സ്ത്രീയെ ശരീരം മാത്രമായി കാണുന്ന പ്രവണതയുണ്ട്: പ്രിയ സുനിൽ
ലളിതമായ കഥ പറച്ചിൽ രീതിയാണു പ്രിയ സുനിലിന്റേത്. പരിസ്ഥിതിനാശം, സ്ത്രീ സുരക്ഷ, ആദിവാസികളോടും ട്രാൻസ് വിഭാഗങ്ങളോടുമുള്ള അവഗണന തുടങ്ങി വളരെ വ്യത്യസ്തങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അതു കൃത്യമായി വായനക്കാരന്റെ മനസ്സിനെ പിടിച്ചുകുലുക്കുന്നത് അതുകൊണ്ടാണ്. ഒലീവ് റിഡ്‌ലി എന്ന വംശനാശം നേരിടുന്ന ആമയും
ലളിതമായ കഥ പറച്ചിൽ രീതിയാണു പ്രിയ സുനിലിന്റേത്. പരിസ്ഥിതിനാശം, സ്ത്രീ സുരക്ഷ, ആദിവാസികളോടും ട്രാൻസ് വിഭാഗങ്ങളോടുമുള്ള അവഗണന തുടങ്ങി വളരെ വ്യത്യസ്തങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അതു കൃത്യമായി വായനക്കാരന്റെ മനസ്സിനെ പിടിച്ചുകുലുക്കുന്നത് അതുകൊണ്ടാണ്. ഒലീവ് റിഡ്‌ലി എന്ന വംശനാശം നേരിടുന്ന ആമയും
ലളിതമായ കഥ പറച്ചിൽ രീതിയാണു പ്രിയ സുനിലിന്റേത്. പരിസ്ഥിതിനാശം, സ്ത്രീ സുരക്ഷ, ആദിവാസികളോടും ട്രാൻസ് വിഭാഗങ്ങളോടുമുള്ള അവഗണന തുടങ്ങി വളരെ വ്യത്യസ്തങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അതു കൃത്യമായി വായനക്കാരന്റെ മനസ്സിനെ പിടിച്ചുകുലുക്കുന്നത് അതുകൊണ്ടാണ്. ഒലീവ് റിഡ്‌ലി എന്ന വംശനാശം നേരിടുന്ന ആമയും
ലളിതമായ കഥ പറച്ചിൽ രീതിയാണു പ്രിയ സുനിലിന്റേത്. പരിസ്ഥിതിനാശം, സ്ത്രീ സുരക്ഷ, ആദിവാസികളോടും ട്രാൻസ് വിഭാഗങ്ങളോടുമുള്ള അവഗണന തുടങ്ങി വളരെ വ്യത്യസ്തങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അതു കൃത്യമായി വായനക്കാരന്റെ മനസ്സിനെ പിടിച്ചുകുലുക്കുന്നത് അതുകൊണ്ടാണ്. ഒലീവ് റിഡ്‌ലി എന്ന വംശനാശം നേരിടുന്ന ആമയും ഉറുമ്പുകോളനികളും കഥകളിൽ തികച്ചും സ്വാഭാവികമായി പ്രത്യക്ഷപ്പെടുമ്പോൾ അതു ഹരിത രാഷ്ട്രീയത്തിന്റെ സ്ത്രീപക്ഷ ഇടപെടൽ കൂടിയാകുന്നുണ്ട്. ‘ഒലീവ് റിഡ്‌ലി’ എന്ന കഥാസമാഹാരത്തിൽ 15 കഥകളാണുള്ളത്. കൂടാതെ, സമീപകാലത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച കർത്തരീമുഖം, മിർമിക്കോളജി എന്നീ കഥകളും ശ്രദ്ധനേടി.
∙ഒലീവ് റിഡ്‌ലി എന്ന സമാഹാരത്തിലെ 15 കഥകളിലും അതിജീവനത്തിനായി പൊരുതുന്ന സ്ത്രീകളുടെ നിലപാടുകൾ പല തരത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തങ്ങൾ ആരാണെന്നു സ്വയം ബോധ്യമുള്ളവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. പെൺ ജീവിതങ്ങളുടെ വിവിധ തലങ്ങൾ ഈ കഥകൾ ചർച്ച ചെയ്യുന്നു. ശക്തരായ ഈ സ്ത്രീപക്ഷ കഥാപാത്രങ്ങളുടെ പിറവി എങ്ങനെയായിരുന്നു?
ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇനിയൊരടി പോലും മുന്നോട്ടു വയ്യ എന്ന അവസ്ഥയിൽ ഓരോ മനുഷ്യനും എത്തിച്ചേരാറുണ്ട്. ആ ഒരവസ്ഥയെ നിശ്ചയദാർഢ്യം കൊണ്ടു മാത്രം മറികടന്ന ഒട്ടേറെ സ്ത്രീകളെ ഞാനെന്റെ ജീവിതപരിസരങ്ങളിൽ കണ്ടുമുട്ടിയിട്ടുണ്ട്. പലരോടും ആരാധനകലർന്ന ബഹുമാനം തോന്നിയിട്ടുണ്ട്. അവർ സമ്പന്നരോ പ്രശസ്തരോ ഒന്നുമായിരിക്കില്ല. പക്ഷേ, ആദ്യം സൂചിപ്പിച്ച ആ നിർണായക ഘട്ടത്തിൽ പ്രായോഗിക ബുദ്ധിയോടെ പ്രവർത്തിച്ചവരായിരിക്കും. ജീവിതം തിരിച്ചുപിടിച്ചവരായിരിക്കും. കഥാപാത്രമാക്കണമെന്നു നിശ്ചയിച്ചോ കഥയെഴുതണമെന്നു തീരുമാനിച്ചോ ഞാനാരെയും നിരീക്ഷിക്കാറില്ല, എവിടെയും സഞ്ചരിക്കാറുമില്ല. കഥാപാത്രങ്ങൾ എന്നെത്തേടി വരുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. തിരക്കുപിടിച്ച ബസിൽ എന്റെ തൊട്ടപ്പുറത്തു നിന്നു സംസാരിക്കുന്നവരിൽ നിന്നു പോലും കഥയുടെ ബീജം ഉള്ളിൽ കയറാറുണ്ട്. ഞാനതു ബോധപൂർവം ചെയ്യുന്നതല്ല. കഥാപാത്രങ്ങൾ ഉള്ളിലിരുന്നു സംസാരിക്കുന്ന അവസ്ഥ ചിലപ്പോഴൊക്കെ അസ്വസ്ഥതയുണ്ടാക്കാറുമുണ്ട്. അവർ തമ്മിൽ സംസാരിച്ചു രൂപപ്പെടുന്ന കഥയെ എങ്ങനെ അവതരിപ്പിക്കണമെന്ന കാര്യത്തിൽ മാത്രമേ ബോധപൂർവമുള്ള ഇടപെടൽ ഉണ്ടാവാറുള്ളൂ.
പ്രതിഷേധിക്കാൻ ധൈര്യമില്ലാതെ പീഡനങ്ങളെ നിർവികാരരായി ഏറ്റുവാങ്ങുന്നവരെയും കണ്ടിട്ടുണ്ട്. അവർക്കു വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്ത അവസരങ്ങളിൽ അവരൊന്നു ചെറുത്തു നിന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. അങ്ങനെ സംഭവിക്കുന്നതായി സങ്കൽപിച്ചു നോക്കാറുമുണ്ട്. പ്രതികരിക്കാൻ ഭയക്കുന്നവളുടെ ഭാവനാ വിളയാട്ടങ്ങളാണ് എന്റെ കഥകൾ എന്നു വേണമെങ്കിൽ പറയാം.
∙തമിഴ്നാട്ടിൽ ഡിജിപി തന്റെ സഹപ്രവർത്തകയായ എസ്പിയെ ഔദ്യോഗിക വാഹനത്തിനുള്ളിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വാർത്ത വന്നയുടനാണ് ‘എളുപ്പമല്ലാത്ത കാര്യങ്ങൾ’ എന്ന കഥ ഒരിക്കൽ കൂടി വായിക്കാനെടുത്തത്. പൊലീസുകാരായ കുര്യാക്കോസും ലീനയും കൂടുതൽ മിഴിവോടെ, യാഥാർഥ്യമേത്, കഥയേത് എന്നു മനസ്സിലാക്കാൻ കഴിയാത്ത വിധത്തിൽ മുൻപിൽ വന്നു നിൽക്കുന്നു?
നമ്മൾ പലതും അറിയുന്നില്ല എന്നതാണു സത്യം. ഏതു പദവിയിലിരിക്കുമ്പോഴും സ്ത്രീകളെ ശരീരം മാത്രമായി കാണുന്ന ഒരു പ്രവണത പൊതുവെയുണ്ട്. പലതരം പീഡനങ്ങൾക്കും അവർ വിധേയരാകാറുമുണ്ട്. ശാരീരിക ആക്രമണം തന്നെയായിക്കൊള്ളണമെന്നില്ല. അശ്ലീലം കലർന്ന സംസാരം, വ്യംഗ്യാർത്ഥ പ്രയോഗങ്ങൾ, അറപ്പുളവാക്കുന്ന ചേഷ്ടകൾ... ഏതുമാവാം. പുറത്തു പറഞ്ഞാൽ നാണക്കേടു തനിക്കാവുമെന്നു കരുതി മിണ്ടാതിരിക്കാനാണു സ്ത്രീ ശ്രമിക്കുക. മുള്ളു കൊണ്ട പാടുകൾ മൂടിവച്ചാണു ശീലം. അതു മഷിത്തണ്ടിന്റെ ഇലയായാലും തേക്കിന്റെ ഇലയായാലും മാറ്റമൊന്നുമില്ല. പക്ഷേ, കാര്യങ്ങൾ വൻ വേഗത്തിൽ മാറിമറിയുന്നുണ്ട്. ചെറുത്തു നിൽക്കാനും ചൂണ്ടിക്കാണിക്കാനും അവർ ധൈര്യം കാണിച്ചു തുടങ്ങി. ‘എളുപ്പമല്ലാത്ത കാര്യങ്ങൾ’ എന്ന കഥ പൂർണമായും ഭാവനയല്ല. ലീനയെപ്പോലെ ധാരാളം പേരുണ്ടാകാം.
∙അധിനിവേശത്തിന് ഒരേപോലെ ഇരയാക്കപ്പെടുന്ന പ്രകൃതി–പെൺ ദ്വന്ദമാണ് ‘ഒലീവ് റിഡ്‌ലി’ എന്ന കഥയിലുള്ളത്. മനുഷ്യൻ സമം പുരുഷൻ, പ്രകൃതി സമം സ്ത്രീ എന്നൊരു ദ്വന്ദം ഈ കഥയിലും ‘ഇതിഹാസനാരി’ എന്ന കഥയിലും വായിച്ചെടുക്കാനാകും. ഇതിഹാസകാലം മുതൽ ആധുനികകാലം വരെ സഞ്ചരിക്കുമ്പോഴും അവസാനമില്ലാതെ തുടരുന്ന അധിനിവേശ കാഴ്ചകളാണു ചുറ്റിലും. കട്ടിയുള്ള പുറന്തോടിന്റെ സുരക്ഷിതത്വം പോലും ലഭ്യമല്ലാത്ത ഒലീവ് റിഡ്‌ലി ആമകളായി മാറ്റപ്പെടുന്ന നാരികളുടെ കാഴ്ചകളാണു ചുറ്റിലും. ഒട്ടും ആശയ്ക്കു വകയില്ലെന്നാണോ?
ഒരിക്കലുമല്ല. ആശയ്ക്ക് വകയുണ്ടെന്നുള്ള വിശ്വാസത്തിന്റെ പിൻബലത്തിലാണ് ഇത്തരം കഥകൾ പിറവിയെടുക്കുന്നതു തന്നെ. സ്ത്രീകൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രതിഷേധിക്കാനും. അതു സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണു സാഹിത്യത്തിലും സിനിമയിലുമൊക്കെ പ്രതിഫലിക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോലൊരു സിനിമ മലയാളികൾ കൈ നീട്ടി സ്വീകരിച്ചത് അതിന്റെ തെളിവല്ലേ? എത്ര ഉയരത്തിലെത്തിയാലും നീ വെറും പെണ്ണാണെന്ന കാര്യം മറക്കരുത്, ഇനി ഒരാണിനു നേരെയും നിന്റെ കൈ ഉയരരുത്, എന്റെ കുഞ്ഞുങ്ങളെ പെറ്റു വളർത്താനും കുടിച്ചു വന്നിട്ട് എനിക്ക് തൊഴിക്കാനും ഒരു പെണ്ണു വേണം തുടങ്ങിയ ഡയലോഗുകൾ പുതിയ സിനിമകളിൽ കേൾക്കാറുണ്ടോ? അതു കേട്ടു പുളകം കൊണ്ടിരുന്ന സ്ത്രീകൾക്കു വംശനാശം സംഭവിച്ചു. പുരുഷന്മാരിലും ഒരു വലിയ വിഭാഗം ഇതൊന്നും അംഗീകരിക്കില്ല. അതുപോലെ ദൃശ്യം - 1 ഇപ്പോഴാണ് ഇറങ്ങിയിരുന്നതെങ്കിൽ തന്റെ മനസ്സറിവില്ലാതെ പകർത്തപ്പെട്ട നഗ്നചിത്രം കണ്ടു തകർന്നു പോകുന്ന പെൺകുട്ടിയെ കാണികൾ കൂവിവിളിക്കില്ലേ. നീ പോയി ആതാരെയെന്നു വച്ചാ കാണിക്കെടാ എന്നു പറയാനും അവനെ സൈബർ കുറ്റവാളിയാക്കാനും അവൾക്കറിയാം. ഉത്തരവാദിത്വത്തെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്നവർ അവകാശങ്ങളെക്കുറിച്ചും സംസാരിച്ചു തുടങ്ങിയാൽ മാറാവുന്ന പ്രശ്നങ്ങളേ ഇവിടെയുള്ളൂ.
∙ഒരാളുടെ വേഷവും ഭാഷയും രൂപവുമെല്ലാം എത്രമാത്രം മുൻവിധിയോടെയാണു സമൂഹം സമീപിക്കുന്നതെന്നു ചീമയുടെ കഥയിലൂടെ പ്രിയ വ്യക്തമാക്കുന്നു. ഇത്രയേറെ പുരോഗമിച്ചുവെന്നു നമ്മൾ അഭിമാനിക്കുന്ന കേരളത്തിലും അരികുജീവിതം നയിക്കുന്നവരിൽ സമാന അനുഭവങ്ങളിലൂടെ കടന്നുപോകാത്ത ഒരാൾ പോലുമുണ്ടാകില്ല. വായനയ്ക്കു ശേഷവും വിടാതെ പിന്തുടരുന്ന അസ്വസ്ഥതയായി മാറുന്ന ഈ കഥകളുടെ രചനാവഴിയെപ്പറ്റി പറയാമോ?
സാമൂഹികപ്രവർത്തകയായ ദയാബായിയെ കേരളത്തിലെ ഒരു ബസ് കണ്ടക്ടർ അപമാനിച്ചത് അവരുടെ വേഷം കണ്ടു വിലയിരുത്തിയല്ലേ? താടിയും മുടിയും ജുബ്ബയും നീണ്ട സഞ്ചിയും സാഹിത്യ സദസ്സുകളിലെ സ്ഥിരം കാഴ്ചയല്ലേ? വലിയ പൊട്ടും കട്ടിക്കണ്ണടയും അഴിച്ചിട്ട മുടിയും സാഹിത്യകാരി പരിവേഷം നൽകുന്നതെങ്ങനെയാണ്? അക്ഷരങ്ങൾക്കും സംസാരത്തിനും നൽകുന്നതിനേക്കാൾ പ്രസക്തി വേഷത്തിനുണ്ടെന്ന ചിന്ത തന്നെയാണു കാരണം. ചീമയെപ്പോലൊരു പെൺകുട്ടിയെ ഞാനൊരു സാഹിത്യ ക്യാംപിൽ കണ്ടിട്ടുണ്ട്. പേരോർമയില്ലെങ്കിലും നിറം മങ്ങിയ പച്ച ചുരിദാർ മനസ്സിലുണ്ട്. മൂന്നു ദിവസവും ക്യാംപിലുണ്ടായിട്ടും കഥയോ കവിതയോ കൈയിലേന്തി അവൾ വേദി കയറിയില്ല. ഇടയ്ക്കു ചർച്ചയിൽ പങ്കെടുത്തു മൈക്കിലൂടെ എന്തോ പറഞ്ഞെങ്കിലും വേണ്ടത്ര ശ്രദ്ധ അവൾക്കു കിട്ടിയില്ല. എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും എല്ലാവരുടെ ഉള്ളിലും നിറത്തിനും വേഷത്തിനുമൊക്കെ വലിയ സ്ഥാനമുണ്ട്
∙കഥയെഴുത്തിലേക്കു പ്രിയ വന്ന വഴികൾ, സ്വാധീനിച്ച വ്യക്തികൾ, സംഭവങ്ങൾ എന്നിവയെപ്പറ്റി പറയാമോ? എഴുത്തുകാരിയാകുമെന്ന് എന്നെങ്കിലും പ്രതീക്ഷിച്ചിരുന്നോ? അങ്ങനെയൊരു സ്വപ്നം കണ്ടിരുന്നോ?
പുറത്തു പറഞ്ഞതും പറയാൻ പോലും നാണിച്ചതുമായ പല വേഷവുമിട്ടു തകർത്തഭിനയിച്ചിട്ടുണ്ട് സ്വപ്നങ്ങളിൽ, എഴുത്തുകാരിയൊഴികെ. കുട്ടിക്കാലം മുതലേ വായനയുണ്ടായിരുന്നു. എങ്കിലും ഡിഗ്രി അവസാന വർഷമാണ് ആദ്യമായി ഒരു കഥയെഴുതുന്നത്. ‘വ്യർത്ഥം’ എന്ന പേരിലുള്ള കഥ കൈയെഴുത്തു മാസികയിലേക്കു വേണ്ടിയാണ് എഴുതിയത്. വായിച്ചവരൊക്കെ നല്ല അഭിപ്രായം പറഞ്ഞിട്ടും അധ്യാപികയുടെ വേഷമണിയും വരെ പിന്നീട് എഴുത്ത് ഉണ്ടായിട്ടില്ല. കലാമേളയെന്ന ലക്ഷ്യം വച്ച് അക്കാലത്ത് എഴുതിയിരുന്നതെല്ലാം കഥാപ്രസംഗങ്ങളും മോണോ ആക്ടുകളുമായിരുന്നു. ആസ്വാദകരും വിമർശകരുമെല്ലാം സഹപ്രവർത്തകർ. വാടകപ്പാത്രങ്ങൾ എന്ന ചെറുകഥയുമായി 2013ൽ മഞ്ചേരിയിൽ നടന്ന പുകസ സാഹിത്യ ശിൽപശാലയിൽ പങ്കെടുത്തതാണ് എഴുത്ത് ജീവിതത്തിലെ വഴിത്തിരിവായത്. എംടിയും സുഭാഷ് ചന്ദ്രനുമടക്കം ധാരാളം സാഹിത്യകാരെ കാണാനും കേൾക്കാനും സാധിച്ചു. ഒരേ സബ്ജില്ലയിലെ അധ്യാപകരായിരുന്നിട്ടും റഹ്മാൻ കിടങ്ങയത്തെ സാഹിത്യകാരനെന്ന നിലയിൽ പരിചയപ്പെടുന്നതും സംസാരിക്കുന്നതും അവിടെ വച്ചാണ്. റഹ്മാൻ മാഷിന്റെ സ്വാധീനം പിന്നീടുള്ള എഴുത്തിൽ ഉണ്ടായിട്ടുണ്ട്. കഥ മാസികയിലൂടെയാണു സാഹിത്യത്തിലേക്കുള്ള ആദ്യപടി കയറുന്നത്. അതുവഴി കിട്ടിയ സൗഹൃദങ്ങൾ എഴുത്തിനെയും വായനയെയും ഉയർന്ന തലത്തിലേക്ക് വളർത്താൻ സഹായിച്ചു.
∙സമൂഹത്തിലെ ദുർബലർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രകൃതിക്കും നേരെയുണ്ടാകുന്ന കയ്യേറ്റങ്ങൾക്കെതിരെയുള്ള ഒരു പ്രതിരോധ വാക്സീൻ ആയാണു പ്രിയയുടെ കഥകൾ വായനയ്ക്കു ശേഷം അനുഭവപ്പെടുന്നത്. ഈ കെട്ടകാലത്തെ അതിജീവനാഷൗധം. ജീവിതം പോരാട്ടമാകുന്ന വർത്തമാനകാലത്ത് അതിനുള്ള സംരക്ഷണകവചമാകുന്നു ഈ കഥകൾ. ഓരോ കഥകളും പ്രിയയ്ക്ക് എത്രമാത്രം പ്രതീക്ഷ പകരുന്നവയാണ്?
നമ്മളോടൊത്തു ജീവിക്കുന്നവർ, മനുഷ്യരോ ജന്തുക്കളോ സസ്യങ്ങളോ ആവട്ടെ, പലവിധ പ്രയാസങ്ങളിൽ നട്ടം തിരിയുമ്പോൾ സ്വസ്ഥമായൊരു ജീവിതം ഇവിടെ സാധ്യമാകുന്നതെങ്ങനെ? അസ്വസ്ഥതകൾ ഏറിയും കുറഞ്ഞും എല്ലാവരിലുമുണ്ട്. പ്രതിരോധിക്കാനുള്ള മാർഗങ്ങൾ വ്യത്യസ്തമായിരിക്കുമെന്നു മാത്രം. ഞാനതിനായി കണ്ടെത്തിയ മാധ്യമമാണ് എഴുത്ത്. കഥകളിലൂടെ ലോകത്തെ നന്നാക്കിക്കളയാമെന്ന വ്യാമോഹമൊന്നുമില്ല. എന്നെ സമാധാനിപ്പിക്കാൻ ഞാൻ കണ്ടെത്തിയ മാർഗം സമാന ചിന്താഗതിക്കാരെയും സ്വാധീനിക്കുമെന്ന ഉറപ്പുണ്ട്. ഒലീവ് റിഡ്‌ലിയിലെ ‘കൊന്നമരങ്ങൾ’ എന്ന കഥ ഉദാഹരണമാക്കി പറയാം. പ്രണയം നിഷേധിച്ച പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത ആൺകുട്ടിയുടെ അമ്മയാണ് അതിലെ കേന്ദ്രകഥാപാത്രം. രണ്ടു കുട്ടികളുടെയും മാതാപിതാക്കൾ തുല്യ ദുഃഖിതരാണ്. പക്ഷേ, ആൺകുട്ടിയുടെ അച്ഛനമ്മമാർ മകൻ നഷ്ടപ്പെട്ട വേദനയ്ക്കൊപ്പം അവന്റെ തെറ്റിന്റെ ഭാരം കൂടി പേറി വേണം ശിഷ്ട ജീവിതം നയിക്കാൻ. അവരെക്കുറിച്ചു ചിന്തിച്ചു സങ്കടപ്പെടാറുണ്ടു ഞാൻ. ഓരോ കഥയ്ക്കു പിറകിലുമുണ്ട് ഇത്തരമൊരു ചിന്ത. അതു വായനക്കാരിലേക്കു പടർത്തണമെന്ന് ആഗ്രഹിക്കാറുമുണ്ട്.
∙ഈയടുത്ത കാലത്തു വായിച്ചതിൽ മനസ്സിൽ തട്ടിയ കഥകളേപ്പറ്റി പറയാമോ? ഇഷ്ടപ്പെട്ട മറ്റു കൃതികളെപ്പറ്റിയും.
വർത്തമാനകാലത്തെ കഥകളുടെ പെരുമഴക്കാലമെന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. പക്ഷേ, ആഴ്ന്നിറങ്ങി ഉള്ളിൽ അടയാളപ്പെടുന്നവ വിരളമാണ്. 2018 മുതൽ വായിച്ച കഥകളെ എടുത്തു വച്ചു നോക്കുമ്പോൾ ഏറെ ഇഷ്ടം ഇ. സന്തോഷ് കുമാറിന്റെ നാരകങ്ങളുടെ ഉപമയാണ്. പ്രിയ എ.എസിന്റെ മൃൺമയം, കെ.വി.മണികണ്ഠന്റെ അഫ്റാജ്, ഭഗവതിയുടെ ജട, ഷിനിലാലിന്റെ ബുദ്ധപഥം തുടങ്ങി ഒരുപിടി കഥകളുണ്ട് ആ ഗണത്തിൽ പെടുത്താവുന്നവ. ജി.ആർ. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ 2020ലെ മികച്ച വായനകളിലൊന്നാണ്. ആർ.രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്നെ വല്ലാത അതിശയിപ്പിച്ച കൃതിയാണ്. മനു എസ്. പിള്ളയുടെ ദന്തസിംഹാസനമാണ് ഇഷ്ടപ്പെട്ട മറ്റൊരു പുസ്തകം.
∙പ്രിയയുടെ കഥകളിലെ സ്ത്രീകളെല്ലാം നിലവിലെ പുരുഷകേന്ദ്രീകൃത വ്യവസ്ഥയ്ക്കെതിരെ, ആണധികാരത്തിന്റെ കടന്നുകയറ്റങ്ങൾക്കെതിരെ തങ്ങളുടേതായ രീതിയിൽ അതിരൂക്ഷമായി പ്രതികരിക്കുന്നവരും പൊരുതുന്നവരുമാണ്. വ്യവസ്ഥിതി മാറുമെന്നും തുല്യതയിലും സഹകരണത്തിലും പ്രണയത്തിലുമധിഷ്ഠിതമായ ഒരു ലോകം ഭാവിയിലുണ്ടാകുമെന്നുമുള്ള പ്രതീക്ഷ പ്രിയയ്ക്കുണ്ടോ?
തീർച്ചയായും. ഞാൻ പറഞ്ഞല്ലോ മാറ്റം ഉണ്ടാവേണ്ടതു സ്ത്രീകളുടെ ചിന്തകളിലാണ്. അതുണ്ടാകുന്നുണ്ട് എന്നു തന്നെയാണു വിശ്വാസം. ഫെമിനിസം എന്നൊക്കെ കേട്ടാൽ പുച്ഛിക്കുന്ന ഒരു വിഭാഗത്തെ മാറ്റി നിർത്തിയാലും പ്രതീക്ഷയ്ക്കു വകയുണ്ട്. സ്വാതന്ത്ര്യവും സമത്വവുമൊന്നും ആരും കൈയിൽ തരാൻ പോകുന്നില്ല. അതിനു താൻ അർഹയാണെന്ന ബോധ്യമുള്ള ധാരാളം സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ പ്രവൃത്തികളെ പരിഹസിച്ചവർ തന്നെ പിന്നീടവരെ അംഗീകരിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. പതുക്കെപ്പതുക്കെ എല്ലാ സ്ത്രീകളിലും അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാവും. തോളോടു തോൾ ചേർന്നു നടക്കുന്ന പ്രണയിനിയെ, ഭാര്യയെ ഏതു പുരുഷനാണ് അവഗണിക്കാനാവുക. കണ്ടും കേട്ടും ശീലിച്ചതിൽ നിന്നു പെട്ടെന്നൊരു മാറ്റം ഉൾക്കൊള്ളാനാവില്ലെന്നേയുള്ളൂ. അതു കൊണ്ടാണു ഞാനാദ്യം പറഞ്ഞതു കാഴ്ചപ്പാടിൽ മാറ്റമുണ്ടാവേണ്ടതു സ്ത്രീകളിലാണെന്ന്. സ്വന്തം മക്കളിലേക്ക് അതു പകർന്നു കൊടുക്കാൻ അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക! അടുക്കളയിൽ തുടങ്ങട്ടെ ആദ്യ പടി.
∙ആർക്കു വേണ്ടിയായാലും കഥകളിൽ മായം ചേർക്കരുതെന്ന ആദ്യപാഠം പകർന്ന അച്ഛമ്മയെപ്പറ്റി പ്രിയ എഴുതുന്നുണ്ട്. അത്തരം ഉറച്ചബോധ്യങ്ങൾ പകർന്നു നൽകിയവരെപ്പറ്റി, കഥപറച്ചിലിൽ വഴികാട്ടിയായവരെപ്പറ്റി പറയാമോ?
അങ്ങനെ വഴികാട്ടി എന്നു പറയാൻ ആരുമില്ല. കഥയിലൂടെ പരിചയപ്പെട്ടവരൊക്കെ എന്നിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവാം. കഥകളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നവരുടെ കുറിപ്പുകൾ വായിക്കാറുണ്ട്. എന്റെ കഥയെ ആണെങ്കിലും വിമർശനങ്ങളെ ശ്രദ്ധയോടെ സ്വീകരിക്കും. നല്ല കഥകൾ കണ്ടെത്തി വായിക്കും. അങ്ങനെ നോക്കുമ്പോൾ വേങ്ങയിൽ കുഞ്ഞിരാമൻ നായർ തൊട്ടിങ്ങോട്ട് എല്ലാവരും വഴികാട്ടികൾ തന്നെ.
∙ട്രാൻസ്ജെൻഡറുകളുടെയും ആദിവാസികളുടെയും ജീവിതങ്ങളെപ്പറ്റിയുള്ള ഗൗരവതരമായ ചിന്തകൾ പ്രിയയുടെ കഥകളിൽ കാണാം. ഹിഡുംബി കേന്ദ്രകഥാപാത്രമായി വരുന്ന ഇതിഹാസനാരിയിൽ പോലും ആദിമവാസിയുടെ വ്യഥകളാണല്ലോ അവതരിപ്പിച്ചത്. അതേപ്പറ്റി വിശദമാക്കാമോ?
ആദിവാസികൾ ശരിക്കും നമ്മളിൽ നിന്ന് ഏറെ വ്യത്യസ്തരാണ്. കാട്ടിൽ ജീവിക്കാൻ തന്നെയാണ് അവരിഷ്ടപ്പെടുന്നത്. നാട്ടിൽ നിന്നു നോക്കുമ്പോൾ അവർ വല്ലാതെ കഷ്ടപ്പെടുന്നുണ്ടല്ലോ എന്നൊക്കെ നമുക്കു തോന്നും. വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവുമൊക്കെ അവരും നേടിയെടുക്കണമെന്നു നമ്മളാഗ്രഹിക്കും. പക്ഷേ, അവരെ കാടിറക്കി കൊണ്ടുവരികയെന്നതു ക്ലേശകരമാണ്. എത്രയൊക്കെ സൗകര്യങ്ങൾ കൊടുത്തു സ്കൂളിൽ നിർത്താൻ ശ്രമിച്ചാലും അവസരം കിട്ടിയാൽ കാട്ടിലേക്ക് തന്നെ മടങ്ങാനാണ് അവർ ശ്രമിക്കുക. അതുകൊണ്ടു തന്നെ അവരെ നാട്ടു ജീവിയാക്കാനുള്ള ശ്രമം അത്ര എളുപ്പമല്ല. നാട്ടിലെത്തുന്നവരോടു സമഭാവനയോടെ പെരുമാറാൻ നമുക്ക് സാധിക്കുന്നുമില്ല. ആദിവാസി എന്ന അമിതപരിഗണനയും ഒരു തരം വേർതിരിക്കലല്ലേ. അങ്ങനെ ഒരു ചിന്തയിൽ നിന്നാണ് ഇത്തരം കഥകൾ പിറക്കുന്നത്.
English Summary : Puthuvakku column written by Ajish Muraleedharan - Talk with writer Priya Sunil