ADVERTISEMENT

വര്‍ഷം 1798. ബ്രിസ്റ്റളില്‍ നിന്ന് വില്യം വേഡ്സ്‍വര്‍ത്ത് കോളറിഡ്ജ്നെ കാണാനെത്തുന്നു. വേഡ്സ്‍വ ര്‍ത്തിന്റെ കൂടെ ഡൊറോത്തിയുമുണ്ട്. അടുത്ത കുറച്ചു ദിവസങ്ങള്‍ അവര്‍ മൂവരും കൂടി ചര്‍ച്ചകളിലാ യിരുന്നു. ഷേക്സ്പിയറിനെക്കുറിച്ച്. എഴുതാന്‍ ആഗ്രഹിക്കുന്ന കവിതകളെക്കുറിച്ച്. സൗഹൃദത്തെക്കുറിച്ച്. സ്വപ്നങ്ങളെക്കുറിച്ച്. കവിത മനസ്സില്‍ ജ്വലിച്ചുനിന്ന ആ കാലം തന്നെയായിരുന്നു അവരുടെ ഇരുവരുടെയും ജീവിതത്തിലെ സുവര്‍ണഘട്ടവും. 

 

 

എന്നാല്‍ ബ്രിട്ടന്‍ അന്നു ഫ്രാന്‍സുമായി യുദ്ധത്തിലായിരുന്നു. സംശയകരമായ പ്രവൃത്തികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചാരന്‍മാര്‍ ഉണ്ടായിരുന്നു രാജ്യത്തിന്റെ എല്ലാ ഭാഗത്തും. വേഡ്സ്‍വര്‍ത്തും കോളറിഡ്ജും കൂടി മണിക്കൂറുകളോളം സംസാരിച്ചുകൊണ്ട് ഗ്രാമീണ വീഥികളിലൂടെ നടന്നതോടെ സ്വാഭാവികമായും സംശയമുനയിലായി. 

 

 

വിചിത്രമായി വേഷം ധരിച്ച രണ്ടു പേര്‍ മണിക്കൂറുകളോളം എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാ യിരുന്നു പലരുടെയും സംശയവും ആശങ്കയും. രാജ്യം മുഴുവന്‍ അറിയപ്പെടുന്ന കവികളായി മാറിയിരുന്നില്ല അവര്‍ അക്കാലത്ത്. അന്നു രാജ്യം തന്നെ സംശയിച്ച ഇരുവരും പിന്നീട് ബ്രട്ടനെ ലോകപ്രശസ്തമാക്കി മാറ്റി എന്നതു പിന്നീടുള്ള ചരിത്രം. 

 

 

കാല്‍പനിക പ്രസ്ഥാനത്തിലൂടെ സ്വപ്നങ്ങളുടെയും ഭാവനയുടെയും ലോകത്തേക്കു ജനകോടികളെ നയിച്ച കവികളെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തലുള്ളത് പുതിയൊരു പുസ്തകത്തിലാണ്- ‘‘റാഡിക്കല്‍ വേര്‍ഡ്സ്‍വര്‍ത്ത്: ദ് പൊയറ്റ് ഹു ചെയ്ഞ്ചഡ് ദ് വേള്‍ഡ്’’. എഴുതിയത് ജൊനാഥന്‍ ബേറ്റ്. 

 

ഇതുവരെയുള്ള ജീവചരിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് റാഡിക്കല്‍ വേഡ്സ്‍വര്‍ത്ത്. അതു തന്നെയാണ് ഈ പുസ്തകത്തെ പലരുടെയും പ്രിയപ്പെട്ടതാക്കുന്നതും. ശാന്തതയില്‍ സ്വരൂപിക്കപ്പെട്ട വികാരങ്ങള്‍ പ്രകൃതിയുടെ മടിയിലിരുന്ന് കവിതയിലേക്ക് അനര്‍ഗളമായി പ്രവഹിപ്പിച്ച കവി ഇന്നും ഒരു വികാരമാണ്; കവികള്‍ക്കും കവിതകളെ സ്നേഹിക്കുന്നവര്‍ക്കും. 

 

 

കാഴ്ചകളെയും അനുഭൂതികളെയും, കാറ്റിലാടുന്ന ആറ്റുവഞ്ചികള്‍ പോലെ, സ്നിഗ്ധവും സൗമ്യവുമായ കവിതകളാക്കിയ അതുല്യനായ വേഡ്സ്‍വര്‍ത്ത്. ശാന്തമായ രാത്രിയില്‍ കാറ്റിലൊഴുകിയെത്തുന്ന ഏകാന്ത വിധുരമായ ഗാനം കേള്‍ക്കുമ്പോഴൊക്കെയും മനസ്സില്‍ ഓടിയെത്തുന്ന പ്രിയപ്പെട്ട കവി. പാതിയില്‍ മുറിഞ്ഞുപോയ പാട്ടുപോലെ ഏതോ മരക്കൊമ്പിലെ ഉറങ്ങാതിരിക്കുന്ന കിളിക്കൂട്ടില്‍ ഇപ്പോഴും ചിറകടിക്കുന്നുണ്ടായിരിക്കും ആ ഗാനം, മുറിഞ്ഞുപോയ വാക്കുകള്‍, പറഞ്ഞുതീരാത്ത ശോകം. 

 

 

ബ്രിട്ടനിലെ എന്നത്തെയും ഏറ്റവും പ്രശസ്തനായ കവിയെക്കുറിച്ച് ലോകം ഇതുവരെ കേട്ടിട്ടില്ലാത്ത പല  വെളിപ്പെടുത്തലുകളുമുണ്ട് പുതിയ, വ്യത്യസ്തമായ പുസ്തകത്തില്‍. സുഹൃത്തുക്കളായിരുന്നെങ്കിലും കറുപ്പിന്റെ ലഹരിയില്‍ ഭൂരിഭാഗം സമയവും മായിക ലോകത്തു സഞ്ചരിച്ചിരുന്ന കോളറിഡ്ജുമായി പിന്നീട് വേഡ്സ്‍വര്‍ത്ത് അസ്വാരസ്യത്തിലായി. അതവരുടെ ജീവിതത്തിന്റെ അന്ത്യകാലം വരെ തുടരുകയും ചെയ്തു.

 

 

മരണവും ദുഃഖവും എന്നും വേട്ടയാടിയിരുന്നു വേഡ്സ്‍വര്‍ത്തിനെ.  13 വയസ്സിനു മുന്‍പു തന്നെ അദ്ദേഹ ത്തിന് അച്ഛനമ്മമാരെ നഷ്ടപ്പെട്ടിരുന്നു. പിന്നീടുള്ള ജീവിതം മുഴുവന്‍ സഹോദരി ഡൊറോത്തിയായി രുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൂട്ട്. സുഹൃത്തും വഴികാട്ടിയും തത്ത്വചിന്തകയും. 

 

 

1792 കാലത്ത് ഫ്രഞ്ച് സന്ദര്‍ശനത്തിനിടയാണ് കവി ആനറ്റ് വാലനെ കാണുന്നതും പ്രണയത്തിലാകുന്നതും. ആ ബന്ധത്തില്‍ ഒരു മകളും ജനിച്ചു. എന്നാല്‍ വിപ്ലവം അദ്ദേഹത്തിന്റെ പ്രണയ സ്വപ്നങ്ങളെ തകര്‍ത്തു. ബ്രിട്ടനിലേക്ക് അകാലത്തില്‍ അദ്ദേഹത്തിനു മടങ്ങേണ്ടിവന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരിച്ചു ഫ്രാന്‍സിലെത്തി കാമുകിയെയും മകളെയും കാണാന്‍ അദ്ദേഹത്തിനു സാധിച്ചത്. 9 വയസ്സുള്ള മകള്‍ക്കൊപ്പം ശാന്തമായ ഒരു വൈകുന്നേരം ആസ്വദിച്ചതിനെക്കുറിച്ച് പില്‍ക്കാല കവിതയില്‍ അദ്ദേഹവും എഴുതിയിട്ടുമുണ്ട്. 

 

 

കവിയും സഹോദരി ഡൊറോത്തിയും തമ്മിലുള്ള തീവ്രവും അസാധാരണവുമായ ബന്ധത്തെക്കുറിച്ചും ജീവചരിത്രത്തില്‍ പരാമര്‍ശങ്ങളുണ്ട്. ആനി ഹച്ചിന്‍സനുമായുള്ള കവിയുടെ വിവാഹത്തിന്റെ തലേന്ന് ഒരു സംഭവമുണ്ടായി. ആ രാത്രി ഡൊറോത്തി ഉറങ്ങിയത് പിറ്റേന്ന് കവി തന്റെ പ്രതിശ്രുത വധുവിനെ അണിയിക്കാന്‍ തയാറാക്കിവച്ചിരുന്ന മോതിരവും അണി‍ഞ്ഞായിരുന്നത്രേ. 

 

English Summary : Radical Wordsworth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com