ദേഷ്യം വന്നപ്പോള്‍ ഭര്‍ത്താവിനോട് തൂങ്ങിച്ചാകാന്‍ പറയുന്ന ഭാര്യ. ഭര്‍ത്താവ് തൂങ്ങിച്ചാവുകയും ചെയ്തു. അപ്പോള്‍ ഭാര്യയുടെ പ്രസ്താവം: ‘, ...അതല്ലേ എനിക്ക് ഒര്ദ്. 

ഇങ്ങനെയെഴുതാന്‍ മലയാളത്തില്‍ ഒരു എഴുത്തുകാരന്‍ മാത്രമേയുള്ളൂ; അതാണ് വികെഎന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍. കുഞ്ചന്‍ നമ്പ്യാര്‍ക്കും സഞ്ജയനും ശേഷം മലയാള എഴുത്തില്‍ ഹാസ്യത്തിന്റെ വീറും വീര്യവും പ്രദര്‍ശിപ്പിച്ച എഴുത്തുകാരന്‍. ഏതു കാലത്തും ആസ്വദിച്ചു വായിക്കാവുന്ന എഴുത്തുകാരനാണെങ്കിലും ഈ കോവിഡ് കാലത്തെ അതിജീവിക്കാന്‍ വികെഎന്‍ സാഹിത്യത്തെ ഒരു മറുമരുന്ന് ആയിത്തന്നെ ഉപയോഗിക്കാവുന്നതാണ്. 

പയ്യനും വികെഎന്നിനെപ്പോലെ തന്നെ പ്രസിദ്ധനാണ്. വികെഎന്‍ സൃഷ്ടിച്ച കഥാപാത്രമാണ് പയ്യന്‍. അദ്ദേഹത്തിന്റെ കഥകളില്‍ എവിടെയും എപ്പോഴും ആവര്‍ത്തിച്ചുവരാവുന്ന കഥാപാത്രം. സമയം, വയസ്സ്, കാലം ഇതൊന്നും പയ്യനു ബാധകമല്ല. പ്രധാനമായും നഗര ജീവിതത്തിന്റെ പൊയ്മുഖങ്ങളെയാണ് പയ്യന്‍  പരിഹസിക്കുന്നത്. 

പയ്യന്‍ കഴിഞ്ഞാല്‍ ചാത്തന്‍സ് പരമ്പരയാണ് വികെഎന്നിന്റെ മറ്റൊരു പ്രധാന സൃഷ്ടി. ബുദ്ധിയും നര്‍മവും കൊണ്ട് പ്രതിസന്ധികളെ അതിജീവിക്കുകയാണ് ചാത്തന്‍സിന്റെ  രീതി. രാഷ്ട്രീയമാണ് ചാത്തന്‍സിന്റെ പ്രധാന മേഖല. രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ തൂലികയ്ക്ക് ഏറ്റവും കൂടുതല്‍ മൂര്‍ച്ച ഉണ്ടാകുന്നതും. കാലം എന്ന സങ്കല്‍പം സര്‍ ചാത്തന്‍സിനും ബാധകമല്ല. സ്ത്രീകളില്‍ ലേഡിഷാറ്റ് ആണ് ഏറ്റവും ചിരിപ്പിക്കുന്ന കഥാപാത്രം. നാടന്‍ കല്യാണിക്കുട്ടിയും ചിരുതയുമൊക്കെ തരം പോലെ വന്നുപോകുന്നുമുണ്ട്. 

വാക്കുകള്‍കൊണ്ടുള്ള കളിയിലും അദ്വിതീയനാണ് വികെഎന്‍. അദ്ദേഹത്തിന്റെ അവസാനകാല കൃതികള്‍ ഇതിന്റെ മികച്ച ഉദാഹരണങ്ങളുമാണ്. ക്രിക്കറ്റ് പ്രമേയമാക്കി അദ്ദേഹം ഒരു കഥ എഴുതിയിട്ടുണ്ട്. ബാറ്റ്സ്മാന്‍ എന്ന വാക്ക് ഒരിക്കല്‍പോലും ഉപയോഗിക്കുന്നില്ല. പകരം അടിയോടി ആണ് അദ്ദേഹത്തിന്റെ വാക്ക്. പന്ത് അടിച്ചുപറത്തുന്നവനെ അടിയോടി എന്നല്ലാതെ എന്തു വിളിക്കും. അപ്പോള്‍ ബോളറെ എന്തു വിളിക്കുമെന്ന സംശയം വരാം. ഉത്തരം വികെഎന്‍ തന്നെ പറയും. ഏറാടി ! 

ഉന്നതങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മുതല്‍ സാധാരണക്കാര്‍ വരെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളാണ്. വിക്ടോറിയ രാജ്ഞി തൊട്ട് ദോശ ചുടുന്ന ചൂടന്‍ രാമന്‍നായര്‍ വരെയുള്ളവര്‍ ആ കഥാലോകത്ത് കാണാന്‍ കഴിയും. 

സാമൂഹികം, രാഷ്ട്രീയം, സാഹിത്യം തുടങ്ങി എല്ലാ മേഖലകളിലെയും പൊങ്ങച്ചങ്ങളെ നിശിത വിമര്‍ശനത്തിന് വിധേയമാക്കിയ വികെഎന്നിന്റെ രണ്ടു നോവലുകള്‍ ആവര്‍ത്തിച്ചുള്ള വായന അര്‍ഹിക്കുന്നവയാണ്. ആരോഹണവും പിതാമഹനും. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി കൂടിയാണ് ആരോഹണം. 

ഹാസ്യം രണ്ടു തരമുണ്ട്. എല്ലാം മറന്ന് പൊട്ടിച്ചിരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവയും ചിന്തിപ്പിക്കുന്നവയും. ചിരിപ്പിച്ച് ചിന്തിപ്പിക്കുന്നവയാണ് വികെഎന്നിന്റെ സൃഷ്ടികള്‍. അക്കാര്യത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ക്ക് സമശീര്‍ഷനാണ് ഈ ആധുനിക നമ്പ്യാര്‍. ഒരിക്കല്‍ ഈ താരതമ്യം ഒരു ചോദ്യമായി അദ്ദേഹത്തിനുതന്നെ നേരിടേണ്ടിവന്നു. 

താങ്കള്‍ കുഞ്ചന്‍ നമ്പ്യാരുടെ പുനര്‍ജന്‍മമാണെന്നു പറയപ്പെടാറുണ്ടല്ലോ. ഇതു കേള്‍ക്കുമ്പോള്‍ എന്താണു തോന്നാറുള്ളത് ? 

ഒന്നു തുള്ളാന്‍ - എന്നായിരുന്നു മറുപടി. 

പയ്യന്‍ കഥകള്‍ ഉള്‍പ്പെടെ വികെഎന്നിന്റെ ഏതു സൃഷ്ടിയുമെടുത്തോളൂ. ലോക്ഡൗണ്‍ കാലത്തെ വായനയെ ഹൃദ്യമായ, രസകരമായ അനുഭവമാക്കാം.  

English Smmary : In This Lockdown Read VKN And His Stories