മാനവരാശിയെ ബാധിച്ച മഹാവിപത്തുകളിലൊന്നാണു കാൻസർ എന്നു പറഞ്ഞല്ലോ. ഈ രോഗം ചികിത്സിക്കുന്നവരെയും ചിലപ്പോൾ ഇങ്ങനെയാണോ സമൂഹം കാണുന്നത്? അല്ലേയല്ല. എന്നാലും ചില രസകരമായ സംഭവങ്ങൾ പറയാം.

പലപ്പോഴും പല ചടങ്ങിലും എന്നെ വേദിക്കു പരിചയപ്പെടുത്തുന്നത് രസകരമായാണ്.

‘ഈ ലോകത്തു നിന്നു മറ്റൊരു ലോകത്തേക്കു പോകാൻ തയാറെടുക്കുന്ന രോഗികളെ സഹായിക്കുന്ന മഹാനാണ് ഗംഗാധരൻ ഡോക്ടർ.’ പ്രസിദ്ധമായ ഒരു കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എന്നെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. 

പച്ചമലയാളത്തിൽ പറഞ്ഞാൽ കാലൻ എന്നർഥം. കാൻസർ വന്നാൽ രക്ഷപ്പെടില്ല എന്നൊരു തെറ്റിദ്ധാരണ സമൂഹത്തിനുണ്ടല്ലോ. ഇങ്ങനെ മരണവാറന്റുമായി വരുന്നവരെ ചികിത്സിക്കുന്നയാൾ എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. 

ചാലക്കുടിയിലെ ഒരു ചടങ്ങിൽ എനിക്കു കിട്ടിയ വിശേഷണം കാൻസറിനു പര്യായമാണ് ഈ ഡോക്ടർ എന്നാണ്. മരണത്തിലേക്കുള്ള വാതിൽ, അല്ലെങ്കിൽ നമ്മുടെയൊക്കെ ജീവിതം അവസാനിപ്പിക്കാനുള്ള മഹാമാരി.  ഇങ്ങനെയൊക്കെയാണ് നമ്മൾ പലപ്പോഴും കാൻസറിനെ കാണുന്നത്. കാഴ്ചപ്പാടുകൾ എന്തു തന്നെയായാലും കാൻസർ ചികിത്സാരീതിയിൽ ആശാവഹമായ, നൂതനമായ പല മാറ്റങ്ങൾ വന്നിട്ടുണ്ട്. അത്യാധുനിക മരുന്നുകളും ഉപകരണങ്ങളും ചികിത്സാരീതികളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

ഡോ. വി.പി ഗംഗാധരൻ

എന്നാൽ 25, മുപ്പതു വർഷം മുൻപ് കാൻസറിന്റെ ചിത്രം അവ്യക്തമായിരുന്നു. എന്താണു കാൻസർ എന്നോ, എങ്ങനെ കണ്ടുപിടിക്കാമെന്നൊ വ്യക്തതയില്ലായിരുന്നു. ചികിത്സാരംഗം ശൈശവദശയിൽ ആയിരുന്നു. രോഗിയുടെ കട്ടിൽ മുറിച്ചു മാറ്റുന്ന സർജനെപ്പറ്റിയൊരു കഥയുണ്ട്. പഴയകാല കാൻസർ ചികിത്സാരീതിയെ കളിയായി പറയുന്നതാണിത്. ഉദാഹരണത്തിന്, സ്തനാർബുദം ബാധിച്ച രോഗിയെ ശസ്ത്രക്രിയ ചെയ്യുകയാണെന്നു കരുതുക. ഏതാണ്ട് ഏഴെട്ടു മണിക്കൂർ വേണ്ടിവരാറുള്ള ഓപ്പറേഷനിൽ ആദ്യം ഡോക്ടർ സ്തനം മുറിച്ചു മാറ്റും, കാൻസർ പടർന്നിട്ടുണ്ടെങ്കിൽ സമീപ ശരീരഭാഗങ്ങൾ മുറിച്ചു മാറ്റും. സമയം കിട്ടുകയാണെങ്കിൽ രോഗി കിടക്കുന്ന ശസ്ത്രക്രിയാ കട്ടിലിന്റെ ചില ഭാഗങ്ങളും മുറിച്ചു മാറ്റും. അത്രമാത്രം കൃത്യതയില്ലായ്മ തുടക്കത്തിലുണ്ടായിരുന്നെങ്കിലും അസുഖംവന്ന ഭാഗം മാത്രം മുറിച്ചുമാറ്റി രോഗിയെ രക്ഷിക്കുന്ന സർജനാണ് ഇപ്പോഴത്തെ മികച്ച സർജൻ.

റോബോട്ടിക് സർജറിയൊക്കെ രംഗപ്രവേശം ചെയ്ത് വളരെ സൂക്ഷ്മമായും മുറിവുകൾ കുറച്ചും കാൻസർ സർജറി ചെയ്യാം. കാൻസർ ബാധിച്ച ഭാഗം മുറിച്ചു മാറ്റുക എന്നതായിരുന്നു പഴയ ചികിത്സയെങ്കിൽ ഇന്ന് അതല്ല സ്ഥിതി. കാൻസർ ബാധിച്ച അവയവം നിലനിർത്തിക്കൊണ്ടു തന്നെ ചികിത്സ നടത്തുകയാണ് ഇന്നത്തെ രീതി. അതാണു വിജയവും. കൃത്യമായും കാൻസർ ബാധിത കോശങ്ങളെ ലക്ഷ്യംവച്ചുള്ള ചികിൽസാ രീതികളും ആധുനിക വൈദ്യശാസ്ത്രം സംഭാവന ചെയ്യുന്നുണ്ട്.

പുസ്തകം ഓൺലൈനിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Cancerine Pedikkanda Story By Dr. V P Gangadharan