വഴികൾ കൊണ്ടു വന്ന കവിത വായിക്കുമ്പോൾ
ഒരു കൊടുങ്കാറ്റ് പോലെ
എന്നെ തൂത്തെറിയുക
എനിക്കുള്ളതൊക്കെയും
അപഹരിക്കുക
നിദ്രകളിൽ കടന്നു കയറി
എന്റെ കിനാവുകൾ
കവർന്നെടുക്കുക
എന്റെ ലോകം
കീഴടക്കിക്കൊള്ളുക
( ടാഗോർ)
കല്ലിൻമേൽ കല്ല് ശേഷിക്കാതെ തന്റെ നിർമ്മിതികളെ ശത്രുക്കൾ പൊളിച്ചു കളയുമ്പോൾ ഹംപി എന്ന കല്ലിൽ കൊത്തിയുണ്ടാക്കിയ നഗരം ഇങ്ങനെ ഭാവ രഹിതമായി കാലത്തോട് മന്ത്രിച്ചിരിക്കാം. ഇപ്പോൾ ഇല്ലാത്തൊരു ഇടമാണ് ഹംപി. ഇല്ലാത്ത ഇടത്തേക്കുള്ള യാത്ര തുടങ്ങേണ്ടത് എങ്ങനെയാവും?
ഓടിക്കിതച്ചും കാലിടറിയും എത്തുമ്പോഴേയ്ക്കും എല്ലാം തീർന്നു പോയൊരു മഹാനഗരമാണത്.
ചില മനുഷ്യരിലേക്ക് നമ്മൾ കാലം തെറ്റി കടന്നു ചെല്ലുന്നതു പോലെ. പാറക്കല്ലുകൾ ശിലയായും ശിൽപമായും മിഴിനട്ടു നിന്നിരുന്ന ഇടം. ശിൽപികൾ ഈ വിജയനഗര സാമ്രാജ്യമുണ്ടാക്കിയത് കല്ലുകൾ കൊത്തിയാണ്. ഒരു കാലത്ത് പാരിസിനേക്കാളും റോമിനേക്കാളും വലിയ നഗരമെന്നു പ്രാചീന സഞ്ചാരികൾ രേഖപ്പെടുത്തിയ അതേ സ്ഥലം. ഇന്ന് ആളും ആശയുമറ്റ് മരിച്ചു കിടക്കുന്നു. ഹംപി ആക്രമിച്ച ഡക്കാൻ സുൽത്താന്മാർ എഴുന്നുനിന്ന എടുപ്പുകളെയൊന്നും വെറുതെ വിട്ടില്ല. സാലഭഞ്ജികമാരുടെ സ്തനങ്ങൾ മുതൽ ആനകളുടെ തുമ്പിക്കൈകൾ വരെ....!
ഹംപിയുടെ മുറിപ്പെടുത്തുന്ന അവശേഷിപ്പുകളിലേക്കാണ് യാത്രികൻ കാലെടുത്തുവച്ചത്. പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രം, അവസാനത്തെ വസന്തം പോലും മറന്ന അരളി മരം.. ആളൊഴിഞ്ഞ ക്ഷേത്രമണ്ഡപത്തിന്റെ തീവെയിലിൽ തലതാഴ്ത്തി നടന്നു പോയ അവസാന രാജാവ് ആരും കാണാതെ വീണ്ടും ദിനേന വരികയാണ്; യുഗങ്ങൾ താണ്ടി കല്ലിനെ ഭജിക്കുവാൻ, ദേവനൊഴിഞ്ഞ കോവിലിൽ നോക്കി ശംഖ് ഊതുവാൻ !..എന്തിനെന്ന ചോദ്യത്തിന് ആത്മാവിനു ശാന്തി കിട്ടുവാനെന്ന്, പ്രേമം കൊണ്ട് ശാന്തി കിട്ടുവാനെന്ന് മറുപടി. ആരോടുള്ള പ്രേമം? എന്തിനോട്? യാത്രികൻ ചോദിക്കുന്നില്ല. എല്ലാറ്റിനും ഉത്തരം തേടാൻ അയാൾക്ക് താത്പര്യമില്ലല്ലോ. മുറിപ്പെട്ടു തകർന്ന, ഇല്ലാതായ ഒരിടത്തേക്ക്, ഉപേക്ഷിക്കപ്പെട്ട നഗരത്തിലേക്ക് ഒറ്റയ്ക്കു വന്നിരിക്കുന്ന ഒരാൾക്ക് ഹംപി താൻ തന്നെയല്ലാതെ മറ്റൊന്നുമല്ലല്ലോ...
ഹരികൃഷ്ണന്റെ ‘വഴികളേ എന്നെ കൊണ്ടു പോവതെങ്ങ്’. എന്ന യാത്രാ പുസ്തകം വായിക്കുകയാണ്. ഹംപിയുടെ ശേഷിപ്പുകളിൽ, കല്ലിനു കവിതയാവാൻ വരം കിട്ടിയ നാട്ടിൽ തെല്ലു കൂടുതൽ നേരം കാണാത്തതെന്തിനെയോ തിരഞ്ഞ് വെറുതെയിരുന്നു പോയി. തുടർവായനയിലും വഴിയോരത്തും പുഴക്കടവിലും കോവിലിലും പിന്നിട്ട വഴികളിലുമെല്ലാം വള്ളികളും പൂക്കളും സുഗന്ധവുമായി കവിതയും പറയാക്കഥകളും തടഞ്ഞു നിർത്തി.. കാറ്റും കരയും ജീവിതവും മരണവുമൊക്കെ മനുഷ്യരിലൂടെ ഹരികൃഷ്ണൻ പറയുമ്പോഴൊക്കെ, കവിത മാത്രമായി തൊട്ടെടുക്കാനും കഴിഞ്ഞതേയില്ല. വായന പലപ്പോഴും നിന്നു പോയി.. എന്തൊരു മാന്ത്രികതയാണിത്.. സംഗീതവും കവിതയും നൃത്തവും കഥയും ഒരുമിച്ച ഭാഷ കൺമുന്നിൽ അക്ഷരക്കൂട്ടങ്ങളായി മികവാർന്ന ചിത്രങ്ങൾക്കൊപ്പം തിരയാർത്തു വരികയാണ്.
ഉപേക്ഷിക്കപ്പെട്ടവരെപ്പറ്റി പറയുമ്പോൾ സീതയെ മറക്കുന്നതെങ്ങനെ? കഥ കടന്ന്, കടൽ കടന്ന്, കാലവും കടന്ന് ഇപ്പോൾ നമ്മൾ യാത്രക്കാരനൊപ്പം കണ്ടേൻ സീതയെ എന്നുറക്കെപ്പറയാൻ സീതയെ തിരഞ്ഞ് ലങ്കയിലേക്കു പോവുകയാണ്. സീതയിലേക്കുള്ള ഒരു യാത്രയും പരാജയപ്പെടില്ല എന്നതൊഴിച്ചാൽ, അന്ന് ഹനുമാൻ കണ്ട ലങ്കയല്ല യാത്രികൻ കണ്ട ശ്രീലങ്ക. അത് ഏതു ഭൂപടത്തിലും വലിയൊരു കണ്ണീർത്തുള്ളിയാണ്. ആഭ്യന്തരയുദ്ധ മുറിവുകൾ ഉണങ്ങാത്തയിടമാണ്. ചൂതാട്ടക്കളങ്ങളുടെ രാത്രിസത്രങ്ങളാണ്. തോറ്റുപോയൊരു വാച്ചുവിൽപനക്കാരനെ കബളിപ്പിക്കുന്ന സമയസൂചികകളാണ്. ബുദ്ധ ദന്തത്തിന്റെ വിശുദ്ധ കാഴ്ചയാണ്. സെമിത്തേരികളുടെ നഗരമാണ്.
പക്ഷേ നമുക്ക് കാണേണ്ടത് അതൊന്നുമല്ല സീതയെയാണ്, സീതപ്പുഴയെയാണ്, സീതപ്പൂക്കളെയാണ്. നൂറേലിയയുടെ വഴിത്താരകൾ തുറന്ന വാതിലിലൂടെ നമ്മൾ യാത്രക്കാരനൊപ്പം ഒടുവിൽ അശോകവനിയിലെ സീതാലയത്തിലെത്തി നിൽക്കുന്നു. കാട്ടിൽ നിന്നൊരു കാറ്റു വന്ന് പൂമണം തൊടുവിച്ച് കടന്നു പോകുന്നു. ശിംശപാവൃക്ഷച്ചുവട്ടിൽ കാലങ്ങളായി ഏക പ്രണയത്തിന്റെ ദൃഢതയിൽ മറ്റൊന്നും കാണാതിരിക്കുന്ന ഒരുവളെ ഒറ്റയ്ക്കു വിട്ടു നമ്മൾ യാത്രികനൊപ്പം വീണ്ടും കാലത്തിനിപ്പുറത്തേയ്ക്കു തന്നെ മടങ്ങിപ്പോരുന്നു.
സീതയിൽനിന്നു പോകേണ്ടിടം പെൺകടലെടുത്തു മായ്ച്ച രാമേശ്വരത്തേക്കല്ലാതെങ്ങ്? പതിറ്റാണ്ടുകൾക്കപ്പുറം നിർത്താതെ പെയ്ത ഒരു മഴയ്ക്കൊടുവിൽ കടലും കാറ്റും വീശിയെടുത്തു പോയ ഒരു തീവണ്ടിയിലെ ജീവിതങ്ങളുടെ മൃതനഗരമാണത്. അവിടുത്തെ മണൽ മരുഭൂമിയുടെ വരണ്ടതും വന്യവുമായ ഏകാന്തതയിൽ കടലേറ്റത്തിന്റെ, മൃതിയുടെ, മരിച്ചു പോയവർ രാത്രികാലങ്ങളിൽ തിരിച്ചു വരുന്ന ആ തുറമുഖത്തിന്റെ വിചിത്രകഥകൾ പറഞ്ഞു തരുന്ന ഒരു വയസ്സൻ മുക്കുവനുണ്ട്. അദ്ദേഹമാണ് വായിക്കുന്നവളുടെ മനസ്സിൽ പതിഞ്ഞ ധനുഷ്കോടിയുടെ ഒരിക്കലും മറക്കാനാവാത്ത ചിത്രം.
മരിച്ചവരും മടങ്ങിവരാത്തവരും രണ്ടല്ലല്ലോ. കാശിയിലേക്ക് പോയവരാരും മനസ്സുകൊണ്ടെങ്കിലും മടങ്ങിപ്പോരുകയില്ല. മനുഷ്യസാധ്യമല്ലാത്ത വിധമെന്ന രീതിയിൽ സങ്കീർണമായ ഒരു സ്ഥലം... മഴയിലും ജലത്തിലും നിരത്തിലും സ്നാന ഘട്ടങ്ങളിലും കാശി മരണത്തിന്റെ മോഹക്കാഴ്ചകളാണു മുന്നിൽ നിരത്തുന്നത്. മരണം മധുരം പാടുന്ന ഉസ്താദ് ബിസ്മില്ലാ ഖാന്റെ ചെറിയ വീട്, ഇനിയൊരു ജന്മം വേണ്ടാതെ മരണത്തിന്റെ വ്യാപാര നഗരിയിലേക്ക് മുക്തി തേടിയെത്തിയ അമ്മദൈവങ്ങൾ.. ജനനവും മരണവും ഒന്നാക്കുന്ന ഗംഗയുടെ മാർക്കണ്ഡേയ പൂജകൾ... കാശി ഒഴുക്കുന്ന ഗംഗയുടെ, ശിവന്റെ രഹസ്യ പ്രണയിനിയുടെ, അപരനാമം മോക്ഷമെന്നല്ലാതെ മറ്റെന്ത്?
കാശിയുടെ മേഘങ്ങൾ പിന്നീട് യാത്രക്കാരനൊപ്പം കൊണ്ടെത്തിച്ചത് കാളിദാസന്റെ നഗരത്തിലാണ്. ഉജ്ജയിനി എന്നല്ലാതെ എന്തു പേരാണ് ക്ഷിപ്രയുടെ ഈ കവിതകളുറങ്ങുന്ന തീരത്തെ വിളിക്കുക? വാനദർശിനികളുടെ കൺപുറങ്ങളിൽ നക്ഷത്രങ്ങൾ ചാഞ്ഞുറങ്ങുന്ന നേരങ്ങളിൽ, ഉണർന്നിരിക്കുന്ന രാത്രി ക്ഷിപ്രയുടെ കൺതടങ്ങളെ കറുപ്പിച്ച് അശോകന്റെ, വിക്രമാദിത്യന്റെ, കാലേശ്വരന്റെ കഥകൾ യാത്രികനോടു പകർന്നത് സ്വപ്നത്തിലെന്നപോൽ കേട്ടുകൊണ്ടിരിക്കുകയാണ്...
ഹരികൃഷ്ണന്റെ യാത്രകളുടെ ഈ പുസ്തകത്തിലെ കാഴ്ചക്കുറിപ്പുകൾ ഇവ കൊണ്ടൊന്നും തീരുന്നില്ല. മരണപ്പെടാൻ പോകുന്ന ആയിരം ജനാലകളുള്ള വീടിന്റെ ചെട്ടിനാട് കാഴ്ചകൾ, കാതിൽ കടലിരമ്പുന്ന ആൻഡമാൻ, ഹരിതാഭരണങ്ങൾ ഊരിക്കളഞ്ഞ് നഗ്നയായി കിടക്കാനിഷ്ടപ്പെടുന്ന രാജസ്ഥാൻ മരുഭൂമികൾ, കൗതുകങ്ങളുടെ കഥകളുറങ്ങുന്ന കൊട്ടാരങ്ങൾ, കാലത്തിനപ്പുറത്തും ഒഴുകിയ കാവേരി, കടലിനും തീയെരിയിച്ച കണ്ണകി, കണ്ടു തീർക്കാത്ത കാഴ്ചകൾ പോലെ തിരഞ്ഞു പോകുന്ന തമിഴക രുചികൾ, മധുരാപുരി വൃത്താന്തങ്ങൾ.. യാത്രികന്റെ/ എഴുത്തുകാരന്റെ കെട്ടു പൊട്ടിയ പട്ടം പറന്ന വഴികൾ എഴുതിത്തന്ന കാഴ്ചകളിൽനിന്നു കരകയറാനേ തോന്നുന്നില്ല..!
ഈ യാത്രാക്കുറിപ്പുകളിലൊക്കെ എവിടൊക്കെയോ എനിക്ക് അദ്ദേഹത്തിന്റെ എഴുത്തുമതത്തിൽ ടാഗോറിന്റെ വിരക്തിയും പ്രണയവും സംഗീതവും കവിതയും യാദൃച്ഛികമായി അനുഭവപ്പെട്ടു. പൊതുസാമ്യതകളല്ല, പക്ഷേ വിദൂരതയെ കൊതിക്കുന്ന കവിയായ ഒരുസഞ്ചാരിയുടെ വാക്കുകളുടെ അപാരതയും അർഥങ്ങളും ഹരികൃഷ്ണന്റെ കാഴ്ചപ്പാടുകൾ അടയാളപ്പെടുത്തിയ ഈ യാത്രാ പുസ്തകത്തിലും ശ്രദ്ധിച്ചു നോക്കിയാൽ കണ്ടെടുക്കാം. അദ്ദേഹം കവിതകളോ നോവലുകളോ എഴുതിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. എന്നാൽ ഈ പുസ്തകത്തിലെ ഓരോ ചെറുവാചകങ്ങൾ പോലും കവിതയും കഥയുമായി പിരിച്ചു വായിക്കാമല്ലോ എന്നും തിരുത്തി.
ഹരികൃഷ്ണന്റെ പത്ര ലേഖനങ്ങൾ ധാരാളം വായിച്ചിട്ടുണ്ട്. ഭാഷ ഏതു വിധേനയും അമ്മാനമാടുന്ന മികവ്, കയ്യടക്കം ഒക്കെ പല വായനകളിലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സമയം കിട്ടുമ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹം എഴുതുന്ന പല പോസ്റ്റുകളും വായിക്കാറുണ്ട്.. ആ എഴുത്തുകളുടെ പിന്നാലെ പോകുമ്പോൾ ബോധ്യപ്പെട്ട ഒരു കാര്യം അദ്ദേഹം ജന്മനാ എഴുത്തുകാരൻ (born writer) ആണെന്നതാണ്. അത്തരക്കാർക്ക് പ്രത്യേക എഴുത്തുഭാഷ സൃഷ്ടിക്കേണ്ട ആവശ്യമില്ല. ഏതു രീതിയിലുള്ള എഴുത്തും എപ്പോഴും അനായാസം വേഗത്തിൽ വഴങ്ങും എന്നതാണ് born writers ന്റെ മാത്രം പ്രത്യേകത.
‘വഴികളേ എന്നെ കൊണ്ടുപോവതെങ്ങ്’ യാത്രകളുടെ മാത്രം പുസ്തകമല്ല. ഭാഷയെയും കവിതയെയും കാൽപനികതയേയും സ്നേഹിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട സമാഹാരം കൂടിയാണ്.
പുസ്തകം വായിച്ചു മടക്കിവയ്ക്കുകയാണ്. കവിതയ്ക്കു മാത്രം തരാൻ കഴിയുന്നൊരു ലയവും സൗന്ദര്യവും വായന ഉള്ളിലേക്കു കുടഞ്ഞിട്ടിട്ടുണ്ട്.
ഹരികൃഷ്ണന്റെ വാക്കുകളിലൂടെ തന്നെ ഇവിടെ പറഞ്ഞു നിർത്താം.
‘മടക്കമാണ്. കഥയും കവിതയും പിന്നിലാവുന്നു. കാലേശ്വരനും കാലത്തിലൂടൊഴുകുന്ന ക്ഷിപ്രയും പിന്നിലാവുന്നു. ആഷാഢാകാശത്തിലേക്കു നോക്കി. ഉവ്വ്,
മേഘം വഴി കാട്ടുന്നുണ്ട്.’
പുസ്തകം ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യാം
English Summary : Vazhikale Enne Kondu Povathengu Book By Harikrishnan