കഥയിലും കവിതയിലും ഒളിപ്പിച്ച ആത്മകഥകൾ
നമ്മെ സ്പർശിക്കുന്ന ചില കഥകൾ യഥാർഥത്തിൽ എഴുത്തുകാരുടെയോ മറ്റാരുടെയെങ്കിലുമോ അനുഭവമാണോ എന്നു നാം അന്വേഷിക്കാറുണ്ട്. കഥയ്ക്കുള്ളിൽ സത്യം ഇല്ല മിഥ്യ മാത്രമേയുള്ളു എന്ന് എഴുത്തുകാരി പറഞ്ഞാലും ചിലപ്പോൾ നാം വിശ്വസിച്ചെന്നു വരില്ല. ആത്മകഥാപരമായ വാക്കുകളാണു വായനക്കാരുമായി ഏറ്റവും അടുപ്പം സ്ഥാപിക്കുക. അതാണു
നമ്മെ സ്പർശിക്കുന്ന ചില കഥകൾ യഥാർഥത്തിൽ എഴുത്തുകാരുടെയോ മറ്റാരുടെയെങ്കിലുമോ അനുഭവമാണോ എന്നു നാം അന്വേഷിക്കാറുണ്ട്. കഥയ്ക്കുള്ളിൽ സത്യം ഇല്ല മിഥ്യ മാത്രമേയുള്ളു എന്ന് എഴുത്തുകാരി പറഞ്ഞാലും ചിലപ്പോൾ നാം വിശ്വസിച്ചെന്നു വരില്ല. ആത്മകഥാപരമായ വാക്കുകളാണു വായനക്കാരുമായി ഏറ്റവും അടുപ്പം സ്ഥാപിക്കുക. അതാണു
നമ്മെ സ്പർശിക്കുന്ന ചില കഥകൾ യഥാർഥത്തിൽ എഴുത്തുകാരുടെയോ മറ്റാരുടെയെങ്കിലുമോ അനുഭവമാണോ എന്നു നാം അന്വേഷിക്കാറുണ്ട്. കഥയ്ക്കുള്ളിൽ സത്യം ഇല്ല മിഥ്യ മാത്രമേയുള്ളു എന്ന് എഴുത്തുകാരി പറഞ്ഞാലും ചിലപ്പോൾ നാം വിശ്വസിച്ചെന്നു വരില്ല. ആത്മകഥാപരമായ വാക്കുകളാണു വായനക്കാരുമായി ഏറ്റവും അടുപ്പം സ്ഥാപിക്കുക. അതാണു
നമ്മെ സ്പർശിക്കുന്ന ചില കഥകൾ യഥാർഥത്തിൽ എഴുത്തുകാരുടെയോ മറ്റാരുടെയെങ്കിലുമോ അനുഭവമാണോ എന്നു നാം അന്വേഷിക്കാറുണ്ട്. കഥയ്ക്കുള്ളിൽ സത്യം ഇല്ല മിഥ്യ മാത്രമേയുള്ളു എന്ന് എഴുത്തുകാരി പറഞ്ഞാലും ചിലപ്പോൾ നാം വിശ്വസിച്ചെന്നു വരില്ല. ആത്മകഥാപരമായ വാക്കുകളാണു വായനക്കാരുമായി ഏറ്റവും അടുപ്പം സ്ഥാപിക്കുക. അതാണു മികച്ചത് എന്ന അർഥത്തിലല്ല. അടുപ്പം മികവിൽനിന്നല്ലല്ലോ ഉണ്ടാകുന്നത്, സത്യസന്ധതയിൽനിന്നാണ്. അതുകൊണ്ടാണു ചങ്ങമ്പുഴയെ വായിക്കുമ്പോൾ, മാധവിക്കുട്ടിയെയും ബാലചന്ദ്രൻ ചുള്ളിക്കാടിനെയും വായിക്കുമ്പോൾ, ഒരാൾ തന്റെ ബുദ്ധിയുടെ പരപ്പിനെക്കാൾ വൈകാരികതയുടെ ആഴത്തിലേക്ക് ഇറങ്ങുന്നത്.
ലോകത്തെ വ്യാഖ്യാനിച്ചുകഴിഞ്ഞു എന്നു വിശ്വസിക്കുന്നവർക്കുള്ളതല്ല കവിത എന്നതാണ് എനിക്കു ലഭിച്ച പ്രഥമ കാവ്യാനുഭവം. നിങ്ങൾ ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ ദുഃസ്വപ്നഭാരം ഊർന്നുപോകേണ്ടതാണ്. അങ്ങനെയെങ്കിൽ നിങ്ങളുടെ ദിവസത്തെ അതു വേട്ടയാടാൻ വരില്ല. എന്നാൽ ദുഃസ്വപ്നങ്ങൾ ഇരവോ പകലോ വ്യത്യാസമില്ലാതെ പിന്തുടരുമ്പോഴാണ് ഉന്മാദിയുടെ വാക്കുകൾ പിറക്കുന്നത്. അവ ലോകത്തിനു സ്വീകാര്യമല്ലെന്നു കവിക്ക് അറിയാം. എന്നാൽ തന്റെ കലയുടെ മൂല്യം ലോകത്തിന്റെ അളവുകളെക്കാൾ ഔന്നത്യത്തിലാണെന്ന് കവിക്കു ബോധ്യമുണ്ട്.
ഇന്നു ഞാനുന്മാദി,ദീനൻ,ദരിദ്ര,നി-
ല്ലെന്നിലഭിനന്ദാർഹമായൊന്നുമേ.
മാനിപ്പൂ ഞാൻ സ്വയമെങ്കിലും, ലോകമേ,
താണില്ല നിൻ കലാഭാസത്തിലേക്കു ഞാൻ!
ചങ്ങമ്പുഴയുടെ ആത്മാവ് ആ കവിതകളിൽ ചിതറിക്കിടക്കുന്നതായി നാം കാണുന്നു. അതിനാൽ മഹാകവി, തന്റെ ചില കുട്ടിക്കാല സ്മരണകളല്ലാതെ, സമഗ്രമായ ഒരു ആത്മകഥ എഴുതിയിട്ടില്ലെന്നതു പോരായ്മയായി തോന്നുകയില്ല. ആ കവിതകളിൽ സ്വയം കീറിമുറിക്കുകയും ആത്മവിശകലനം നടത്തുകയും ചെയ്യുന്ന ഉന്മാദിയായ പുരുഷനുണ്ട്. കവിതകൾക്കിടയിലൂടെ അയാൾ ഗൂഢമായി എഴുതിയ ആത്മകഥ അവിടെ തെളിയുന്നുണ്ട്. സമീപകാലത്തു ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ നാലു വരി വായിക്കൂ..
അന്നു കൗമാരത്തിൽ നിൻ തീമധുരത്തിൽ
വെന്തെരിഞ്ഞിട്ടുമൊടുങ്ങിയില്ലെങ്കിലും
ഇന്നു മനസ്സിൻ ഹിമയുഗത്തിൽ
നിന്റെ മഞ്ഞു കുടിച്ചുമരിക്കുകയാണു ഞാൻ.
നൂറുകണക്കിനു താളുകളുള്ള ആത്മകഥയെക്കാൾ വാചാലമാണ് ഈ നാലു വരികളിലെ ആത്മസാരം.
സ്വിസ് എഴുത്തുകാരനായ റോബർട്ട് വാൽസർ എന്തുകൊണ്ടാണു കാഫ്കയെ ആകർഷിച്ചത് എന്നു ഞാൻ ഓർക്കാറുണ്ട്. ലോകത്തെ പുറത്തിട്ട് അടയ്ക്കുന്നതിൽ ഇരുവർക്കും പ്രത്യേക വാസനയുണ്ട്. വാൽസർ അസാധാരണമാംവിധം വിമുഖനായ എഴുത്തുകാരനായിരുന്നു. തന്റെ രചനകൾ അപ്രധാനമാണെന്നു വാദിക്കാനുള്ള ത്വര അദ്ദേഹത്തിൽ ശക്തമായി നിലകൊണ്ടു. വാൽസറിന്റെ എല്ലാ രചനകളിലും എഴുത്തുകാരൻ പിന്നിട്ട വഴികൾ, ബന്ധങ്ങൾ, പരാജയങ്ങൾ എന്നിവയെല്ലാം ഒരു ഡിഎൻഎ പോലെ ശേഷിച്ചു. സൂക്ഷ്മതലത്തിൽ ആത്മകഥാപരമായ ആവിഷ്കാരങ്ങൾ ആയിട്ടാണു കാഫ്ക തന്റെ കഥകൾ ഭാവന ചെയ്തത്. അതു കെട്ടുകഥകളുടെ രൂപവും ഘടനയും സ്വീകരിച്ചെങ്കിലും താനെഴുതിയതെല്ലാം തന്നെപ്പറ്റിയാണെന്ന ബോധ്യം കാഫ്കയ്ക്കുണ്ടായിരുന്നു. എ ഹംഗർ ആർട്ടിസ്റ്റ് എന്ന കഥയിൽ, സർക്കസ് കൂടാരത്തിൽ ഒരു കൂട്ടിൽ പട്ടിണി കിടന്ന് ആളുകളെ ആകർഷിക്കുന്ന ആളായി ഒരാൾ പ്രത്യക്ഷപ്പെടുന്നുണ്ട്. 40 ദിവസം വരെ പട്ടിണി കിടക്കാൻ കഴിവുള്ള, പട്ടിണിയെ കലയാക്കി മാറ്റിയ ആൾ ഒരുകാലത്ത് സർക്കസ് കൂടാരത്തിലെ പ്രധാന ആകർഷണമായിരുന്നു. പിന്നീട് പട്ടിണി എന്നത് ആകർഷകമല്ലാതായിത്തീരുമ്പോഴും അയാൾ പട്ടിണികിടക്കൽ, ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ തുടരുന്നുണ്ട്, പഴയ അതേ പ്രതിബദ്ധതയോടെ.
ഇപ്പോൾ എഴുത്തുകാരന്റെ ജീവിതം ആകർഷകത്വം നഷ്ടമായ ഇനമാണെങ്കിലും മലയാളത്തിൽ ഏറ്റവും ആത്മകഥാപരമായ എഴുത്ത് നടത്തിയിട്ടുളള രണ്ടുപേർ ഒ.വി. വിജയനും ബഷീറുമാണ്. തങ്കം മുതൽ ശിങ്കിടിമുങ്കൻ വരെ നീളുന്ന കഥാലോകത്തു ബഷീർ സ്വന്തം ജീവിതം പറയാത്ത സന്ദർഭങ്ങൾ കുറവാണ്. വിജയനിൽ ഈ ആത്മകഥാരീതി സങ്കീർണമാണെന്നു കാണാം. നോവലുകളിലും കഥകളിലും കാർട്ടൂണുകളിലും ലേഖനങ്ങളിലുമായി എഴുത്തുകാരന്റെ ആത്മകഥ ലയിച്ചുകിടക്കുന്നു. ആത്മകഥയുടെ അധ്യായങ്ങൾ അവിടെനിന്നു പെറുക്കിയെടുക്കാൻ പ്രതിജ്ഞാബദ്ധരായ വായനക്കാർക്കു കഴിയേണ്ടതാണ്.
ഡോസ്റ്റോയെവ്സ്കി ആത്മകഥ എഴുതണമെന്ന് ആഗ്രഹിച്ചിരുന്നു. റൈറ്റേഴ്സ് ഡയറിയിൽ താൻ ആത്മകഥ എഴുതുമെന്ന് എഴുത്തുകാരൻ പറഞ്ഞിരുന്നു. എന്നാൽ അതിനുള്ള സാവകാശം ലഭിക്കും മുൻപേ അദ്ദേഹം മരിച്ചുപോയി.
ആത്മകഥയില്ലെങ്കിലും ഡോസ്റ്റോയെവ്സ്കിയുടെ സംഭവബഹുലമായ ജീവിതം പലരായി എഴുതിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ജോസഫ് ഫ്രാങ്കിന്റെ 5 വോള്യം ജീവചരിത്രം ഡോസ്റ്റോയെവ്സ്കിയുടെ ജീവചരിത്രങ്ങളിൽ ഏറ്റവും സമഗ്രവും ആഴമേറിയതുമാണ്. ഈ ഭീമൻ ജീവചരിത്രം ഒരു പുസ്തകമായി പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രസ് ഇറക്കിയ എഡിഷനാണു ഞാൻ വായിച്ചത്. A Writer In His Time വായിച്ചപ്പോഴാണു എഴുത്തുകാരന്റെ ഓരോ കൃതിയും അദ്ദേഹത്തിന്റെ ജീവിതസന്ദർഭങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്നത് എങ്ങനെയെന്നു കണ്ടത്. ഇതിന്റെ കൂടെ ഡോസ്റ്റോയെവ്സ്കിയുടെ റൈറ്റേഴ്സ് ഡയറി രണ്ടു വോള്യമായി നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി പ്രസ് ഇറക്കിയത് സംഘടിപ്പിക്കാനായത് വലിയ ഭാഗ്യമായി ഇപ്പോഴും ഞാൻ കരുതുന്നു. കാരണം എഴുത്തുകാരന്റെ കാഴ്ചപ്പാടുകളും വിശ്വാസപ്രമാണങ്ങളും സംബന്ധിച്ച ആഴത്തിലുള്ള വിവരങ്ങൾ എഴുത്തുകാരൻ തന്നെ വിവിധ വിഷയങ്ങളിൽ എഴുതിയ ആ ലേഖനങ്ങളിൽനിന്നാണു ലഭിച്ചത്. ഉറച്ച റഷ്യൻ ഓർത്തഡോക്സ് ക്രൈസ്തവ വിശ്വാസിയായ ഡോസ്റ്റോയെവ്സ്കിയുടെ ഏറ്റവും വലിയ സ്വാധീനം പുതിയ നിയമം ആയിരുന്നു.
എഴുത്തുകാരൻ എഴുതാതെ പോയ ആത്മകഥയിലെ വാക്യങ്ങളെ അദ്ദേഹത്തിന്റെ കൃതികളിൽനിന്ന് കണ്ടെടുത്തു ജീവിതകഥയാക്കി മാറ്റുക എന്ന സവിശേഷമായ രീതിയാണ് അലക്സ് ക്രിസ്റ്റോഫി എന്ന യുവഎഴുത്തുകാരൻ എഴുതിയ ‘ഡോസ്റ്റോയെവ്സ്കി ഇൻ ലവ്’ (2020) എന്ന കൃതി ചെയ്യുന്നത്. എഴുത്തുകാരന്റെ പ്രേമജീവിതമാണു ഫോക്കസ് എങ്കിലും ഇത് ഡോസ്റ്റോയെവ്സ്കിയുടെ രചനാജീവിതം എങ്ങനെ രൂപപ്പെട്ടുവെന്നു കൂടിയാണ് അന്വേഷിക്കുന്നത്. Poor Folk എന്ന ആദ്യ കൃതിയിലൂടെ തന്നെ നിരൂപകശ്രദ്ധ നേടി ഡോസ്റ്റോയെവ്സ്കി മോസ്കോയിൽനിന്നു സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് എത്തുന്നതോടെയാണു അക്കാലത്തെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ കൂടി പങ്കാളിയാകുന്നത്. സാർ ചക്രവർത്തിക്കെതിരായ മുന്നേറ്റങ്ങളിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും ചില രാഷ്ട്രീയ ലഘുലേഖകൾ കൈവശം വച്ചതിനാണു യുവാവായ ഡോസ്റ്റോയെവ്സ്കി അറസ്റ്റിലായത്. ‘വധശിക്ഷാ നാടകം’ കഴിഞ്ഞതോടെ ആ യുവാവിന്റെ ജീവിതം മാറിപ്പോയി. സൈബീരിയയിലെ കഠിനതടവിന്റെ വർഷങ്ങളിൽ അയാളുടെ കൈവശം പുതിയ നിയമം എന്ന പുസ്തകം മാത്രമേ ഉണ്ടായിരുന്നുള്ളു. ദിവസവും അതു വായിക്കും. ക്രിസ്തു അങ്ങനെയാണ് ആ യുവാവിനു നിത്യനായകനായിമാറിയത്. ജയിൽശിക്ഷയ്ക്കുശേഷം പുറത്തിറങ്ങുമ്പോൾ മോസ്കോയിലും സെന്റ്പീറ്റേഴ്സ് ബർഗിലും പ്രവേശിക്കാൻ അനുമതിയില്ലായിരുന്നു. എഴുത്തുവിലക്ക് പുറമേ. നിർബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി ആദ്യ നിയമനം കിട്ടുന്നത് റഷ്യയിലെ വിദൂരമായ ഒരു പട്ടണത്തിലാണ്. കുറച്ചു വീടുകളും മനുഷ്യരും മാത്രമുള്ള, ഒറ്റ മരം പോലുമില്ലാത്ത പ്രദേശം. ഡെവിൾസ് സാൻഡ്ബോക്സ് എന്നാണ് ആ സ്ഥലം അറിയപ്പെട്ടിരുന്നത്. അവിടെ പാറാവുകാരനായി ജോലി ചെയ്ത കാലം നോട്സ് ഫ്രം അണ്ടർഗ്രണ്ടിൽ വിവരിക്കുന്നുണ്ട്.
സൈന്യത്തിൽ മാന്യമായ ഒരു പദവിയിലേക്ക് ഉയർത്തപ്പെട്ട ശേഷമാണു ഡെസ്റ്റോയെവ്സ്കിക്കു യാത്രാസ്വാതന്ത്ര്യം ലഭിക്കുന്നത്. താമസിയാതെ എഴുതി പ്രസിദ്ധീകരിക്കാനുള്ള അനുമതി ഭരണകൂടം നൽകി. അക്കാലത്തു പരിചയപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയായ മരിയ ആണ് എഴുത്തുകാരന്റെ ആദ്യഭാര്യയായി മാറിയത്. ഡോസ്റ്റോയെവ്സ്കിയുടെ ജീവിതത്തിലെ നാടകീയമായ ആദ്യ പ്രേമമായിരുന്നു അത്. ഒട്ടേറെ പ്രേമയാതനകൾക്കൊടുവിലാണു ക്ഷയരോഗബാധിതയായ മരിയയുമായുള്ള വിവാഹം നടക്കുന്നത്. പക്ഷേ, വിവാഹവിരുന്നിനിടെ നവവധുവിന്റെ മുന്നിലാണ് കടുത്ത അപസ്മാരം ബാധിച്ച് എഴുത്തുകാരൻ കുഴഞ്ഞുവീഴുന്നത്. അതോടെ പ്രേമാഗ്നി അണഞ്ഞ്, അവർ കലുഷിതമായ ദാമ്പത്യത്തിലേക്കു പ്രവേശിച്ചു.
പ്രേമപരവശനായാൽ പെണ്ണിന്റെ കാൽപാദം ചുംബിക്കുന്ന രീതി ഒരു റഷ്യൻ പാരമ്പര്യമാണെന്ന് അലക്സ് ക്രിസ്റ്റോഫി എഴുതുന്നുണ്ട്. ചൂതുകളിഭ്രാന്തുമായി യൂറോപ്പിൽ ചുറ്റിക്കറങ്ങിയ കാലത്ത് പോളിന എന്നു പേരായ ഒരു സ്ത്രീയായിരുന്നു ഡോസ്റ്റെയെവ്സ്കിയുടെ കൂട്ട്. അവരുടെ കാൽപാദമായിരുന്നു എഴുത്തുകാരന്റെ ദൗർബല്യം. ഒരിക്കൽ ഡോസ്റ്റോയെവ്സ്കി നിലത്തു വീണ് ആ കാൽപാദം ചുംബിക്കുന്നുണ്ട്. ക്രൈം ആൻഡ് പണിഷ്മെന്റിലെ കാൽപാദ ചുംബനം രൂപമെടുത്തത് പാരിസിലെ ആ ഹോട്ടൽമുറിയിൽനിന്നാണ്.
അലക്സ് ക്രിസ്റ്റോഫിയുടെ ഡോസ്റ്റോയെവ്സ്കി ഇൻ ലവ്, എഴുത്തുകാരന്റെ കത്തുകളും ലേഖനങ്ങളും നോവലുകളും കമ്പോടുകമ്പ് ഉദ്ധരിച്ചാണ് എഴുതിയിട്ടുള്ളത്. യഥാർഥ ജീവിതത്തിലെ ഓരോ സംഭവത്തിനും യോജിച്ച സന്ദർഭങ്ങൾ നോവലിൽനിന്നു കണ്ടെടുത്ത് അത് ആത്മഗതങ്ങളായി എഴുതിയിരിക്കുന്നു. രചനയെയും ജീവിതത്തെയും വേറിട്ടു കാണണമെന്ന സമീപനമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. അതുകൊണ്ടുകൂടിയാവാം സമീപകാലത്ത് ഇറങ്ങിയതിൽ വച്ചേറ്റവും മനോഹരമായ ജീവിതകഥാ പുസ്തകമായി ഇതു മാറുന്നു.
English Summary: Ezhuthumesha column written by Ajay P Mangattu, Personal stories hidden in stories and poems