ചിലപ്പോള്‍ ഞാന്‍ നിലവിളിക്കും, ഭിത്തിയില്‍ കൈകള്‍ കൊണ്ട് ഉറക്കെ ഇടിക്കും; വാതിലുകള്‍ ആഞ്ഞുതൊഴിക്കും...
ഈ കഥ ഞങ്ങളുടെ കുടുംബം നേരിട്ട പ്രതിസന്ധിയെക്കുറിച്ചാണ്. ഒപ്പം നമ്മളെല്ലാവരെക്കുറിച്ചും ഈ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുമാണ്. ഇതു സൃഷ്ടിച്ചതും നമ്മള്‍ തന്നെയാണ്; നമ്മുടെ ജീവിതരീതി. ഒരിക്കലും പരിഹരിക്കാനാവാത്ത രീതിയില്‍ നാം തന്നെയാണ് പ്രകൃതിയില്‍നിന്ന് അകന്നത്. ചിലര്‍ ഈ പ്രതിസന്ധിയെ വിളിക്കുന്നത് അമിത ഉപഭോഗം എന്നാണ്. മറ്റു ചിലര്‍ കാലാവസ്ഥാ പ്രതിസന്ധിയെന്നും.
കൂടുതല്‍ പേരും വിചാരിക്കുന്നത് പ്രശ്നങ്ങള്‍ ദുരെയെവിടെയോ മറ്റാരെയോ ബാധിക്കുന്ന ഒന്നാണെന്നാണ്. എന്നാല്‍ അതല്ല സത്യം. അത് ഇവിടെ എത്തിക്കഴിഞ്ഞു. നമുക്കു ചുറ്റും. നമ്മെ ബാധിക്കുന്ന രൂക്ഷ പ്രശ്നം. പല രീതികളില്‍ നാം അതിന്റെ ഇരകളായിക്കൊണ്ടിരിക്കുന്നു. പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍, സ്കൂളിലെ ഇടനാഴിയില്‍, തെരുവിലൂടെ നടക്കുമ്പോള്‍, വീടുകളില്‍. ജനാലയിലൂടെ നോക്കുമ്പോള്‍ കാണുന്ന മരങ്ങളില്‍, നമ്മുടെ മുടിയിഴകളെ തലോടുന്ന കാറ്റില്‍- മലേന എണ്‍മാന്റെ വാക്കുകളാണിത്.
ഗ്രെറ്റ ട്യൂൻബെര്‍ഗിന്റെ അമ്മ. ലോകം ശ്രദ്ധിച്ച കാലാവസ്ഥാ പ്രവര്‍ത്തക. ലോകനേതാക്കളെ വെല്ലുവിളിച്ച, മാറ്റത്തിനു വേണ്ടി ശ്രമിച്ചില്ലെങ്കില്‍ നാമെല്ലാം ഇരകളാകും എന്ന സത്യം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ ഗ്രെറ്റ ട്യൂൻബെര്‍ഗ്. ടൈം മാഗസിന്‍ ഒരു വര്‍ഷത്തെ ഏറ്റവും സ്വാധീനം ചെലുത്തുന്ന വ്യക്തിയായി തിരഞ്ഞെടുത്ത, നൊബേല്‍ സമാധാന സമ്മാനത്തിനു പരിഗണിക്കപ്പെട്ട ഗ്രെറ്റ. ആ പെണ്‍കുട്ടിയുടെ കുടുംബത്തെക്കുറിച്ചു പുറത്തുവന്ന ഒരു പുസ്തകത്തിലാണ് മലേന എണ്‍മാന്റെ വാക്കുകളുള്ളത്.
ഗ്രെറ്റ, സഹോദരി ബെറ്റ എണ്‍മാന്‍, അച്ഛന്‍ സവന്റെ തണ്‍ബര്‍ഗ്, മലേന എണ്‍മാന്‍ എന്നിവര്‍ ചേര്‍ന്നാണ് എഴുതിയത്. അവര്‍ ഹൗസ് ഈസ് ഓണ്‍ ഫയര്‍: സീന്‍സ് ഓഫ് എ ഫാമിലി ആന്‍ഡ് എ പ്ലാനറ്റ് ഇന്‍ ക്രൈസിസ് എന്നാണ് പുസ്തകത്തിന്റെ പേര്. ലോകം അറിയുന്ന കാലാവസ്ഥാ പ്രവര്‍ത്തക ആകുന്ന തിനുമുമ്പ് ഗ്രെറ്റയുടെ ജീവിതം എങ്ങനെയായിരുന്നുവെന്നാണ് പുസ്തകം പറയുന്നത്. ഗ്രെറ്റയുടെ അസാധാരണ പ്രവൃത്തികളുടെ പേരില്‍ കുടുംബം നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ലോകം നീങ്ങിക്കൊണ്ടിരിക്കുന്ന വിപത്തിനെക്കുറിച്ചും.
എല്ലാ അമ്മമാരെയും പോലെ ഞാനും ഒരിക്കല്‍ പ്രതീക്ഷയുടെ ആകാശത്തായിരുന്നു; എന്റെ പെണ്‍മക്കളെക്കുറിച്ചോര്‍ത്ത്. എന്നാല്‍ പെട്ടെന്നുതന്നെ പ്രതീക്ഷ ആകാംക്ഷയ്ക്കും ഉത്കണ്ഠയ്ക്കും വഴിമാറി. പേടിസ്വപ്നങ്ങള്‍ വേട്ടയാടി. ഞാന്‍ ലോകത്തെക്കുറിച്ചു ചിന്തിക്കാന്‍ തുടങ്ങി, ആ ലോകത്തു ജീവിക്കേണ്ടിവരുന്ന എന്റെ പെണ്‍മക്കളെക്കുറിച്ചും. എന്റെ അഭിപ്രായത്തില്‍ നിങ്ങളും ഈ ചിന്തകളിലൂടെ കടന്നുപോകണം. അതേ, തീര്‍ച്ചയായും, ലോകം നിങ്ങളില്‍ നിന്ന് അതാണ് ആവശ്യപ്പെടുന്നത്- മലേന പുസ്തകത്തില്‍ പറയുന്നു.
2018 ല്‍ സ്വീഡനിലാണ് തീ പിടിച്ച വീട് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. 108 രംഗങ്ങളാണ് ഉള്ളടക്കം. ഓരോ രംഗത്തിനുമൊടുവില്‍ കാലാവസ്ഥാ പ്രവര്‍ത്തക എന്ന നിലയില്‍ ഗ്രെറ്റ നിര്‍വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള വിവരണവുമുണ്ട്. തന്റെ പ്രശസ്തിയും പ്രാധാന്യവും എങ്ങനെ ലോകത്ത് മാറ്റം കൊണ്ടുവരാമെന്ന് ഒരു കൗമാക്കാരി ചിന്തിക്കുന്നതിനെക്കുറിച്ച്. കുടുംബത്തിലെ എല്ലാവരും പുസ്തക രചനയില്‍ പങ്കുവഹിച്ചിട്ടുണ്ടെങ്കിലും പ്രധാനമായും അമ്മ മലേനയുടെ കാഴ്ചപ്പാടിലൂടെ വിവരണം വികസിക്കുന്നത്. അതുകൊണ്ടുതന്നെ പുസ്തകം പ്രധാനമായും അമ്മമാരെയാണ് ലക്ഷ്യംവയ്ക്കുന്നത്. അവരുടെ ഹൃദയങ്ങളെയാണ് സ്പര്‍ശിക്കുന്നത്.
സ്വന്തം ദുഃഖങ്ങളെക്കാളേറെ, മക്കളുടെ വേദനയാണ് ഒരു അമ്മയുടെ ഏറ്റവും വലിയ ദുഃഖം. അതാണ് താനും ജീവിതത്തില്‍ അനുഭവിച്ചതെന്നു പറയുന്നു മലേന. കൊച്ചു കുട്ടിയായിരുന്നപ്പോഴേ ഗ്രെറ്റയില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഒരുകാലത്ത് മാനസിക പ്രശ്നങ്ങളും ആ കുട്ടിയെ വേട്ടയാടി. ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു. ഭക്ഷണവും കഴിക്കില്ല. ഒരു നേരത്തെ ഭക്ഷണം തന്നെ മണിക്കൂറുകളെടുത്താണ് കഴിക്കുന്നത്. ഈറ്റിങ് ഡിസ് ഓര്‍ഡര്‍ ബാധിച്ച കുട്ടിയാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
2016 ആയപ്പോഴേക്കും ഗ്രെറ്റയ്ക്കു പിന്നാലെ ബെറ്റയിലും അസുഖ ലക്ഷണങ്ങള്‍ പ്രകടമായി. മിസോഫോനിയ എന്ന അസുഖമായിരുന്നു ബെറ്റയ്ക്ക്. ശബ്ദങ്ങളുമായി പൊരുത്തപ്പെടാനാവാത്ത അവസ്ഥ. ഇതിനൊപ്പം ബന്ധുക്കളെയല്ലാതെ മറ്റൊരു മനുഷ്യരുമായും പൊരുത്തപ്പെടാത്ത അവസ്ഥയും ബെറ്റയ്ക്കുണ്ടായിരുന്നു. അന്ന് നൃത്തം മാത്രമായിരുന്നു ആ കുട്ടിക്ക് ഏകാശ്രയം. ഓപറ ഗായികയായിരുന്ന മലേന ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ടു. അമ്മ എന്ന നിലയിലുള്ള കഠിന പരീക്ഷണങ്ങളിലൂടെ കടന്നുപോയി.
‘ ചിലപ്പോള്‍ ഞാന്‍ നിലവിളിക്കും. ഭിത്തിയില്‍ കൈകള്‍ കൊണ്ട് ഉറക്കെ ഇടിക്കും. വാതിലുകള്‍ ആഞ്ഞുതൊഴിക്കും. കൈകള്‍ ഞെരിക്കും. തേങ്ങിക്കരയും. സഹായത്തിനുവേണ്ടി നിലവിളിക്കും. ആരും വരാതാകുമ്പോള്‍ നിസ്സഹായയായി എല്ലാം സഹിക്കും’- മലേന എഴുതുന്നു. ഇതിനിടെ ആ അമ്മയ്ക്ക് ഇടയ്ക്ക് മാനസിക തകര്‍ച്ച നേരിടേണ്ടിവന്നുവെന്നും മലേന പറയുന്നു.
2018 ഓഗസ്റ്റ് ആയപ്പോഴേക്കും കാലാവസ്ഥ പ്രവര്‍ത്തനത്തിലേക്ക് ഗ്രെറ്റ ഇറങ്ങി. പൊതുപ്രവര്‍ത്തനങ്ങള്‍ കുട്ടിക്ക് ആശ്വാസമാകുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എന്നാണ് കുടുംബം പ്രതീക്ഷിച്ചത്. സ്വീഡിഷ് പാര്‍ലമെന്റിനു പുറത്ത് ഗ്രെറ്റ എത്തി. അതുവരെ കുടുംബത്തിലുള്ളവരോടു പോലും സംസാരിക്കാതിരുന്ന കുട്ടി ആള്‍ക്കൂട്ടത്തോട് സംസാരിക്കാന്‍ തുടങ്ങി. അതായിരുന്നു ഏറ്റവും വലിയ അതിശയം.
വീട്ടിലെ ഒരുനേരത്തെ ഭക്ഷണം പോലും മണിക്കൂറുകള്‍ എടുത്തു കഴിക്കുന്ന കുട്ടി സമരത്തിന്റെ ഇടവേളകളില്‍ ലഭിക്കുന്ന ഭക്ഷണം ആര്‍ത്തിയോടെ വിഴുങ്ങാന്‍ തുടങ്ങി. ഒടുവില്‍ മലേന എന്ന അമ്മയുടെ മനം കുളിര്‍പ്പിച്ചുകൊണ്ട് ഗ്രെറ്റ പുഞ്ചിരിക്കാനും തുടങ്ങി. ഒരിക്കല്‍ ആള്‍ക്കൂട്ടത്തില്‍വച്ച് ഒരാള്‍ ഗ്രെറ്റയുടെ അച്ഛനോട് ചോദിച്ചു: ‘‘നിങ്ങള്‍ക്ക് മകളെക്കുറിച്ച് അഭിമാനം തോന്നുന്നില്ലേ ? അഭിമാനമോ, തീര്‍ച്ചയായും. എന്നാല്‍ അതില്‍ കൂടുതലായി എനിക്കു സന്തോഷം തോന്നുന്നു. എന്റെ മകളുടെ സന്തോഷം തന്നെയാണ് എന്റെയും സന്തോഷം’’- സവന്റെ തണ്‍ബര്‍ഗ് മറുപടി പറഞ്ഞു.
സാധാരണ ഗതിയില്‍ ഒരാളും കുടുംബത്തില്‍ നടന്ന അസന്തുഷ്ടകരമായ കാര്യങ്ങള്‍ പുറത്തുപറയില്ല. എല്ലാം മറയ്ക്കാനും ഒളിച്ചുവയ്ക്കാനുമായിരിക്കും ശ്രമം. എന്നാല്‍ എല്ലാം തുറന്നുപറയാനുള്ള തീരുമാനം തങ്ങള്‍ കുടുംബം ഒറ്റക്കെട്ടായാണ് എടുത്തതെന്ന് മലേന പറയുന്നു. ‘‘ഞങ്ങള്‍ക്കൊന്നും ഒളിക്കാനില്ലായി രുന്നു. മറ്റൊരു കുടുംബവും ഇതുപോലെ കഷ്ടപ്പെടരുതെന്നും ഞങ്ങള്‍ ആഗ്രഹിച്ചു’’- മലേന സംതൃപ്തിയോടെ പറയുന്നു.
തീപിടിച്ച വീട് എന്ന ഗ്രെറ്റയുടെ പുസ്തകം പ്രധാനമായും ഊന്നല്‍ കൊടുക്കുന്നത് ഒരു വാക്കിനാണ്: പ്രതീക്ഷ. ഏതു ദുരന്തത്തിന്റെ അഗ്നിക്കും മീതെ ഉയര്‍ന്നുപറക്കുന്ന പ്രതീക്ഷയുടെ കിരണങ്ങളെക്കുറിച്ച്. പുസ്തകം വായിക്കുന്ന ഓരോ വ്യക്തിക്കും ഈ കുടുംബം നല്‍കുന്നത് ആ വാക്കു തന്നെയാണ്: പ്രതീക്ഷ. തളരാത്ത പ്രതീക്ഷ. വീണുപോകാത്ത പ്രത്യാശ. ദുരന്തത്തെ അതിജീവിക്കുന്ന പുഞ്ചിരി. പുസ്തകം വിറ്റു കിട്ടുന്നതില്‍ നിന്നു ലഭിക്കുന്ന ലാഭം കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിതന്നെയാണ് ഉപയോഗിക്കുന്നത്.
English Summary : Our House Is On Fire By Greata Thunberg, Savante Thunberg, Malena Ernman, and Beata Emman