അവരുടെ ചികിത്സയും ശുശ്രൂഷയും കൊണ്ടാണ് ഞാനിന്നും ജീവിച്ചിരിക്കുന്നത് : ടി പത്മനാഭൻ
കൊറോണ വൈറസ് ലോകമാകെ പടരുകയാണ്. കണ്ണൂരിലെ പള്ളിക്കുന്നിലെ വീട്ടിൽ കൊറോണയെ ക്കുറിച്ചുള്ള വാർത്തകൾ മാത്രം കേട്ടുകൊണ്ടിരിക്കെ കഥാകൃത്ത് ടി. പത്മനാഭൻ പഴയൊരു ഓർമയിലേക്കു പോയി. മരണം മുന്നിൽക്കണ്ട ഒരനുഭവം. ഇത്രയും രൂക്ഷമല്ലെങ്കിലും അന്നത്തെകാലത്ത് എല്ലാവരും പേടിച്ചിരുന്ന വസൂരി രോഗം പിടിപെട്ട് ഐസലേഷൻ വാർഡിൽ കിടന്ന അനുഭവം പറയുമ്പോൾ മേമ്പൊടിയായി അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ ഇത്രയൊന്നുമില്ല. ഇപ്പോൾ ഉലകമാകെ പടരുകയല്ലേ കോവിഡ് രോഗം. പക്ഷേ, ഏഴുപതിറ്റാണ്ടു മുൻപ് അതൊരു പേടിപ്പിക്കുന്ന അനുഭവം തന്നെയായിരുന്നു’’.
കണ്ണൂരിലെ ചിറയ്ക്കൽ രാജാസ് സ്കൂളിലെ പഠനം കഴിഞ്ഞ് ഇന്റർമീഡിയറ്റിനു ചേർന്നത് മംഗളുരുവിലെ ഗവ. കോളജിലായിരുന്നു. കണ്ണൂരിലെ വിദ്യാർഥികളെല്ലാം തലശ്ശേരി ബ്രണ്ണൻ കോളജിൽ ഇന്റർമീഡിയറ്റിനു ചേരുമ്പോൾ പത്മനാഭൻ മംഗളുരുവിൽ ചേരാൻ കാരണം ചേട്ടന്റെ നിർബന്ധംകൊണ്ടായിരുന്നു. 1948 മുതൽ 52 വരെയായിരുന്നു മംഗളുരുവിലെ പഠനം.
‘‘ മംഗളുരുവിൽ ഞങ്ങൾ നാലുസുഹൃത്തുക്കൾ ഒരു വീട് വാടകയ്ക്കെടുത്തായിരുന്നു താമസം. രണ്ടാംവർഷ ഫൈനൽ പരീക്ഷ അടുത്ത സമയം. പതിവില്ലാതെ ഒരു പനിവന്നു. സർക്കാർ ആശുപത്രിയിലെ ഡോക്ടറെയായിരുന്നു കണ്ടത്. നല്ല പനിയുള്ളതിനാൽ അവിടെ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. ആ ആശുപത്രിയിൽ പ്രശസ്തനായൊരു മലയാളി ഡോക്ടറുണ്ടായിരുന്നു– ഡോ. പണ്ടാല. അദ്ദേഹമായിരുന്നു എന്നെ ചികിത്സിച്ചത്.
ഒരു ദിവസം ഡോക്ടർ ചോദിച്ചു– കൊതുകു കടിച്ചിരുന്നോ?
ശരീരത്തിൽ അവിടവിടെയായി ചുവന്ന ഉണലുകൾ പൊന്തിയിരുന്നു.
‘‘പത്മനാഭന് വസൂരിയാണ്’’… ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. വസൂരി ബാധിച്ച് ആളുകൾ വഴിയരികിലെല്ലാം മരിച്ചുവീഴുന്ന സമയമായിരുന്നു. ചികിത്സ കിട്ടാതെ പാവങ്ങളായിരുന്നു അധികവും മരിച്ചത്. എന്നെ അവിടെ കിടത്താൻ പറ്റില്ലെന്നും ഐസലേഷൻ ഹോസ്പിറ്റലിലേക്കു മാറണമെന്നും ഡോക്ടർ നിർദേശിച്ചു. അല്ലെങ്കിൽ വീട്ടിലേക്കു പോകാമെന്നു ഡോക്ടർ ആശ്വസിപ്പിച്ചുകൊണ്ടുപറഞ്ഞു.
പരീക്ഷ അടുത്ത സമയമായിരുന്നതിനാൽ ഞാൻ ഐസലേഷൻ ഹോസ്പിറ്റലിൽ പോകാൻ തീരുമാനിച്ചു.
മംഗളുരുവിലെ കടൽത്തീരത്തെ ഉറുവയിലാണ് ഐസലേഷൻ ഹോസ്പിറ്റൽ.ആളൊഴിഞ്ഞ സ്ഥലമാണ്. എന്റെ പ്രതീക്ഷയ്ക്കു വിപരീതമായിരുന്നു അവിടെ. നല്ല ഡോക്ടർമാരും നഴ്സുമാരും ഉണ്ടാകുമെന്നാ യിരുന്നു എന്റെ കണക്കുകൂട്ടൽ. ഏതാനും ചെറിയ കെട്ടിടവും അതിനോടു ചേർന്നുള്ള ഷെഡുകളും. ഡോക്ടറുമില്ല, നഴ്സുമില്ല. ആകെയുള്ളത് കമ്പൗണ്ടറും ഭാര്യയും.
വാർഡു നിറയെ രോഗികളായിരുന്നു. അതുകൊണ്ട് അവിടേക്കു പ്രവേശനമുണ്ടായിരുന്നില്ല. ആംബുലൻസിൽ നിന്നിറങ്ങിയ ഞാനടക്കമുള്ള രോഗികളെ താൽക്കാലിക ഷെഡിലേക്കാണു മാറ്റിയത്. അതെല്ലാം കണ്ടു ഞാൻ കരഞ്ഞുപോയി. അത്രയ്ക്കു ദയനീയമായിരുന്നു അവസ്ഥ. ഷെഡിലെ വൈക്കോൽ കിടക്കയിലെ കിടത്തം ദുസ്സഹമായിരുന്നു. രൂക്ഷ ഗന്ധവും. ഉറങ്ങാൻ കഴിഞ്ഞില്ല. എന്റെ ദയനീയാവസ്ഥ കണ്ടിട്ട് അലിവു തോന്നിയ കമ്പൗണ്ടർ ചാർലി അടുത്ത ദിവസം എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്കു മാറ്റി.
പണക്കാരും സ്വാധീനമുള്ളവരുമൊന്നും ഐസലേഷൻ ഹോസ്പിറ്റലിലേക്കു വരില്ലെന്നു ചാർലി പറഞ്ഞു. വാർഡിലും ഷെഡിലുമെല്ലാമുള്ളവർക്ക് ഭക്ഷണവും മരുന്നും നൽകുന്നത് ചാർലിയും ഭാര്യ ഹെലനുമായിരുന്നു. അവരുടെ മക്കളും സഹായിക്കും. അവിടെയുള്ള രോഗികളെല്ലാം പാവങ്ങളായിരുന്നു. ആരെങ്കിലും മരിച്ചാൽ മറവു ചെയ്യുന്നത് ചാർലിയും കൂടെയുള്ളവരും തന്നെ. ഏഴു ബ്ലോക്കിലും ഷെഡിലുമായി ഏഴുപതോളം രോഗികളുണ്ട്.
പുലർച്ചയ്ക്കു മുൻപേ അവർ ഭക്ഷണമുണ്ടാക്കാൻ തുടങ്ങും. കൂടെ മരുന്നും. ശരിക്കും ത്യാഗത്തിന്റെ രൂപങ്ങളായിരുന്നു ആ രണ്ടുപേർ. അവരുടെ ചികിത്സയും ശുശ്രൂഷയും കൊണ്ടാണ് ഞാനിന്നും ജീവിച്ചിരിക്കുന്നത്. നാഴിക മണിപോലെ കൃത്യമായിരുന്നു അവരുടെ ഓരോ കാര്യവും. രോഗത്തിന്റെ സ്ഥിതിയനുസരിച്ചുവേണം മരുന്നുനൽകാൻ. അതെല്ലാം ചാർലിക്കും ഹെലനുമറിയാം. രോഗം മാറി ആളുകൾപോകുമ്പോൾ സന്തോഷത്തോടെ എന്തെങ്കിലും നൽകിയാലും അവർ വാങ്ങില്ല. തങ്ങൾ ജോലി ചെയ്യുന്നതിനുള്ള ശമ്പളം സർക്കാർ തരുന്നുണ്ടെന്നാണു പറയുക.
എനിക്കു വസൂരിയുടെ തുടക്കമായിരുന്നു. രോഗം ശരിക്കും വന്നവരെ കണ്ടു ഞാൻ ഞെട്ടിപ്പോയി. ഉണങ്ങി വരണ്ട പാടങ്ങൾ പോലെയായിരുന്നു അവരുടെ ശരീരങ്ങൾ. അവരിൽ പലരും നിത്യേന മരിച്ചുകൊണ്ടിരുന്നു. കുളിമുറിയിലെ ബക്കറ്റിൽ വെള്ളം നിറച്ചു ഞാനെന്റെ മുഖം നോക്കി. എനിക്കെന്നെത്തന്നെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. അത്രയ്ക്കു ദേഹമാകെ പൊന്തിയിരുന്നു.
എന്റെ അവസ്ഥയറിയിച്ചുകൊണ്ട് ഞാൻ വീട്ടിലേക്കു കത്തയച്ചു. കുറച്ചുദിവസ ശേഷം ചേട്ടൻ ഒരു സഹായി യെയുംകൂട്ടി അവിടെയെത്തി. വസൂരി രോഗികളെ ചികിത്സിച്ചു പരിചയമുള്ള ആളായിരുന്നു അയാൾ. അസുഖം ഭേദമായി ആദ്യത്തെ കുളി കഴിഞ്ഞ ദിവസം തന്നെ ഞാൻ ആശുപത്രി വിട്ടു. ആരും കാണാതെ മുങ്ങുകയായിരുന്നു. ചികിത്സയിലിരിക്കെ പുറത്തേക്കിറങ്ങുന്നത് കുറ്റകരമാണ്.
വീട്ടിലെത്തി അസുഖമെല്ലാം മാറിയ ശേഷം ഞാൻ കോളജിൽ പോയി. വർഷങ്ങൾക്കു ശേഷം ഞാൻ ‘ത്യാഗത്തിന്റെ രൂപങ്ങൾ’ എന്നപേരിൽ ഒരു കഥയെഴുതി. ചാർലിയുടെയും ഹെലന്റെയും ത്യാഗത്തെ ക്കുറിച്ചായിരുന്നു ആ കഥ. ശരിക്കും ത്യാഗത്തിന്റെ രൂപം തന്നെയായിരുന്നു അവർ. പൂവിന്റെ പരിശുദ്ധിയും കാന്തിയുമുള്ളവളായിരുന്നു ഹെലൻ.
വസൂരിയുടെയും കോളറയുടെയും ഇടയിൽ, മനുഷ്യസഹജമായ എല്ലാ വികാരങ്ങളും അനുഭൂതിയും മാറ്റിവച്ചു ജീവിക്കുന്നവളായിരുന്നു അവൾ. ഒരു രോഗിക്കു മുന്നിലും മുഖംവാട്ടാതെ, ചിരിച്ചുകൊണ്ടായിരുന്നു ഹെലനും ചാർലിയും ഭക്ഷണവും മരുന്നുമായി എത്തുക. ഇപ്പോഴും അവരുടെ മുഖം ഓർമവരികയാണ്. കോവിഡ് ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും കാണാമ്പോൾ ഞാൻ അവരെക്കുറിച്ചും പറയും–ത്യാഗത്തിന്റെ രൂപങ്ങൾ.
English Summary : T Padmanabhan Talks About Kovid 19 and Smallpox