1980കൾക്കു ശേഷം യുവാക്കളുടെ സ്വപ്നമായി വളർന്ന് 1990കളോടെ സാധാരണക്കാരന്റെ ജീവിതയാത്ര കൾക്ക് കിക് സ്റ്റാർട്ട് നൽകിയ പേരാണ് ബജാജിന്റേത്. ഒരു ഇരുചക്രവാഹനം സ്വന്തമാക്കുക എന്ന സാധാരണക്കാരന്റെ മോഹത്തിനു കോറസ് പാടിക്കൊണ്ടാണ് ആ പരസ്യവാചകം മുഴങ്ങിയത്. ഹമാരാ ബജാജ്. 

ബജാജിനെ 50 വർഷത്തോളം ടോപ് ഗിയറിൽ പായിച്ചശേഷം ഈ 31നു ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്നു പടിയിറങ്ങുകയാണ് കമ്പനി ഡയറക്ടർ രാഹുൽ ബജാജ്. മക്കളായ രാജീവിനും സഞ്ജീവിനും ചുമതലകൾ വീതംവച്ചുനൽകി സജീവ നേതൃസ്ഥാനത്തുനിന്നു പിന്മാറുമ്പോഴും രാഹുൽ ബജാജിന് പങ്കുവയ്ക്കാനുണ്ടാകും , ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മോട്ടർസൈക്കിൾ ബ്രാൻഡ് ആയി ബജാജിനെ വളർത്തിയെടുത്ത നാൾവഴികളുടെ കഥ.

രാഹുലിന്റെ മുത്തച്ഛൻ ജമ്നലാൽ ബജാജ് ആണ് 1926ൽ കമ്പനി സ്ഥാപിച്ചത്. ഗാന്ധിജിയുമായി അദ്ദേഹ ത്തിനു വളരെ അടുപ്പമുണ്ടായിരുന്നു. വാർധയിൽ ഗാന്ധിജി ആശ്രമം സ്ഥാപിച്ച സ്ഥലം അദ്ദേഹത്തിനു സമ്മാനിച്ചതും ജമ്നലാൽ ആയിരുന്നു. നെഹ്റു കുടുംബവുമായുമുണ്ടായിരുന്നു, ബജാജിന് ഏറെ അടുപ്പം.

രാഹുൽ ബജാജ്: ഗ്രേറ്റ് പേഴ്സണാലിറ്റീസ് ഓഫ് ഇന്ത്യ

സ്കൂൾകാലത്ത്, രാഹുലിന്റെ അച്ഛൻ കമൽനയനും ഇന്ദിരാഗാന്ധിയും ഒരുമിച്ചായിരുന്നു  കമൽനയന്റെ മകന് രാഹുൽ എന്ന പേരു നിർദേശിച്ചതും നെഹ്‌റുതന്നെ. ആ സ്നേഹത്തിനു പകരമായി രാജീവ് ഗാന്ധിയുടെ പേരു തന്നെ രാഹുൽ ബജാജ് അദ്ദേഹത്തിന്റെ മകന് നൽകി. പിന്നീട് സോണിയയും രാജീവ് ഗാന്ധിയും അവരുടെ മകനു രാഹുലെന്നു പേരിട്ട് രാഹുൽ ബജാജിനോടുള്ള സ്നേഹത്തിന്റെ ഓർമ ആവർത്തിച്ചു.

ഗാന്ധിജിയുടെ വാർധയിലെ ആശ്രമത്തിലായിരുന്നു രാഹുൽ ബജാജിന്റെ അച്ഛൻ കമൽനയന്റെ പഠനം. ഔപചാരിക വിദ്യാഭ്യാസം സ്വീകരിക്കാത്തതിനാൽ അദ്ദേഹം തുടർപഠനത്തിന് ആദ്യം കേംബ്രിജ് സർവകലാശാലയിൽ ശ്രമിച്ചെങ്കിലും അവിടെ പ്രവേശനം ലഭിച്ചില്ല. കേംബ്രിജിൽ പ്രവേശനം ലഭിക്കാൻ വേണ്ടി റജിസ്ട്രാറുടെ ഓഫിസ് മുറിക്കു മുന്നിൽ പലദിവസങ്ങളിലും മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ട് കമൽനയൻ. 

എന്നാൽ, ഇംഗ്ലിഷ് പരിജ്ഞാനം പോരെന്നും അംഗീകൃത സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി റജിസ്ട്രാർ കമൽനയനെ മടക്കി അയയ്ക്കാൻ ഒരുങ്ങി. അപ്പോൾ കമൽനയൻ റജിസ്ട്രാറോട് ചോദിച്ചു : ‘നിങ്ങൾക്ക് ഒരു ഫിനിഷ്ഡ് പ്രോഡക്ടിനു പ്രവേശനം നൽകി കേംബ്രിജിന്റെ റബർ സ്റ്റാംപ് പതിപ്പിക്കാനാണോ താൽപര്യം, അതോ , എന്നെപ്പോലെ ഫ്രെഷ് ആയ ഒരു വിദ്യാർഥിക്കു വിദ്യാഭ്യാസം നൽകാനോ?ആ ചോദ്യമാണ് റജിസ്ട്രാറെക്കൊണ്ട് മറിച്ചു ചിന്തിപ്പിച്ചത്.

പക്ഷേ, രണ്ടാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കേംബ്രിജ് പഠനം പാതിവഴിയിൽ മുടങ്ങി. ജമ്നലാ ലിന്റെ മരണത്തോടെ കമൽനയൻ പൂർണമായും ബജാജ് കമ്പനിയുടെ ബിസിനസ് തിരക്കുകളിലേക്ക് ഇഴുകിച്ചേരുകയായിരുന്നു. 1972ൽ കമൽനയന്റെ മരണത്തോടെയാണ് രാഹുൽ ബജാജ് ഓട്ടോയുടെ ചെയർമാൻ സ്ഥാനത്തെത്തിയത്. 

‘‘അച്ഛൻ മരിക്കുന്നതിനു വളരെ മുൻപു തന്നെ അദ്ദേഹം എന്നെ ബിസിനസ് ചുമതലകൾ ഏറ്റെടുക്കാൻ പ്രാപ്തനാക്കിത്തുടങ്ങിയിരുന്നു. ദിവസവും പുലർച്ചെ മൂന്നുമണി വരെ ഞങ്ങൾ വാദിച്ചും തർക്കിച്ചുംകൊണ്ടേയിരുന്നു ’’.

രാഹുൽ ബജാജ്

ബജാജ് ഇലക്ട്രിക്കൽസിൽ ഡെസ്പാച്ചിലും അക്കൗണ്ട്സ് വിഭാഗത്തിലും മാർക്കറ്റിങ്ങിലുമൊക്കെ ജോലി ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ തുടക്കം. ഈ തൊഴിൽപരിചയം മുതൽക്കൂട്ടാക്കിയാണ് രാഹുൽ പിന്നീട് ഹാർവഡ് സർവകലാശാലയിൽ എംബിഎ പഠനത്തിനു പോയത്. പഠനമികവിന് ഹാർവഡ് ഏർപ്പെ ടുത്തിയ അലുംനി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് രാഹുൽ ബജാജ്.

പഠനം കഴിഞ്ഞെത്തിയപ്പോൾ കുടുംബ ബിസിനസിന്റെ ഭാഗമാകണമെന്ന സമ്മർദമൊന്നും ഉണ്ടായിരുന്നി ല്ലെന്നും രാഹുൽ ഓർമിക്കുന്നു. ‘‘ ഗാന്ധിജിയുമായുള്ള സൗഹൃദത്തിന്റെ സ്വാധീനം കൊണ്ടാകാം, വീട്ടിൽ ഓരോരുത്തർക്കും ഇഷ്ടതീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പതിനാറു വയസ്സു കഴിഞ്ഞാൽ മകനെ സുഹൃത്തായി കാണണമെന്ന നിലപാട് ആയിരുന്നു അച്ഛനുണ്ടായിരുന്നത്.

അദ്ദേഹം മദ്യപാനമോ പുകവലിയോ പോലുള്ള ദുശ്ശീലങ്ങളില്ലാത്ത ആളായിരുന്നു. ചായയോ കാപ്പിയോ പോലും കുടിക്കില്ല. പക്ഷേ, യൂറോപ്പിൽനിന്ന് ഉപരിപഠനം കഴിഞ്ഞെത്തിയ എനിക്ക് സിഗരറ്റ് വലി ഒഴിവാ ക്കാൻ എളുപ്പമായിരുന്നില്ല. അച്ഛൻ ഒരിക്കൽ പോലും പുകവലി ഉപേക്ഷിക്കാൻ എന്നെ നിർബന്ധിച്ചിട്ടില്ല. പക്ഷേ, അദ്ദേഹം പറയാതെ പറയുന്ന ചില കാര്യങ്ങൾക്ക് നമ്മൾ അറിയാതെ കീഴ്പ്പെട്ടുപോകുമായിരുന്നു. ’’

നിശ്ശബ്ദമായും സമ്മർദങ്ങളില്ലാതെയും ഒരാളെ നേർവഴിക്കു കൊണ്ടുവരുന്ന ആ നയം പിന്നീട് ബിസിനസ് രംഗത്തേക്കു കടന്നുവന്നപ്പോഴും വലിയ മുതൽക്കൂട്ടായെന്ന് രാഹുൽ ബജാജ് ഓർമിക്കുന്നു. പക്ഷേ അച്ഛന്റെയും രാഹുലിന്റെയും ബിസിനസ് സമീപനങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്.

‘‘ അച്ഛൻ ഒരു ഹാൻഡ്സ് ഓഫ് ബിസിനസുകാരനായിരുന്നു. കമ്പനിയുടെ നടത്തിപ്പും നിയന്ത്രണവും അദ്ദേഹം സിഇഒമാരെ ഏൽപിച്ച് സ്വസ്ഥനായി മാറിനിന്നു. ഞാൻ പക്ഷേ എല്ലാ കാര്യങ്ങളിലും നേരിട്ട് ഇടപെട്ടുകൊണ്ടേയിരിക്കുന്നു. എന്റെ സുഹൃത്തുക്കൾ കളിയാക്കി പറയും, അഞ്ചു രൂപയുടെ ചെക്കാണെ ങ്കിൽ പോലും രാഹുൽ ബജാജ് തന്നെ ഒപ്പുവച്ചാണ് പാസാക്കുകയെന്ന് ’’.

രാഹുൽ ബജാജ്

തൊഴിലാളികളുമായി നേരിട്ട് ഇടപെടുന്ന രീതിയാണ് രാഹുൽ ബജാജിന്റേത്. തുടക്കകാലത്ത് രാഹുലും കുടുംബവും താമസിച്ചതുപോലും തൊഴിലാളികൾ താമസിക്കുന്ന ഫാക്ടറി കോളനിയോടു ചേർന്നായി രുന്നു.

തൊഴിലാളികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അടുത്തറിയുന്നതിനും മാനേജ്മെന്റ് അവർക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസം അവർക്കു നൽകുന്നതിനും വേണ്ടിയായിരുന്നു ആ തീരുമാനം. ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്നു പടിയിറങ്ങുമ്പോൾ രാഹുൽ ബജാജ് ബാക്കിവയ്ക്കുന്ന ആ പ്രായോഗിക പാഠങ്ങളിൽനിന്നു പിൻതലമുറക്കാൻ പുതിയ സഞ്ചാര ഊർജങ്ങൾ കണ്ടെത്തുമെന്നാണു പ്രതീക്ഷ.

English Summary: Rahul Bajaj: Great Personalities Of India By Swati Upadhye