ലാമുണ്ട്. അടുത്ത ലക്ഷ്യം രാഷ്ട്രീയമാണ്. നേതാവായാൽ പത്രക്കാർ അതുമിതും ചോദിക്കും. നല്ല മറുപടി കൊടുക്കണം. പിന്നെ പ്രസംഗിക്കണം. അതിനും വിവരമില്ല.

ഒരാളെ തട്ടിക്കൊണ്ടു വരുന്നു. കൂടെ നിർത്തി (നെറ്റിയിൽ തോക്ക് ചൂണ്ടി!) കാര്യങ്ങൾ പഠിക്കാം. സംഭവം ഉഷാർ. ആരെ പിടികൂടും. പാബ്ലോ നെരൂദ എന്നൊരു പുള്ളിയെക്കുറിച്ചു കേട്ടു. ഭയങ്കര എഴുത്താണ്. കൂടെയുള്ള വിവരമില്ലാത്ത ഗുണ്ടകൾ നെരൂദയെ കൈയോടെ പൊക്കിക്കൊണ്ടു വന്നു. കൊളംബിയയിൽ ചോരപ്പുഴ ഒഴുക്കിയ മയക്കുമരുന്ന് രാജാവ്‌ പാബ്ലോ എസ്കോബാറിന്റെ ജീവിതം അങ്ങനെയൊക്കെ യായിരുന്നു.

അപ്പൊ പാബ്ലോ നെരൂദയോ? അതാണ് കഥ. 

ചെറുത് എന്നർഥം വരുന്ന വാക്കിന് വളർന്ന് എത്ര വലുതാകാം? അത്രയും വലുതായ ഒന്നാണ് പാബ്ലോ എന്ന പേര്. പാബ്ലോ നെരൂദയിലൂടെയും പാബ്ലോ പിക്കാസോയിലൂടെയും, ലാറ്റിനമേരിക്കയിലെ സർവസാധാര ണമായ ആ പേര്, അതിന്റെ അർഥത്തെത്തന്നെ മാറ്റിമറിച്ചു കൊണ്ട് ലോകമാകെ അറിയപ്പെട്ടു.

പാബ്ലോ എന്നതിന് കാലം നൽകിയ അർഥങ്ങൾ പലതുണ്ട്. അതിബുദ്ധിമാനായ, എന്നാൽ ആ ഭാവം തീരെയില്ലാത്ത, പക്ഷേ അപ്രതീക്ഷിതമായി മനസ്സിലാക്കുന്നവർക്ക് അദ്ഭുതമാകുന്ന വ്യക്തി. മറ്റുള്ളവർക്കായി കയ്യയച്ചു ചെലവാക്കുന്നയാൾ, എന്നും കൂടെ നിൽക്കുമെന്നുറപ്പുള്ള, ചാരാനൊരു ചുമലാകുന്നയാൾ. സരസനായ, ഒരു രാത്രി മുഴുവൻ നിങ്ങളെ ചിരിപ്പിക്കാൻ കഴിയുന്ന ഒരാൾ. അങ്ങനെ പോകുന്നു കാലം പാബ്ലോയ്ക്ക് നൽകിയ അർഥങ്ങൾ. ഏറെ പ്രിയപ്പെട്ട ഒരാൾക്ക് എന്തുകൊണ്ടും ചേരുന്ന പേര്.

പാബ്ലോ എന്നു കേട്ടാൽ മറ്റു ചില ചിത്രങ്ങളും മനസ്സിൽ തെളിയുന്ന ഒരു രാജ്യമുണ്ട്– കൊളംബിയ. ചോര മണക്കുന്ന കൊളംബിയൻ ഓർമച്ചിത്രങ്ങളിലൂടെ തെളിയുന്നത് അധോലോക രാജാവായ പാബ്ലോ എസ്കോബാറിന്റെ മുഖമാണ്. കൊളംബിയയെ വിരൽത്തുമ്പിൽ നിർത്തിയ അധോലോക നായകൻ. ചെയ്തു കൂട്ടിയ നിയമ നിഷേധങ്ങളുടെയും ക്രൂരതകളുടെയും നീണ്ട പട്ടിക തന്നെ ഉള്ളപ്പോഴും മെഡലിനിലെ പാവങ്ങളുടെ റോബിൻഹുഡ് എന്ന പേരുകൂടി ഉണ്ടാക്കിയെടുത്തയാളാണ് എസ്കോബാർ.

കൊളംബിയൻ രാഷ്ട്രീയത്തിലേക്ക് എസ്കോബാർ ആദ്യ കാൽവയ്‌പ് നടത്തിയത് മെഡെലിനിൽ നിന്നായിരുന്നു. പാവങ്ങൾക്കായി ധാരാളം സഹായങ്ങൾ ചെയ്തിട്ടുണ്ടായിരുന്നു എങ്കിലും എസ്കോബാർ ചെയ്തിട്ടുള്ള തെറ്റുകളുടെ എണ്ണം അതിലും വളരെയേറെയായിരുന്നു. അതിൽ കൊലപാതകങ്ങളും കള്ളക്കടത്തും സദാചാര ബോധം തൊട്ടുതീണ്ടാത്ത ജീവിതവും ഒക്കെ ഉൾപ്പെടും. തുടക്കത്തിൽ രാഷ്ട്രീയ പ്രവർത്തനം എസ്കോബാറിന് തന്റെ ക്രിമിനൽ പ്രവർത്തനങ്ങളെ നിയമത്തിന്റെ കരങ്ങളിൽനിന്ന് പരിരക്ഷിക്കാനുള്ള മാർഗ്ഗമായിരുന്നു. ക്രമേണ, കൊളംബിയയുടെ പ്രഥമ പൗരനാകുക എന്ന അതിമോഹവും അദ്ദേഹത്തിന്റെ ഉള്ളിൽ മുളപൊട്ടി.

ജനസമ്മതനായ രാഷ്ട്രീയ നേതാവാകാൻ സാധാരണ പ്രസംഗകനായാൽ പോര എന്ന് വ്യക്തമായി അറിയുന്ന എസ്കോബാറിന് കയ്യടി നേടിക്കൊടുക്കുന്ന പ്രസംഗങ്ങൾ തയാറാക്കുന്ന ആളായിരുന്നു നെരൂദ. എഴുതിക്കൊടുക്കുന്ന പ്രസംഗങ്ങൾ കാണാതെ പഠിച്ചും കണ്ണാടിക്കു മുന്നിൽ റിഹേഴ്സൽ നടത്തിയുമാണ് എസ്കോബാർ വേദികളെ അഭിമുഖീകരിച്ചത്. അതിന് ധാരാളം വായന ആവശ്യമാണ്. അതിനാൽ മാർക്വേസിന്റെ ജീവചരിത്രം മുതൽ സാമ്പത്തിക ശാസ്ത്രം വരെ പല പുസ്തകങ്ങൾ നെരൂദ എസ്കോബാറിന് പരിചയപ്പെടുത്തി. അത് ക്രമേണ ഒരു നല്ല പ്രസംഗകന്റെ വളർച്ചക്ക് കാരണമായി. 

കൊളംബിയൻ നിയമസഭയിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രാഷ്ട്രീയത്തിൽ സ്ഥിരമായി ചുവടുറപ്പിക്കാൻ എസ്കോബാർ തീരുമാനിച്ചു. എന്നാൽ കാലത്തിന്റെ തീരുമാനം വ്യത്യസ്തമായിരുന്നു. എസ്കോബാറിന്റെ രാഷ്ട്രീയ ജീവിതത്തിന് ആയുസ്സ് തീരെ കുറവായിരുന്നു. ക്രിമിനൽ പശ്ചാത്തലത്തിന്റെ പേരിൽ രാഷ്ട്രീയത്തിൽനിന്നും, സാധാരണ ജീവിതത്തിൽ നിന്നുവരെയും എസ്കോബാർ പുറത്താക്കപ്പെട്ടു. പിന്നീടുള്ള കാലം ഒളിവിലായിരുന്നു. 1993 ൽ മരിക്കും വരെ ഒളിവിലും മാഫിയാ പ്രവർത്തനങ്ങൾ നിർത്തിയില്ല. സ്വാഭാവിക മരണമായിരുന്നില്ല എസ്കോബാറിന്റേത്, കൊല്ലപ്പെടുകയായിരുന്നു. തികച്ചും സ്വാഭാവികം. ഏതു ഭരണകൂടത്തിന്റെ തലവനാകാൻ ഇറങ്ങി പരാജയപ്പെട്ടോ, അതേ ഭരണകൂടം വേട്ടയാടി, ഒളിയിടത്തിൽ കണ്ടെത്തി വെടിവച്ചു കൊന്നു.

പാബ്ലോ നെരൂദ

അക്ഷരങ്ങളുടെ ലോകത്ത് എസ്കോബാറിന്റെ ഉപദേഷ്ടാവായിരുന്നു നെരൂദ എന്ന് അദ്ദേഹത്തിന്റെ ഭാര്യയും മകനും എഴുതിയ പുസ്തകങ്ങളിൽ പറയുന്നുണ്ട്. പാബ്ലോയ്ക്ക് ഒപ്പമുള്ള എന്റെ ജീവിതം എന്നാണ് എസ്കോബാറിന്റെ വിധവയായ വിക്ടോറിയയുടെ പുസ്തകത്തിന്റെ പേര്. എസ്കോബാർ എന്റെ അച്ഛൻ എന്നത് മകൻ സെബാസ്റ്റ്യൻ മരോക്വിൻ എഴുതിയ പുസ്തകവും. അച്ഛന്റെ മകനല്ലേ, (നെറ്റിയിൽ തോക്ക് ചൂണ്ടിയല്ല) എഴുതിച്ചതുമാകാം. 

അക്ഷരലോകമാണല്ലോ നെരൂദ എസ്കോബാറിനായി തുറന്നു കാണിച്ചത്. പക്ഷേ, എസ്കോബാറിനോട് ചേർത്ത് ഇപ്പറഞ്ഞതത്രയും മറ്റൊരു നെരൂദയെക്കുറിച്ചാണ്. യഥാർഥ പേര് പരാമർശിക്കപ്പെടാത്തതിനാൽ പാബ്ലോ നെരൂദയെന്ന് വായനക്കാരൻ മനസ്സിൽ നിരൂപിക്കുകയും ചെയ്യും. അദ്ദേഹം എന്തിന് ഇത്തരക്കാരനായ ഒരാൾക്കൊപ്പം നിന്നു എന്ന് അദ്ഭുതപ്പെടും. കവിയായ നെരൂദയുടെ ജീവിത കാലത്തല്ല ഇതൊന്നും എന്ന് ഓർമ വരാൻ, അല്ലെങ്കിൽ തിരിച്ചറിയാൻ എടുക്കുന്നത്ര സമയം - അത്ര സമയം നെരൂദയെ മനസ്സിൽ കുറ്റവിചാരണ ചെയ്തു പോകും. കാരണം അക്ഷരങ്ങളിലൂടെയാണ് പാബ്ലോ നെരൂദയെ ലോകം അറിയുന്നത്.

പ്രണയ കവിതകൾ എഴുതിയ കവി മാത്രമായിരുന്നില്ല പാബ്ലോ നെരൂദ; നല്ലൊരു പ്രസംഗകൻ കൂടിയായിരുന്നു. നോബൽ സമ്മാനദാന ചടങ്ങിലെ ഗംഭീര പ്രസംഗവും രാഷ്ട്രീയ പ്രസംഗങ്ങളും വളരെ ശ്രദ്ധേയാകർഷിച്ചിട്ടുള്ളതുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളും പ്രസംഗചാതുരിയും മനസ്സിലാക്കിയിട്ടുള്ള വായനക്കാരൻ എസ്കോബാറിനെക്കുറിച്ചുള്ള വായനയിൽ, കാലമോർക്കാതെ, ഒരു വേള നെരൂദയെന്തിന് എസ്കോബാറിനൊപ്പം നിന്നു എന്ന് ആശ്ചര്യത്തോടെ കരുതും.

പാബ്ലോ നെരൂദ എന്ന പേര് അദ്ദേഹം സ്വയം തിരഞ്ഞെടുത്തതാണ്. ചെക്ക് കവിയായ യാൻ നെരൂദയുടെ പേരിൽ ആകൃഷ്ടനായി വരുത്തിയ പേരു മാറ്റമാണത്. നെരൂദ എന്ന പേര് എസ്കോബാറിന്റെ ഉപദേഷ്ടാവ് സ്വീകരിച്ചത് കവിയോടുള്ള ആരാധന മൂലമോ അതോ ആ പേരിനോട് ലോകത്തിനുള്ള മമത മൂലമോ എന്നറിയില്ല. ഏതായാലും കാൽപനിക കവിയായ പാബ്ലോ നെരൂദ തന്നെയോ ഇതെന്ന് ഒരു നിമിഷമെങ്കിലും ആശങ്കപ്പെടുത്തുന്നത് അപരൻ ആസ്വദിച്ചിരുന്നിരിക്കും; മറ്റൊരു പേരിൽ ആയിരുന്നുവെങ്കിൽ ഇത്ര ശ്രദ്ധ കിട്ടാതെ പോകുമായിരുന്ന ആ അധോലോക നെരൂദ.

English Summary : Article About Pablo Neruda And Pablo Escobar