ആനന്ദത്തോടെ കണ്ടുനിന്നു, ആളിപ്പടരുന്ന ആ പകര്‍ന്നാട്ടം!
Mail This Article
സാഹിത്യത്തേയും സിനിമയേയും പ്രണയിച്ചുകൊണ്ടിരി ക്കുന്നവരുടെ മുന്നിലേക്കു വന്ന വിസ്മയമായിരുന്നു മലയാള മനോരമയും മോഹന്‍ലാലും ടി.കെ. രാജീവ്കുമാറും പി. ബാലചന്ദ്രനും ചേര്‍ന്നവതരിപ്പിച്ച ‘കഥയാട്ടം’. ലോകനാടകവേദിയിലെ വിസ്മയങ്ങളോ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലെ അദ്ഭുതങ്ങളോ മലയാളികള്‍ അത്രകണ്ട് പരിചയിക്കാത്ത കാലം. എന്തുമേതും തിരഞ്ഞുപോകാന്‍ വിരല്‍ത്തുമ്പില്‍ ഗൂഗിള്‍ വളര്‍ന്നിട്ടില്ല. അതിനാല്‍ ഫ്രഷായ ആസ്വാദകമനസ്സ് നമുക്കുണ്ടായിരുന്നു. അപ്പോഴാണ് വളരെ പുതുമയേറിയ ആശയവുമായി മലയാള ഭാഷയ്ക്കായി കഥയാട്ടം പിറക്കുന്നത്.
ഭാഷയിലെ ഗോപുരങ്ങളായ പത്തു നോവലുകളിലെ ചില കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് ഒരു നടന്‍ പരിമിതമായ സമയത്തിനുള്ളില്‍ അരങ്ങിലവതരിപ്പിക്കുന്ന പരിപാടിയായിരുന്നു അത്. ഇന്ദുലേഖ മുതല്‍ രണ്ടാമൂഴം വരെയുള്ള നോവലുകള്‍. മിക്കതില്‍ നിന്നും ഒന്നോ ഒന്നിലധികമോ കഥാപാത്രങ്ങള്‍ വന്നു. മഹാനായ വൈക്കം മുഹമ്മദ് ബഷീര്‍ കഥയാട്ടത്തില്‍ ബഷീര്‍ തന്നെയായി. ചില കഥാപാത്രങ്ങള്‍ വേദിയിലെ കൂറ്റന്‍ തിരശ്ശീലയിലൊതുങ്ങി. മറ്റു കഥാപാത്രങ്ങള്‍ പ്രധാന നടനൊപ്പം തിരശ്ശീലയില്‍ മാത്രം കൂടെ അഭിനയിച്ചു. അള്ളാപ്പിച്ച മൊല്ലാക്കയ്ക്ക് താടി ചൊറിയാന്‍ കൊടുത്ത് ഒതുങ്ങിനില്‍ക്കുന്ന നൈജാമലിയെപ്പോലെ.. പക്ഷേ അരങ്ങില്‍ ഒരു നടന്‍ മാത്രം. മോഹന്‍ലാല്‍.
സിനിമയിലെപ്പോലെ മോണിറ്റര്‍ നോക്കി ടേക്കുകളും റീടേക്കുകളും എടുത്ത്, റഫ്കട്ടിനുശേഷം വേണമെന്നു തോന്നിയാല്‍ ഒന്നുകൂടി ചിത്രീകരിച്ച് പൊലിപ്പിക്കാനുള്ള സന്ദര്‍ഭമില്ലാത്ത വേദിയില്‍ തത്സമയം പത്ത് കഥാപാത്രങ്ങളായി ഒരു നടന്‍ മാറുന്നതിന്‍റെ പ്രകമ്പനം ചെറുതായിരുന്നില്ല. അത് മോഹന്‍ലാല്‍ എന്ന അസാധാരണക്കാരനായ അഭിനേതാവിനുമാത്രം സാധ്യമായ മെയ്‌വഴക്കവും പ്രതിഭയുമായിരുന്നു. ദസ്തയേവ്സ്കിയന്‍ കഥാപാത്രമായ സ്റ്റീപ്പാന്‍ ട്രോഫിമോവിച്ച് പറയുന്നുണ്ട്, തെല്ലൊരാനന്ദത്തോടെയല്ലാതെ ഒരു തീപിടിത്തം നോക്കിക്കാണാന്‍ നമുക്ക് സാധിക്കുകയില്ലെന്ന്. ആളിപ്പടരുന്ന പകര്‍ന്നാട്ടമായിരുന്നു കഥയാട്ടം.
കോഴിക്കോടുനിന്നാണ് ഞാനന്ന് കഥയാട്ടം കണ്ടത്. എങ്ങനെയായിരിക്കും പത്തു നോവലുകളിലെ പത്തു കഥാപാത്രങ്ങളെ ഒരു നടന്‍ രംഗത്ത് അവതരിപ്പിക്കുക എന്ന ആകാംക്ഷ എന്നെ ഭരിച്ചിരുന്നു. എനിക്കുതോന്നുന്നു ഞാൻ മാത്രമല്ല, അന്ന് ആ കലാപ്രകടനം കാണാന്‍ തടിച്ചുകൂടിയ മുഴുവന്‍ ജനങ്ങളും അതുതന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്ന്. ഒ. ചന്തുമേനോന്‍റെ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിപ്പാട്, സി. വി രാമന്‍പിള്ളയുടെ ധര്‍മ്മരാജായിലെ ചന്ത്രക്കാരന്‍, പി. കേശവദേവിന്‍റെ ഓടയില്‍നിന്നിലെ പപ്പു, എസ്. കെ പൊറ്റെക്കാട്ടിന്‍റെ നാടന്‍പ്രേമത്തിലെ ഇക്കോരന്‍, തകഴിയുടെ ചെമ്മീനിലെ ചെമ്പന്‍കുഞ്ഞ്, ഉറൂബിന്‍റെ ഉമ്മാച്ചുവിലെ മായന്‍, ഒ.വി. വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസത്തിലെ അള്ളാപ്പിച്ചാ മൊല്ലാക്ക, എം. മുകുന്ദന്‍റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസന്‍, എംടിയുടെ രണ്ടാമൂഴത്തിലെ ഭീമന്‍, അതിനോടൊപ്പം ബഷീറും.
നോവലുകളുടെ ദീര്‍ഘമായതോ സംക്ഷിപ്തമായതോ ആയ രംഗാവിഷ്കാരമായിരുന്നില്ല കഥയാട്ടം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മുതല്‍ക്കൂട്ടായിത്തീര്‍ന്ന പത്തു നോവലുകളെയും അതിലെ കഥാപാത്രങ്ങളേയും കോര്‍ത്തിണക്കി പുതിയ രംഗപാഠത്തിലൂടെ നവ്യമായ ഭാഷാവബോധവും അഭിരുചിയും കാണികളില്‍ സൃഷ്ടിക്കുകയായിരുന്നു ഈ സംരംഭത്തില്‍. എന്നാല്‍ സാങ്കേതികസൗകര്യങ്ങളുടെ ഒത്തൊരുമയിലും പ്രതിഭാസംഗമങ്ങളുടെ പെരുമയിലും കഥയാട്ടം പ്രതീക്ഷകള്‍ക്കുമേല്‍ വളര്‍ന്ന് കസറി.
വെളിച്ചം, ശബ്ദം, ചമയം, ശരീരം, ഭാഷ, സ്ഥലം, നടനം എന്നിങ്ങനെ സര്‍ഗ്ഗശേഷിയുടെ സംഗമമായിരുന്നു അത്. തീര്‍ച്ചയായും അതത് നോവലുകളിലെ ഏറ്റവും മുന്തിയ കഥാപാത്രങ്ങളെ മാത്രമായിരുന്നില്ല അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ആ തിരഞ്ഞെടുപ്പ് ഉചിതമായിരുന്നു. ഉദാഹരണത്തിന്, ഖസാക്കിന്‍റെ ഇതിഹാസത്തില്‍ ഒരു നടന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത രവിയെ അല്ല തിരഞ്ഞെടുത്തത്, ഭാവപരതയുടെ അഗാധമായ ആഴങ്ങള്‍ നിഴലിക്കുന്ന അള്ളാപ്പിച്ചാ മൊല്ലാക്കയെയാണ്. ധര്‍മ്മരാജയിലെ ഏറ്റവും വലിയ കഥാപാത്രം തന്നെയായ ചന്ത്രക്കാരന്‍ രംഗത്ത് വരുമ്പോള്‍ ചെമ്മീനില്‍നിന്നു പളനിയോ പരീക്കുട്ടിയോ അല്ല ചെമ്പന്‍കുഞ്ഞാണ് വരുന്നത്. ഇത് തിരഞ്ഞെടുപ്പിലെ മികവാണ്. അരങ്ങ്, സിനിമ, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, ഏകാംഗാഭിനയം.. എന്നിങ്ങനെയൊരു കലര്‍പ്പായിരുന്നു കഥയാട്ടം. കാഴ്ചക്കാരന് പുതിയ അനുഭവവും.
മലയാള മനോരമ ‘എന്‍റെ മലയാളം’ പദ്ധതിയുടെ ഭാഗമായിട്ടാണ് കഥയാട്ടം അവതരിപ്പിച്ചത്. ഭാഷയുടെ നിലനിൽപിന് നെടുന്തൂണായി നില്‍ക്കുന്ന സാഹിത്യത്തെ ശ്രദ്ധ ചിതറിപ്പോകുന്ന സാധാരണക്കാരിലേക്ക് ഇങ്ങനെ വിവിധരൂപങ്ങളില്‍ എത്തിക്കുന്നത് നല്ലതാണെന്നാണ് അന്നുമിന്നും എന്‍റെ പക്ഷം. അത് വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും സാഹിത്യത്തിന്‍റെ പ്രചോദനം മനസ്സിലാക്കാനും സഹായിക്കും.
English Summary : Writer Susmesh Chandroth Talks About Kadhayattam By Mohanlal