നല്ലൊരു എഴുത്തുകാരനാകാൻ ആഗ്രഹം ഉണ്ടോ? ബുക്സ്‌തകം നിങ്ങളെ സഹായിക്കും
Mail This Article
സ്വന്തം പുസ്തകം എന്ന സ്വപ്നം ഇനി ആർക്കും യാഥാർഥ്യമാക്കാം. അതിനുള്ള എളുപ്പ വഴി തുറക്കുകയാണ് ബുക്സ്‌തകം എന്ന ആശയം. മലയാളികളായ എട്ടു ചെറുപ്പക്കാരായ എഴുത്തുകാരാണ് ഈ സംരംഭത്തിന് പിന്നിൽ. വിദേശങ്ങളിൽ ലിറ്റററി ഏജൻസി എന്ന ആശയം വളരെ സ്വീകരിക്കപ്പെട്ട ഒന്നാണ്, എന്നാൽ മലയാളത്തിൽ ആ ആശയത്തിന്റെ ചുവടു പറ്റി ആദ്യമായാണ് ഇത്തരത്തിലൊന്ന്.
എഴുത്തിനെ പ്രണയിക്കുന്നവന് നല്ലൊരു എഴുത്തുകാരനാവാൻ പറ്റും. വായന ഇഷ്ടപ്പെടുന്നവരായിരിക്കും ഭൂരിഭാഗം പേരും. ചെറുപ്പം മുതൽക്കേ വായന ശീലിച്ചവരായിരിക്കാം അല്ലെങ്കിൽ ആരുടെയെങ്കിയും പ്രേരണവഴി വായനയിലെത്തിപ്പെട്ടതാകാം. ഓരോ വായനക്കാരനും താൻ വായിച്ച പുസ്തകശേഖരങ്ങളെക്കുറിച്ചും വായനയെക്കുറിച്ചും വാതോരാതെ പറയാനുണ്ടാവും.
അതേ വായനക്കാരൻ എഴുത്തുകാരനാവാൻ ആഗ്രഹിച്ചാലോ? വർഷങ്ങളായി താളുകളിൽ കുറിച്ചിട്ട ഓരോ അക്ഷരങ്ങളും സ്വന്തം പേരിൽ അച്ചടിച്ചുവരണമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രമിക്കുമ്പോൾ, വ്യക്തമായ മാർഗം സ്വീകരിക്കാൻ പലരിലും ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. ആദ്യമായി തന്റെ രചനയുമായി വരുന്ന ഒരാളെ കാത്തിരിക്കുക നിരവധി പ്രശ്നങ്ങളായിരിക്കും. എങ്ങനെ ഇത് വായനക്കാരിലേക്ക് പുസ്തകരൂപത്തിൽ എത്തിക്കും? അതിന്റെ വഴികൾ എങ്ങനെയാണ്? എന്നിങ്ങനെ പല സംശയങ്ങളും എഴുത്തുകാരനാവാനാഗ്രഹിക്കുന്ന പലരിലുമുണ്ടാകും. അതുപോലെ, പ്രസാധകരെ കിട്ടാതെ, പ്രസാധകന്റെ കനിവിനുവേണ്ടി കാത്തിരുന്ന അനുഭവങ്ങളും പലപ്പോഴും എഴുത്തുകാർക്കുണ്ടാകും. അത്തരത്തിലുള്ളവരെ സഹായിക്കാനായി കേരളത്തിലെ വ്യത്യസ്ത ജില്ലകളിൽ നിന്നുള്ള എട്ടു വ്യത്യസ്ത എഴുത്തുകാർ ഒന്നിക്കുന്ന സംരംഭമാണ് ബുക്സ്‌തകം.
എങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിക്കണം, പുസ്തക പ്രസിദ്ധീകരണത്തതിനാവശ്യമായ മാർഗ നിർദ്ദേശം നൽകുക, കവർ ഡിസൈനിങ്, പിഴ തിരുത്തലുകൾ, കോപ്പി എഡിറ്റിംഗ്, തർജ്ജമ, പ്രസിദ്ധീകരണം, പ്രമുഖ പ്രസാധകരെ സമീപിക്കാൻ സഹായിക്കുക, തുടങ്ങിയ വൈവിധ്യമാർന്ന സേവനങ്ങൾ ബുക്സ്‌തകം ലഭ്യമാക്കുന്നു.
പ്രശസ്ത എഴുത്തുകാരിയും നോവലിസ്റ്റുമായ ശ്രീപാർവതി,
എ.പി.ജെ. അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം സെല്ലിന്റെ ഫീൽഡ് ഓഫീസറും ബെസ്റ്റ് സെല്ലർ പുസ്തകമായ ‘മൈ ഗേൾഫ്രണ്ട്സ് ജേർണൽ’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ അശ്വിൻ രാജ്,
ഗവേഷകനും നിരൂപകനുമായ അജീഷ് ജി ദത്തൻ,
പതിനെട്ടു വർഷത്തോളം ഐ. ടി മേഖലയിൽ പ്രാവീണ്യം തെളിയിക്കുകയും പബ്ലിക് സ്പീക്കർ, എഴുത്തുകാരൻ, വിവിധ രാജ്യങ്ങളിൽ ബെസ്റ്റ് സെല്ലർ പുസ്തകമായി തിരഞ്ഞെടുക്കപ്പെട്ട ‘അഡ്വെഞ്ചേഴ്സ് ഓഫ് ഇന്ത്യൻ ടെക്കി’യുടെ കർത്താവുമായ നിപുൺ വർമ, അധ്യാപികയായി ജോലി ചെയ്യുന്ന അശ്വതി, പിൻബെഞ്ച് (കവിതാ സമാഹാരം), സഹറാവീയം, പൊനോൻ ഗോംബെ (നോവൽ) എന്നീ സമാഹാരങ്ങളുടെ രചയിതാവുമായ ജുനൈദ് അബൂബക്കർ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റും മോട്ടിവേഷണൽ സ്പീക്കറും ആമസോൺ ബെസ്റ്റ് സെല്ലർ പുസ്തകമായിരുന്ന നിഴൽപെണ്ണിന്റെ ഗ്രന്ഥകർത്താവുമായ തസ്‌നി ഷാഹുൽ, അഭിലാഷ് തുടങ്ങീ എട്ടോളം യുവ എഴുത്തുകാരുടെ സ്വപ്നമാണ് ബുക്സ്‌തകം.
English Summary: Booksthakam, Literary agency in Kerala to help writers and publishers