നായികയായി, സംവിധായകനെ വിവാഹം കഴിച്ചു, സിനിമയെ കൈവിട്ടു; അരുന്ധതി എന്ന നടി
ഒരു സിനിമയിൽ നായികയായി വന്ന് അതിന്റെ സംവിധായകനെ വിവാഹം കഴിച്ച്, തുടർന്ന് രണ്ടു ചിത്രങ്ങളോടെ അഭിനയത്തിൽനിന്ന് പിന്മാറിയ ഒരു നടിയുണ്ട്. ഇതൊക്കെ സിനിമയിൽ സാധാരണമാണ്. പക്ഷേ ഈ നടി അത്ര സാധാരണക്കാരിയല്ല. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആൾ കൂടിയാണ്. കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാനൊപ്പം നടന്ന്
ഒരു സിനിമയിൽ നായികയായി വന്ന് അതിന്റെ സംവിധായകനെ വിവാഹം കഴിച്ച്, തുടർന്ന് രണ്ടു ചിത്രങ്ങളോടെ അഭിനയത്തിൽനിന്ന് പിന്മാറിയ ഒരു നടിയുണ്ട്. ഇതൊക്കെ സിനിമയിൽ സാധാരണമാണ്. പക്ഷേ ഈ നടി അത്ര സാധാരണക്കാരിയല്ല. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആൾ കൂടിയാണ്. കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാനൊപ്പം നടന്ന്
ഒരു സിനിമയിൽ നായികയായി വന്ന് അതിന്റെ സംവിധായകനെ വിവാഹം കഴിച്ച്, തുടർന്ന് രണ്ടു ചിത്രങ്ങളോടെ അഭിനയത്തിൽനിന്ന് പിന്മാറിയ ഒരു നടിയുണ്ട്. ഇതൊക്കെ സിനിമയിൽ സാധാരണമാണ്. പക്ഷേ ഈ നടി അത്ര സാധാരണക്കാരിയല്ല. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആൾ കൂടിയാണ്. കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാനൊപ്പം നടന്ന്
ഒരു സിനിമയിൽ നായികയായി വന്ന് അതിന്റെ സംവിധായകനെ വിവാഹം കഴിച്ച്, തുടർന്ന് രണ്ടു ചിത്രങ്ങളോടെ അഭിനയത്തിൽനിന്ന് പിന്മാറിയ ഒരു നടിയുണ്ട്. ഇതൊക്കെ സിനിമയിൽ സാധാരണമാണ്. പക്ഷേ ഈ നടി അത്ര സാധാരണക്കാരിയല്ല. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആൾ കൂടിയാണ്. കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാനൊപ്പം നടന്ന് അത്യാനന്ദത്തിന്റെ ദൈവവൃത്തിയിൽ എത്തി നിൽക്കയാണവർ ഇപ്പോൾ. അരുന്ധതി റോയ്. ബുക്കർ സമ്മാന ജേതാവായ എഴുത്തുകാരി.
ദ് ഗോഡ് ഓഫ് സ്‌മോൾ തിങ്സ് എന്ന നോവലല്ല അരുന്ധതിക്ക് അവാർഡ് നേടിക്കൊടുത്ത ആദ്യ രചന, തിരക്കഥയാണ്; 1988 ൽ ‘ഇൻ വിച്ച് ആനീ ഗിവ്സ് ഇറ്റ് ദോസ് വൺസ്’ എന്ന ചിത്രത്തിന്.
1970 കളിൽ ഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ എന്ന വിഖ്യാത കലാലയത്തിലാണ് കഥ നടക്കുന്നത്. കഥയെന്നല്ല, അക്കാലത്തെ അവിടുത്തെ ജീവിതം എന്ന് പറയുന്നതാവും കൂടുതൽ ശരി. അരുന്ധതിയും അവിടെത്തന്നെ അതേ കോഴ്സ് പഠിച്ചിരുന്നതുമാണ്. അരുന്ധതിയുടെ തിരക്കഥയിൽ പ്രദീപ് കൃഷൻ സംവിധാനവും നിർമാണവും നിർവഹിച്ചു ദൂരദർശനു വേണ്ടി ഇറക്കിയ ചിത്രമാണിത്. ഒന്നേമുക്കാൽ മണിക്കൂറിൽ കാഴ്ചക്കാരനും ആ കലാലയത്തിലെ വിദ്യാർഥിയാവുന്ന ലളിത സുന്ദരമായ ദൃശ്യാനുഭവം. ത്രീ ഇഡിയറ്റ്സ്, ചിച്ചോർ എന്നിവയ്ക്കു മുന്നേ നടന്ന, കുറച്ചു കൂടെ നേരിനോടു ചേർന്നു നിൽക്കുന്ന സിനിമ കൂടിയാണ് ഇത്. 1989ൽ ഒരൊറ്റത്തവണ, ദൂരദർശനിൽ, അതും പാതിരാത്രിയിൽ ആണ് ഈ ചിത്രം സംപ്രേഷണം ചെയ്തത്. മികച്ച തിരക്കഥയ്ക്കും മികച്ച ഇംഗ്ലിഷ് ചിത്രത്തിനും ഉള്ള ദേശീയ അവാർഡ് ലഭിച്ച ചിത്രം ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്.
ചിത്രത്തിൽ അരുന്ധതി റോയിയും അർജുൻ റെയ്‌നയും ഋതുരാജ് സിങ്ങുമൊക്കെ പ്രധാന റോളുകൾ കൈകാര്യം ചെയ്യുമ്പോൾ ചില അപ്രധാന വേഷങ്ങൾ ചെയ്തവരെക്കുറിച്ചു പറയാതെ വയ്യ. അക്കാലത്തെ ആ ചെറിയ നടന്മാർ ഷാരൂഖ് ഖാൻ, മനോജ് ബാജ്പേയ് എന്നിവർ ആയിരുന്നു എന്നതാണ് ആ അപ്രസക്ത വേഷങ്ങളുടെ ഇന്നത്തെ പ്രസക്തി.
രണ്ടു കാതിലും വ്യത്യസ്തങ്ങളായ ലോലാക്കുകൾ തൂക്കി, അന്നത്തെ രാഷ്ട്രപതി ആർ. വെങ്കിട്ടരാമനിൽനിന്നു ദേശീയ അവാർഡ് സ്വീകരിക്കുന്ന അരുന്ധതിയെക്കുറിച്ച് പ്രിയ എ.എസ്. എഴുതിയിട്ടുണ്ട്. സുന്ദരിയായ അരുന്ധതിയുടെ ഓരോ ഫോട്ടോയും അവർ സ്മിത പാട്ടീലിനെയോ ശബാനയെയോ പോലെ സിനിമയിൽ പേരെടുക്കുന്ന ഒരു കാലമാണ് വരാനിരിക്കുന്നതെന്ന് തോന്നിപ്പിച്ചു. അതേ, അതൊരു തോന്നൽ മാത്രമാണെന്നു കാലം കാണിച്ചു തന്നു.
പേരു കേൾക്കുമ്പോൾ തോന്നുന്നതുപോലെ, നായികയല്ല ആനി. പണ്ട് പ്രിൻസിപ്പലിനെ കളിയാക്കിയതിന്റെ പേരിൽ ആർക്കിടെക്ചർ ബിരുദത്തിന്റെ അഞ്ചാം വർഷ പഠനം നാലാം വട്ടവും പൂർത്തിയാക്കാൻ പാടുപെടുന്ന ആനന്ദ് ഗ്രോവറിന്റെ വിളിപ്പേരാണ് ആനി. ആനി നഗരവൽക്കരണത്തിനെതിരെ പറയുന്ന ന്യായങ്ങളാണ് ‘ദോസ് വൺസ്’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.
ആനി, പ്രഫ. യമദൂത്, മാൻ കൈൻഡ്, ലേക്‌സ് എന്നീ വിളിപ്പേരുകൾ കഥാപാത്രങ്ങൾക്ക് ഇട്ടിരിക്കുന്നത് എഴുത്തുകാരിയുടെ നർമബോധവും പതിവു കോളജ് രീതികളും രസകരമായി ചേർന്നു നിൽക്കുന്നതിനാലാകണം. വളരെ വ്യത്യസ്തമായി ചിന്തിക്കുന്ന രാധ എന്ന പെൺകുട്ടിയായാണ് അരുന്ധതി സിനിമയിൽ. അരുന്ധതിയുടെ യഥാർഥ വ്യക്തിത്വവുമായി ഏറെ ചേർന്നു നിൽക്കുന്ന കഥാപാത്രമാണത്. രണ്ടു കാതിലും രണ്ടു തരം കമ്മലിടുന്ന, ബൊഹീമിയൻ ലുക്കുള്ള രാധ. തനിക്ക് ആളുകളുടെ വിവരക്കേടിനെക്കുറിച്ച് അവരോടു നേരിട്ട് പറയാനുള്ള ഒരു കഴിവുണ്ട് എന്ന് രാധ സിനിമയിൽ പറയുന്നുണ്ട്. അരുന്ധതിക്കും ആവോളമുള്ള ഈ കഴിവ് ചില്ലറ പ്രശ്നങ്ങളിലല്ല അവരെ കൊണ്ടെത്തിച്ചിട്ടുള്ളതും.
രാധയാവാൻ ഏറെ മേക് ഓവർ ഒന്നും ആവശ്യം വന്നിട്ടില്ല അരുന്ധതിക്ക്. എന്നാൽ അവിടെ തുടങ്ങിയതല്ല അരുന്ധതി എന്ന നടിയുടെ വേഷപ്പകർച്ച. ഇത് അവരുടെ ആദ്യ ചിത്രവുമല്ല. പ്രദീപ് കൃഷൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത മാസി സാഹേബ് (1985) ആണ് അരുന്ധതിയുടെ ആദ്യ ചിത്രം.1929 ൽ ഒരു വടക്കേ ഇന്ത്യൻ ഗ്രാമത്തിൽ നടക്കുന്ന കഥയിൽ ആദിവാസിപ്പെൺകുട്ടിയായാണ് അരുന്ധതി അഭിനയിച്ചത്. കേന്ദ്രകഥാപാത്രമായ ഫ്രാൻസിസ് മാസി വിവാഹം ചെയ്യുന്ന സൈല എന്ന സുന്ദരിയായ പെൺകുട്ടി. ഫ്രാൻസിസ് മാസിയായി അഭിനയിച്ച രഘുബീർ യാദവിന്റെയും ആദ്യചിത്രമാണത്.
സായിപ്പിനു വേണ്ടി പണിയെടുക്കുകയും സായിപ്പിനെപ്പോലെ ജീവിക്കാൻ ശ്രമിക്കുകയും അതിനായി നാട്ടുകാരോട് നെറികേട് കാട്ടുകയും ചെയ്യുന്നയാളാണ് മാസി. അയാൾ സൈലയിൽ അനുരക്തയായി അവളെ വിവാഹം കഴിക്കുന്നു. ഒടുവിൽ യജമാനന്മാർക്കു വേണ്ടി ചെയ്ത കൊലപാതകത്തിന് അയാൾ ഒറ്റയ്ക്ക് ശിക്ഷിക്കപ്പെടുന്നു. സൈലയും അയാളെ ഉപേക്ഷിക്കുന്നു. സംവിധാന മികവിനടക്കം പല അവാർഡുകൾ വാങ്ങിയ ചിത്രമാണ് ഇതും.
1992 ൽ ഇലക്ട്രിക്ക് മൂൺ എന്ന ചിത്രത്തിനും അരുന്ധതി തിരക്കഥ രചിച്ചിട്ടുണ്ട്. മികച്ച ഇംഗ്ലിഷ് ചിത്രത്തിനുള്ള ദേശീയ അവാർഡിന് ഈ ചിത്രവും അർഹമായി. ഇതും ഒരു പ്രദീപ് കൃഷൻ ചിത്രം തന്നെ. സിനിമയിലും ജീവിതത്തിലും പങ്കാളികളായ ഇരുവരും പിന്നീട് എഴുത്തിലേക്കും പരിസ്ഥിതി, സാമൂഹിക പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. അതിനൊപ്പം അവർ സിനിമയും പ്രവർത്തന മേഖലയായി മുന്നോട്ടു കൊണ്ടുപോയിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്നതാണ് ഈ ചിത്രങ്ങൾ. കാമ്പുള്ള റോളുകൾ കയ്യടക്കത്തോടെ അഭിനയിക്കുന്ന ഒരു നടിയെ ആണ് കാഴ്ചക്കാർക്ക് ഇത്രകാലം നഷ്ടപ്പെട്ടത്.
English Summary: Arundhati Roy's contributions to the film world