പതിനഞ്ചു വർഷത്തെ ഡിജിറ്റൽ പെയിന്റിങ്ങുകളുടെ ശേഖരം എന്റെ കൈയിലുണ്ട്. അത്ര നന്നായിട്ടൊ ന്നുമല്ല മാർക്ക് ചെയ്തു വെച്ചിട്ടുള്ളതെങ്കിലും, അത്യാവശ്യം നല്ല ഓർമ്മശക്തിയുള്ളതുകൊണ്ട് ഇതുവരെ വലിയ കുഴപ്പമുണ്ടായില്ല. 

അപ്പോഴാണ് ആ ചിത്രം കാണുന്നത്, ഒരു പെയിന്റിങ് ആണെന്നു മാത്രം മനസ്സിലായി. അതിനപ്പുറം ആരുടെ പടം, ആരു വരച്ചു, എന്താണ് സാഹചര്യം ഒന്നുമില്ല. ജീവൻ തുടിക്കുന്ന പടമാണ്. പോരാത്തതിന് സ്ത്രീയും. ചുമ്മാ വിട്ടാൽ പറ്റില്ല. ഇങ്ങനൊരു സാഹചര്യം പണ്ടാണെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. ഇന്ന് ഗൂഗിളിൽ പോയി റിവേഴസ് പിക്ചർ സെർച്ച് കൊടുത്താൽ ഒരുമാതിരി കാര്യങ്ങളെല്ലാം അറിയാം. അതു തന്നെയാണ് വഴി. 

അങ്ങനെയാണ് ഈ ചിത്രം പാരീസിലെ ലൂവ്ര് മ്യൂസിയത്തിലെ ‘പിഗ്മാലിയൻ’ ആണെന്നു മനസ്സിലാക്കിയത്. ഫ്രഞ്ച് ചിത്രകാരനായിരുന്ന ആൻ ലൂയി ജിറോഡെ(1767–1824)യുടെ പ്രശസ്തമായ സൃഷ്ടികളിൽ ഒന്നാണ്. 

Athirukalilltha Lokam
പ്രതീകാത്മക ചിത്രം

സൈപ്രസിലെ ഒരു മിത്താണ് പിഗ്മാലിയന്റെ കഥ. സ്ത്രീവിരോധിയായിരുന്നത്രേ പ്രഗത്ഭ ശില്പിയായിരുന്ന പിഗ്മാലിയൻ. അദ്ദേഹം ആനക്കൊമ്പിൽ കൊത്തിയുണ്ടാക്കിയ സ്ത്രീയുടെ പ്രതിമ കണ്ട് അദ്ദേഹം പ്രതിമയുമായി പ്രണയത്തിലായി. പക്ഷേ, ഇത് പുറത്താരോടെങ്കിലും പറഞ്ഞാൽ അദ്ദേഹത്തിനു ഭ്രാന്താണെന്നു െതറ്റിദ്ധരിക്കും. അതിനാല്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. 

അതിരുകളില്ലാത്ത ലോകം

സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ അഫ്രൊഡൈറ്റിയുടെ ഉത്സവത്തിന്റന്ന് ദേവിക്ക് ഉപഹാരമർപ്പിച്ച് അദ്ദേഹം പ്രാർഥിച്ചുവത്രേ ‘എന്റെ പ്രതിമയെപ്പോലെ മനോഹരിയായ ഒരു പെൺകുട്ടിയെ തനിക്കു വധുവായി വേണം’ എന്ന്. പിഗ്മാലിയന്റെ സ്നേഹത്തിലും വിശ്വാസത്തിലും ഉപഹാരത്തിലും സന്തുഷ്ടയായ ദേവി അദ്ദേഹത്തെ അനുഗ്രഹിച്ചു. തിരിച്ചു വീട്ടിലെത്തി പതിവുപോലെ പ്രതിമയെ ചുംബിച്ച പിഗ്മാലിയന് പ്രതിമയുടെ ചുണ്ടുകൾ ചൂടുള്ളതായും ശരീരം മൃദുലവും ജീവനുള്ളതുമായി തോന്നി. ശില്പിയുടെ  കൈയും പിടിച്ച് പ്രതിമ ജീവിതത്തിലേക്ക് ഇറങ്ങി വന്നു.

ഇരുന്നൂറു വർഷത്തിനുശേഷവും നിറം മങ്ങാത്ത ഈ ചിത്രം ആസ്വാദകരെ അമ്പരപ്പിക്കുന്നു. പിഗ്മാലിയന്റെ കഥയും ലോകത്ത് പല ഭാഗങ്ങളിൽ പല കാലത്ത് പല പേരുകളിൽ പാടിപ്പോരുന്നു. സ്വന്തം ആത്മവിശ്വാസം നമുക്കു നല്ല ഫലങ്ങൾ ഉണ്ടാക്കിത്തരും എന്ന തത്ത്വശാസ്ത്രത്തിന് ‘പിഗ്മാലിയൻ ഇഫക്ട്’ എന്ന േപരുമുണ്ട്.

English Summary : Athirukalillatha Lokam Book By Muralee Thummarukudy

Show comments