ഒരു നാട്ടിൽ എത്ര എഴുത്തുകാർ വേണം? കവികളുടെയും മറ്റും എണ്ണം കൂടുന്നതു ചിലർ തീരെ ഇഷ്ടപ്പെടുന്നില്ല. കൂടുതൽ പേർ എഴുത്തുകാരായി മാറിയാൽ സാഹിത്യമൂല്യം ഇടിയുമെന്നു കരുതുന്നവരാണവർ. ഞാൻ ഈ സമീപനത്തോടു യോജിക്കുന്നില്ല. കൂടുതൽ പേർ കവിതകളെഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോഴാണു ഭാഷയും സംസ്കാരവും

ഒരു നാട്ടിൽ എത്ര എഴുത്തുകാർ വേണം? കവികളുടെയും മറ്റും എണ്ണം കൂടുന്നതു ചിലർ തീരെ ഇഷ്ടപ്പെടുന്നില്ല. കൂടുതൽ പേർ എഴുത്തുകാരായി മാറിയാൽ സാഹിത്യമൂല്യം ഇടിയുമെന്നു കരുതുന്നവരാണവർ. ഞാൻ ഈ സമീപനത്തോടു യോജിക്കുന്നില്ല. കൂടുതൽ പേർ കവിതകളെഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോഴാണു ഭാഷയും സംസ്കാരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു നാട്ടിൽ എത്ര എഴുത്തുകാർ വേണം? കവികളുടെയും മറ്റും എണ്ണം കൂടുന്നതു ചിലർ തീരെ ഇഷ്ടപ്പെടുന്നില്ല. കൂടുതൽ പേർ എഴുത്തുകാരായി മാറിയാൽ സാഹിത്യമൂല്യം ഇടിയുമെന്നു കരുതുന്നവരാണവർ. ഞാൻ ഈ സമീപനത്തോടു യോജിക്കുന്നില്ല. കൂടുതൽ പേർ കവിതകളെഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോഴാണു ഭാഷയും സംസ്കാരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു നാട്ടിൽ എത്ര എഴുത്തുകാർ വേണം? കവികളുടെയും മറ്റും എണ്ണം കൂടുന്നതു ചിലർ തീരെ ഇഷ്ടപ്പെടുന്നില്ല. കൂടുതൽ പേർ എഴുത്തുകാരായി മാറിയാൽ സാഹിത്യമൂല്യം ഇടിയുമെന്നു കരുതുന്നവരാണവർ. ഞാൻ ഈ സമീപനത്തോടു യോജിക്കുന്നില്ല. കൂടുതൽ പേർ കവിതകളെഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോഴാണു ഭാഷയും സംസ്കാരവും സമൃദ്ധമാകുന്നത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

 

ADVERTISEMENT

ഒരു മനുഷ്യന് ഏറ്റവും ആഹ്ലാദം തോന്നുക സ്വാതന്ത്ര്യം അനുഭവിക്കുമ്പോഴാണ്. ഏറ്റവും സ്വാതന്ത്ര്യമുള്ള ഇടമാകട്ടെ സാഹിത്യവും. അതുകൊണ്ടാണു കൂടുതൽപേർ അവിടേക്കു വായനക്കാരായോ എഴുത്തുകാരായോ എത്താൻ കൊതിക്കുന്നത്. ഒരു മനുഷ്യന് തനിക്ക് ഇഷ്ടമുള്ളത് ആയിത്തീരാൻ കഴിയണം. പക്ഷേ, ഒരു നാട്ടിൽ കുറച്ച് എഴുത്തുകാർ മതി എന്ന് ആർക്കും വാദിക്കാനാവില്ല. സ്വാതന്ത്ര്യാഭിമുഖ്യം പ്രബലമാകുമ്പോഴാണ് എഴുത്തുകാരുടെ മാത്രമല്ല, വായനക്കാരുടെയും എണ്ണം വർധിക്കുന്നത്. ഇത് നല്ല ജൈവലക്ഷണമാണ്. ഒരു കഥയോ കവിതയോ നോവലോ വായിക്കുന്ന ആൾ അതുപോലൊന്ന് താനും ഉണ്ടാക്കുമെന്നു കരുതുന്നു. സൃഷ്ടിയുടെ ആനന്ദം അനുഭവിക്കുന്ന ജീവിതവുമായി അയാൾ ഇഷ്ടത്തിലാകുന്നു. ഇങ്ങനെ ചെറുതും വലുതുമായ എഴുത്തുകാരുടെ ഗാലക്സിയാകണം ഓരോ ഭാഷയുടെയും പ്രപഞ്ചം. കൂടുതൽ എണ്ണം എഴുത്തുകാരും കലാകാരന്മാരുമുള്ള നാട് സാംസ്കാരിക ഔന്നത്യം മാത്രമല്ല വൈവിധ്യവും പ്രസരിപ്പിക്കുമെന്നാണ് എന്റെ വിശ്വാസം. അറുപതുകളിൽ ചിലെയിലെ ഓരോ വീട്ടിലും ഓരോ കവി വീതം ഉണ്ടായിരുന്നുവെന്ന് റോബർട്ടോ ബൊലാനോ ഒരു അഭിമുഖത്തിൽ പറഞ്ഞു. യുവാവായ ബൊലാനോ ചിലെയിൽനിന്ന് പലായനം ചെയ്തു മെക്സിക്കോ സിറ്റിയിൽ എത്തിയപ്പോൾ അവിടെ ചെറുപ്പക്കാരായ കവികളുടെ ഒരു അധോലോകം തന്നെയുണ്ടായിരുന്നു.

 

എഴുത്തുകാരുടെ എണ്ണം കൂടിയാലും ഇല്ലെങ്കിലും എഴുത്തുകാരുടെ ലോകത്ത് അവർ മിക്കവാറും തനിച്ചാണ്. സംഘബോധം എന്നത് എഴുത്തുകാർക്ക് എളുപ്പമല്ല. എങ്കിലും എഴുത്തുകാരുടെ ഗോത്രത്തിൽ കഴിയാൻ ഓരോ എഴുത്തുകാരനും ആഗ്രഹിക്കുന്നു. അവിടെ തനിക്കു മതിപ്പും സുരക്ഷയും ലഭിക്കുമെന്ന പ്രതീക്ഷയിലാണിത്. പക്ഷേ ഓരോ എഴുത്തുകാരനും വായനക്കാരുടെ സമൂഹത്തിലാണ് അന്തിമമായി വസിക്കുക. വായനക്കാർ സൂക്ഷ്മാർഥത്തിൽ എഴുത്തുകാരാണ് എന്നു വിചാരിക്കുക കൗതുകകരമാണെങ്കിലും യഥാർഥത്തിൽ ആ ലോകം സങ്കുചിതവും അസഹ്യവുമായി എഴുത്തുകാർക്ക് അനുഭവപ്പെടാറുണ്ട്. എന്റെ ഒരു സ്നേഹിതൻ ഒരിക്കൽ കവിയായിരുന്നു. അയാൾ തന്റെ ആദ്യ സമാഹാരം സ്വന്തം ചെലവിൽ അച്ചടിച്ചശേഷം കേരളത്തിലെ എഴുത്തുകാർ അടക്കം 500 പേർക്കു സൗജന്യമായി അയച്ചുകൊടുത്തു. ആരും ആ പുസ്തകം കിട്ടിയതായിപ്പോലും പ്രതികരിച്ചില്ല. ആ തിക്താനുഭവം നൽകിയ പാഠത്തിൽനിന്നാണ് എന്റെ സ്നേഹിതൻ കവിതയെഴുത്തുനിർത്തിയത്.

 

ആൽബേർ കമ്യൂ. ചിത്രം AFP
ADVERTISEMENT

തന്റെ യഥാർഥ കുടുംബാംഗങ്ങൾ തന്നെ സ്നേഹിക്കുന്ന വായനക്കാരാണെന്ന് എഴുതിയ മാധവിക്കുട്ടി തന്നെ, വായനക്കാരാ, എനിക്കും നിങ്ങൾക്കുമിടയിൽ ഒരു രക്തബന്ധവുമില്ല എന്നും എഴുതി. 

 

മാധവിക്കുട്ടിയുടെ ഒറ്റയടിപ്പാത എന്ന ലേഖനസമാഹാരത്തിൽ എഴുത്തുകാരിയെന്ന നിലയിൽ കേരളത്തിനകത്തും പുറത്തുമുള്ള തന്റെ ജീവിതത്തിലെ ഒട്ടേറെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും നല്ല സൗഹൃദങ്ങൾക്കൊപ്പം ശത്രുക്കളും പെരുകിയതിനെപ്പറ്റി അവർ എഴുതുന്നു. നഷ്ടപ്പെട്ട സൗഭാഗ്യങ്ങൾ ഓർമയിൽ വരുമ്പോൾ പുന്നയൂർക്കുളത്തിന്റെ ശബ്ദങ്ങളെടുത്തു താൻ ഒരു ഭൂതകാലാന്തരീക്ഷം നെയ്തെടുക്കുന്നു. ‘‘കഴിഞ്ഞുപോയ വർഷങ്ങൾ എന്നെ വല്ല പാഠവും പഠിപ്പിച്ചോ?’’ എഴുത്തുകാരി ചോദിക്കുന്നു, ‘‘അവ എന്നെ കൂടുതൽ ബുദ്ധിമതിയാക്കിയോ? എനിക്കു പൊതുജനങ്ങൾക്കു കൊടുക്കാൻ ഒരു സന്ദേശവുമില്ല. ഞാൻ എനിക്കുതന്നെ സന്ദേശം നിരന്തരം കൊടുക്കുന്നവളാണ്. എന്റേത് സ്വപ്നങ്ങളുടെ ഭാഷയാണ്. അതിനു തർജ്ജമ ഇല്ല. വായനക്കാരാ, നിങ്ങൾക്കും എനിക്കും തമ്മിൽ രക്തബന്ധമില്ല, ആത്മീയ ബന്ധമില്ല. അതുകൊണ്ടാവാം എന്റെ മനസ്സിന്റെ ചലനങ്ങളെ നിങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്നത്.’’ 

 

ADVERTISEMENT

തനിക്കു തന്നെ സന്ദേശം അയയ്ക്കുന്നവരായ എഴുത്തുകാർക്ക് സൗഹൃദങ്ങളോ നല്ല ബന്ധങ്ങളോ നിലനിർത്തുക പ്രയാസകരമാണ്. എഴുത്തുകാർ പെരുകിയാലും ഒരു ട്രേഡ് യൂണിയൻ ശക്തിയായി മാറാൻ പോകുന്നില്ല. അവകാശങ്ങൾക്കുവേണ്ടി സംഘടിക്കുകയുമില്ല. പ്രസംഗത്തിനു പോയാലും അഭിമുഖത്തിന് ഇരുന്നാലും അവർക്കു ന്യായമായ പ്രതിഫലം കൊടുത്തില്ലെങ്കിലും ഒരു പ്രശ്നവുമില്ല. ഇങ്ങനെ കഴിയുന്ന എഴുത്തുകാർ മിക്കവാറും അവരുടെ ഭൂതകാലത്തിലെ ഒരിടമാകും ഏറ്റവും മികച്ച പ്രചോദനമായി കൊണ്ടുനടക്കുക. 

 

അൽജീരിയയിലെ ഒരു ചെറിയ പട്ടണത്തിൽനിന്നു പാരിസിലെത്തിയ ആൽബേർ കമ്യൂ, ദി ഔട്ട്സൈഡർ, ദ് പ്ലേഗ് എന്നീ നോവലുകളുടെയും ദ് റിബൽ, ദ് മിത്ത് ഓഫ് സിസിഫസ് എന്നിവയുടെയും പ്രസിദ്ധീകരണത്തോടെ ഫ്രഞ്ചിലെ പ്രശസ്ത എഴുത്തുകാരിലൊരാളായി മാറി. ദരിദ്രമായ സാഹചര്യങ്ങളിൽനിന്ന് മഹാനഗരത്തിലെത്തിയ കമ്യൂവിന് അവിടം സാഹിത്യ അഹന്തയുടെ സ്ഥലമായാണു തോന്നിയത്. പാരിസിൽ എത്തിയ കാലത്ത് സാർത്രെയുമായുള്ള സൗഹൃദം കമ്യൂവിന്റെ ജീവിതം മാറ്റിമറിച്ചുവെങ്കിലും, ദ് റിബൽ എന്ന കൃതിയിൽ മാർക്സിസത്തെ വിമർശിച്ചതോടെ ആ ബന്ധം ഉലഞ്ഞു. 1930 കളിൽ അൽജീരിയയിലായിരിക്കെ കമ്യൂ രചിച്ച ആദ്യകൃതിയുടെ പുതിയ പതിപ്പ് ഇറക്കാൻ വർഷങ്ങളോളം പ്രസാധകർ നിർബന്ധിച്ചെങ്കിലും കമ്യൂ അതിനു സമ്മതിച്ചിരുന്നില്ല. ആ കൃതിയിലെ ഭാഷയ്ക്കു പക്വത വന്നിട്ടില്ലെന്നതായിരുന്നു അദ്ദേഹം പറഞ്ഞ കാരണം. എന്നാൽ, അൽജീരിയൻ പശ്ചാത്തലം തന്റെ സർഗചേതനയുടെ ഉറവിടമാണെന്ന് കമ്യൂവിന് അറിയാമായിരുന്നു. The Wrong Side and the Right side, Nuptials എന്നിവ അൽജീരിയയിൽ പ്രസിദ്ധീകരിച്ചത് 1937 ലും 1939 ലുമാണ്. ഒടുവിൽ 1957 ൽ ഫ്രാൻസിൽ The Wrong Side and the Right side പുനഃപ്രസിദ്ധീകരിച്ചപ്പോൾ കമ്യൂ എഴുതിയ മുഖവുര തന്റെ സാഹിത്യവ്യക്തിത്വം എന്നത് അൽജീരിയയിലെ പട്ടിണിക്കും വെയിലിനും മാത്രം അവകാശപ്പെട്ടതാണെന്നു വിശദീകരിക്കുന്നതായിരുന്നു. ഓരോ എഴുത്തുകാരനും തന്റെ ജീവിതകാലമത്രയും പരിപാലിക്കുന്ന ഒരു ഉറവുണ്ടാകും. ആ നീരൊഴുക്കു കുറേശ്ശെയായി വരളുമ്പോൾ അയാളുടെ സൃഷ്ടികൾ ശോഷിക്കാൻ ആരംഭിക്കുന്നു. The Wrong Side and the Right side ൽ ഉള്ള പട്ടിണിയുടെയും സൂര്യപ്രകാശത്തിന്റെയുമായ ലോകമാണു തന്റെ ഉറവിടം. ആഫ്രിക്കയിൽ വെയിലും കടലും സുലഭമാണ്, അത് തീർന്നുപോകില്ല എന്നാണു കമ്യൂ എഴുതുന്നത്. ഈ കൃതിയുടെ അസൽ തലക്കെട്ട് ഇംഗ്ലിഷിലേക്കു പരിഭാഷ ചെയ്യുക എളുപ്പമായിരുന്നില്ല. തുന്നലുകളുളള ഒരു തുണിക്കഷ്ണത്തിന്റെ രണ്ടുവശങ്ങൾ, അല്ലെങ്കിൽ ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ എന്നാണ് അർഥം.

 

പുന്നയൂർകുളം എന്ന സ്ഥലത്തെ ഒരു പ്രത്യേക ദേശമായി കരുതി അവിടെനിന്നാണു തന്റെ ഉറവുകൾ വരുന്നതെന്ന് മാധവിക്കുട്ടിയും പറയുന്നു. ‘‘അവിടെ ചെലവഴിച്ച മധ്യാഹ്നങ്ങൾ നീണ്ടുനീണ്ടു പോകുന്ന ഉച്ചകളായിരുന്നു. കാതിൽ പക്ഷിശബ്ദങ്ങൾ, കാറ്റിന്റെ മർമരം,  ഉരൽപ്പുരയിൽ നെല്ലുകുത്തുന്ന ശബ്ദം, നിരവധി ശബ്ദങ്ങളെടുത്തു ഞാൻ ഒരു ഭൂതകാലാന്തരീഷം നെയ്തെടുക്കുന്നു’’.

അൽജീരിയയും പുന്നയൂർക്കുളവും യഥാർഥത്തിൽ ഉള്ള സ്ഥലങ്ങളായി നമ്മുടെ മുന്നിലുണ്ട്. അതേസമയം എഴുത്തുകാരുടെ ഉള്ളിൽ ആ സ്ഥലങ്ങൾ വിദൂരമായ സ്മരണകളായി, സർഗസ്രോതസ്സായി വസിക്കുന്നു.

 

ആൽബേർ കമ്യൂവിന്റെ അൽജീരിയൻ കാലത്തെ രചനകളുടെ സമാഹാരം ഇംഗ്ലിഷിൽ Personal Writings എന്ന പേരിലാണ്‌ ഇറങ്ങിയത്‌. കമ്യുവിന്റെ വ്യക്തിസത്തയെ തുറന്നുകാട്ടുന്ന, ഏറ്റവും അടുപ്പമുള്ള ഭാഷയിലെഴുതിയ ഈ ലേഖനങ്ങളെപ്പറ്റി പിന്നീടൊരിക്കൽ വിശദമായി എഴുതാമെന്നു പ്രതീക്ഷിക്കുന്നു.

 

English Summary: Ezhuthumesha column written by Ajay P Mangattu, Madhavikutty and Albert Camus