തിരുവനന്തപുരം ∙ കവിയും ഭാഷാപണ്ഡിതനുമായ ഡോ. പുതുശേരി രാമചന്ദ്രൻ (92) വിട പറഞ്ഞു. വൈകിട്ട് നാലരയോടെ വെള്ളയമ്പലത്തെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നുച്ചയ്ക്കു 2 വരെ വീട്ടിൽ പൊതുദർശനം; തുടർന്നു 3നു തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം.

ഭാഷാ പണ്ഡിതൻ, ചരിത്രഗവേഷകൻ, സ്വാതന്ത്ര്യസമര സേനാനി, കമ്യൂണിസ്റ്റ് നേതാവ്, അധ്യാപകൻ, പരിഭാഷകൻ, വാഗ്മി തുടങ്ങി കർമ മേഖലകളിലെല്ലാം ശ്രദ്ധേയ സംഭാവനകളർപ്പിച്ച പുതുശേരി 1940കളിൽ ഇടതുചിന്താധാരകൾക്കൊപ്പം കവിതയിലേക്കു കടന്നുവരികയായിരുന്നു. സ്കൂൾ വിദ്യാർഥിയായിരിക്കെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു. പിന്നീട് ഇടതു രാഷ്ട്രീയ നേതാവും വിപ്ലവ കവിയുമായി.

കൊല്ലം എസ്എൻ കോളജിൽ അധ്യാപകനും പിന്നീട് വർക്കല എസ്‍എൻ കോളജിൽ പൗരസ്ത്യ ഭാഷാവിഭാഗം തലവനുമായി. കേരള സർവകലാശാലയിൽ റീഡർ, ഓറിയന്റൽ ഫാക്കൽറ്റി ഡീൻ, രാജ്യാന്തര കേരള പഠനകേന്ദ്രം ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചു. സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചു.

കേരള അഗ്രോ ഇൻഡസ്‌ട്രീസ് കോർപറേഷനിൽ സീനിയർ മാനേജരായിരുന്ന പരേതയായ ബി. രാജമ്മയാണു ഭാര്യ. മക്കൾ: ഡോ. ഗീത ആർ. പുതുശേരി (റിട്ട. അസോഷ്യേറ്റ് പ്രഫസർ, എൻഎസ്‌എസ് വനിതാ കോളജ്, കരമന), പി.ആർ. ഉണ്ണിക്കൃഷ്‌ണ പിള്ള (അസി. ജനറൽ മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ചെന്നൈ), പി.ആർ. ഹേമചന്ദ്രൻ (യുഎസ്), പി.ആർ. പ്രേമചന്ദ്രൻ (സിവിൽ സപ്ലൈസ്), പി.ആർ. ജയചന്ദ്രൻ (റിട്ട. എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്‌റ്റൻ, മുംബൈ), പി.ആർ. ശ്യാംചന്ദ്രൻ (കാനഡ).

മരുമക്കൾ: ഡോ. കെ.എസ്. രവികുമാർ (പ്രോ വിസി സംസ്‌കൃത സർവകലാശാല, കാലടി), കെ.പി. ഗീതാമണി (അസി. ഡയറക്ടർ, കൃഷി ഡയറക്‌ടറേറ്റ്), ശ്രീദേവി നായർ (യുഎസ്), വി. ഇന്ദു (കോളജ് വിദ്യാഭ്യാസ ഡയറക്‌ടറേറ്റ്), രേഷ്‌മ ജയചന്ദ്രൻ (മുംബൈ)

മലയാള കവിതയിലെ പടപ്പാട്ടുകാരന് വിട

തിരുവനന്തപുരം ∙ മലയാള കവിതയിലെ പടപ്പാട്ടുകാരൻ വിടപറഞ്ഞതോടെ ഒരു കവിതാ യുഗത്തിനാണ് അവസാനമാകുന്നത്. മണ്ണിനോടും മനുഷ്യനോടുമുള്ള അതിരുകളില്ലാത്ത സ്നേഹമായിരുന്നു പുതുശേരിക്കവിതയുടെ കരുത്ത്. വയലാർ, പി ഭാസ്കരൻ, ഒഎൻവി, തിരുനല്ലൂർ കരുണാകരൻ എന്നിവർക്കൊപ്പം മലയാള കാവ്യശ്രേണിയിൽ പുതുശേരിയും തലയുയർത്തിനിന്നു.

സ്വാതന്ത്ര്യദാഹവും സമത്വ ദർശനവുമാണ് അദ്ദേഹത്തിലെ വിപ്ലവകാരിയെ രൂപപ്പെടുത്തിയത്. കമ്യൂണിസ്റ്റ് നേതാവും അമ്മാവനുമായ പുതുപ്പള്ളി രാഘവന്റെ സ്വാധീനവും നിർണായകമായി. ഗ്രാമീണ ഗായകൻ, ആവുന്നത്ര ഉച്ചത്തിൽ, പുതിയ കൊല്ലനും പുതിയൊരാലയും, ശക്തിപൂജ, അകലും തോറും, അഗ്നയേ സ്വാഹ തുടങ്ങിയ കവിതാ സമാഹാരങ്ങളിലൂടെ രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ അദ്ദേഹം പ്രഖ്യാപിച്ചു.

പദവികൾ

ടെക്സസ്, മോസ്കോ, ലെനിൻ ഗ്രാഡ് സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറായിരുന്നു പുതുശേരി. സർവകലാശാലാ സെനറ്റ് അംഗം, സിൻഡിക്കറ്റ് അംഗം, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ, ദ്രവീഡിയൻ ലിംഗ്വസ്‌റ്റിക് അസോസിയേഷൻ സ്ഥാപക ഡയറക്ടർ, യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫെഡറേഷൻ  സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 

പുരസ്കാരം

എഴുത്തച്ഛൻ പുരസ്കാരം,  കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, സമഗ്ര സംഭാവനാ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, ആശാൻ പുരസ്കാരം, ഉള്ളൂർ അവാർഡ്, മൂലൂർ പുരസ്കാരം, പി. കുഞ്ഞിരാമൻ നായർ അവാർഡ്, ആകാശവാണി ദേശീയ അവാർഡ് തുടങ്ങിയവ.

ജീവിത ചിത്രം

∙1928 സെപ്റ്റംബർ 23 നു മാവേലിക്കരയിലെ വള്ളികുന്നത്തു പോക്കോട്ടു ദാമോദരൻ പിള്ളയുടെയും കോയിത്തറയിൽ ജാനകിയമ്മയുടെയും മകനായി ജനനം.

∙ വിദ്യാർഥി കോൺഗ്രസ് പ്രസിഡന്റായിരിക്കെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽശിക്ഷ .

∙ കമ്യൂണിസ്റ്റ് അനുഭാവിയായ ശേഷം പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി, കാമ്പിശേരി കരുണാകരൻ എന്നിവർക്കൊപ്പം പാർട്ടിയുടെ മുൻ നിരയിലേക്ക്.

∙ 1947 ൽ തിരുവനന്തപുരത്തുണ്ടായ പൊലീസ് വെടിവയ്പിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടതിനെ തുടർന്ന് ഭരണിക്കാവ് സ്കൂളിൽ പ്രതിഷേധ ജാഥ നടത്തിയപ്പോൾ പുറത്തായി. പിന്നീടു തിരിച്ചെടുത്തു.

∙ 1947 ഓഗസ്റ്റ് 14 ന് അർധരാത്രി സ്കൂൾ മുറ്റത്തു ദേശീയപതാക ഉയർത്തി.

∙ 1948 ൽ സ്വാതന്ത്ര്യസമര തടവുകാരെ മോചിപ്പിച്ചപ്പോൾ പുന്നപ്ര വയലാർ തടവുകാരെ വിട്ടയയ്ക്കാത്തതിൽ പ്രതിഷേധിച്ച് ഭാസിയും കാമ്പിശേരിയും പുതുശേരിയും ഉൾപ്പെടെയുള്ളവർ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് .

∙ കൊല്ലം എസ്എൻ കോളജിൽ വിദ്യാർഥി ഫെഡറേഷൻ രൂപീകരിച്ചു. വിദ്യാർഥി സമരത്തിനു നേതൃത്വം നൽകിയതിന് ഒ.മാധവനൊപ്പം അറസ്റ്റിൽ. ക്രൂരമായ ലോക്കപ്പ് മർദനത്തിനിരയായി.

English summary: Puthussery Ramachandran passed away