തിരുവനന്തപുരം ∙ കവിയെന്ന നിലയിൽ മാത്രമല്ല, ഭാഷാചരിത്രകാരൻ, ഗവേഷകൻ തുടങ്ങിയ നിലയിലും ശ്രദ്ധേയ സംഭാവനകളാണ് പുതുശേരി രാമചന്ദ്രൻ മലയാളത്തിനു നൽകിയത്. സ്കൂൾ പാഠ്യപദ്ധതിയിൽ മലയാളം ഒന്നാംഭാഷയാക്കുന്നതിനും മലയാളത്തിന് ക്ലാസിക് ഭാഷാപദവി നേടിയെടുക്കുന്നതിനുമുള്ള പരിശ്രമങ്ങളിൽ പുതുശേരി മുൻനിരയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യാന്തര ദ്രാവിഡ ഭാഷാ പഠനകേന്ദ്രം തയാറാക്കിയ 2000 വർഷത്തെ ഭാഷാ ചരിത്രരേഖയാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നതിൽ നിർണായകമായത്.

1977 ൽ ഒന്നാം ലോക മലയാള സമ്മേളനം സംഘടിപ്പിച്ചത് പുതുശേരിയുടെ ഉത്സാഹത്തിലായിരുന്നു. കേന്ദ്ര മന്ത്രിസഭയിൽ പ്രവാസികാര്യ വകുപ്പ് രൂപപ്പെടുന്നത് ഈ സമ്മേളനത്തെ തുടർന്നാണ്. മലയാളത്തിലെ സ്ഥലനാമ പഠനങ്ങൾക്കായി 1983 ൽ അദ്ദേഹം പ്രസിഡന്റായി ‘പ്ലാൻസ്–പ്ലെയ്സ് നെയിം സൊസൈറ്റി’ ആരംഭിച്ചു. ട്രിവാൻഡ്രം തിരുവനന്തപുരമായും കാലിക്കട്ട് കോഴിക്കോടായും കൊയ്‌ല‌ോൺ കൊല്ലമായും മുഖം മാറ്റിയത് സ്ഥലനാമ പഠന േകന്ദ്രത്തിന്റെ ശ്രമത്താലായിരുന്നു. 

ഗവേഷണ വഴികൾ

കണ്ണശ്ശരാമായണത്തിലെ ഭാഷയെക്കുറിച്ച് ആദ്യമായി ഗവേഷണം നടത്തുന്നത് അദ്ദേഹമാണ്. ദ്രാവിഡ സാഹിത്യ ശാഖയിൽ താൽപര്യമുണ്ടാകുന്നതും ദ്രവീഡിയൻ ലിറ്ററേച്ചർ അസോസിയേഷന് രൂപം നൽകുന്നതും ഇതോടെയാണ്.  കണ്ണശ്ശരാമായണത്തിന്റെ വിവരണാത്മക പഠനം’ എന്ന പ്രബന്ധം പിന്നീട് ‘ലാംഗ്വേജസ് ഓഫ് മിഡിൽ മലയാളം’ എന്ന പേരിൽ പുസ്തകമായി.

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ രാമായണമായ കണ്ണശ്ശരാമായണം അച്ചടിമഷി പുരളുന്നത് ഭാഷാഭിമാനിയും ദീർഘദർശിയുമായിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിലുള്ള ‘ഭാഷാപോഷിണി’യുടെ ആദ്യലക്കങ്ങൾ വഴിയാണെന്നു പുതുശേരി നിരീക്ഷിച്ചിട്ടുണ്ട്.  കേരള സംസ്കാരം രൂപപ്പെടുത്തുന്നതിൽ ജൈന, ബുദ്ധ മതങ്ങൾ വഹിച്ച പങ്കിനെക്കുറിച്ച് തയാറാക്കിയ ‘പ്രാചീന മലയാളം’, ‘കേരളചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ’ എന്നീ ഗ്രന്ഥങ്ങൾ ഒട്ടേറെ പുരസ്കാരങ്ങൾ നേടി. ദക്ഷിണേന്ത്യൻ ഭാഷകൾ ഒരേ ഭാഷാ കുടുംബത്തിൽപ്പെട്ടവയാണെന്നും സംസ്കൃതവുമായി അവയ്ക്കു ബന്ധമില്ലെന്നും നിരീക്ഷിച്ച ആദ്യ വ്യക്തിയായ ഇംഗ്ലിഷുകാരൻ ഫ്രാൻസിസ് വെറ്റ് എല്ലിസിന്റെ പ്രബന്ധത്തെ അധികരിച്ച് പുതുശേരി തയാറാക്കിയ ‘എഫ്. ഡബ്ല്യു. എല്ലിസ് ഓൺ മലയാളം ലാംഗ്വേജ്’ എന്ന ഗ്രന്ഥവും ഭാഷാശാസ്ത്രത്തിന് മുതൽക്കൂട്ടായി.

ദ്രാവിഡഭാഷാകുടുംബ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ എല്ലിസ് കേരളത്തിലെ ഭാഷാഗവേഷകർക്കിടയിൽ ശ്രദ്ധനേടുന്നത് ഈ ഗ്രന്ഥത്തിലൂടെയാണ്. 1986 ൽ ‘കേരളപാണിനീയം’ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അതിനെതിരെയുണ്ടായ വിമർശനങ്ങൾ സമാഹരിച്ചു തയാറാക്കിയതാണ് ‘കേരളപാണിനീയം എന്ന മലയാള വ്യാകരണവും വിമർശനങ്ങളും’ എന്ന ഗ്രന്ഥം.

ചൈനയ്ക്ക് അഭിവാദ്യം

സാമ്പ്രദായിക ഇടതു കവികളിൽ നിന്നു വ്യത്യസ്തമായി പറയാനുള്ളതു സധൈര്യം കവിതകളിലൂടെ അദ്ദേഹം അവതരിപ്പിച്ചു.  ചൈനയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് അഭിവാദ്യമർപ്പിച്ച് കവിതയെഴുതിയ പുതുശേരി, ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊല നടന്നപ്പോൾ ഭരണകൂടത്തെ വിമർശിച്ച് ‘മൂങ്ങയും പാണൻമാരും’ എന്ന കവിതയെഴുതി. കൊല്ലത്ത് തൊഴിലാളികൾക്കു നേരെ പൊലീസ് വെടിവയ്പുണ്ടായപ്പോൾ ‘തീ പെയ്യരുതേ മഴമുകിലേ’ എന്നദ്ദേഹം എഴുതി.

പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഒറ്റപ്പെട്ടവർക്കും ചൂഷണത്തിനിരയാകുന്ന സ്ത്രീത്വത്തിനും വേണ്ടി ആ തൂലിക ചലിച്ചു. ‘തെരുവിലെ പെങ്ങൾ’, ‘പാവക്കൂത്ത്’, ‘ആശ്രമത്തിന്റെ കണ്ണുനീർ’ തുടങ്ങിയ കവിതകൾ ഉദാഹരണം. 

കാമ്പിശേരിയുടെ പത്രാധിപത്യത്തിലുള്ള ‘ഭാരതത്തൊഴിലാളി’ എന്ന ൈകയെഴുത്തു മാസികയിലായിരുന്നു പുതുശേരിയുടെ ആദ്യകവിത പ്രസിദ്ധീകരിച്ചത്. ‘ആസാദ്’, ‘യുവകേരളം’, ‘ജനയുഗം’, ‘കൗമുദി’ വാരികകളിൽ തുടർച്ചയായി കവിതകൾ പ്രസിദ്ധീകരിച്ചു.  10 സമാഹാരങ്ങളിലായി 300 ൽ ഏറെ കവിതകൾ പ്രസിദ്ധീകരിക്കുകയും ആഫ്രിക്കൻ കവിതകളുടെ പരിഭാഷ നിർവഹിക്കുകയും ചെയ്തു. 

English summary: Puthussery Ramachandran

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT