വാക്കുകളെ കൂട്ടിയുരച്ചു കാട്ടുതീ പോലെയാക്കിയ കവി; കടമ്മനിട്ടയെ ഓർക്കുമ്പോൾ...
കുറ്റകരമായ നിശ്ശബ്ദതതയ്ക്കു നേരെ ശബ്ദം കൊണ്ടു പോരാടിയ ഒരു കവി നമുക്കുണ്ടായിരുന്നു. മൗനത്തെ വാക്കുകളുടെ ചുറ്റിക കൊണ്ട് തച്ചുടച്ച കവി. ഒന്നും പറയാതെയിരുന്നാല്‍ നാമെല്ലാം ചീഞ്ഞുപോകുമെന്ന് ഓര്‍മിപ്പിച്ച കവി. വിളഞ്ഞ ചൂരപ്പനമ്പു പോലെ, കരീലാഞ്ചി വള്ളി പോലെ, ഈറ ചീന്തിയെറിഞ്ഞ കരിപോല്‍, വേട്ടനായ്ക്കളുടെ പല്ലില്‍ നിന്നും വിണ്ടുകീറിയ നെഞ്ചുമായി, മല കലങ്ങി വരുന്ന നദി പോല്‍ കുതിച്ചെത്തിയ കവി. വാക്കുകളെ കൂട്ടിയുരച്ചു കാട്ടുതീ പോലെയാക്കിയ കടമ്മനിട്ട രാമകൃഷ്ണന്.
കടമ്മനിട്ട എന്ന കുന്നിന്‍പുറം പോലെ ഇന്നും മലയാളത്തില്‍ തലയുയര്ത്തിനില്ക്കുന്ന രാമകഷ്ണന് ‘ ശാന്ത’ എന്ന കവിതയെഴുതുന്നത് 1976 ലാണ്. അടിയന്തരാവസ്ഥയില്‍. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ജീവിതം നിശ്ചലമായ ഒരു കാലത്ത്. ജീവിതം വീര്‍പ്പുമുട്ടി നിന്ന കാലത്ത്. സഞ്ചാര സ്വാതന്ത്ര്യത്തിനൊപ്പം ചിന്താസ്വാതന്ത്ര്യത്തിനും വിലക്കു വീണ കാലത്ത്. രാഷ്ട്രീയത്തെക്കുറിച്ചുള്ള പ്രത്യക്ഷമായ പരാമര്‍ശങ്ങളില്ലാതെ തന്നെ ‘ ശാന്ത’ ആഹ്വാനം ചെയ്തത് വിപ്ലവത്തിനാണ്. ശബ്ദത്തിന്റെ സ്വാതന്ത്ര്യത്തിന്. ഒച്ചയുടെ, ബഹളത്തിന്റെ, വാക്കുകളുടെ സ്വാതന്ത്ര്യത്തിന്.
ഗ്രാമത്തില്‍ തിരിച്ചെത്തുന്ന ഗൃഹനാഥന് നാട്ടിലും വീട്ടിലും കാണുന്നത് വേദനിപ്പിക്കുന്ന കാഴ്ചകള്‍. തീ പുകയാത്ത അടുപ്പുകള്‍. ഇരുട്ടു വീണ വഴികള്‍. ശാഠ്യം പിടിച്ചു കരയുന്ന കുട്ടികള്‍. എല്ലാറ്റിലും വലുതായി അയാളെ മടുപ്പിക്കുന്നത് മൗനവും നിര്‍വികാരതയും.
ഒരു കറുത്ത തുണി പോലെ നിര്‍വികാരത
ഈ ഗ്രാമത്തെ പൊതിഞ്ഞിരിക്കുന്നു.
ഒരു നെടുവീര്‍പ്പെങ്കിലുമയച്ച് ഈ നിര്‍വികാരത
നീ ഭഞ്ജിക്കുക.
ഈ വരണ്ട മൗനത്തിനുമേല്‍ ഒന്നു വിയര്‍ക്കുക
എത്രയൊക്കെ ആശ്വസിപ്പിച്ചിട്ടും സാന്ത്വനിപ്പിച്ചിട്ടും സമാധാനിപ്പിച്ചും ഒരു ഇല പോലും അനങ്ങുന്നില്ല. ഒരു കാറ്റു പോലും വീശുന്നില്ല. ആരും ഒന്നും പറയുന്നില്ല.
കുട്ടീ, ഒന്നും എന്നും ഒരുപോലെയായിരിക്കുകയില്ല.
എന്തെങ്കിലും എപ്പോഴെങ്കിലും സംഭവിച്ചേക്കും
കരിമ്പാറകള്‍ പിളര്‍ന്നു നീരുറവകള്‍ പെട്ടെന്ന്
പൊട്ടിപ്പുറപ്പെട്ടേക്കാം.
അതുകൊണ്ട് നമുക്കന്യോന്യം ഉരിയാടുകയെങ്കിലും ചെയ്യാം
നമുക്ക് ചിരിക്കാം, അല്ലെങ്കില്‍ കരയാം, അല്ലെങ്കില്‍
അര്‍ഥമില്ലാത്ത വാക്കുകളെങ്കിലും കൈമാറാം
44 വര്‍ഷം മുമ്പ് എഴുതിയ വരികള്‍ അന്നത്തേക്കാളും പ്രസക്തിയാര്ജിക്കുകയാണ് ഇന്ന്, ഈ പുതിയ കാലത്ത്. നിശ്ശബ്ദത വീണ്ടും നാടും നഗരവും ഭരിക്കുമ്പോള്‍. ഭയം കരിമ്പടം പോലെ രാജ്യത്തെ പൊതിയുമ്പോള്‍.
ഒരു രാത്രി തന്റെ വീടിന്റെ വാതിലില്‍ വലിയ ശബ്ദം കേട്ട് ഉണര്ന്നതിനെക്കുറിച്ച് എഴുത്തുകാരനും നടനുമായ നരേന്ദ്രപ്രസാദ് ഒരിക്കല്‍ ഓര്‍മിച്ചു. രാത്രി ഔചിത്യമില്ലാതെ വിളിച്ചുണര്‍ത്തിയത് കടമ്മനായിരുന്നു. വാതില്‍ തുറന്നുകൊടുത്തപ്പോള്‍ ഒന്ന് ഇരിക്കുക പോലും ചെയ്യാതെ കടമ്മന് ഒരു കവിത ചൊല്ലി. കുറത്തി. മലയാളക്കരയില്‍ തീക്കാറ്റു വിതച്ച കവിത. യൗവ്വനം ഏറ്റവും കൂടുതല്‍ ഏറ്റുപാടിയ കവിത. വിമോചന പ്രതീക്ഷയുടെ കവിതയിലെ ഏറ്റവും തീവ്രമായ സ്വരം. എഴുതിയാല്‍ തീരുന്നതായിരുന്നില്ല കടമ്മനിട്ടയ്ക്ക് കാവ്യരചന. ഉറക്കെ പാടുക കൂടി വേണം. അതു ജനം കേള്‍ക്കണം. അവരുടെ ഹൃദയങ്ങളില്‍ മാറ്റൊലിക്കൊള്ളണം. അതവര് ഏറ്റെടുക്കണം. ഇന്നും കാതോര്‍ത്താല്‍ കേള്‍ക്കാം കടമ്മനിട്ടയുടെ ഇടിമുഴക്കം പോലുള്ള വാക്കുകള്‍. കടമ്മനിട്ട കാവ് തീണ്ടീയ കാവ്യസ്വരം.
ശ്മശാന നിശ്ശബ്ദതയ്ക്കു മേല്‍ നെഞ്ചിടിപ്പിന്റെ താളം ഉച്ചത്തില്‍ കേള്‍പ്പിച്ചുകൊണ്ടാണ് ശാന്ത അവസാനിക്കുന്നത്. മൗനത്തിന്റെ പുറന്തോട് പൊട്ടിച്ച് പുറത്തുവരുന്ന പുതിയ പ്രതീക്ഷകളെ സ്വാഗതം ചെയ്തുകൊണ്ട്. ഇന്ന് ലോകമാകെ കാത്തിരിക്കുന്നതും അതേ താളം തന്നെ.
ഹായ്, നിന്റെ നെടുനിശ്വാസത്തിന്റെ നനവുള്ള ചൂട്
എന്റെ മുഖത്ത് തട്ടിയല്ലോ !
നിന്റെ നെറ്റിത്തടത്തില്‍
വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞല്ലോ !
നിന്റെ നെഞ്ചിടിപ്പ് എനിക്ക് കേള്ക്കാറാകുന്നല്ലോ !
English Summary : Remembering Kadammanitta Ramakrishnan