ഇടശേരിയുടെ മകൻ കഥാകൃത്ത് ഇ. ഹരികുമാർ അന്തരിച്ചു
തൃശൂർ ∙ മഹാകവി ഇടശേരി ഗോവിന്ദൻ നായരുടെ മകനും എഴുത്തുകാരനുമായ കുരിയച്ചിറ മുണ്ടുപാലം അവന്യു കെസ്റ്റ് അപ്പാർട്മെന്റിൽ ഇ. ഹരികുമാർ (77) അന്തരിച്ചു. സംസ്കാരം നടത്തി. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ്, പത്മരാജൻ പുരസ്കാരം, നാലപ്പാടൻ പുരസ്കാരം, അക്കാദമി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.
1943 ജൂലൈ 13നു പൊന്നാനിയിൽ ജനിച്ച ഹരികുമാർ കൊൽക്കത്തയിൽ നിന്നു ബിഎ പാസായി.
കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1983ൽ കേരളത്തിലേക്കു തിരിച്ചു വന്നു.1962 മുതൽ ചെറുകഥകളെഴുതിത്തുടങ്ങി. ആദ്യ കഥാസമാഹാരം കൂറകൾ 1972ൽ പ്രസിദ്ധീകരിച്ചു. 15 കഥാ സമാഹാരങ്ങളും ഒൻപതു നോവലുകളും അനുഭവക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദിനോസറിന്റെ കുട്ടി എന്ന കഥാസമാഹാരത്തിനാണ് 1988ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.
വൃഷഭത്തിന്റെ കണ്ണ്, കുങ്കുമം വിതറിയ വഴികൾ, കാനഡയിൽ നിന്നൊരു രാജകുമാരി, ശ്രീപാർവതിയുടെ പാദം, സൂക്ഷിച്ചുവച്ച മയിൽപീലി, ദൂരെ ഒരു നഗരത്തിൽ, കറുത്ത തമ്പ്രാട്ടി, എന്റെ സ്ത്രീകൾ തുടങ്ങിയവയാണു പ്രധാന കഥാസമാഹാരങ്ങൾ.
ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, ഒരു കുടുംബ പുരാണം, എൻജിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി, കൊച്ചമ്പ്രാട്ടി, പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ എന്നീ നോവലുകളും വായനക്കാരെ നേടി. നീ എവിടെയാണെങ്കിലും, ഓർമകൾ മരിക്കാതിരിക്കട്ടെ എന്നിവയാണ് അനുഭവക്കുറിപ്പുകൾ.ഭാര്യ: ലളിത. മകൻ: അജയ്. മരുമകൾ: ശുഭ
English Summary : Novelist And Short Story Writer E Harikumar Passes Away