ഇരുപത്തിനാലാം വയസ്സിൽ, ജയകേരളം മാസികയിൽ പാറപ്പുറത്തിന്റെ ഒരു കഥവായിച്ചു വ്യസനംപൂണ്ട ഒ.വി. വിജയൻ എന്ന വായനക്കാരൻ പത്രാധിപർക്ക് എഴുതി. പുഴവക്കത്തും കുന്നിൻചരിവിലും നിഷ്‌കളങ്കമായി പൊട്ടിവിടർന്ന്, പിന്നെങ്ങനെയോ മങ്ങിപ്പോയ ബാല്യകാല പ്രേമത്തിലേക്ക് ആ ചെറുകഥ തന്റെ ഓർമകളുടെ പുഴ വഴിതിരിച്ചുവിട്ടെന്നു പറയാൻ;

ഇരുപത്തിനാലാം വയസ്സിൽ, ജയകേരളം മാസികയിൽ പാറപ്പുറത്തിന്റെ ഒരു കഥവായിച്ചു വ്യസനംപൂണ്ട ഒ.വി. വിജയൻ എന്ന വായനക്കാരൻ പത്രാധിപർക്ക് എഴുതി. പുഴവക്കത്തും കുന്നിൻചരിവിലും നിഷ്‌കളങ്കമായി പൊട്ടിവിടർന്ന്, പിന്നെങ്ങനെയോ മങ്ങിപ്പോയ ബാല്യകാല പ്രേമത്തിലേക്ക് ആ ചെറുകഥ തന്റെ ഓർമകളുടെ പുഴ വഴിതിരിച്ചുവിട്ടെന്നു പറയാൻ;

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപത്തിനാലാം വയസ്സിൽ, ജയകേരളം മാസികയിൽ പാറപ്പുറത്തിന്റെ ഒരു കഥവായിച്ചു വ്യസനംപൂണ്ട ഒ.വി. വിജയൻ എന്ന വായനക്കാരൻ പത്രാധിപർക്ക് എഴുതി. പുഴവക്കത്തും കുന്നിൻചരിവിലും നിഷ്‌കളങ്കമായി പൊട്ടിവിടർന്ന്, പിന്നെങ്ങനെയോ മങ്ങിപ്പോയ ബാല്യകാല പ്രേമത്തിലേക്ക് ആ ചെറുകഥ തന്റെ ഓർമകളുടെ പുഴ വഴിതിരിച്ചുവിട്ടെന്നു പറയാൻ;

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപത്തിനാലാം വയസ്സിൽ, ജയകേരളം മാസികയിൽ പാറപ്പുറത്തിന്റെ ഒരു കഥവായിച്ചു വ്യസനംപൂണ്ട ഒ.വി. വിജയൻ എന്ന വായനക്കാരൻ പത്രാധിപർക്ക് എഴുതി. പുഴവക്കത്തും കുന്നിൻചരിവിലും നിഷ്‌കളങ്കമായി പൊട്ടിവിടർന്ന്, പിന്നെങ്ങനെയോ മങ്ങിപ്പോയ ബാല്യകാല പ്രേമത്തിലേക്ക് ആ ചെറുകഥ തന്റെ ഓർമകളുടെ പുഴ വഴിതിരിച്ചുവിട്ടെന്നു പറയാൻ; ആ കൊച്ചു പ്രേമകഥ എന്നെങ്കിലുമൊരിക്കൽ താൻ എഴുതുമെന്നു പറയാൻ; അങ്ങനെ സംഭവിച്ചാൽ അതിനു പ്രചോദനമായത് പാറപ്പുറത്തിന്റെ എസ്‌ഥേർ എന്ന കഥാപാത്രമാണെന്നു പറയാൻ... 

 

ADVERTISEMENT

എഴുത്തിന്റെ മഹാധ്യാനങ്ങളിലേക്കു സൗമ്യമായി ആണ്ടുപോയ വിജയൻ വർഷങ്ങൾക്കുശേഷം ആ കഥ എഴുതുകതന്നെ ചെയ്‌തു; പ്രേമകഥ. എട്ടാമത്തെ വയസ്സിൽ എന്താണു സംഗതിയെന്നറിയാതെ താൻ പ്രണയിച്ചുപോയ ബാല്യകാലസഖി വിശാലാക്ഷിയെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ പാറപ്പുറത്തിന്റെ പാവാടക്കാരി ആ എഴുത്തുമുറിയിൽ വന്നുനിന്നു പുഞ്ചിരി പൊഴിച്ചിരിക്കാം. പ്രേമകഥയ്‌ക്കു പ്രചോദനമായത് പാറപ്പുറത്തിന്റെ കഥയായിരുന്നെന്നു വെളിപ്പെടുത്തുന്ന വിജയന്റെ കത്ത് ജയകേരളം മാസികയുടെ ആറുപതിറ്റാണ്ടു പഴക്കമുള്ള പൊടിയുന്ന താളുകളിലുണ്ട്. ഒരു വായനക്കാരന്റെ നിസാരമെന്നു തോന്നിക്കുന്ന കത്ത്. പക്ഷേ, ഖസാക്കിന്റെ ഇതിഹാസകാരന്റെ എഴുത്തുജീവിതം പിന്നിട്ട നിർണായക ഘട്ടങ്ങളിലേക്കു വെളിച്ചം വീശുന്ന ചില സൂചനകൾ അതിൽ ഒളിഞ്ഞുകിടപ്പുണ്ട്. വിജയന്റെ പ്രേമകഥ വെറും ഭാവനയല്ല, ആത്മകഥാപരവുമായിരുന്നു എന്നതിന്റെ തെളിവുകൂടിയാണീ കത്ത്. 

 

1954 ജൂണിലെ ജയകേരളം മാസികയിലാണ് കെ.ഇ. മത്തായി എന്ന പാറപ്പുറത്തിന്റെ ചെറുകഥ, ‘ഒരമ്മയും മൂന്നു പെൺമക്കളും’ അച്ചടിച്ചുവന്നത്. അന്ന് മധുര എസ്.ടി. കോളജിൽ അധ്യാപകനായിരുന്ന വിജയൻ പാറപ്പുറത്തിന്റെ സ്‌ഥിരംവായനക്കാരിലൊരാൾ. കഥവായിച്ച വിജയൻ ചൂടാറാതെ പത്രാധിപർക്കു കത്തെഴുതി. (മദിരാശിയിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ പത്രാധിപർ കവിയും ഗാനരചയിതാവുമായ പി. ഭാസ്‌കരനായിരുന്നു). ‘പാറപ്പുറത്തിന്റെ പാവാടക്കാരി ’ എന്ന തലക്കെട്ടോടെ തൊട്ടടുത്ത ലക്കം തന്നെ കത്തു പ്രസിദ്ധീകരിച്ചു. 

 

ADVERTISEMENT

മലബാർ സ്‌പെഷൽ പൊലീസ് ക്യാംപിലെ ഉദ്യോഗസ്‌ഥനായിരുന്നു വിജയന്റെ അച്‌ഛൻ മേജർ സുബേദാർ ഓട്ടുപുലായ്‌ക്കൽ വേലുക്കുട്ടി. അച്‌ഛന്റെ ജോലികാരണം മലപ്പുറത്തേക്കു കുടുംബം താമസം മാറ്റി. അരീക്കോട് ബോർഡ് മാപ്പിള ഹയർ എലിമെന്ററി സ്‌കൂളിലായി വിജയന്റെ പഠനം. അവിടെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു ചിന്നു എന്ന വിശാലാക്ഷിയമ്മ. പുഴയിൽ പരൽമീനുകൾ നീന്തുന്നതും കവുങ്ങുംതോട്ടത്തിൽ അടയ്‌ക്ക കായ്‌ച്ചുനിൽക്കുന്നതും ഒറ്റയടിപ്പാലത്തിനപ്പുറം അമ്പാഴക്കാട് ആകാശംമുട്ടി വളർന്നു നിൽക്കുന്നതും കാട്ടിത്തന്ന്, ലജ്‌ജാലുവായ കുഞ്ചുവിന്റെ കൈപിടിച്ചു നടത്തിയതത്രയും ചിന്നുവായിരുന്നു. ആ കരുതലിന്റെ അടിത്തട്ടിലെവിടെയോ അപാരമായൊരു സ്‌നേഹക്കടൽ പരന്നൊഴുകിയിരുന്നെന്ന് പിന്നീടാണു വിജയൻ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവിന്റെ സുഖദമായ നൊമ്പരമായിരുന്നു പാറപ്പുറത്തിന്റെ കഥവായിച്ച ഇരുപത്തിനാലുകാരന്റെ മനംനിറയെ. 

 

സ്‌കൂൾ കാലഘട്ടത്തിലെ നിഷ്‌കളങ്ക പ്രണയത്തിന്റെ കഥയാണു പാറപ്പുറത്ത് പറഞ്ഞത്. പെട്ടിയുടെ അടിയിൽനിന്ന് ഒരു പാവാടക്കാരിയുടെ ഫോട്ടോ കിട്ടിയതിന്റെ പരിഭവച്ചൂടിൽ ഭാര്യ എഴുതിയ കത്തുവായിച്ച് ഓർമകളുടെ അഗാധതകളിലേക്കു വഴുതുകയാണു കഥാനായകൻ. എസ്‌ഥേർ എന്ന ബാല്യകാലസഖിയും അവളുടെ കുടുംബവും ദുരിതപൂർണമായ തന്റെ ജീവിതത്തിൽ പ്രകാശം പരത്തിയതെങ്ങനെയെന്ന് അയാൾ വേദനയോടെ വിവരിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിലെവിടെയോ നിസഹായമായി നഷ്‌ടപ്പെട്ടുപോയ, പ്രണയമെന്നുപോലും അറിയാതെയുള്ള പ്രണയം. അവരുടെ സൗഹൃദത്തെക്കുറിച്ച് കൂട്ടുകാർ കളിയാക്കിയപ്പോൾ തന്റേടത്തോടെ എസ്‌ഥേർ തിരിഞ്ഞുനിൽക്കുമായിരുന്നു, സ്‌കൂളിലേക്ക് ഒരുമിച്ചുപോകാൻ ഇടവഴിയിൽ കണ്ണുംനട്ടു കാത്തുനിൽക്കുമായിരുന്നു. കൗമാരപ്രേമം നാട്ടിൽ പാട്ടായി ചീത്തപ്പേരു കേൾക്കേണ്ടിവന്നപ്പോഴും എസ്‌ഥേറും അവളുടെ കുടുംബവും അയാളെ സ്‌നേഹിച്ചു; അവളുടെ വാൽസല്യനിധിയായ അമ്മ തന്റെ കമ്മൽ പണയംവച്ച് മകളുടെ സഹപാഠിക്ക് പരീക്ഷാഫീസിനു തുക കണ്ടെത്തി. അച്‌ഛന്റെ ജോലിസ്‌ഥലത്തേക്ക് എസ്‌ഥേർ താമസംമാറിയപ്പോൾ വേർപിരിയലിന്റെ വേളയായി. ആ പാവാടക്കാരി ഓർമയ്‌ക്കായി സമ്മാനിച്ചതൊരു ഫൊട്ടോഗ്രാഫ് ആയിരുന്നു. 

ഈ കഥ എസ്‌ഥേർ വായിക്കാനിടയാകുമോ? എന്ന പ്രണയാർദ്രമായ കൗതുകത്തോടെയാണു പാറപ്പുറത്ത് കഥ അവസാനിപ്പിച്ചത്. 

ADVERTISEMENT

വിജയന്റെ പ്രണയസ്‌മരണകൾക്കു പുതുജീവൻവച്ചതും അവിടെനിന്നുതന്നെ.‘വർഷങ്ങൾക്കു പിന്നിൽ, ആ പുഴവക്കത്ത്, ആ അമ്പാഴക്കാട്ടിൽ, ആ കുന്നിൻചരിവിൽ മങ്ങിപ്പോയ എന്റെ ബാല്യത്തിലേക്ക് വീണ്ടുമൊന്നു നോക്കാൻ എന്നെ നിർബന്ധിച്ച ഒരുകഥ ഞാൻ വായിക്കുകയുണ്ടായി. ശ്രീ. പാറപ്പുറത്തിന്റെ ‘ഒരമ്മയും മൂന്നു പെൺമക്കളും’ എന്ന കഥയായിരുന്നു അത്. കുഞ്ഞുനാളുകളിലെ അവ്യക്‌തങ്ങളായ പ്രേമങ്ങളും ആരാധനകളും വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് ശ്രീ. പാറപ്പുറത്ത്. എസ്‌ഥേർ എന്റെ സ്‌മരണയിലും ഒരു തന്ത്രിയിൽ പതുക്കെ കൈവയ്‌ക്കുകയുണ്ടായി. ആ വിശാലാക്ഷി... പിന്നെയും ഒന്നു രണ്ടു വിശാലാക്ഷിമാർ... എട്ടുവയസ്സിൽ, സംഗതിയെന്തെന്നറിയുന്നതിനുമുൻപ്, എനിക്കൊരു പ്രേമകഥയുണ്ടായിരുന്നു! അതെപ്പറ്റി എനിക്കെഴുതാൻ കഴിഞ്ഞാൽ അതിനുള്ള പ്രചോദനംനൽകിയത് എസ്‌ഥേറാണെന്നു ഞാൻ പറയും.’’ 

 

ഈ കത്ത് എഴുതുമ്പോൾ വിജയൻ സാഹിത്യലോകത്ത് പുതുമുഖം. എഴുതിത്തുടങ്ങിയിട്ടേയുള്ളൂ. പ്രേമകഥ എഴുതപ്പെട്ടത് 1967നും 1978നും ഇടയ്‌ക്കെപ്പോഴോ ആയിരിക്കണം. 1978ൽ പുറത്തിറങ്ങിയ വിജയന്റെ കഥകൾ എന്ന സമാഹാരത്തിലാണ് പ്രേമകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. കഥകളുടെ കാലം വ്യക്‌തമായി കുറിച്ചിടാൻ മറന്നുപോയെന്ന് പുസ്‌തകത്തിന് ആമുഖമായി കുറിച്ചിട്ടുണ്ട്. 1957ലാണ് വിജയന്റെ ആദ്യ കഥാസമാഹാരം പുറത്തിറങ്ങിയത്- ‘മൂന്നു യുദ്ധങ്ങൾ’. പത്തുവർഷത്തിനുശേഷം രണ്ടാമത്തെ സമാഹാരം- ‘ഉച്ചകോടി’ (1967). ഈ രണ്ടുപുസ്‌തകത്തിലും പ്രേമകഥയില്ല. വിജയന്റെ പ്രേമകഥ വിശാലാക്ഷിയുടെ കഥയാണ്. യഥാർഥജീവിതത്തിലെ കളിക്കൂട്ടുകാരിയുടെ പേര് കഥയിലും നിലനിർത്തി. 

 

ജയകേരളം പത്രാധിപർക്കെഴുതുമ്പോൾ വിലാസമായി നൽകിയിരുന്ന മധുര സ്‌റ്റുഡന്റ് ട്യൂട്ടോറിയൽ കോളജ് വിജയന്റെ അധ്യാപനജീവിതത്തിൽ തീർത്തും ഹ്രസ്വകാലത്തേക്കുള്ള വഴിയമ്പലമായിരുന്നു. കമ്യൂണിസ്‌റ്റ് പാർട്ടി, കണക്കധ്യാപകനായ ശങ്കരനാരായണന് ഇട്ടുകൊടുത്തതായിരുന്നു ഈ പാരലൽകോളജ്. വെറും പതിനഞ്ചുദിവസമാണ് വിജയൻ അവിടെ പഠിപ്പിച്ചത്. ശരീരംപോലെതന്നെ ദുർബലമായ ശബ്‌ദത്തിൽ ക്ലാസെടുക്കുമ്പോൾ വിദ്യാർഥികൾ ഗൗനിച്ചില്ല. ഇറങ്ങിപ്പോകേണ്ടവർ പൊയ്‌ക്കോളൂ എന്ന് ഒരുദിവസം പറഞ്ഞപ്പോൾ ക്ലാസ് മുറി ശൂന്യമായ കഥ ഫലിതമധുരത്തോടെ വിജയൻ പലപ്പോഴും സ്‌മരിച്ചിട്ടുണ്ട്. പുറകിലെ ബഞ്ചിലെ കുട്ടിയുടെ പേരുചോദിച്ചതും വീരപാണ്ഡ്യകട്ടബൊമ്മൻ എന്ന മറുപടി മുഴങ്ങിയതും ക്ലാസിൽ കൂട്ടച്ചിരി നിറഞ്ഞതും ചരിത്രത്തിന്റെ അവഗണനയെക്കുറിച്ചുള്ള ചിന്താഭാരത്തോടെ അധ്യാപകൻമാത്രം ചിരിക്കാതെനിന്നതും മധുര എസ്.ടി. കോളജിൽ വച്ചാണ്. 

 

(2013 ഫെബ്രുവരി 10 ന് മലയാള മനോരമയുടെ ഞായറാഴ്ചയിൽ പ്രസിദ്ധീകരിച്ച കുറിപ്പ്)

English Summary: Story behind the short story ‘Premakadha’ written by OV Vijayan