സാഹിത്യഭംഗിയുള്ള കഥകളെക്കുറിച്ച് തലപ്പൊക്കത്തോടെ വിവരിക്കുന്ന വായനക്കാർ പൊതുവേ ഇഷ്ടപ്പെടാത്തൊരു ശാഖയാണ് ക്രൈംത്രില്ലർ നോവലുകൾ. പക്ഷേ ലോകത്തെല്ലായിടത്തും ക്രൈംത്രില്ലർ പുസ്തകങ്ങൾക്ക് എക്കാലത്തും വായനക്കാരുണ്ട്. ഇംഗ്ലിഷിൽ ഫിക്‌ഷൻ എഴുത്തുകാർക്ക് ആരാധകർ ഏറെയാണെങ്കിലും മലയാളത്തിൽ അവർ ആഘോഷിക്കപ്പെടാറില്ല. എന്നാൽ സമീപകാലത്ത് മലയാളത്തിലെ പുതുതലമുറയെ വായനയുടെ ലോകത്തേക്ക് തിരിച്ചുകൊണ്ടുവരികയാണ് ക്രൈംത്രില്ലറുകൾ. ലാജോ ജോസ് എഴുതിയ ‘റൂത്തിന്റെ ലോകം’ എന്ന പുസ്തകം അത്തരത്തിൽ ഒന്നാണ്.

‘റെട്രോഗ്രേഡ് അംനീഷ്യ’ ബാധിച്ച റൂത്ത് എന്ന യുവതി കടന്നുപോവുന്ന ദുരൂഹ സന്ദർഭങ്ങളാണ് ലാജോ ജോസ് നോവലിൽ വിവരിക്കുന്നത്.. ‘ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ’ എന്ന് ആലോചിക്കണ്ട. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ തനിക്കുണ്ടെന്നു കോടതിയിൽ പറഞ്ഞ അതേ രോഗം തന്നെയാണിത്!

സൈക്കളോജിക്കൽ ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള റൂത്തിന്റെ ലോകം പഴയകാല നോവലുകളെപ്പോലെ പൊടിപ്പും തൊങ്ങലുകളുമില്ലാതെ നേരിട്ട് കഥ പറഞ്ഞുപോവുകയാണ്. (കഥ വിശദമായി പറഞ്ഞാൽ വായിക്കുന്നതിന്റെ രസം നഷ്ടപ്പെടും!) ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്ന റൂത്തിന്റെ ലോകം ഡിസി ബുക്സിന്റെ ഓൺലൈൻ സൈറ്റിൽ പുസ്തകമായി ലഭ്യമാണ്. കഥയായി കേൾക്കണമെങ്കിൽ ‘സ്റ്റോറി ടെൽ’ എന്ന സൈറ്റിൽ കയറിയാൽ മതി.

English Summary :Books To Read This Lockdown Period Roothinte Lokam Crime Thriller By Lajo jose