ഭാര്യ, കാമുകി, കാരണമില്ലാതെ കരയുന്ന കുട്ടി; ബഹളങ്ങൾക്കിടയിൽ ഇരുന്ന് ഹെമിങ്വേ എഴുതിയ നോവൽ
ഭാര്യയ്ക്കു പുറമെ കാമുകി കൂടി വേണം. എഴുത്തുകാരനാകാന്‍ ഇറങ്ങിപ്പുറപ്പെട്ട ഹെമിങ് വേ പാതിവഴിയില്‍ പിന്മാറിയില്ല. പിഫര്‍ എന്ന കാമുകിയെയും സ്വന്തമാക്കി. ഹാഡ്ലി സാധാരണ വീട്ടമ്മയായിരുന്നെങ്കില്‍ സാഹസികയായിരുന്നു പിഫര്‍.
ഭാര്യയ്ക്കു പുറമെ കാമുകി കൂടി വേണം. എഴുത്തുകാരനാകാന്‍ ഇറങ്ങിപ്പുറപ്പെട്ട ഹെമിങ് വേ പാതിവഴിയില്‍ പിന്മാറിയില്ല. പിഫര്‍ എന്ന കാമുകിയെയും സ്വന്തമാക്കി. ഹാഡ്ലി സാധാരണ വീട്ടമ്മയായിരുന്നെങ്കില്‍ സാഹസികയായിരുന്നു പിഫര്‍.
ഭാര്യയ്ക്കു പുറമെ കാമുകി കൂടി വേണം. എഴുത്തുകാരനാകാന്‍ ഇറങ്ങിപ്പുറപ്പെട്ട ഹെമിങ് വേ പാതിവഴിയില്‍ പിന്മാറിയില്ല. പിഫര്‍ എന്ന കാമുകിയെയും സ്വന്തമാക്കി. ഹാഡ്ലി സാധാരണ വീട്ടമ്മയായിരുന്നെങ്കില്‍ സാഹസികയായിരുന്നു പിഫര്‍.
ഏകാന്തതയും ഏകാഗ്രതയും എഴുത്തിന്റെ കരുത്താണ്; മിക്ക എഴുത്തുകാരുടെയും ജീവിതത്തില്‍. എഴുത്ത് സജീവമാകുമ്പോള്‍ സ്വഭാവം തന്നെ മാറിപ്പോകുന്നവരും പരകായപ്രവേശം നടത്തുന്നവരുമുണ്ട്. വിചിത്രമാണ് എഴുത്തിന്റെ വഴികള്‍; ഭാവനയുടെ സഞ്ചാരവും. എന്തായാലും സ്വസ്ഥതയും സമാധാനവുമില്ലാതെ എഴുത്തിന്റെ ലോകത്തേക്കു പ്രവേശിക്കാനാവില്ല പലര്‍ക്കും. എന്നാല്‍, ഒരു വീടു നിറയെ ആളുകളും ശബ്ദവും ബഹളവുമായി ഒരു നോവലെഴുതിയ എഴുത്തുകാരനുണ്ട്. നോവല്‍ ആദ്യം അമേരിക്കയും പിന്നീടു ലോകവും കീഴടക്കി; എഴുത്തുകാരനും. ജീവിതത്തെ കാളപ്പോരുകാരനെപ്പോലെ നേരിട്ട ഏണസ്റ്റ് ഹെമിങ് വേ. വാക്കുകള്‍ക്കുവേണ്ടി വലയെറിയുന്ന അവധാനതയോടെ മീന്‍ പിടിക്കാന്‍ പോയ സാഹസികനായ എഴുത്തുകാരന്. പ്രണയത്തോടു സത്യസന്ധത പുലര്‍ത്തി ജീവിത ലഹരി ആസ്വദിച്ച നിര്ഭയന്. ചരിത്രത്തിലെ കുപ്രശസ്തമായ ഒരു ലോക്ഡൗണ്‍ കാലത്താണ് അദ്ദേഹം ‘ദ് സണ്‍ ഓള്‍സോ റൈസസ്’ എന്ന നോവല്‍ എഴുതുന്നത്. സ്പെയിന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഇന്‍ഫ്ലുവന്‍സ വൈറസ് ആക്രമിച്ചു കീഴടക്കിയ കാലത്ത്. ലോകം വീണ്ടും ഒരു വൈറസിനെ പേടിച്ച് വീടുകള്‍ക്കു താഴിടുമ്പോള്‍ ഹെമിങ് വേ തിരിച്ചുവരുന്നു; ഒരു എഴുത്തുകാരന് ലോക്ഡൗണ്‍ നേരിട്ട സമാനതകളില്ലാത്ത അനുഭവവുമായി.
1926 ലെ വേനല്‍ക്കാലം. ഹെമിങ് വേ ആദ്യ ഭാര്യ ഹാഡ്ലിയുമായി അപ്പോഴും സ്നേഹത്തില്‍ തന്നെ. അവര്‍ക്കു മൂന്നു വയസ്സുള്ള മകനുമുണ്ട്: ബംപി എന്ന് പിതാവ് സ്നേഹത്തോടെ വിളിച്ച ജാക്ക്. അന്നവര്‍ പാരിസില്‍. ലോകപ്രശസ്ത എഴുത്തുകാരനാകണം എന്ന മോഹം സാക്ഷാത്കരിക്കാനാണ് അദ്ദേഹം പാരിസില്‍ എത്തിയത്. കലയുടെ ലോക തലസ്ഥാനത്ത്. പ്രശസ്തനാകാന് പ്രതിഭ മാത്രം പോരാ എന്നദ്ദേഹം തിരിച്ചറിയുന്നതും ഇക്കാലത്ത്. ഭാര്യയ്ക്കു പുറമെ കാമുകി കൂടി വേണം. എഴുത്തുകാരനാകാന്‍ ഇറങ്ങിപ്പുറപ്പെട്ട ഹെമിങ് വേ പാതിവഴിയില്‍ പിന്മാറിയില്ല. പിഫര്‍ എന്ന കാമുകിയെയും സ്വന്തമാക്കി.
ഹാഡ്ലി സാധാരണ വീട്ടമ്മയായിരുന്നെങ്കില്‍ സാഹസികയായിരുന്നു പിഫര്‍. വ്യത്യസ്തമായ വ്യക്തിത്വങ്ങള്‍. രഹസ്യബന്ധം അറിഞ്ഞ ഹാഡ്ലി എഴുത്തുകാരനെ നേരിട്ടു. കാമുകിയെ ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് ഹെമിങ്വേ തീര്‍ത്തു പറഞ്ഞു. രണ്ടുപേര്‍ക്കും കൂടി യോജിച്ചുപോകാന്‍ കഴിഞ്ഞാല്‍ അതായിരിക്കും നല്ലതെന്നും. ഹാഡ്ലി കീഴടങ്ങി; മനസ്സില്ലാ മനസ്സോടെ.
സ്പെയിനിലെ മാഡ്രിഡില്‍ കാളപ്പോര് തുടങ്ങിയതോടെ ഹെമിങ് വേ പാരിസില്‍ നിന്നു തിരിച്ചു. ഹാഡ്ലിയും ജാക്കും സുഹൃത്തുക്കളായ സാറ-മര്‍ഫി കുടുംബത്തിനൊപ്പം. അപ്രതീക്ഷിതമായി ജാക്കിനു ചുമ തുടങ്ങി. പരിശോധിച്ച ഡോക്ടര്‍ ഫ്ലുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. മാരകമാണ്. പെട്ടെന്നു വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ എന്തും സംഭവിക്കാം. മറ്റുള്ളവര്‍ക്കു പകരാനും സാധ്യത. സാറ-മര്‍ഫി കുടുംബം ഹാഡ്ലിയെയും മകനെയും ഇറക്കിവിട്ടു. ഭാഗ്യത്തിന് മറ്റൊരു സുഹൃത്തിന്റെ ഒഴിഞ്ഞുകിടന്ന വീട് കിട്ടി. അവിടെ ഹാഡ്ലിയും മകനും ഐസലേഷനില്‍. ഡോക്ടരുടെ ചികിത്സയ്ക്കൊപ്പം കുട്ടിയെ പരിചരിക്കാന്‍ ഒരു നഴ്സും. കുട്ടിയുടെ അസുഖകാലം തനിച്ചു നേരിടാകാതെ ഹാഡ്ലി ഹെമിങ്വേയ്ക്ക് എഴുതി. എഴുത്തുകാരനു പകരം ആദ്യമെത്തിയത് കാമുകി. ഭര്‍ത്താവിന്റ കാമുകിയെ വെറുത്തിരുന്ന ഹാഡ്ലിക്ക് ഇത്തവണ അവരെ ചവിട്ടിപ്പുറത്താക്കാന്‍ തോന്നിയില്ല. സഹായമാകട്ടെ എന്നു കരുതി കൂടെ നിര്‍ത്തി. രണ്ടു പേരും കൂടി ജാക്കിനെ പരിചരിച്ചപ്പോഴേക്കും ഹെമിങ്വേ എത്തി. വീട്ടില്‍ ആളും ബഹളവുമായി. ഭാര്യ. കാമുകി. കാരണമില്ലാതെ കരയുന്ന കുട്ടി. പരിചാരിക. ഇവര്‍ക്കെല്ലാമിടയില്‍ ഹെമിങ്വേ എഴുതിത്തുടങ്ങി: ഈ സുര്യനും ഉദിക്കും എന്ന നോവല്‍.
ഹോട്ടലിലും കോട്ടേജിലും മച്ചിന്‍പുറത്തും പുഴയിലെ തോണിയിലുമൊക്കെ അക്ഷരങ്ങളെ കൂട്ടുപിടിച്ചിട്ടുണ്ടെങ്കിലും ഹെമിങ്വേ പിന്നീട് ഉറപ്പിച്ചു പറഞ്ഞു. അന്നത്തെ ആ വീടായിരുന്നു എഴുതാന്‍ ഏറ്റവും അനുയോജ്യം. പരസ്പരം പൊരുത്തപ്പെടാത്ത ഭാര്യയ്ക്കും കാമുകിക്കും ഒപ്പം ജീവിച്ച അതേ വീട്. അതേ കാലം.
ജാക്കിന്റെ അസുഖം ഭേദമായി. ഐസലേഷന്‍ ഗുണം ചെയ്തതിനാല്‍ മറ്റാര്‍ക്കും അസുഖം പകര്‍ന്നില്ല. ലോക്ഡൗണ്‍ കഴിഞ്ഞപ്പോഴേക്കും ഹെമിങ്വേ എന്ന എഴുത്തുകാരന്റെ ജനനവും സംഭവിച്ചു.
ദ് സണ്‍ ഓള്‍സോ റൈസസ് എന്ന നോവലിലൂടെ.
ആരോടു പറയണം നന്ദി. ഭാര്യയ്ക്ക്. കാമുകിക്ക്. ഫ്ലു ബാധിച്ച ബംപിക്ക്. ലോക്ഡൗണ്‍ സാധ്യമാക്കിയ ഐസലേഷന്‍.... ? മറുപടി പറയാന്‍ ഹെമിങ്വേ ഇല്ല. ജീവിതം അവസാനിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ആ പിസ്റ്റള്‍ പോലും!
English Summary: The Sun Also Rises novel written by Ernest Hemingway