മലയാളികളുടെ ഒരു തലമുറയെ സാഹിത്യത്തിന്റെ അനവദ്യ സുന്ദരമായ ലോകത്തേക്ക് ആനയിച്ച എഴുത്തുകാരില്‍ പ്രമുഖനാണ് ഉറൂബ് എന്ന പി.സി.കുട്ടിക്കൃഷ്ണന്‍. അക്ഷരങ്ങളുടെ, സംസ്കാരത്തിന്റെ ഒരു കാലത്തെ സൃഷ്ടിച്ച നായകരില്‍ ഒരാള്‍. സ്ത്രീകള്‍ക്ക് പൊതുജീവിതത്തില്‍ വലിയ പങ്കൊന്നുമില്ലാതിരുന്ന ഒരു കാലത്ത് അവരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്ന കൃതികളെഴുതി എന്ന സവിശേഷതയും ഉറൂബിന് സ്വന്തം. 

അദ്ദേഹത്തെ പ്രസിദ്ധനാക്കിയ കൃ‍തികളിലെയൊക്കെ പ്രധാന കഥാപാത്രങ്ങള്‍ സ്ത്രീകളാണ്. പേരുകള്‍ പോലും സ്ത്രീകളുടേതാണ്. ഉമ്മാച്ചു. രാച്ചിയമ്മ എന്നിങ്ങനെ. കഥ, നോവല്‍, സിനിമ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ഉറൂബ്. എല്ലാവര്‍ക്കും സുപരിചിതമായ ‘സുന്ദരികളും സുന്ദരന്‍മാരും’  എന്ന പദപ്രയോഗം സൃഷ്ടിച്ചതും അദ്ദേഹം തന്നെ.  ഉറൂബിന്റെ പ്രശസ്ത നോവലിന്റെ പേരും അതേ പേരില്‍തന്നെയാണ്. ചതിക്കപ്പെടുന്ന സ്ത്രീയുടെ കഥ പറയുന്ന നീലക്കുയില്‍ എന്ന സിനിമയുടെ തിരക്കഥയും അദ്ദേഹത്തിന്റേതു തന്നെ. ‍

രാച്ചിയമ്മ

സുന്ദരികളും സുന്ദരന്‍മാരും ഉമ്മാച്ചുവുമൊക്കെ വായിക്കാനുള്ള സമയം  ഇല്ലാത്തവര്‍ക്കു പോലും എളുപ്പത്തില്‍ വഴങ്ങുന്നതാണ് ഉറൂബിന്റെ ചെറുകഥകള്‍. വായിച്ചാലും വായിച്ചാലും മതിവരാത്ത വലിയ കഥകള്‍. വലുപ്പത്തിലല്ല, അവ സൃഷിടിക്കുന്ന പരിമിതികളില്ലാത്ത വിശാലമായ ലോകത്തിന്റെ പേരില്‍ എന്നും ഓര്‍മിക്കപ്പെടുന്ന സൃഷ്ടികള്‍. 

രാച്ചിയമ്മയാണ് ഉറൂബിന്റെ ഏറ്റവും പ്രശസ്തമായ ചെറുകഥ. സ്ത്രീയുടെ ശക്തിയും സൗന്ദര്യവുമാണ് ആ കഥയുടെ പ്രമേയം. മലയാളത്തിലെ ഏറ്റവും പ്രമുഖമായ സ്ത്രീപക്ഷ രചനകളില്‍ ഒന്ന്. മറ്റനേകം കഥകളുമുണ്ട്. ജീവിതത്തിന്റെ സമസ്ത സൗന്ദര്യവും വിളംബരം ചെയ്യുന്ന കഥകള്‍. വായനയുടെ ലോകത്തേക്ക് എഴുത്തും വായനയുമറിയാവുന്ന എല്ലാവരെയും ക്ഷണിക്കുന്ന കഥകള്‍. മികച്ച വായനക്കാരാകാന്‍ തീര്‍ച്ചയായും വായിച്ചിരിക്കണം ഉറൂബിന്റെ കഥകള്‍. 

‘റിസര്‍വ് ചെയ്യാത്ത ബര്‍ത്ത്’  എന്ന കഥയില്‍ ഒരു ട്രെയിന്‍ യാത്രയാണ് പ്രമേയം. ഓരോ കംപാര്‍ട്ട്മെന്റിലും തിക്കിത്തിരക്കി ആളുകള്‍ ഇടിച്ചുകയറുന്നതിനിടെ, ലഗേജ് വയ്ക്കാന്‍ അല്‍പം സ്ഥലം കണ്ടെടുത്ത്, 

ഒരു കമ്പിയില്‍ ചാരിനില്‍ക്കുന്ന ചെറുപ്പക്കാരന്‍. അയാളുടെ പേര് കഥയില്‍ വെളിപ്പെടുത്തുന്നില്ല. അയാള്‍ സീറ്റ് റിസര്‍വ് ചെയിതിട്ടുമില്ല. പെട്ടെന്നുള്ള യാത്രയാണ്. സീറ്റ് തരപ്പെടുത്തുക എന്നത് അസാധ്യമാണെന്ന തിരിച്ചറിവില്‍ സ്വന്തം വിധിയുമായി  പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന അയാളെ മനോരാജ്യത്തില്‍നിന്നുണര്‍ത്തുന്നത് 

ഒരു സ്ത്രീശബ്ദമാണ്. 

സാര്‍, എന്ന വിളി. 

തന്റെ അടുത്തിരിക്കാന്‍ ഒരാള്‍ അയാളെ ക്ഷണിക്കുന്നു. മൃദുലമായ ശബ്ദം. കടഞ്ഞ ശംഖ് പോലെയുള്ള കഴുത്ത്. ഒരു പെണ്‍കുട്ടിയാണത്. 

ഉറൂബ്

ആ കുട്ടി ലഗേജ് മുകളിലത്തെ റാക്കില്‍വച്ച് സീറ്റില്‍ കുറച്ചു സ്ഥലം ഉണ്ടാക്കി ചെറുപ്പക്കാരനെ ക്ഷണിക്കുകയാണ്. അയാള്‍ ക്ഷണം സ്വീകരിക്കുന്നു. അവരുടെ സംഭാഷണം പുരോഗമിക്കുന്നു. ചെറുപ്പക്കാരന്‍ മുംബൈയ്ക്കാണ്. ഇന്റര്‍വ്യൂവിന്. 

അവളും മുംബൈയ്ക്കാണ്. തൊഴിലില്ല. എന്നാല്‍ ഇന്റര്‍വ്യൂവിനല്ല. യാത്രയുടെ ലക്ഷ്യം ആ കുട്ടി വെളിപ്പെടുത്തുന്നില്ല. വിലാസം അയാള്‍ക്ക് എഴുതിക്കൊടുക്കുന്നു.സമയമുണ്ടെങ്കില്‍ പിറ്റേന്ന് തന്നെ വന്നു കാണാനും ആവശ്യപ്പെടുന്നു. 

ഇന്റര്‍വ്യൂവിന് ഹാജരായ ശേഷം അയാള്‍ പെണ്‍കുട്ടിയുടെ വിലാസം തിരക്കിപ്പോകുന്നു. വീട്ടില്‍ അവള്‍ ഇല്ല. ആശുപത്രിയില്‍ പോയിരിക്കുകയാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്. അടുത്തദിവസം അയാള്‍ വീടിനു പകരം ആശുപത്രിയിലേക്കാണു പോകുന്നത്; കാന്‍സര്‍ വാര്‍ഡിലേക്ക്. അയാളെ അവിടെ കണ്ടപ്പോള്‍ അവള്‍ ആദ്യമായി ഞെട്ടി. പരസ്പരം നോക്കിക്കൊണ്ടു കുറച്ചുനേരം നിന്നു. അവരൊന്നിച്ചു നിശ്ശബ്ദരായി നടന്നുപോരുമ്പോള്‍ അവള്‍ ചോദിച്ചു: 

അമ്പരന്നോ ? 

ഇല്ല. 

പിന്നെയും നിശ്ശബ്ദരായി നടന്നു. 

ഒടുവില്‍ അവള്‍ പറഞ്ഞു: ഇനി പൊയ്ക്കോള്ളൂ... 

അയാള്‍ ഉത്തരം പറഞ്ഞില്ല. അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി ഊറിനിന്നിരുന്നു. അവളതു നോക്കി. അത്രയും കനത്ത ഒരു കണ്ണുനീര്‍ത്തുള്ളി അവള്‍ അതേവരെ കണ്ടിട്ടുണ്ടായിരുന്നില്ല. 

English Summary : Starts Reading Habit With Uroobs Short Stories In Quarantine Time