അതിലന്നു നീയെന്റെ പേര് കാണും, അതിലെന്റെ ജീവന്റെ നേര് കാണും; കാമുകിയെ യാത്രയാക്കുന്ന കാമുകൻ പാടുന്നു...
ജീവിക്കുമ്പോൾ ഒരിക്കലും മരിക്കില്ലെന്ന ശുഭാപ്തി വിശ്വാസം ; മരണമടുക്കുമ്പോൾ ഇതുവരെ ജീവിച്ചിട്ടേയില്ലെന്ന അഗാധവിഷാദം. ജീവിതത്തിന്റെ ഈ ദുരന്തത്തെക്കുറിച്ച് പറഞ്ഞത് പൗലോ കൊയ്‍ലോയാണ്.
ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും സ്നേഹിച്ചും സന്തോഷം നൽകിയും ആഹ്ലാദപ്രദമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെമാത്രമേ മരണത്തെ മാറ്റിനിർത്താനാവൂ. ജീവിച്ചിട്ടേയില്ല എന്ന സങ്കടം ഒഴിവാക്കാനാകൂ. നടത്തത്തിലെ ഓരോ ചുവടും ഒരു നൃത്തം പോലെ സന്തോഷഭരിതവും ആവേശകരവുമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
എന്നാൽ, സങ്കടം മനുഷ്യന്റെ കൂടപ്പിറപ്പാണ്. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത സുഹൃത്ത്. ആ സുഹൃത്തിന്റ സാന്നിധ്യത്തെയും അപ്രസക്തമാക്കുന്ന ഒന്നുണ്ടെങ്കിൽ അത് പുസ്തകങ്ങളാണ്. പ്രത്യേകിച്ചും കവിത. നോവലുകളും കഥകളുമൊക്കെ എത്രതന്നെ വായിച്ചാലും അവയെപ്പറ്റിയുള്ള ഓർമ മനസ്സിലു ണ്ടാവുമെങ്കിലും വരികൾ ഒർത്തെടുക്കാൻ ബുദ്ധിമുട്ടാണ്.
അപൂർവം ചില എഴുത്തുകാരുടെ വരികൾ ഓർമയിൽ മായാതെ അവശേഷിച്ചേക്കാം. മലയാളത്തിൽ ബഷീറിന്റെ ‘വെളിച്ചത്തിനെന്തു വെളിച്ചം’ പോലെ. എംടിയുടെ ‘വരും വരാതിരിക്കില്ല പോലെ’. ബഷീറിന്റെ തന്നെ മതിലുകളിലെ സ്വാതന്ത്ര്യ സമര സേനാനിയുടെ ‘ആർക്കുവേണം സ്വാതന്ത്ര്യം’ പോലെ അപൂർവം ചില പദസമുച്ചയങ്ങൾ.
എന്നാൽ കവിതയാകട്ടെ, ചില വരികൾ ഒരിക്കലും മറക്കാനാകാതെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കും. എന്നാണ് വായിച്ചതെന്ന ഓർമ പോലുമുണ്ടാകില്ല. ആരാണ് എഴുതിയത് എന്നു പോലും മറന്നുപോയേക്കാം. എവിടെനിന്നെന്നില്ലാതെ വെള്ളിടി പോലെ, മിന്നൽപ്പിണരു പോലെ ആ വരികൾ മാത്രം ഓർമയിലുണ്ടാകും. മറവിയെ വെല്ലുവിളിച്ചുകൊണ്ട്. അവ ചൊല്ലുമ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും തന്നെയാണ് ആ വരികളുടെ യഥാർഥ അർഥം.
സദ്ഗതി എന്ന കവിതയിൽ മരണം വരുന്ന നിമിഷത്തെക്കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് ഭാവന ചെയ്യുന്നുണ്ട്. ബധിരയായി, അന്ധയായി, മൂകമായി വരുന്ന മരണം. അപ്പോൾ ഒഴികഴിവുകൾ ഒന്നും പറയാനാവില്ല. കൂടെ പോയേ പറ്റൂ. അവസാന യാത്രയാണ്. ലഭിച്ച ഒരൊറ്റ നിമിഷത്തിൽ പ്രിയപ്പെട്ട ഗ്രന്ഥാലയത്തിലേക്ക് ഒന്നു നോക്കി. വായിച്ചാസ്വദിച്ച പുസ്തകങ്ങൾ. അവയിൽ ഒന്നുമാത്രം വായിച്ചിട്ടില്ല. സ്വന്തമെങ്കിലും വായിക്കാതെ വച്ച ഒരൊറ്റ പുസ്തകം. പ്രണയം എന്നാണതിന്റെ പേര്. അതെടുത്തു. മരണത്തിനൊപ്പമുള്ള അനന്തതയിലേക്കുള്ള യാത്രയിൽ വായിച്ചുതീർക്കാൻ. അതു നീ വായിക്കൂ എന്നാശംസിച്ച്, കാമുകിയെ യാത്രയാക്കുന്ന കാമുകൻ ആരോടെന്നില്ലാകതെ പാടുന്നു:
അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും.
മരണത്തെ അതിജീവിക്കുകയാണ് ജീവിതം. കാലത്തെ അതിജീവിക്കുകയാണ് കവി.
പെട്ടെന്നൊരു ദിവസം മരണത്തിന്റെ കൈ പിടിച്ചു നടന്നുപോയ ഇടപ്പള്ളി രാഘവൻ പിള്ള, ജീവിതത്തിന്റെ അസാനത്തെക്കുറിച്ച് എഴുതിയത് വെളിച്ചം തീർന്നെന്നും, ഞാനിനി പുസ്തകം അടച്ചുവയ്ക്കട്ടെ എന്നുമാണ്. അതു ജീവിത പുസ്തകമാണ്; വായിക്കുന്ന പുസ്തകവും. ജീവിതം കവിക്ക് പുസ്തകം തന്നെയാണ്. ആനന്ദത്തിന്റെ നിമിഷങ്ങൾ കവിതയും. കവിത തീരുന്നു എന്നാൽ ജീവിതം തീരുന്നു എന്നാണ്. വായിക്കാത്ത പ്രഭാതങ്ങളെക്കുറിച്ച് ചിന്തിക്കാനാകാത്ത അവസ്ഥ.
ജീവിതം അവസാനിക്കാറായി എന്നറിഞ്ഞ നിമിഷത്തിലും എൻ.എൻ.കക്കാടിനു കൂട്ട് കവിതയായിരുന്നു. അവശേഷിക്കുന്ന ദിനങ്ങളെ അദ്ദേഹം ധന്യമാക്കിയത് കവിത എഴുതിയാണ്, കവിത ചൊല്ലിയാണ്. കവിതകളുടെ ചരിത്രം കക്കാടിന്റെ ജീവചരിത്രം കൂടിയാണ്. ജീവിതത്തിൽ ഇനിയൊരു ഓണമില്ല എന്ന തിരിച്ചറിവിൽ ഓണപ്പൂക്കൾക്ക് അദ്ദേഹം യാത്രമൊഴിയേകിയതാണ്. എന്നാൽ നിനച്ചിരിക്കാതെ ജീവിതം നീട്ടിക്കിട്ടി.
നന്ദി തിരുവോണമേ നന്ദി
നീ വീണ്ടും വന്നുവല്ലേ
എന്നദ്ദേഹം ആഹ്ലാദം കൊണ്ടു. ആശ്വസിച്ചു.
പകലുകൾ, രാത്രികളിൽ അയ്യപ്പപ്പണിക്കർ പാടുന്നു:
മൃതരായ്, മൃതരായ്
ദഹിച്ചുപോയ്, നീ വച്ച
മെഴുകിൻ തിരികളും സന്ധ്യേ
ഇനിയില്ല ദിപങ്ങ–
ളിനിയില്ല ദീപ്തി–
ളിനിയും വെളിച്ചം തരൊല്ലേ !
ഒടുവിൽ നിൻ കാലടി–
പ്പൊടി കൂടി തട്ടിയെൻ–
പടിവാതിൽ കൊട്ടിയടച്ചപോലെ
മറയൂ, നിശാഗന്ധി സന്ധ്യേ, നിന്റെ
മറവിയും കൂടി മറയ്ക്കൂ.
കവിതയുടെ പുസ്തകം തീരുന്നില്ല. ഗദ്യ പുസ്തകങ്ങൾ തീർന്നേക്കാം. കഥയും നോവലും ലേഖനവും അവസാനിച്ചേക്കാം. ഇനി പറയാൻ ഒരു കഥ പോലുമില്ലെന്നു സങ്കടപ്പെട്ടേക്കാം. അപ്പോഴും, ചിതയുടെ തീ നാളങ്ങൾക്കു മുകളിലൂടെ ഒരൊറ്റക്കിളി പറന്നേക്കാം. അതിന്റെ ചുണ്ടിൽ ഒരു ഈണമുണ്ടായിരിക്കും. മറക്കാതെ, മനസ്സിൽ അവശേഷിച്ച, ഇഷ്ടകവിതയുടെ ഈരടികൾ. അതങ്ങനെ മുഴങ്ങിക്കൊണ്ടേയിരിക്കും. ലോകാവസാനത്തിനും മീതെ...
പാവമീ നാടിൻ സ്വർണ്ണക്കിണ്ണമായിരുന്നവൻ ദാ,
നോക്കൂ, വാനിൽ; പൂർണചന്ദ്രനായവൻ വീണ്ടും
English Summary: Influence Of Poetry in Humen Life