ഒറ്റ വിശേഷണം മതിയാവില്ല ചില വ്യക്തിത്വങ്ങളെ സമഗ്രതയിൽ അവതരിപ്പിക്കാൻ. അത്തരം വ്യക്തിത്വങ്ങളുടെ നിരയിലാണു പുതുശേരി രാമചന്ദ്രന്റെ സ്ഥാനം. കവി, അധ്യാപകൻ, രാഷ്ട്രീയ പ്രവർത്തകൻ, ഭാഷാ ഗവേഷകൻ എന്നിങ്ങനെ അവ നീണ്ടുപോവുന്നു. ഇത്തരം ബഹുമുഖ വ്യക്തിത്വങ്ങൾക്ക് ചില വിപര്യയമുണ്ടാവാറുണ്ട്. ഒന്നുകിൽ ഒരു മുഖം ഏറ്റവും ദീപ്തമാവുകയും മറ്റുള്ളവ ആ ദീപ്തിയിൽ മറഞ്ഞു പോവുകയും ചെയ്യും. അല്ലെങ്കിൽ ദീപ്തി ഒരേസമയം പല മുഖങ്ങളിലായി പടരുകയാൽ ഒന്നും വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകും. ഇതിലേതെങ്കിലും ഒന്ന് പുതുശേരി സാറിനു സംഭവിച്ചിട്ടുണ്ടോ? കാലമാണു മറുപടി പറയേണ്ടത്. 

അടിസ്ഥാനപരമായി കവിയാണ്. ‘പുതിയ കൊല്ലനും പുതിയൊരാലയും’ എന്ന കവിതയുമായി വന്ന് 40 കളിൽ മലയാള കവിതയെ പിടിച്ചുകുലുക്കി. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽനിന്ന് ഊർജം സ്വീകരിച്ച് ദേശാഭിമാന കവിതകളും കനൽച്ചീളു പോലെ ചിതറിത്തെറിക്കുന്ന വിപ്ലവ കവിതകളുമെഴുതി. പിൽക്കാലത്ത് ഭാവാത്മകവും കാൽപനികവുമായ വൈയക്തികാനുഭൂതി തലങ്ങളിലൂടെ വഴിമാറി ഒഴുകി, ‘ഉത്സവബലി’ എന്ന കവിതയിലേക്കു വരെ എത്തി.

ശിലാശാസനങ്ങളെക്കുറിച്ചും ചെപ്പേടുകളെക്കുറിച്ചും അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ പ്രധാനമാണ്. 1000 വർഷം പഴക്കമുള്ള തമിഴ് കലർന്ന മലയാളത്തിലെ ശാസനങ്ങൾ ഇന്നത്തെ ഭാഷയിലാക്കി. ആ സഞ്ചാരം മലയാളത്തിനു ക്ലാസിക്കൽ പദവി നേടിത്തന്നു. സർവകലാശാലയിലെ ഉദ്യോഗത്തിൽ നിന്നു വിരമിച്ച് 3 പതിറ്റാണ്ടു ചെന്ന ഘട്ടത്തിലും ‘വട്ടെഴുത്തും ചുറ്റെഴുത്തും’ അപനിർമിച്ച് ഗവേഷണത്തിന്റെ ‘ആല’യിൽ അദ്ദേഹം കഴിഞ്ഞു. കവിയായിരുന്നുകൊണ്ട്  ഭാഷാ-സാഹിത്യ –ചരിത്രനിർമാണം പോലുള്ളവ അർപ്പണബോധത്തോടെ മുമ്പ് ഏറ്റെടുത്തത് ഉള്ളൂർ മാത്രമാണ്. 

പുതുശേരി ക്ലാസ് മുറികളിൽ പറഞ്ഞതൊന്നും സിലബസിലൊതുങ്ങി നിൽക്കുന്നവയായിരുന്നില്ല. അധ്യാപനത്തിനപ്പുറം വൈജ്ഞാനിക പ്രവർത്തനങ്ങളിലും സംഘടനാ പ്രവർത്തനങ്ങളിലും അദ്ദേഹം ഒരുപോലെ മുഴുകി. ആഫ്രിക്കൻ കവിതകളും റഷ്യൻ കവിതകളും മലയാളത്തിലേക്കു മൊഴിമാറ്റി. അന്ന അഹ്മത്തോവ മലയാളത്തിലേക്കു വന്നത് പുതുശേരിയിലൂടെയാണ്. പ്രാചീന തമിഴിലെ ‘പെരുമാൾമൊഴി’ മലയാളത്തിലാക്കി. 

കൃത്യമായ ഉദ്ദേശ്യത്തോടെയല്ലാതെ താൻ ഒരു വരി കവിതയും എഴുതിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആദ്യകാല കവിതകളിൽ കലാപം കനൽ പടർത്തിയപ്പോൾ തന്നെ, ഇതിനൊക്കെയപ്പുറമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പുതുശേരിക്കു കരുത്തുണ്ടെന്നു മുണ്ടശേരി പറഞ്ഞിരുന്നു.

‘ആവുന്നത്ര ഉച്ചത്തിൽ’ പാടിയ കവികളുടെ നിരയിലാണ് പുതുശേരിയുള്ളത്. പാടിയതത്രയും തുയിലുണർത്തു പാട്ടുകളായിരുന്നു താനും. അതുകൊണ്ട് സമൂഹം ഉണർന്നോ? ആ വ്യഥയുടെ നിഴൽ വീണ കവിതകളും ഇല്ലാതില്ല. ‘അഗ്നയേ സ്വാഹ’ എന്ന കാവ്യസമാഹാരവുമായുള്ള രണ്ടാം വരവും, സാഹിത്യ ചരിത്രം അടയാളപ്പെടുത്തി. ഏതുനിലയ്ക്കും കവിതയെയും അതിലൂടെ സമൂഹത്തെയും ഉരുക്കിവാർക്കുന്നതായിരുന്നു പുതുശേരി സാറിന്റെ ദൗത്യം. 

English summary: Puthussery Ramachandran