കെട്ടിപ്പിടിക്കുന്ന വാക്കുകൾ, ഒപ്പം നടക്കുന്ന കഥകൾ
ഒറ്റയ്ക്കിരിക്കുമ്പോൾ വായിക്കേണ്ടവയാണു സിവിക് ജോണിന്റെ കഥകൾ. ബഹളങ്ങളിൽ നിന്നൊഴിഞ്ഞ്, മുറിയിലെ തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന്, പുറത്തെ നിശബ്ദമായ രാത്രിയെ പ്രണയിച്ച്, ഒരു ധ്യാനമെന്ന പോൽ വായിക്കണമവ. സിരകളിൽ സ്നേഹമൊഴുകുന്ന കഥാപാത്രങ്ങളെയാണു നമ്മുടെ കാഴ്ചവട്ടങ്ങളിൽ നിന്നു സിവിക് കണ്ടെടുക്കുന്നത്.
ഒറ്റയ്ക്കിരിക്കുമ്പോൾ വായിക്കേണ്ടവയാണു സിവിക് ജോണിന്റെ കഥകൾ. ബഹളങ്ങളിൽ നിന്നൊഴിഞ്ഞ്, മുറിയിലെ തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന്, പുറത്തെ നിശബ്ദമായ രാത്രിയെ പ്രണയിച്ച്, ഒരു ധ്യാനമെന്ന പോൽ വായിക്കണമവ. സിരകളിൽ സ്നേഹമൊഴുകുന്ന കഥാപാത്രങ്ങളെയാണു നമ്മുടെ കാഴ്ചവട്ടങ്ങളിൽ നിന്നു സിവിക് കണ്ടെടുക്കുന്നത്.
ഒറ്റയ്ക്കിരിക്കുമ്പോൾ വായിക്കേണ്ടവയാണു സിവിക് ജോണിന്റെ കഥകൾ. ബഹളങ്ങളിൽ നിന്നൊഴിഞ്ഞ്, മുറിയിലെ തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന്, പുറത്തെ നിശബ്ദമായ രാത്രിയെ പ്രണയിച്ച്, ഒരു ധ്യാനമെന്ന പോൽ വായിക്കണമവ. സിരകളിൽ സ്നേഹമൊഴുകുന്ന കഥാപാത്രങ്ങളെയാണു നമ്മുടെ കാഴ്ചവട്ടങ്ങളിൽ നിന്നു സിവിക് കണ്ടെടുക്കുന്നത്.
ഒറ്റയ്ക്കിരിക്കുമ്പോൾ വായിക്കേണ്ടവയാണു സിവിക് ജോണിന്റെ കഥകൾ. ബഹളങ്ങളിൽ നിന്നൊഴിഞ്ഞ്, മുറിയിലെ തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന്, പുറത്തെ നിശ്ശബ്ദമായ രാത്രിയെ പ്രണയിച്ച്, ഒരു ധ്യാനമെന്ന പോൽ വായിക്കണമവ. സിരകളിൽ സ്നേഹമൊഴുകുന്ന കഥാപാത്രങ്ങളെയാണു നമ്മുടെ കാഴ്ചവട്ടങ്ങളിൽനിന്നു സിവിക് കണ്ടെടുക്കുന്നത്. മഴയും തണുപ്പും സംഗീതവും സൗഹൃദവും ഏകാന്തതയുമെല്ലാം നിറഞ്ഞ ആ ജീവിതപരിസരങ്ങൾ നമ്മെ മൃദുവായി കെട്ടിപ്പിടിക്കും. വായന കഴിഞ്ഞും വാക്കുകൾ പെയ്തുകൊണ്ടേയിരിക്കും. 27 വയസ്സുള്ള സിവിക്കിന്റെ രണ്ടു കഥാസമാഹാരങ്ങളാണു പുറത്തുവന്നിട്ടുള്ളത്. അതിസുന്ദരം ഒരു മരണം, സീസൺ ഫിനാലെ. വളരെക്കുറച്ചു മാത്രം എഴുതുന്ന, എന്നാൽ വളരെയധികം വായിക്കുന്ന, സിനിമ കാണുന്ന, പാട്ടു കേൾക്കുന്ന സിവിക് ജോൺ സംസാരിക്കുന്നു.
∙‘‘സീതപോലും അറിയാതെ ഒരു തുള്ളി കണ്ണുനീർ വയൽക്കരെ വീണു കിടന്ന് മണ്ണിനെ പൊള്ളിച്ചു’’ എന്നു സിവിക് ‘ചില നേരങ്ങളിൽ ചിലർ’ എന്ന കഥയിൽ എഴുതുമ്പോൾ വായനക്കാരന്റെ ഉള്ളുലയുകയും കണ്ണീർ പൊടിയുകയും ചെയ്യും. സീതാലക്ഷ്മി, ശുഭ, ഫ്രാൻസിസ്, അഴഗ്, രാജശ്രീ എന്നിവരിലൂടെ സൗഹൃദവും ബന്ധവും തേടുന്ന മനുഷ്യന്റെ ദാഹമാണു പറയുന്നതെങ്കിലും അതികഠിനമായ ഏകാന്തതയും ഒറ്റപ്പെടലും ഇവരെയെല്ലാം ചൂഴ്ന്നു നിൽക്കുന്നതായും തോന്നിയിട്ടുണ്ട്. ആത്യന്തികമായി നമ്മളെല്ലാം ഏകരാണ്, ഒറ്റയാണ് എന്നാണോ പറയാൻ ഉദ്ദേശിച്ചത്?
ഒറ്റയ്ക്കാണു മനുഷ്യർ. പക്ഷേ, അതത്ര നല്ല കാര്യമല്ല. എല്ലാക്കാലവും ഒറ്റയ്ക്കായിരിക്കാൻ ആരുമാഗ്രഹിക്കില്ല. കഥയിലെ ഫ്രാൻസിസിന്റെയും അഴഗിന്റെയും അവസ്ഥ ഏറെക്കുറെ ഒന്നാണ്. ഒരാളുടേത് അറേഞ്ച്ഡ് മാര്യേജും മറ്റേയാളുടേത് ലവ് മാര്യേജും ആയിരുന്നെങ്കിലും രണ്ടു പേരും അവരവരുടെ ജീവിതങ്ങളിൽ വളരെ സന്തോഷമായിട്ടു ജീവിച്ചവരാണ്. ആ ബന്ധങ്ങൾ രണ്ടുപേർക്കും ഇപ്പോഴില്ല. അതിന്റെ ഓർമയിൽ വീണ്ടും സങ്കടപ്പെട്ടു കഴിയേണ്ടതുണ്ടോ? ത്യാഗം ചെയ്ത് ആർക്കു വേണ്ടിയാണു ജീവിക്കേണ്ടത്? അറുപതു വയസ്സു പിന്നിട്ട അവർ അവരുടെ സന്തോഷം ബാക്കിയുള്ളവരുടെ വാക്കുകൾക്കു വിട്ടുകൊടുക്കുന്നതെന്തിനാണ്? ഏതു പ്രായത്തിലും ഒറ്റപ്പെടൽ ഒരു വലിയ പ്രശ്നമാണ്. പക്ഷേ, ഇരുപതുകളിൽ നമുക്കു തോന്നുന്ന ഒറ്റപ്പെടലല്ല, നാൽപതുകളിലും അൻപതുകളിലും അനുഭവപ്പെടുക. ഫ്രാൻസിസും അഴഗും ഒറ്റപ്പെട്ടു ജീവിക്കാൻ ആഗ്രഹിക്കുകയുണ്ടാകില്ല എന്ന തോന്നലിൽ നിന്നാണ് ആ കഥാപരിസരത്തിന്റെ പിറവി. ഫിക്‌ഷൻ എന്ന് എന്റെ എഴുത്തിനെ വിശേഷിപ്പിക്കാൻ കഴിയുമോയെന്ന് അറിയില്ല. കാരണം ഫിക്‌ഷനൽ ആയിട്ട് ഞാൻ ഒന്നുമെഴുതിയിട്ടില്ല. എല്ലാക്കാര്യങ്ങളും എവിടെയെങ്കിലും ഞാൻ അനുഭവച്ചറിഞ്ഞിട്ടുള്ളതാണ്. ചിലപ്പോൾ വായിച്ച്, അല്ലെങ്കിൽ നേരിട്ടു കണ്ട്. എനിക്കു വളരെ പരിചിതമായിട്ടുള്ളവ മാത്രമേ ഞാൻ എഴുതിയിട്ടുള്ളൂ. ജീവിതത്തിലെ എന്തെല്ലാം നമ്മൾ ആഘോഷമാക്കാറുണ്ട്. ഇത്തരം ബന്ധങ്ങളും ആഘോഷമാക്കേണ്ടതാണ്. We celebrate people for the wrong reasons, but this is something we should be actually celebrating.
∙ പുതിയ പല സങ്കേതങ്ങളും സിവിക് കഥയിലും കഥാചിത്രീകരണത്തിലും കൊണ്ടുവരുന്നുണ്ട്. സോൾ കിച്ചനിലെ വെട്ടുംതിരുത്തുമുള്ള കഥാകഥന രീതി, കഥാപാത്ര അവതരണത്തിനൊപ്പം നൽകിയിരിക്കുന്ന പാചകക്കുറിപ്പുകൾ; ചില നേരങ്ങളിൽ ചിലരിൽ ഉപയോഗിച്ചിരിക്കുന്ന തമിഴ് ഭാഷ, അതിലെ തന്നെ വരകൾ – പ്രത്യേകിച്ചും അഴഗ് നടന്നുവരുന്നതു ഫിലിം റോളിൽ വരച്ചതും സീതാലക്ഷ്മിയുടെ കയ്യിലിട്ട പ്ലാസ്റ്ററിലെ വരകളും തുടങ്ങിയവ വായനക്കാരിൽ നിന്നു വേറിട്ടൊരു സംവേദനത്വം ആവശ്യപ്പെടുന്നുണ്ട്. ഇവയുടെ ഉപയോഗത്തെപ്പറ്റി അൽപം വിശദമാക്കാമോ?
ഒട്ടേറെ പരിമിതികളുള്ള ഒരു എഴുത്തുകാരനാണു ഞാൻ. സ്വന്തമായി ശക്തമായ ഭാഷ, ഭാഷ കൊണ്ട് അമ്മാനമാടാനുള്ള സിദ്ധി – അങ്ങനെയൊന്നും കയ്യിലില്ല. നമുക്കു പറയാനുള്ള കാര്യങ്ങൾ ഏറ്റവും ലളിതമായി പറഞ്ഞുവയ്ക്കുക എന്നതാണു ലക്ഷ്യം. ഭാഷയിൽ പ്രത്യേകിച്ചു കൈക്രിയകൾ ചെയ്യാൻ കഴിയില്ലാത്ത അവസരത്തിൽ എഴുത്തിനെ വേറെ ഏതു രൂപത്തിൽ ആകർഷകമാക്കാൻ കഴിയും എന്ന അന്വേഷണത്തിലാണ് ഇത്തരം എഴുത്തുരീതികൾ സംഭവിക്കുന്നത്. സോൾ കിച്ചനിലെ വെട്ടുംതിരുത്തും വേറൊരു ചിന്തയിൽ നിന്നുണ്ടായതാണ്. അതിലെ കഥാപാത്രം ക്ലിനിക്കൽ ഡിപ്രഷൻ അനുഭവിച്ചിരുന്ന ഒരു രോഗിയാണ്. അങ്ങനെയുള്ള ഒരാൾ എഴുതുന്ന കുറിപ്പുകളുടെ ഒരു ഭാഗം എന്നതാണ് ആ കഥയുടെ ടെംപ്ലേറ്റ്. ആ വെട്ടും തിരുത്തും സൂചിപ്പിക്കുന്നത് അതാണ്. അവർ നിലവിൽ ഒരു മൂഡിലിരിക്കുമ്പോൾ എഴുതിയിരുന്ന വാചകങ്ങളിൽ പിന്നീടു തിരുത്തലുകളുണ്ടാകുന്നുണ്ട്. അതാണതു കാണിക്കുന്നത്. ഞാൻ തന്നെ ഒരു ആറുമാസം മുൻപ് എഴുതിയിരുന്നത് ഇപ്പോൾ വായിക്കുമ്പോൾ പലതും മാറ്റാമെന്ന് എനിക്കു തന്നെ തോന്നാറുണ്ട്. ആരതിയുടെ മാനസിക നിലയിൽ വന്ന വ്യത്യാസങ്ങളാണ് ആ വെട്ടിത്തിരുത്തലുകൾ. വേറെയും വ്യത്യസ്തതകൾ അതിലുണ്ട്. 1 മുതൽ 140 വരെയുള്ള പേജു നമ്പറുകൾ ആ 28 പേജിന്റെ കഥയ്ക്കകത്തുണ്ട്. ഔട്ട് ഓഫ് ദ് ബോക്സ് ആശയങ്ങളാണവ. അവ ചെയ്തു വിജയിപ്പിക്കുക എന്നതു വലിയ വെല്ലുവിളിയാണ്. അതു പ്രസിദ്ധീകരിക്കുക എന്നത് അതിലും വലിയ വെല്ലുവിളിയും. 2018ൽ എഴുതിയ ‘ചില നേരങ്ങളിൽ ചിലർ’ വെളിച്ചം കാണുന്നത് 2020 ലാണ്. വലുപ്പം എന്ന ഒരു കാരണത്താലാണ് അത് അത്രയും കാലം പെട്ടിയിലിരുന്നത്. ഒരു കഥയുടെ വലുപ്പം ഇന്നതാണ്, ഒരു നോവലിന്റേത് ഇത്രയുമാണ് എന്നൊക്കെ ചില മുൻധാരണകളുണ്ടല്ലോ. എനിക്ക് അതിൽ കടുംപിടുത്തമില്ല. ഒരു കഥയ്ക്ക് എത്ര വലുപ്പം വേണമെന്നു കഥ തന്നെയാണു തീരുമാനിക്കുന്നത്. ഞാൻ രണ്ടു പേജിന്റെയും നാലു പേജിന്റെയും 10 പേജിന്റെയും എഴുതിയിട്ടുണ്ട്. ചില നേരങ്ങളിൽ ചിലർ ആകട്ടെ അൻപതിലേറെ പേജുകളുണ്ട്.
∙ 2035 ലെ ലോകത്തിലെ ഏറ്റവും ആധുനികനായ ഒരു നായയെയാണു സീസൺ ഫിനാലെ അവതരിപ്പിക്കുന്നതെങ്കിലും അതിലെ മനുഷ്യനാകട്ടെ ദുര മൂത്ത, അപകടകാരിയായ, സ്നേഹരാഹിത്യം നിറഞ്ഞ ഇക്കാലത്തെയും എക്കാലത്തെയും മനുഷ്യൻ തന്നെയാണ്. അടിസ്ഥാനപരമായി അതൊരു അശുഭകരമായ ചിന്തയായി തോന്നാം. മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള സിവിക്കിന്റെ പ്രതീക്ഷകൾ അതാണോ?
അത്ര പ്രതീക്ഷ നശിച്ച ഒന്നല്ല സീസൺ ഫിനാലെയിൽ പറഞ്ഞിരിക്കുന്നത്. സ്വന്തം കാര്യം മാത്രം നോക്കുന്ന മനുഷ്യർ എല്ലാക്കാലത്തും ഉണ്ടായിരുന്നു. എല്ലാക്കാലത്തും ഉണ്ടായിരിക്കും. അതു മാറ്റാൻ പറ്റില്ല. അപ്പോഴും പ്രതീക്ഷയ്ക്കു വകയില്ല എന്നല്ല. ഹാച്ചി ചെയ്യുന്നതു തന്നെ നോക്കാം. റേച്ചലിന്റെ മരണവും പിന്നീടു സംഭവിക്കാനിരിക്കുന്ന ഹാച്ചിയുടെ മരണവും വെറുതെയാകുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരാവാദിത്തം പ്രേക്ഷകർക്കു കൈമാറുകയാണ്. ലൈവിൽ അത്രയധികം ആളുകളുമായി സംവദിച്ചിട്ടു തന്നെയാണ് ഹാച്ചി പോകുന്നത്. ആ സംവാദം നടക്കുന്നതിനു കാരണം മനുഷ്യാവസ്ഥയിൽ ഹാച്ചിക്കു വിശ്വാസമുള്ളതുകൊണ്ടു തന്നെയാണ്. ഞാൻ ഇല്ലെങ്കിലും ഏൽപ്പിച്ചു പോകുന്ന ഈ കാര്യം ചെയ്യാൻ മനുഷ്യർ തയാറാകും എന്നതു പ്രതീക്ഷ തന്നെയാണ്. ഹാച്ചി അവിടെ ജീവൻ അവസാനിപ്പിക്കുന്നത് ആ ലൈവ് കണ്ടുകൊണ്ടിരിക്കുന്ന മുഴുവൻ ആളുകളിലും നിരുപാധികം വിശ്വസിച്ചു കൊണ്ടാണ്. സ്വാർഥരായ ആളുകളുണ്ടാകുമെങ്കിലും മറ്റുള്ളവർക്കു വേണ്ടിയും പ്രവർത്തിക്കുന്നവർ തീർച്ചയായുമുണ്ടാകും എന്ന പ്രതീക്ഷ. മനുഷ്യരിൽ എനിക്ക് എല്ലാക്കാലത്തും പ്രതീക്ഷയുണ്ട്.
∙ ‘ദുഃഖിതർക്കൊരു പൂമരം’ എന്ന കഥയുടെ തുടക്കത്തിൽ ‘ചിറകറ്റ മാലാഖക്കുഞ്ഞുങ്ങൾ’ എന്നൊരു പ്രയോഗം നടത്തുന്നുണ്ടു സിവിക്. കറുത്ത വാക്കുകൾ പറഞ്ഞ് അവഗണിക്കുന്നവരെയും അനുതാപത്തോടെ ചേർത്തുപിടിക്കാനുള്ള അപ്പുണ്ണിയുടെ അമ്മയുടെ ശ്രമമായിട്ടാണതു തോന്നിയത്. കെട്ടകാലത്തിന്റെ ഇരകൾ മാത്രമാണു മനുഷ്യരെന്നും അവരുടെ ചെയ്തികൾ നമ്മുടെ സ്നേഹവും കരുണയും അർഹിക്കുന്നുണ്ടെന്നുമുള്ള ദർശനം പല കഥകളുടെയും അന്തർധാരയായി അനുഭവപ്പെട്ടു?
എല്ലാവരും സമ്പൂർണരല്ല. ഭയങ്കരമായി തെറ്റുകുറ്റങ്ങളുള്ളവരും മനുഷ്യരാണ്. ഇംപൾസിന്റെ പുറത്താണ് ഓരോ പ്രവൃത്തിയും ഉണ്ടാകുന്നത്. പെട്ടെന്നൊരു വികാരത്തള്ളിച്ചയുടെ പുറത്തു സംഭവിക്കുന്നവയാണു മനുഷ്യനിലെ ഈ പറയപ്പെടുന്ന തരത്തിലുള്ള തെറ്റുകളും ശരികളും സൃഷ്ടിക്കുന്നത്. അതുംകൂടി ഉൾപ്പെട്ടതാണു സമൂഹം. നൂറു ശതമാനം പ്രായോഗികമായി, വികാരമില്ലാതെ ജീവിച്ചിട്ടു കാര്യമില്ല. വൈകാരികത എന്നതു മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാണ്. അടിസ്ഥാന സ്വഭാവമാണത്. അതുള്ളതുകൊണ്ടാണു മനുഷ്യർ നല്ലവരും ചീത്തവരും ആയി മാറുന്നത്. കുറച്ചുകൂടി നന്നായി പെരുമാറാമായിരുന്നു എന്നു തോന്നിപ്പിക്കുന്ന ഒരുപാടു സംഭവങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. പക്ഷേ, അതു സംഭവിച്ചുപോകുന്നതാണ്. കാരണം ഒരുപാടു തെറ്റുകുറ്റങ്ങളുള്ള ആളാണ്. എല്ലാവരിലും ഏറിയും കുറഞ്ഞും അത് ഉണ്ടാകുമെന്നു തന്നെ ഞാൻ വിചാരിക്കുന്നു. ഒരു പ്രത്യേകസമയത്തെ നമ്മുടെ പ്രതികരണം സംഭവിക്കുന്നതു കുറേ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അങ്ങനെയുള്ള ഒരു പ്രതികരണത്തിന്റെ പേരിൽ ശരിയും തെറ്റും വിലയിരുത്തുന്നതിലും ഒരാളെ വിധിക്കുന്നതിലും കാര്യമുണ്ടെന്നു തോന്നുന്നില്ല. ഞാൻ മനുഷ്യരിൽ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. അതെത്രത്തോളം ശരിയാണെന്നറിയില്ല. എവിടെയെങ്കിലും വച്ച് ആളുകളെ വഴിതിരിച്ചുവിടാൻ നമുക്കു കഴിയും. മനുഷ്യരെ വിശ്വസിച്ചേ പറ്റൂ, മനുഷ്യനെയേ വിശ്വസിക്കാൻ പറ്റൂ.
∙ ചില കഥാപാത്രങ്ങൾക്കു സിവിക്കിന്റെ കഥകളിൽ ഒരു തുടർച്ചയുണ്ടാകുന്നുണ്ട്. അതു ബോധപൂർവം സംഭവിക്കുന്നതാണോ? ഒരു കഥാപാത്രം മനസ്സിൽ നിന്നിറങ്ങിപ്പോകാൻ കൂട്ടാക്കാതെയിരിക്കുന്നതെന്തുകൊണ്ടാണ്? ആ അനുഭവത്തെപ്പറ്റി കൂടുതൽ പറയാമോ?
ആദ്യമെഴുതിയ കഥയ്ക്കു മൂന്നു വർഷത്തിനു ശേഷം ഞാൻ തുടർച്ച എഴുതിയിട്ടുണ്ടായിരുന്നു. അതിനുശേഷം വീണ്ടുമൊരു തുടർച്ച ഞാൻ ചെയ്യുന്നതു സോൾ കിച്ചനിലാണ്. സോൾ കിച്ചൻ വളരെ പെട്ടെന്നു സംഭവിച്ച ഒരു കഥയാണ്. ‘അതി സുന്ദരം ഒരു മരണം’ പ്രസിദ്ധീകരിച്ചു വന്ന ശേഷം ബിജുവേട്ടന്റെ നിർദേശമായിരുന്നു ഉടനെ മറ്റൊരു കഥ കൂടി എഴുതിയാൽ നന്നാകും എന്ന്. ഞാൻ എഴുതാൻ മടിയുള്ള ഒരാളാണ്. വർഷം മൂന്നോ നാലോ കഥകൾ. അതു തന്നെ പരമാവധിയാണ്. അങ്ങനെയൊരു നിർദേശം വന്നപ്പോഴാണു ഞാൻ പുതിയ കഥയെക്കുറിച്ച് ആലോചിച്ചത്. അതിനുള്ള സാവകാശം എനിക്കില്ലായിരുന്നു. പുതിയ കഥാപാത്രങ്ങളെക്കുറിച്ചു ചിന്തിച്ചപ്പോൾ ഞാൻ വളരെപ്പെട്ടെന്ന് എന്റെ പഴയ കഥാപാത്രങ്ങളിലേക്കു പോയി. അവരുള്ളപ്പോൾ എന്തിനു പുതിയ ആളുകൾ എന്നു തീരുമാനിക്കുകയായിരുന്നു.
സോൾ കിച്ചനിൽ ഞാൻ ഉപയോഗിച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാം പലപ്പോഴായി എഴുതിയിട്ടുള്ളവർ തന്നെയാണ്. ആരതി എന്ന കഥാനായികയെ മാത്രമാണു പുതുതായി സൃഷ്ടിച്ചത്. ഡോ. ശൈലജ ബാലകൃഷ്ണൻ ഞാൻ എഴുതി പൂർത്തിയാക്കാൻ പറ്റാതെ പോയ ഒരു കഥയിലെ കഥാപാത്രമാണ്. നാലഞ്ചു വർഷം മുൻപു തുടങ്ങിയ ഒരു കഥയിലാണ് അവരുള്ളത്. ഇതുവരെ തീർന്നിട്ടില്ല. എപ്പോഴെങ്കിലും ഞാൻ പൂർത്തിയാക്കും എന്ന പ്രതീക്ഷയിൽ കൊണ്ടുനടക്കുന്ന കഥാപാത്രമാണത്. പിന്നെ ദിതി എന്ന കഥാപാത്രം ‘വേർപാടിന്റെ രണ്ടാം അധ്യായം’ എന്ന കഥയിലുള്ളതാണ്. ശ്രുതി രാമൻ ‘ഫിലിം ഫെസ്റ്റിവൽ’ എന്ന കഥയിലുള്ളതാണ്. അങ്ങനെ എന്റെ 3 പഴയ കഥാപാത്രങ്ങൾ സോൾ കിച്ചനിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.
എഴുതുന്ന ഓരോ കഥകളിലെയും കഥാപാത്രങ്ങളുടെ പേരുകൾ മാത്രം മാറിക്കൊണ്ടിരുന്നാൽ തന്നെയും അതു പഴയ കഥാപാത്രങ്ങളുടെ വികലമായ അനുകരണം മാത്രമായിരിക്കുമെന്നു കരുതുന്നയാളാണു ഞാൻ. അങ്ങനെ ചെയ്യുന്നതിനു പകരം ശക്തമായ ഒരു കഥാപാത്രത്തെ ആദ്യമേ സൃഷ്ടിക്കാനായാൽ തുടർ വർഷങ്ങളിൽ വീണ്ടും വീണ്ടും ഉപയോഗിക്കുക തന്നെയാണു നല്ലതെന്നു കരുതുന്നു. നമ്മൾ വളരുന്നതു പോലെ വർഷങ്ങളിലൂടെ ആ കഥാപാത്രത്തിനുണ്ടാകുന്ന വളർച്ചയും ഒരു സ്രഷ്ടാവ് എന്ന നിലയിൽ നമുക്ക് സങ്കൽപിക്കാനാകും. ‘ഛായ’ എന്ന കഥയിലെ റിച്ചഡ് എന്ന ഫൊട്ടോഗ്രഫർ ഉൾപ്പെടുന്ന ഒരു കഥ കൂടി എഴുതാനുള്ള പദ്ധതി തയാറായി വരുന്നുണ്ട്. എന്റെ തന്നെ രണ്ടു കഥകൾ ലിങ്ക് ചെയ്യാൻ പറ്റുമോയെന്ന ഒരു ശ്രമമായിരിക്കും അത്. ‘ഫോട്ടോഗ്രഫർ’ എന്നൊരു കഥയുണ്ട്. അതിലൊരു ഫൊട്ടോഗ്രഫറുണ്ട്. അയാൾക്ക് എന്തു സംഭവിക്കുന്നു എന്ന കാര്യത്തിൽ ആ കഥ വ്യക്തമായി ഒന്നും പറയുന്നില്ല. മരിച്ചിട്ടുണ്ടാകാം എന്ന സാധ്യതയിലാണ് കഥ അവസാനിക്കുന്നത്. അതിൽ അയാൾക്കൊരു മകനുണ്ടെന്ന് പറയുന്നുണ്ട്. ഫൊട്ടോഗ്രഫർ എഴുതുന്നത് 2018 ലാണ്. ഛായ എഴുതുന്നത് 2020ലും. അതിലെ കഥാപാത്രം ഒരിക്കലും ഒരു ഫൊട്ടോഗ്രഫർ ആയിരുന്നില്ല. പക്ഷേ, എഴുതി വന്നപ്പോൾ അങ്ങനെ ആയിത്തീരുകയായിരുന്നു. ഈ രണ്ടു കഥാപാത്രങ്ങളെയും ബന്ധപ്പെടുത്താൻ പറ്റുമോയെന്ന ആലോചനയിലാണു ഞാനിപ്പോൾ.
സോൾ കിച്ചൻ എന്ന കഥയുടെ ആശയം തന്നെ ഇതായിരുന്നു. എനിക്കു പരിചിതരായ കഥാപാത്രങ്ങളെ ഉപയോഗിച്ച്, പറയാനുള്ള കാര്യങ്ങൾ കുറച്ചകൂടി വലിയ കാൻവാസിൽ പറയുക. മാനസികാരോഗ്യത്തെപ്പറ്റി ഗൗരവമായി സംസാരിക്കേണ്ടതുണ്ടെന്നു ഞാൻ കരുതുന്നു. അനുതാപപൂർവം ആളുകളോട് അതേപ്പറ്റി സംസാരിച്ചിട്ടേ കാര്യമുള്ളൂ. വളരെ ഗൗരവമുള്ള വ്യക്തിത്വപ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെ ആളുകളെ എനിക്കു നേരിട്ടറിയാം. അവരുടെ സ്ഥിതി കൂടെയുള്ളവർ മനസ്സിലാക്കുന്നില്ല എന്നതാണ് അവരുടെ പരാതി. ഒന്നുകിൽ മുൻധാരണയോടെ സമീപിക്കും, അല്ലെങ്കിൽ ഉപദേശം മാത്രം നൽകും. ഇതാണു സ്ഥിതി. അങ്ങനെയാണു സമൂഹം. അതിനൊരു മാറ്റം സോൾ കിച്ചനിലൂടെ വരണമെന്നാണ് ആഗ്രഹം. സോൾ കിച്ചനിൽ ഇനിയും കഥകൾ വരും. പത്തോ പന്ത്രണ്ടോ അധ്യായങ്ങളോ അതിൽക്കൂടുതലോ ഉണ്ടാകാം. അതിലൊരു അധ്യായത്തിലാണ് റിച്ചഡ് എന്ന ഫൊട്ടോഗ്രഫറെ വീണ്ടും ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്.
∙ കുടുംബം, കുട്ടിക്കാല ജീവിതം, പഠനം, ജോലി?
എറണാകുളം ജില്ലയിലെ കോതമംഗലത്തുനിന്ന് തട്ടേക്കാട് പോകുന്ന വഴിയിൽ കീരംപാറയിലാണു വീട്. കോതമംഗലം ടൗണിൽ നിന്ന് 7 കിലോമീറ്റർ. വീട്ടിൽ അച്ഛൻ, അമ്മ, അനിയൻ. അച്ഛൻ ജോൺ പെരുവന്താനം പരിസ്ഥിതി പ്രവർത്തകനാണ്. അമ്മ ലിസി വീട്ടമ്മയാണ്. അനിയൻ സിവിൽ കാഞ്ഞിരപ്പള്ളിയിൽ ഡോക്ടറും. കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചത്. പിന്നീട് തൊടുപുഴ മുട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിൽ ബിടെക്. പോളിമർ സയൻസും റബർ ടെക്നോളജിയുമാണു പഠിച്ചത്. ഇപ്പോൾ മൈസൂരു ലൂണാർ വാക്‌മേറ്റ് കമ്പനിയിൽ ക്വാളിറ്റി എൻജിനീയർ. ചെറുതായിരിക്കുമ്പോഴേ വായിച്ചിരുന്നു. പുറത്തുള്ള പരിപാടികൾ കുറവായിരുന്നു. ആരോഗ്യകാരണങ്ങളാൽ വീട്ടിൽ ഒതുങ്ങുകയായിരുന്നു. അങ്ങനെ വായനയിലേക്കു വന്നുചാടിയതാണ്. അതിൽ നിന്നു പിന്നീട് ഇറങ്ങിയിട്ടില്ല. തൊടുപുഴയിലെ എൻജിനീയറിങ് പഠനകാലത്ത് വായന വിപുലമായി. കെ.രേഖ, പ്രിയ എ.എസ്., ഷീബ ഇ.കെ., രഘുനാഥ് പലേരി എന്നിവരൊക്കെ ഇഷ്ടക്കാരായി മാറിയത് അക്കാലത്താണ്. അവരെ പരിചയപ്പെടാനും സംസാരിക്കാനുമൊക്കെ പിന്നീടു സാധിച്ചതു വലിയ കാര്യമായിട്ടാണു കരുതുന്നത്. എഴുത്തുകാരൻ എന്ന ടാഗ് കൊണ്ടു കിട്ടിയ ചില ഗുണങ്ങളാണവ.
∙ വായന, സിനിമ, സംഗീതം. എഴുത്തിനേക്കാൾ സിവിക് വ്യാപരിക്കുന്ന മേഖലകളാണിവ. ഇവയിലെ ഏറ്റവും പുതിയ ഉൾത്തുടിപ്പുകൾ പങ്കുവയ്ക്കാമോ?
ഒരുപാടു പരിമിതിയുള്ള വായനയാണ്. ഫിക്‌ഷൻ ആണു കൂടുതൽ വായിക്കുന്നത്. നോൺ ഫിക്‌ഷൻ വായന കുറവാണ്. ഒരു പ്രത്യേക സമയത്ത് ഇറങ്ങിയ പുസ്തകങ്ങളെല്ലാം വായിക്കുക എന്നതല്ല എന്റെ രീതി. ഞാൻ ഒരു എഴുത്തുകാരനെ, എഴുത്തുകാരിയെ ഇഷ്ടപ്പെട്ടാൽ അവരുടെ കൃതികളെല്ലാം തേടിപ്പിടിച്ചു വായിക്കുക എന്നതാണു പിന്തുടരുന്നത്. അതൊരു മോശം രീതിയാണ്. കാരണം ഏതൊരെഴുത്തുകാരന്റെയും ജീവിതകാലത്തെ മുഴുവൻ കൃതികളെടുത്താൽ അതിലൊരു 60 ശതമാനം നല്ല സൃഷ്ടികളായിരിക്കും. 40 ശതമാനം മോശമായിരിക്കും. സാധാരണ ഇങ്ങനെയാണു കാണാറുള്ളത്. ഒരാളുടെ ആദ്യ കൃതി മുതൽ വായിച്ചു തുടങ്ങി മുന്നോട്ടുപോകുമ്പോൾ ഒരു മോശം കൃതിയിലെത്തിയാൽ ഞാനത് അവിടെ ഉപേക്ഷിച്ച് അടുത്ത എഴുത്തുകാരനിലേക്കു പോകും. ഇതിലെ അപകടം, അയാളുടെ മാസ്റ്റർപീസ് വർക് ആ മോശം കൃതിക്കു ശേഷമായിരിക്കും സംഭവിച്ചിട്ടുണ്ടാകുകയെന്നതും അത് എനിക്കു മിസാകുമെന്നതുമാണ്. ഒരാളുടെ പുറകേ തന്നെ പോകുമ്പോൾ ബാക്കിയുള്ള നല്ല ആളുകളുടെ നല്ല എഴുത്തുകൾ പെൻഡിങ് ആകും. കഴിയുന്നത്ര ആളുകളെ വായിക്കാൻ ശ്രമിക്കാറുണ്ട്. പറ്റുന്നത്ര വായിക്കണം എന്നതാണ്. ഇഷ്ടമുള്ള ചില സംവിധായകരുടെയും നടീനടൻമാരുടെയും സിനിമ കൃത്യമായി ഫോളോ ചെയ്യാറുണ്ട്. വെസ് ആൻഡേഴ്സിന്റെയും വുഡി അലന്റെയും പടങ്ങളൊന്നും മിസ് ചെയ്യാറില്ല. ഇക്കഴിഞ്ഞയിടയ്ക്കു കണ്ട ‘പാറ്റേഴ്സൻ’ ഏറെ ഇഷ്ടമായ സിനിമയാണ്. ഇഷ്ടമാകുന്ന ചില സിനിമകളെപ്പറ്റി എഴുതാറുമുണ്ട്. പാട്ടും അങ്ങനെ തന്നെ. കൃത്യമായി ഫോളോ ചെയ്യുന്ന ആർട്ടിസ്റ്റുകളുണ്ട്. ഇതുവരെ എത്തിയതിൽ ഒരു വലിയ പങ്ക് മനുഷ്യർക്കും സിനിമകൾക്കും പാട്ടുകൾക്കുമുണ്ട്. ഇതൊന്നുമില്ലായിരുന്നെങ്കിൽ പണ്ടേക്കുപണ്ടേ മൊത്തത്തിൽ ദുരന്തമായേനേ. ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഓരോ എഴുത്തുകാരും സംവിധായകരും സംഗീതജ്ഞരും സ്വാധീനിച്ചിട്ടുണ്ട്. ഐറിഷ് സംഗീതജ്ഞയായ ലീസ ഹാനിഗൻ അങ്ങനെയൊരാളാണ്. വല്ലാത്തൊരു സമാധാനം തരുന്ന പാട്ടുകളാണ് അവരുടേത്. അവരുടെ എൺപതിലേറെ പാട്ടുകൾ എന്റെ കയ്യിലുണ്ട്. ഗ്ലെൻ ഹാൻസാഡ്, ഡേമിയൻ റൈസ്, ഗ്രിഗറി അലൻ ഐസക്കോവ്, പാട്രിക് വാട്സൻ എന്നിവരും പ്രിയപ്പെട്ടവർ തന്നെ. ഇവരങ്ങനെ ദിവസവും രണ്ടോ മൂന്നോ മണിക്കൂർ എനിക്കു ചുറ്റും പാടിക്കൊണ്ടിരിക്കും.
∙ മലയാളത്തിലെ സമകാലീന എഴുത്തിനെക്കുറിച്ചും സിവിക്കിന്റെ വായനയെക്കുറിച്ചും?
വന്യവും ആരാനും ആണ് ഈയിടയ്ക്ക് ഇറങ്ങിയ സമാഹാരങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. വിവേക് ചന്ദ്രനും കെ.എൻ. പ്രശാന്തും. അത് എല്ലാവരും വായിക്കണമെന്നുണ്ട്. വന്യത്തിലെ ‘സമരൻ ഗണപതി’ എത്രവട്ടം വായിച്ചുവെന്നറിയില്ല. അതേപ്പറ്റി എഴുതിയിട്ടുമുണ്ട്. ഞാനങ്ങനെ കഥകളെപ്പറ്റി എഴുതാറില്ല. എന്നിട്ടും സമരനെപ്പറ്റി എഴുതി. ഭാഷാപോഷിണിയിൽ വന്ന ഹരികൃഷ്ണൻ തച്ചാടന്റെ റൂറൽ മറഡോണ ഇഷ്ടമായ കഥയാണ്. അതുപോലെ സുനു എ.വി. എനിക്ക് ഏറെ ഇഷ്ടപ്പെട്ടയാളാണ്. നല്ല കിടിലനായി എഴുതും. പിന്നെ താമരമുക്ക് എഴുതിയ ജി. നിധീഷ്. അബിൻ ജോസഫിനെ ഇഷ്ടമാണ്. കല്യാശേരി തീസിസ് വായിച്ചു കിളിപോയിട്ടുണ്ട്. പി.വി.ഷാജികുമാറിനെയും ഇഷ്ടമാണ്. ഇ. സന്തോഷ്കുമാറിന്റെ കഥപറച്ചിൽ രീതി ഗംഭീരം. അനു സിനുബാൽ എഴുതിയ ‘യാത്രാപുസ്തകത്തിൽ ചില അപരിചിതർ’ ആണ് ഏറ്റവും അവസാനം വായിച്ച പുസ്തകം. കിടുങ്ങിപ്പോയി എന്നു പറയാം. നല്ല ഭാഷ. ഉത്തരേന്ത്യയിലും ഗൾഫിലും ജോലി ചെയ്ത അവസരങ്ങളിൽ കണ്ട ആളുകളെക്കുറിച്ചുള്ള കുറിപ്പുകളാണ്. 2007 ലാണ് ഈ പുസ്തകം ഇറങ്ങുന്നത്. പിന്നീട് ഔട്ട് ഓഫ് പ്രിന്റ് ആയി. കിൻഡിലിലാണ് ഇപ്പോൾ ഞാനതു വായിച്ചത്.
English Summary: Puthuvakku column written by Ajish Muraleedharan- Talk with writer Civic John