വിഷാദത്തിന് മേലേ ദുരൂഹതയുടെ ഡബ്ൾ എക്സ്പോഷർ
1982 ൽ പ്ലാത്തിന്റെ മറ്റൊരു ജേണൽ പുറത്തിറക്കിയ ഹ്യൂസ്, അവരുടെ ഒരു നോട്ടുബുക്ക് നശിപ്പിച്ചതായി സമ്മതിക്കുന്നുണ്ട്. അതീവ വിഷാദത്തിന് അടിപ്പെട്ട് അവരെഴുതിയതു വായിച്ച് മക്കൾ വിഷമിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മറ്റൊരു നോട്ട്ബുക്ക് അപ്രത്യക്ഷമായതായും ഇതിൽ പറഞ്ഞിട്ടുണ്ട്. ആ നോട്ട് ബുക്കിൽ നോവലായിരുന്നില്ല, അവരുടെ കുറിപ്പുകളായിരുന്നു. ന്യായീകരിക്കാനാവാത്ത മറ്റൊരു അപ്രത്യക്ഷമാവൽ.

ക്യാമറയുടെ ലെൻസ് ഒന്നുമിന്നി മായുന്നു. ഒരു ചിത്രം പതിയുകയായി. അങ്ങനെ രണ്ടു മിന്നിമായലുകൾ ഒപ്പിയെടുത്ത രണ്ടു ചിത്രങ്ങൾ ഒന്നിനുമേലൊന്നാക്കി ഒറ്റച്ചിത്രമാക്കുന്ന വിദ്യയാണ് ഡബ്ൾ എക്സ്പോഷർ. ഇംഗ്ലിഷ് കവി ടെഡ് ഹ്യൂസിന്റെ വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള എഴുത്തും ജീവിതവും ഭാര്യ സിൽവിയ പ്ലാത്തിന്റെ ഒരു നോവലിലൂടെ കൂടുതൽ എക്സ്പോസ്ഡ് ആയേനേ. പക്ഷേ ടെഡ് എന്ത് വിദ്യയാണ് കാട്ടിയതെന്ന് അറിയാത്ത വിധം ദുരൂഹത ബാക്കി വച്ച് ആ നോവൽ അപ്രത്യക്ഷമായി.
വിഷാദത്തിന് മനുഷ്യരൂപം നൽകി വരച്ചാൽ ഏറെക്കുറെ അത് സിൽവിയ പ്ലാത്തിന്റെ ചിത്രമാകും. പാതിയിലുപേക്ഷിച്ചു പോയ ഒരു കവിത പോലെയാണ് ആ ജീവിതം. അവർ ഒരു നോവൽ എഴുതിയത് മുഴുമിപ്പിക്കാതെ വിട്ടു. അപൂർണ്ണമായ ആ സൃഷ്ടിയുടെ പേരാണ് ഡബിൾ എക്സ്പോഷർ.
അക്ഷരമുറച്ചതു മുതൽ മരണം വരെയുള്ള കാലമത്രയും ജേണലുകൾ എഴുതി സൂക്ഷിച്ചിരുന്നു സിൽവിയ പ്ലാത്ത്. ഇതു കൂടാതെയാണ് കവിതകളും കഥകളും നോവലും. 1950കളിൽ അമേരിക്കയിൽ തുടക്കം കുറിച്ച ഒരു പുതിയ പ്രസ്ഥാനമായിരുന്നു കൺഫഷണൽ പോയട്രി. തുറന്നു പറച്ചിലെന്നോ ഏറ്റുപറച്ചിലെന്നോ പറയാവുന്ന കവിതകൾ. സ്വാനുഭവങ്ങൾ, അത് നല്ലതോ മോശമോ ആയിക്കൊള്ളട്ടെ, ഒറ്റപ്പെടലുകൾ, മാനസികാസ്വാസ്ഥ്യങ്ങൾ, എന്തിന് ആത്മഹത്യാ പ്രവണതകൾ വരെ തുറന്നെഴുതിയിരുന്ന കവിതകൾ. ഉത്തരാധുനിക കവിതയിലെ ഈയൊരു ശാഖയിൽ സിൽവിയ പ്ലാത്തിനൊപ്പം റോബർട്ട് ലോവൽ, ജോൺ ബെറിമാൻ, ആനി സെക്സ്ടൺ എന്നിങ്ങനെ പലരും ഉണ്ടായിരുന്നു.
1956 ൽ പ്ലാത്തും ടെഡ് ഹ്യൂസും തമ്മിൽ കണ്ടുമുട്ടി, പ്രണയിച്ചു, വിവാഹിതരായി. അതിവേഗമായിരുന്നു കാര്യങ്ങൾ. ഇംഗ്ലിഷുകാരനായ ടെഡ് അന്നേ കവിതകൾ എഴുതിയിരുന്നു എങ്കിലും 1957 ൽ ആദ്യ സമാഹാരത്തോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടികൾക്കായും എഴുതിയിട്ടുണ്ട് ഹ്യൂസ്. പക്ഷേ ഫെയറി ടെയ്‌ലുകളിലെപ്പോലെ ‘പിന്നീട് അവർ സന്തോഷത്തോടെ വളരെക്കാലം ജീവിച്ചു’ എന്ന് പറഞ്ഞു തീർക്കാനാവില്ല ആ വിവാഹ ജീവിതത്തെക്കുറിച്ച്.
എഴുത്തിന്റെ ലോകത്ത് അവർ പരസ്പരം താങ്ങായിരുന്നു എന്നാണ് ലോകം അറിഞ്ഞത്. അതും ഒരു പക്ഷേ പ്ലാത്തിന്റെ ബെൽ ജാർ എന്ന നോവൽ ഇറങ്ങും വരെ മാത്രം. ഏറെ തുറന്നു പറച്ചിലുകളുണ്ട് ബെൽ ജാറിലും അക്കാലത്ത് എഴുതിയ കവിതകളിലും. ജീവിതത്തിലെ അസ്വാരസ്യങ്ങളുടെയും വിഷാദ രോഗത്തിന്റെയും ആകുലതകളത്രയും പ്ലാത്ത് അക്ഷരങ്ങളിലൂടെ പങ്കുവച്ചു.
ഏറെ പ്രശസ്തമായ ഏരിയൽ എന്ന കവിതാ സമാഹാരത്തിൽ ആത്മാംശമുള്ള കവിതകളാണ് ഏറെയും. പ്ലാത്തിന്റെ മരണശേഷം അവരുടെ മേശയിൽ നിന്ന് ഏരിയൽ കണ്ടെടുത്ത ടെഡ് ഹ്യൂസ് അതിൽ മാറ്റങ്ങൾ വരുത്തിയാണ് 1965 ൽ പ്രസിദ്ധീകരിച്ചത്. സ്വന്തം പ്രതിച്ഛായയ്ക്ക് വെള്ളപൂശിത്തന്നെ. 2004 ൽ ഇതിന്റെ ആദ്യ രീതിയിലുള്ള വിന്റേജ് പതിപ്പ് വീണ്ടും പ്രസിദ്ധീകരിച്ചു.
ബെൽ ജാർ അവരുടെ ആദ്യ നോവലെന്നും ഏക നോവലെന്നും അറിയപ്പെട്ടു; അങ്ങനെയല്ല എന്ന് പുറത്തറിയും വരെ.
1977 ൽ പ്ലാത്തിന്റെ ജേണലുകളുടെ സമാഹാരം ടെഡ് ഹ്യൂസ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഒരു നോവലിന്റെ ഏകദേശം നൂറ്റിമുപ്പത് പേജുകൾ മരണത്തിനു മുൻപ് പ്ലാത്ത് ടൈപ്പു ചെയ്തു വച്ചിരുന്നത് കണ്ടതായി ഹ്യൂസ് അതിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. ഡബ്ൾ എക്സ്പോഷർ എന്നായിരുന്നു നോവലിന്റെ തലക്കെട്ട്. 1970 നോട് അടുപ്പിച്ച് ആ പ്രതി കാണാതായത്രേ. അപ്രത്യക്ഷമായി (disappeared) എന്നാണ് അദ്ദേഹം പറയുന്നത്.
പ്ലാത്തിന്റെ വായനക്കാർ ഇതിനെ സംശയത്തോടെയാണ് കണ്ടത്. ‘അപ്രത്യക്ഷമായി’ എന്ന പ്രയോഗത്തോടു തന്നെ അവർക്കു വിയോജിപ്പായിരുന്നു. പ്രത്യേകിച്ചും നോവൽ ആത്മകഥാപരമായിരുന്നു എന്നതുകൊണ്ടും ടെഡ് ഹ്യൂസുമായി അകന്നു കഴിയുകയായിരുന്നു പ്ലാത്ത് എന്നതുകൊണ്ടും.
1982 ൽ പ്ലാത്തിന്റെ മറ്റൊരു ജേണൽ പുറത്തിറക്കിയ ഹ്യൂസ്, അവരുടെ ഒരു നോട്ടുബുക്ക് നശിപ്പിച്ചതായി സമ്മതിക്കുന്നുണ്ട്. അതീവ വിഷാദത്തിന് അടിപ്പെട്ട് അവരെഴുതിയതു വായിച്ച് മക്കൾ വിഷമിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മറ്റൊരു നോട്ട്ബുക്ക് അപ്രത്യക്ഷമായതായും ഇതിൽ പറഞ്ഞിട്ടുണ്ട്. ആ നോട്ട് ബുക്കിൽ നോവലായിരുന്നില്ല, അവരുടെ കുറിപ്പുകളായിരുന്നു. ന്യായീകരിക്കാനാവാത്ത മറ്റൊരു അപ്രത്യക്ഷമാവൽ.
1995 ൽ ഹ്യൂസ് മൂന്നാമത് ഒരു കഥയുമായി രംഗത്തെത്തി; ഡബ്ൾ എക്സ്പോഷർ ആദ്യം മുതൽ തന്നെ പ്ലാത്തിന്റെ അമ്മയുടെ കയ്യിൽ ഉണ്ടെന്നാണ് താൻ കരുതിയതെന്ന്. അറുപതോ എഴുപതോ പേജുകളേ താൻ കണ്ടിട്ടുള്ളു എന്നും. മറിച്ചൊരു അഭിപ്രായം പറയാൻ പ്ലാത്തിന്റെ അമ്മ ഒറേലിയ ജീവനോടെ ഇല്ലായിരുന്നുതാനും.
പ്ലാത്തിന്റെ കൈയെഴുത്തു പ്രതികളുടെ ഏറിയ പങ്കും സൂക്ഷിച്ചിരിക്കുന്നത് അവരുടെ മാതൃവിദ്യാലയമായ സ്മിത്ത് കോളജിലെ ലൈബ്രറിയിലാണ്. കത്തുകൾ എഴുതുക എന്നത് കുട്ടിക്കാലം മുതൽ പ്ലാത്തിന് ഒരു ശീലം തന്നെയായിരുന്നു. അവരുടെ അനേകം കത്തുകളും ഈ ലൈബ്രറിയിലുണ്ട്. അക്കൂട്ടത്തിൽ അമേരിക്കൻ നോവലിസ്റ്റ് ഒലീവിയ പ്രൗട്ടിക്ക് അയച്ച കത്തുകളുമുണ്ട്. ഒലീവിയ ഗുരുതുല്യയായ ആശ്രയമായിരുന്നു പ്ലാത്തിന്.
ഒലീവിയയ്ക്കുള്ള ഒരു കത്തിൽ പ്ലാത്ത് എഴുതിയിട്ടുണ്ട് ‘ഈ മഞ്ഞുകാലത്ത് ഞാൻ എന്റെ രണ്ടാമത്തെ നോവലിന്റെ എഴുത്തിലേക്ക് കടക്കും.’ അതിന്റെ മാർജിനിൽ ഒറേലിയ കുറിച്ചിട്ടുണ്ട്: ‘മൂന്നാമത്തെ, കത്തിച്ചു കളഞ്ഞ രണ്ടാമത്തേതുൾപ്പടെ.’ ഫാൽക്കൺ യാഡ് ആണ് പ്ലാത്ത് തന്നെ കത്തിച്ചു കളഞ്ഞ നോവൽ. ഫാൽക്കൺ യാഡ് ആദ്യത്തേത് എന്നും പറയപ്പെടുന്നുണ്ട്. അമ്മയുമായി കത്തുകളും കൃതികളും ചർച്ച ചെയ്യുകയും അമ്മയെ അതിലിടപെടാൻ ഇടക്ക് സമ്മതിക്കുകയും സിൽവിയ പ്ലാത്ത് ചെയ്തിരുന്നു. അതിനാൽ അമ്മയുടെ ഈ കുറിപ്പ് അദ്ഭുതമൊന്നും ഉണ്ടാക്കുന്നില്ല.
ടെഡ് ഹ്യൂസിനൊപ്പമുള്ള ദുഷ്കരമായ ജീവിതമാണ് ഡബ്ൾ എക്സ്പോഷറിൽ എന്ന് ഒലീവിയക്കും അമ്മയ്ക്കും മറ്റു ചില സുഹൃത്തുക്കൾക്കും അറിയാമായിരുന്നു. ആദ്യ കാലങ്ങളിൽ പ്ലാത്ത് എഴുതിയ കവിതകളിലെ സ്നേഹമസൃണനും സുന്ദരനുമായ കാമുകനും ഭർത്താവുമല്ല ഇതിലെ ടെഡ്. സ്നേഹരാഹിത്യമാണ് ഇതിലെ ടെഡിന്റെ മുഖമുദ്ര.
ഹ്യൂസുമായി പിരിഞ്ഞ് രണ്ടു കുട്ടികളെയും വളർത്തി കഴിയുന്നതിനിടയിൽ ഡബ്ൾ എക്സ്പോഷർ എഴുതുക എന്നത് വളരെ ശ്രമകരമാവുന്നു എന്ന് ഒലീവിയക്കുള്ള മറ്റൊരു കത്തിൽ പ്ലാത്ത് പറയുന്നുണ്ട്. ‘രാവിലെ അഞ്ചു മണിക്ക്, ഉറക്കഗുളികയുടെ പിടി അയയുമ്പോൾ ഉണർന്ന് എഴുതും. കുട്ടികൾ ഉണരുന്നതു വരെ.’ തുടർന്നുള്ള ദിവസങ്ങളിൽ ഉത്തരവാദിത്തങ്ങൾ നോവലെഴുത്തിനെ കൂടുതൽ അസാധ്യമാക്കിയതായി മറ്റൊരു കത്തിലുണ്ട്. ഇതോടെ ഏറിക്കൊണ്ടിരുന്ന വിഷാദ രോഗം ജീവിതത്തെത്തന്നെ വഴിമുട്ടിച്ചു. മാസങ്ങൾക്കകം, 1963 ഫെബ്രുവരി 11 ന് പ്ലാത്ത് ആത്മഹത്യ ചെയ്തു.
സ്വയമേ വിഷാദിയായ എഴുത്തുകാരി ഏറെ ആഗ്രഹിച്ചതു പോലെ അക്ഷരങ്ങൾക്കൊപ്പം നടക്കാൻ കഴിയാതെയായാൽ നിരാശയുടെ പടുകുഴിയിൽ വീഴാതിരിക്കുന്നതെങ്ങനെയാണ്. മുൻപും ആത്മഹത്യാ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വീണ്ടും അവർ അക്ഷരലോകത്തേക്കു മടങ്ങി വന്നിരുന്നു. പക്ഷേ ഇത്തവണ എല്ലാ പഴുതുകളുമടച്ചിരുന്നു. അടുക്കള വാതിൽ ഉള്ളിൽ നിന്നടച്ച് വിടവുകൾ പോലും വായു കടക്കാതെയാക്കി അവ്ന്റെ ഗ്യാസ് തുറന്ന് വിഷവാതകം ശ്വസിച്ച് അവർ മരിച്ചു. (ടെഡ് ഹ്യൂസിന്റെ ജീവിതത്തിലേക്ക് പിന്നീട് വന്ന പങ്കാളിയും ഇതേ മാർഗ്ഗം തിരഞ്ഞെടുത്താണ് ആത്മഹത്യ ചെയ്തത്.)
അന്ന് പ്ലാത്ത് ആത്മഹത്യ ചെയ്തില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ ഡബ്ൾ എക്സ്പോഷർ പൂർത്തിയാക്കിയേനെ. ടെഡ് ഹ്യൂസിന്റേതായി മറ്റൊരു ഇമേജു കൂടി മേൽക്കുമേൽ പതിഞ്ഞേനെ.
അവ്യക്തത ബാക്കിയാക്കി ഡബ്ൾ എക്സ്പോഷർ എവിടെയോ മറഞ്ഞിരിക്കുന്നു. ഇനിയൊരിക്കലും അത് വെളിച്ചം കാണില്ല എന്നുറപ്പിച്ചു പറയാൻ വരട്ടെ. പ്ലാത്തിന്റെ പല സൃഷ്ടികളും പല ലൈബ്രറി ആർക്കൈവുകളിൽനിന്നും മറ്റും കാലക്രമത്തിൽ കണ്ടെടുത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതോർക്കുമ്പോൾ, ഡബ്ൾ എക്സ്പോഷർ മറനീക്കി പുറത്തു വരുമെന്ന് അവരുടെ ആരാധകർ വിശ്വസിക്കുന്നുമുണ്ട്.
English Summary : Sylvia Plath's Life And Literary Life