'പൊട്ടാസിയം സയനൈഡ് പുരട്ടിയ കത്തിയാഡാ, വാടാ...' ഓർമകളുടെ പായയിലെ അമ്പുചാച്ചന്‍
പ്രണയത്തെക്കുറിച്ച് പൊതുവെ പറയാറുള്ള സംഗതിയാണ്, പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കരുത്. വിവാഹം കഴിക്കുന്നതോടെ പ്രണയം നിങ്ങളുടെ ജീവിതമായിത്തീരുന്നു. കാലത്തിലൂടെ തുഴഞ്ഞും തളർന്നും അങ്ങനെ മുന്നോട്ടു നീങ്ങുമ്പോൾ മെല്ലെ മെല്ലെ ജീവിതം യാന്ത്രികമാവും. അപ്പോൾ, ഒരു കാലത്ത് നമുക്ക് അരുമയായിരുന്ന, പൂവും പൂമാലയും
പ്രണയത്തെക്കുറിച്ച് പൊതുവെ പറയാറുള്ള സംഗതിയാണ്, പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കരുത്. വിവാഹം കഴിക്കുന്നതോടെ പ്രണയം നിങ്ങളുടെ ജീവിതമായിത്തീരുന്നു. കാലത്തിലൂടെ തുഴഞ്ഞും തളർന്നും അങ്ങനെ മുന്നോട്ടു നീങ്ങുമ്പോൾ മെല്ലെ മെല്ലെ ജീവിതം യാന്ത്രികമാവും. അപ്പോൾ, ഒരു കാലത്ത് നമുക്ക് അരുമയായിരുന്ന, പൂവും പൂമാലയും
പ്രണയത്തെക്കുറിച്ച് പൊതുവെ പറയാറുള്ള സംഗതിയാണ്, പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കരുത്. വിവാഹം കഴിക്കുന്നതോടെ പ്രണയം നിങ്ങളുടെ ജീവിതമായിത്തീരുന്നു. കാലത്തിലൂടെ തുഴഞ്ഞും തളർന്നും അങ്ങനെ മുന്നോട്ടു നീങ്ങുമ്പോൾ മെല്ലെ മെല്ലെ ജീവിതം യാന്ത്രികമാവും. അപ്പോൾ, ഒരു കാലത്ത് നമുക്ക് അരുമയായിരുന്ന, പൂവും പൂമാലയും
പ്രണയത്തെക്കുറിച്ച് പൊതുവെ പറയാറുള്ള സംഗതിയാണ്, പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കരുത്. വിവാഹം കഴിക്കുന്നതോടെ പ്രണയം നിങ്ങളുടെ ജീവിതമായിത്തീരുന്നു. കാലത്തിലൂടെ തുഴഞ്ഞും തളർന്നും അങ്ങനെ മുന്നോട്ടു നീങ്ങുമ്പോൾ മെല്ലെ മെല്ലെ ജീവിതം യാന്ത്രികമാവും. അപ്പോൾ, ഒരു കാലത്ത് നമുക്ക് അരുമയായിരുന്ന, പൂവും പൂമാലയും ചാർത്തിസൂക്ഷിച്ച നമ്മുടെ പ്രിയപ്പെട്ട പ്രണയവും യാന്ത്രികമാവും. മറിച്ച് പ്രണയിച്ച ആളെ വിവാഹം കഴിക്കാതിരുന്നാലോ, മരണം വരെ നാമതൊരു ഓർമയായി കൊണ്ടു നടക്കും. ഒരിക്കലും വാടാത്ത, ഒരിക്കലും യാന്ത്രികമാകാത്ത, നിത്യസൗരഭ്യം പ്രദാനം ചെയ്യുന്ന ഓമനത്തം നിറഞ്ഞുനിൽക്കുന്നൊരു മധുരവേദന.
ഒന്നാലോചിച്ചാൽ പ്രണയം മാത്രമല്ല, ജീവിതത്തിലെ ഏതനുഭവവും നമ്മുടെ മനസ്സിൽ വലിയ തിരുമാലകളുയർത്തുന്നത് കാലങ്ങൾക്കു ശേഷം അതെക്കുറിച്ച് ഓർക്കുമ്പോഴാണ്. സന്തോഷകരമായാലും ദുഃഖകരമായാലും കോപമുണർത്തുന്നതായാലും ഒരു സംഭവം നമ്മുടെ ജീവിതത്തിലുണ്ടാകുമ്പോൾ, ചൊല്ലും വിളിയുമൊന്നുമില്ലാതെ അത് ചുമ്മാതങ്ങു സംഭവിച്ചു പോവുകയാണ്. നമുക്കു വെറുതെ നിന്നു കൊടുക്കാനേ കഴിയൂ. ആ അനുഭവം നമ്മുടെ മനസ്സിന്റെ വികാരമൂലകളിൽ ചെന്നു മുട്ടി കയ്‌പോ മധുരമോ എരിവോ പുളിയോ ഒക്കെയായി മാറുന്നത് പിന്നീടെപ്പോഴെങ്കിലും അതെക്കുറിച്ച് ഓർക്കുമ്പോഴാണ്. നാം കേട്ടുകൊണ്ടിരിക്കാൻ ആഗ്രഹിക്കുന്നത് പ്രിയപ്പെട്ടവരുടെ ഓർമകളാണ്. അവരതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇഷ്ടത്തിന്റെ തോതനുസരിച്ച് നാം കൂടി അവരോടൊപ്പം ആ ഓർമകളിലൂടെ സഞ്ചരിക്കും. അവരുടെ ദുഃഖം നമ്മുടെ കൂടി ദുഃഖമാകും. അവരുടെ സന്തോഷം നമ്മുടെയും സന്തോഷമാകും.
വായനയുടെ കാര്യത്തിലും വലിയ വ്യത്യാസമില്ലല്ലോ എന്നു തോന്നിപ്പിച്ച പുസ്തകമാണ് അടുത്തിടെ വായിച്ച പായ. എഴുത്തുകാരൻ മനോജ് വെങ്ങോലയുടെ പലതരം ഓർമകളുടെ വളപ്പൊട്ടുകൾ ഇട്ടുസൂക്ഷിച്ചിരിക്കുന്ന ചെപ്പുകുടം.
സ്‌കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ ചില ഓർമക്കുറിപ്പുകൾ വായിച്ചിട്ടുണ്ട്, പ്രമുഖരായ എഴുത്തുകാരുടെ ആത്മാനുഭവങ്ങൾ. പിന്നീട് ഓർമ, അനുഭവം പരമ്പരയിൽ പല പ്രസാധകരും പല പുസ്തകങ്ങളും ഇറക്കിയിട്ടുണ്ടെങ്കിലും അവയൊന്നും വായിച്ചിട്ടില്ല. എഴുത്തിന്റെ മഹാസാഗരത്തിലെ സഞ്ചാരം ചെറുങ്ങനെ തുടങ്ങിയിട്ടുള്ള ചെറുപ്പക്കാർ എഴുതുന്ന ഓർമകളൊക്കെ എന്തു വായിക്കാൻ, അവരൊരു പത്തറുപതു വയസ്സ് കഴിഞ്ഞ് അനുഭവം എഴുതട്ടെ, അപ്പോൾ വായിക്കാം എന്ന് മനസ്സ് ധിക്കാരം പറഞ്ഞു. പക്ഷേ, ആഴ്ചപ്പതിപ്പ് പത്രാധിപന്മാരും പുസ്തകപ്രസാധകരും പറഞ്ഞത് ഓർമ, അനുഭവം പുസ്തകങ്ങൾക്ക് നല്ല വിൽപനയുണ്ടെന്നാണ്. എഴുതുന്നത് പ്രശസ്തരായാലും അപ്രശസ്തരായാലും. യഥാർഥത്തിൽ കഥയും നോവലും കവിതയുമൊക്കെ വിറ്റുപോകുന്നതിനേക്കാളും കൂടുതൽ വേഗത്തിൽ ഓർമകൾ വിറ്റുപോകുമത്രെ. അതെക്കുറിച്ച് കുറെക്കാലം ഞാൻ വെറുതെ ആലോചിച്ചു നടന്നു. എന്നോടും ചില പ്രസാധകർ പറഞ്ഞു, അനുഭവം എഴുതിക്കൊടുക്കാൻ. ഷഷ്ടിപൂർത്തി കഴിഞ്ഞു നോക്കാം എന്നു മറുപടി പറഞ്ഞു. അതേ, ഓർമ, അനുഭവം പുസ്തകങ്ങളുടെ കാര്യത്തിൽ അടഞ്ഞ മനസ്സുമായാണ് ഏറെക്കാലമായി ഞാൻ കഴിഞ്ഞുകൂടിയിരുന്നത്.
പക്ഷേ, എന്റെ അത്തരം ധാരണകളെല്ലാം തികഞ്ഞ അബദ്ധവിചാരങ്ങളായിരുന്നുവെന്നും ഭാവനാസമ്പന്നനും ഭാഷാവരം കിട്ടിയവനുമായ ഒരു എഴുത്തുകാരന്റെ കയ്യിൽ ഓർമകളുടെ പുസ്തകം ഏറ്റവും മികച്ച സാഹിത്യഗ്രന്ഥമായിത്തീരുമെന്നും തിരിച്ചറിവു തന്ന പുസ്തകമാണ് പായ.
മനോജിന്റെ ജീവിതത്തിലെ 22 അനുഭവങ്ങളാണ് പായയിലുള്ളത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ, വീട്, പ്രണയം, ജീവിക്കാൻ വേണ്ടി എടുത്ത തൊഴിലുകൾ, ഇഷ്ടപ്പെട്ട പുസ്തകങ്ങൾ, കണ്ടുമുട്ടിയ പലതരം മനുഷ്യർ ഒക്കെ ചെറുകുറിപ്പുകളായി പായയ്ക്ക് ഇഴ നെയ്യുന്നു. മനോഹരമായ 22 ചെറുകഥകളായി ഇതിലെ ഓരോ കുറിപ്പിനെയും നിങ്ങൾക്കു വായിക്കാം. വികാരം മുറ്റിനിൽക്കുന്നവയാണ് ഓരോ കഥയും. ലളിതവും മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നതുമായ ഭാഷ, പ്രവചിക്കാനോ പ്രതീക്ഷിക്കാനോ സാധിക്കാത്ത ക്ലൈമാക്‌സ്, തികഞ്ഞ സത്യസന്ധത, കലർപ്പില്ലാത്ത ആത്മാർഥത... ഓരോ കുറിപ്പ് വായിക്കുമ്പോഴും മനസ്സിലേക്ക് ആവർത്തിച്ചു കടന്നുവരുന്ന തോന്നലുകളാണിവ.
ഒരു പക്ഷേ, ഇക്കാലത്ത് ഇറങ്ങുന്ന പല കഥകളിലും നോവലുകളിലും കാണാൻ കിട്ടാത്ത വലിയ വലിയ ദർശനങ്ങൾ ഒരു ബുദ്ധിജീവിഭാരവുമില്ലാതെ മനോജ് ചുമ്മാതങ്ങു പറഞ്ഞു പോകുന്നു. പുസ്തകങ്ങളുടെ അച്ഛൻ എന്ന കുറിപ്പിൽ നിന്ന്: സ്‌നേഹമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു എന്ന് മനസ്സിലാക്കുന്നു. സ്‌നേഹം കുലദൈവത്തെപ്പോലെ കൂടെ നിന്ന് നരകങ്ങൾക്ക് നമ്മെ ഒറ്റിക്കൊടുക്കുന്നു. അത് നമ്മളോടൊട്ടി നിന്ന് നമ്മെ ഇല്ലാതാക്കുന്നു.
ഒറ്റയാനിലെ ഒരു വാചകം: നോക്കുന്നിടത്തെല്ലാം, ചെയ്യാത്ത കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കും പോലെ ജീവിക്കുന്ന മനുഷ്യരാണ്. അവർ ചുമന്നു നടക്കുന്നതത്രയും കഥകളാണ്. ഓരോ വിചാരങ്ങളാണ്.
പ്രണയ കാലത്തിന്റെ തുടക്കം:
ഇതൊക്കെ ഇങ്ങനെയാകും സംഭവിക്കുക എന്നറിഞ്ഞിരുന്നുവെങ്കിൽ കരുതി ഇരിക്കാമായിരുന്നു. അതിനൊപ്പിച്ച് നന്നായി പെരുമാറാമായിരുന്നു. അതും വേണ്ട.എല്ലാറ്റിനും ഒരവസരം കൂടി കിട്ടിയാലും മതി. പക്ഷേ, ഇല്ലല്ലോ. ജീവിതം ഒരൊറ്റ ഊഴത്തിൽ തീരുകയാണ്. റിഹേഴ്‌സലിന് സാധ്യതകളില്ല. പിന്നെങ്ങനെ ?
ലോകസാഹിത്യവും മലയാള സാഹിത്യവും ഭാരതത്തിലെ ഇതര ഭാഷകളിലെ മികച്ച കൃതികളും പ്രാണൻ പോലെ കൂടെക്കൊണ്ടു നടന്ന് പരിചയിച്ച, വായിച്ചു വായിച്ചു ഭാഷയുടെ മേൽ ഒരു ശിൽപിയുടെ കയ്യടക്കത്തോടെ പെരുമാറാൻ പ്രാപ്തി നേടിക്കഴിഞ്ഞ ഈ ചെറുപ്പക്കാരന്റെഓരോ വാചകവും കയ്യിലെടുത്തൊന്നു പിഴിഞ്ഞാൽ ഊറിവരുന്നത് തെളിമയുള്ള കവിതയാണ്.
ഷൺമുഖൻ എന്ന കുറിപ്പിൽ നിന്നൊരു വാചകം : ജനലുകൾ തുറക്കാനാവാത്ത ആ വീട്ടിൽ വെളിച്ചം എന്നത് മോളുടെ ചിരിയായിരുന്നു. ഈശ്വരന്റെ കൂട്ടുകാരനിൽ നിന്ന് : റാമിയും ഒരു പ്രൈവറ്റ് ബസാണ്. ആ ബസ് ഇടറോഡുകളിലൂടെ പതുക്കെ ഓടി ആലുവ ചെല്ലും. എല്ലാ സ്റ്റോപ്പിലും നിർത്തി, എല്ലാവരെയും കയറ്റിയിറക്കി, കാടിനോടും പള്ളയോടും കമ്യൂണിസ്റ്റ് പച്ചയോടും വർത്താനമൊക്കെ പറഞ്ഞാണ് പോക്ക്. പഴങ്ങനാട് ആശുപത്രിയുടെ മുന്നിലെത്തിയാൽ ,ഏതോ രോഗിക്ക് ചീട്ടെടുത്ത് ഡോക്ടറെ കാണിച്ചിട്ടേ ഇനി മുന്നോട്ടുള്ളൂ എന്ന മട്ടിൽ മുരണ്ടു മുരണ്ടു കിടക്കും. വഴിവക്കിലെ വീട്ടിൽ, കുളി കഴിഞ്ഞ ഒരാൾ പൗഡറിട്ട് നിൽക്കുന്നെങ്കിൽ, അയാൾ വരാനും കാത്തുകെട്ടി കിടക്കും.
തൊട്ടയൽപക്കത്തുണ്ടായിരുന്ന ജന്മികുടുംബത്തിലെ സത്യഭാമക്കുഞ്ഞമ്മയെക്കുറിച്ചാണ് കമ്പരാമായണം എന്ന കുറിപ്പ്. ആഢ്യനായർ കുടുംബത്തിലെ വീട്ടമ്മ. കുട്ടിക്കാലം, ജാതിവിവേചനം നന്നായുണ്ട്. വീടിന്റെ ഉമ്മറത്തേക്ക് പോകില്ല. അടുക്കളപ്പുറത്തെ കടപ്ലാവിന്റെ നിഴലിലാണ് നിൽക്കുക. എന്തിനും ഏതിനും കമ്പരാമായണത്തിൽ നിന്നെന്ന വ്യാജേന ഉപമ പറയുകയും സ്‌നേഹിച്ചു വിഷമിപ്പിക്കുകയും ചെയ്യുന്ന സത്യഭാമയുടെ ദാരുണാന്ത്യം വരച്ചിടുമ്പോൾ മനോജിനൊപ്പം നമ്മളും കരഞ്ഞുപോകും. കരയാനുള്ള മരുന്നു പുരട്ടിയതാണ് ഇതിലെ പല വിവരണങ്ങളും. അതുള്ളിൽ ചെന്നാൽ വേറെ വഴിയില്ലല്ലോ. നമ്മുടെ കണ്ണീരിന്റെ ശിൽപിയോടു കാരണം ചോദിക്കണ്ടേ?
∙ സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ വായിച്ചിട്ടുളള ഓർമക്കുറിപ്പുകളൊക്കെ അക്കാലത്തെ അതിപ്രശസ്തരുടേതാണ്. പ്രശസ്തിയിൽ ഏറ്റവും മുന്നിലല്ലാത്തവരൊന്നും ഓർമയും അനുഭവവും എഴുതിയില്ല. അഥവാ എഴുതിയിട്ടുണ്ടെങ്കിൽ തന്നെ പത്രാധിപന്മാർ ചവറ്റുകൊട്ടയിലിട്ടു. പിന്നീടൊരു ഘട്ടത്തിൽ അതിപ്രശസ്തരല്ലാത്തവരുടെയും അപ്രശസ്തരുടെയുമൊക്കെ അനുഭവക്കുറിപ്പുകൾ ആനുകാലികങ്ങളിലും പിന്നീട് പുസ്തകമായും അച്ചടിച്ചു വരാൻ തുടങ്ങി. സോഷ്യൽ മീഡിയയുടെ വരവോടെ ആർക്കും അനുഭവക്കുറിപ്പ് എഴുതാമെന്നായി. പുസ്തക പ്രസാധകരും സാഹിത്യ പത്രാധിപന്മാരും പറയുന്നത് അനുഭവക്കുറിപ്പുകൾക്ക് വളരെയധികം വായനക്കാരുണ്ടെന്നാണ്. എന്താവും മറ്റുള്ളവരുടെ അനുഭവങ്ങൾ കേൾക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഘടകം?
സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത്, ഞങ്ങളുടെ അധ്യാപകനായിരുന്ന വി.ജി.എബ്രഹാം സാറാണ് ഗാന്ധിജിയുടെ ആത്മകഥ വായിക്കാന്‍ തന്നത്. ഈ വിഭാഗത്തില്‍ ഞാനാദ്യം വായിക്കുന്ന പുസ്തകം അതാണ്. ഗാന്ധിജി കടന്നുപോന്ന അനുഭവങ്ങളും ലോകവും മറ്റൊരു ഗ്രഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പോലെയാണ് ഞാന്‍ വായിച്ചത്. എനിക്ക് അപ്രാപ്യമെന്ന് തോന്നിയ ആ വിസ്മയം ഇന്നു൦ ഉള്ളിലുണ്ട്. ഇതേ വിസ്മയലോകം തേടി, പിന്നീട് എത്രയോ ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളും അനുഭവങ്ങളും വായിച്ചു. തിക്കോടിയന്‍റെ അരങ്ങ് കാണാത്ത നടന്‍, പിയുടെ കവിയുടെ കാല്‍പ്പാടുകള്‍, മുണ്ടശ്ശേരിയുടെ കൊഴിഞ്ഞ ഇലകള്‍, എം.എന്‍.പാലൂരിന്‍റെ കഥയില്ലാത്തവന്‍റെ കഥ, എന്‍.എന്‍.പിള്ളയുടെ ഞാന്‍, ചെറുകാടിന്‍റെ ജീവിതപ്പാത എന്നിവയാണ് ഗാന്ധിജിയുടെ ആത്മകഥയ്ക്ക് ശേഷം വിദ്യാഭ്യാസകാലത്ത് എന്നെത്തേടി വന്ന പുസ്തകങ്ങള്‍. പില്‍ക്കാലത്ത് Isadora Duncan -ന്‍റെ My life, Nadia Murad-ന്‍റെ The Last Girl, Jagat S. Mehta-യുടെ The Tryst Betrayed: Reflections on Diplomacy and Development, Gioconda Belli-യുടെ The Country Under My Skin: A Memoir of Love and War, Mimlu Sen-ന്‍റെ The Honey Gatherers തുടങ്ങിയവയെല്ലാം ഈ ഇനത്തില്‍ എനിക്ക് പ്രിയപ്പെട്ടവയാണ്. ടി.ജെ.ജോസഫ് സാറിന്‍റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ വായിച്ച്, നടുങ്ങി. അദ്ദേഹത്തെ നേരില്‍ കാണണമെന്നും ഒരല്‍പ്പനേരം അടുത്തിരിക്കണം എന്നും തോന്നി. മനുഷ്യരെക്കുറിച്ചും, നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചും വീണ്ടും വീണ്ടും ഓര്‍ക്കുവാനും ചില നിഗമനങ്ങളില്‍ എത്തുവാനും ഈ പുസ്തകങ്ങളുടെ പാരായണം വഴി എനിക്ക് സാധിച്ചിട്ടുണ്ട്. ഇതെന്‍റെ കാര്യമാണ്. മറ്റൊരാളുടെ ജീവിതവും അയാള്‍ പരിചയിച്ച ലോകവും അടുത്തറിയാനുള്ള കൌതുകമാകാം അനുഭവക്കുറിപ്പുകളിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകം എന്ന് തോന്നുന്നു. അവയുടെ വെളിച്ചത്തില്‍, ഒരു ആത്മാന്വേഷണം വായനക്കാരന് സാധ്യമാകുന്നുണ്ടാകണം.
∙ നോവൽ, ചെറുകഥ, കവിത എന്നൊക്കെ പ്പോലെ അനുഭവവും ഒരു പ്രത്യേക സാഹിത്യ ശാഖയായി പരിഗണിക്കേണ്ട കാലമാണെന്ന് തോന്നുന്നു. എന്തു പറയുന്നു.?
വാക്കുകള്‍ കയ്യിലുള്ള ഒരാള്‍ക്ക് ഭാവനയും ഭാഷയും ചേര്‍ന്നുള്ള ജുഗല്‍ബന്ദി സാധ്യമാണ്. അയാളുടെ ഇഷ്ടങ്ങളൊക്കെ നോവലായും കഥയായും കവിതയായും എഴുതാം. എങ്ങനെ എഴുതണം എന്നത് അയാളുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. ഒരു ലാപ് ടോപും എഴുത്തിനുവേണ്ടി ചെലവഴിക്കാന്‍ സമയവും മതിയാകും. സോഷ്യല്‍ മീഡിയ ശക്തമായി മുന്നിലുള്ളപ്പോള്‍ വായനക്കാരും ഉണ്ടാകും. അനുഭവക്കുറിപ്പുകള്‍ വായിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ടല്ലോ. അതൊരു പ്രത്യേക സാഹിത്യ ശാഖയായി മാറിക്കഴിഞ്ഞു എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. അതിപ്രശസ്തരല്ലാത്തവരുടെയും അപ്രശസ്തരുടെയുമൊക്കെ അനുഭവങ്ങള്‍ വരട്ടെ. അവരുടെ ആന്തരികവും ബാഹ്യവുമായ ലോകം വെളിപ്പെടട്ടെ. അവര്‍ക്കുമുണ്ടല്ലോ ജിവിതം. Baby Halder എഴുതിയ A Life Less Ordinary എന്ന പുസ്തകമൊക്കെ ലോകം ഏറ്റെടുത്തുകഴിഞ്ഞു. എഴുത്ത്, ജീവിതമെഴുത്തായി മാറുകയാണ്.
∙ മനോജിന്റെ കഥകൾ മനോഹരമാണ്. ഇപ്പോൾ അനുഭവക്കുറിപ്പുകളുടെ ഈ പുസ്തകം വായിച്ചപ്പോൾ തോന്നുന്നു, ഇവയിൽ ഓരോന്നും മലയാളത്തിലെ ഏതു ചെറുകഥയേക്കാളും മനോഹരമാണെന്ന്. സ്വന്തം വിലയിരുത്തൽ ?
നല്ല വാക്കുകള്‍ക്ക് നന്ദി. എന്‍റെ കഥകളെക്കുറിച്ച് എനിക്കൊരു അവകാശവാദവുമില്ല. വിരലില്‍ എണ്ണിയെടുക്കാവുന്ന അവയുടെ സാഹിത്യമൂല്യമെത്രയെന്നും എനിക്കറിയില്ല. അവ എഴുതിയ കാലത്ത് അവയെപ്പറ്റി ആലോചിച്ചു. ഉരുകി. എനിക്കറിയാവുന്ന ചിലരെ അടയാളപ്പെടുത്താനായി. അത്രമാത്രം. എനിക്ക് പരിചയമുള്ള ആളുകളെ ശ്രദ്ധിക്കുന്നതും അവരെക്കുറിച്ച് ചില കഥകള്‍ ആലോചിക്കുന്നതും പണ്ടേയുള്ള ശീലമാണ്. ഫെയ്സ്ബുക്കില്‍, ബുക്ക് ചലഞ്ചിന്‍റെ ഭാഗമായി ചില കുറിപ്പുകള്‍ എഴുതിയപ്പോള്‍ ഈ മനുഷ്യരും അവരുടെ ജീവിതവും കഥയുടെ ക്രാഫ്റ്റില്‍ വന്നുപോയെന്നു മാത്രം. ആനുകാലികങ്ങളും അവയില്‍ ജോലി ചെയ്യുന്ന പത്രാധിപസുഹൃത്തുക്കളും അവരുടെ അഭിരുചികളും താല്‍പര്യങ്ങളും പുതുകഥ/ നവകഥ എന്നെല്ലാം ചില ട്രെന്‍ഡുകള്‍ രൂപപ്പെടുത്താറുണ്ട് എല്ലാക്കാലത്തും. അതങ്ങനെ വന്നുപോകും. ഒന്നോരണ്ടോ ബാക്കിയാകും. ആ നിലയില്‍, ഞാന്‍ പുതുകഥയോ നവകഥയോ എഴുതുന്ന ആളല്ല.
∙ ചെറുകഥകളിലെ പോലെ അവസാന വാചകത്തിൽ ഞെട്ടലോ വിസ്മയമോ കൗതുകമോ ഒളിപ്പിച്ചു വച്ചവയാണ് മിക്ക കുറിപ്പുകളും. ബോധപൂർവമാണോ ഈ ആഖ്യാനരീതി?
ഈ ആഖ്യാനരീതി സ്വാഭാവികമായിത്തന്നെ വന്നതാണ്. എന്തും കഥയായി ഭാവന ചെയ്യുന്നതിനാല്‍ സംഭവിക്കുന്നതാണ്. ചെറുപ്പത്തില്‍, എനിക്ക് കഥ പറഞ്ഞു തന്നവരൊക്കെ ഈ വിധമായിരുന്നു കഥ അവസാനിപ്പിച്ചിരുന്നത്. ഒരു നടുക്കം. ഒരു കൌതുകം. അങ്ങനെയങ്ങനെ. അച്ഛന്റെ ഒരു അമ്മായിയെ ഓര്‍ക്കുന്നു. മാത്തിരിയമ്മായി. കുന്നിക്കുരുടി എന്ന സ്ഥലത്ത് നിന്നും രണ്ട് ബസുകള്‍ മാറിക്കേറിയാണ് ഏറെ പ്രായമുള്ള അമ്മായി ഞങ്ങളെ കാണാന്‍ വന്നിരുന്നത്. അമ്മായി മടങ്ങിപ്പോകുംവരെ രാത്രിയും പകലും കഥ പറച്ചിലാണ്. പായയില്‍ ഞാന്‍ എഴുതിയിട്ടുള്ള കുഞ്ഞോയിന്നന്‍ അമ്മാവനും അങ്ങനെതന്നെ. എന്‍റെ അച്ഛാച്ഛനും അച്ഛനും കഥ പറയുന്നതില്‍ വിരുതുള്ളവരായിരുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യരും മരിച്ചവരും ഭൂതങ്ങളും പ്രേതങ്ങളും ചാത്തന്‍, മറുത, കാളി, കൂളി എന്നിങ്ങനെ ചിലരും ആ കഥകളില്‍ എമ്പാടും ഉണ്ടായിരുന്നു. ലോകം കഥകള്‍ കൊണ്ടു നിര്‍മ്മിച്ചതാണ് എന്ന് അന്നേ ഇവരെല്ലാം പറയാതെ പറഞ്ഞു. ഞങ്ങള്‍ കുട്ടികളെ കഥയിലേയ്ക്ക് ആകര്‍ഷിയ്ക്കും വിധമായിരുന്നു അവരുടെ കഥ പറച്ചിലുകള്‍. ആ വിവരണകല എന്‍റെ ചോരയിലും കാണും. അച്ഛനൊപ്പം അദ്ദേഹത്തിന്‍റെ അവസാനനാളുകളിലെ ആശുപത്രിവാസം എനിക്ക് മറക്കാനാകില്ല. രാത്രി മുഴുവന്‍ ഉറങ്ങാതെ അച്ഛന്‍ ഓരോരോ കഥകള്‍ പറയുമായിരുന്നു. ഒക്കെയും യൌവനകാലത്തെ ഓരോ സംഭവങ്ങളാണ്. ഒരു കോണ്ട്രാക്റ്റര്‍ക്കൊപ്പം ഇടമലയാറില്‍ അണക്കെട്ട് പണിയാനോ മറ്റോ പോയപ്പോഴുള്ള ഒരു കഥ അച്ഛന്‍ പറഞ്ഞത് ഞാന്‍ മറക്കില്ല. കൂടെ പണിചെയ്തിരുന്ന ഒരാളും അച്ഛനും കൂടെ ഒരു ആമയെ പിടിക്കാന്‍ പോയ കഥയായിരുന്നു അത്. സംഭവബഹുലമായിരുന്നു അവര്‍ക്കാരാത്രി. അത് റെക്കോർഡ് ചെയ്ത് വച്ചിട്ട് പകര്‍ത്തി എഴുതിയാല്‍, ഉഗ്രന്‍ കഥയാകുമായിരുന്നു. ആ ആമയുടെയാണോ എന്ന് അറിയില്ല. ഞങ്ങളുടെ വീട്ടില്‍ ഒരു ആമയുടെ പുറംതോടിലായിരുന്നു ഉമിക്കരി ഇട്ടുവച്ചിരുന്നത്, കുറേക്കാലം. അച്ഛനിന്നില്ല. അന്ന് കഥ പറഞ്ഞു വിസ്മയിപ്പിച്ച ആരുമില്ല. അവര്‍ പറഞ്ഞ കഥകളുടെ ഓര്‍മ്മകള്‍ മാത്രമുണ്ട്.
∙ അച്ഛൻ, അമ്മ, ഭാര്യ, മകൾ, കൂട്ടുകാർ, ഇതര സംസ്ഥാന തൊഴിലാളി തുടങ്ങി മനോജുമായി ബന്ധപ്പെട്ടവരുടെ ,ഒപ്പം മനോജിന്റെയും ജീവിതമാണ് ഈ പുസ്തകത്തിന്റെ അസംസ്കൃത വസ്തു. സ്വന്തം ജീവിതം മറയില്ലാതെ പറയാൻ സാധാരണയിൽ കവിഞ്ഞ ധൈര്യമാവശ്യമാണ്. അതോ ,മറ്റു തരത്തിലുള്ള സമ്മർദ്ദമോ പ്രേരണയോ ഉണ്ടായോ?
എന്‍റെ ബോധ്യമാണ് ഞാന്‍ എഴുതുന്നത്. എനിക്ക് പരിചയമുള്ളവരെല്ലാം അതില്‍ കലര്‍ന്നുവരുന്നു. എന്‍റെ എഴുത്തിന്‍റെ സാഹിത്യഗുണം ഞാന്‍ തിരയുന്നില്ല. എനിക്ക് അറിയാവുന്ന ഭാഷയില്‍, അറിയാവുന്ന വാക്കുകള്‍ അതിനായി ഉപയോഗിക്കുന്നു. അനുഭവക്കുറിപ്പുകള്‍ എഴുതണം എന്നൊന്നും ഒരിക്കലും ആലോചിച്ചിരുന്നില്ല. എന്‍റെ അനുഭവങ്ങള്‍ അങ്ങനെ എഴുതാന്‍ മാത്രം കൊള്ളാവുന്നതാണ് എന്നും കരുതിയിട്ടില്ല. പായ എന്ന പുസ്തകം സംഭവിച്ചുപോയതാണ്. ആത്മസുഹൃത്തുക്കളായ അജിത് നീലാഞ്ജനം, കെ.ബി.വേണു എന്നിവര്‍ ഫെയ്സ്ബുക്കില്‍ ഒരു ബുക്ക് ചലഞ്ച് ആരംഭിച്ചിരുന്നു. നമുക്കിഷ്ടമുള്ള ഒരു പുസ്തകത്തിന്‍റെ കവര്‍ പോസ്റ്റ് ചെയ്യുക. ഒരാഴ്ച. എല്ലാദിവസവും മുടങ്ങാതെ വേണം. വേണുവേട്ടന്‍ അദ്ദേഹത്തിന്‍റെ ഊഴം കഴിഞ്ഞപ്പോള്‍, എന്നെ അതിനായി നിയോഗിച്ചു. ഞാന്‍ ഫെയ്സ് ബുക്കിലിടാന്‍ ഓരോ പുസ്തകം തിരഞ്ഞപ്പോള്‍, ആ പുസ്തകങ്ങളും ഞാനും തമ്മിലുള്ള ബന്ധങ്ങള്‍ ഓര്‍ത്തുപോയി. കവറിനൊപ്പം ആ ഓര്‍മ്മകളും ഞാന്‍ എഴുതിയിട്ടു. അതു വായിക്കാന്‍ കുറെ കൂട്ടുകാര്‍ ഫെയ്സ്ബുക്കിലേയ്ക്ക് ഇരച്ചുവന്നു. ഒരാഴ്ച കഴിഞ്ഞിട്ടും പിന്നെയും ഞാന്‍ എഴുതിക്കൊണ്ടിരുന്നു. അങ്ങനെ ഇരുപത്തിയഞ്ച് ദിവസം ഇരുപത്തിയഞ്ചു കുറിപ്പുകള്‍ എഴുതി. കൂട്ടുകാരുടെ നിര്‍ബന്ധം കൊണ്ടുമാത്രം എഴുതിയതാണ് ആ കുറിപ്പുകള്‍. എക്കാലത്തും എന്‍റെ ആദ്യവായനക്കാരനും നിര്‍ദ്ദയനായ വിമര്‍ശകനും ഹൃദയത്തിന്‍റെ താക്കോല്‍ സൂക്ഷിപ്പുകാരനുമായ സുരേഷ് കീഴില്ലം അവയെല്ലാം ചേര്‍ത്ത് പുസ്തകരൂപത്തിലാക്കി. അതാണ് പായ.
∙ ഇതിലെ മിക്ക കുറിപ്പുകളും കണ്ണിലൊരു നനവോടെയല്ലാതെ വായിക്കാനാവില്ല. എഴുതുമ്പോഴത്തെ വികാരം എന്തായിരുന്നു.? അച്ചടിച്ചു വന്ന ശേഷം വായനക്കാരുടെ പ്രതികരണമോ?
ഫെയ്സ്ബുക്കില്‍ എഴുതിക്കൊണ്ടിരിക്കുമ്പോഴേ നല്ല പ്രതികരണമായിരുന്നു. ആരും മോശം പറഞ്ഞില്ല. ഇനിയും ഇനിയും എഴുതൂ എന്ന് കൂട്ടുകാര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഞാന്‍ എഴുതി. പുസ്തകരൂപം നല്ല രീതിയില്‍ വില്‍ക്കുന്നുണ്ട്. ഈ കുറിപ്പുകള്‍ ഫെയ്സ്ബുക്കില്‍ വായിച്ചവരും പുസ്തകം വാങ്ങി സൂക്ഷിക്കുന്നു. ഗിഫ്റ്റ് കൊടുക്കാന്‍ നല്ല പുസ്തകമാണ് എന്നു പറഞ്ഞു വാങ്ങുന്നവരും ഉണ്ട്. പായയുടെ തുടര്‍ച്ച ഉണ്ടാകില്ലേ എന്ന് ധാരാളം ആളുകള്‍ ഇന്‍ബോക്സില്‍ വന്നും ഫോണിലും അന്വേഷിക്കുന്നു. ഞാന്‍ ചിരിച്ചൊഴിയും. ഞാനെഴുതിയ കുറിപ്പുകള്‍ എല്ലാം പാവപ്പെട്ട, ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യരെക്കുറിച്ചാണ്. അവരെയെല്ലാം ഞാന്‍ ഓര്‍മ്മിക്കുന്നുണ്ടെന്നും അവര്‍ ഒറ്റയ്ക്കല്ലെന്നുമുള്ള എന്‍റെ അറിയിപ്പായിരുന്നു അവയെല്ലാം. അവരോടും അവരെത്തേടി വന്ന വായനക്കാരോടും വിക്രം സേഥിന്‍റെ വരികള്‍ ഓര്‍ത്തുവയ്ക്കാന്‍ പറയുന്നു:
'All you who sleep tonight, Far from the ones you love, No hands to left or right, And emptiness above, Know that you aren’t alone. The whole world shares your tears, Some for two nights or one, And some for all their years.'
∙ മൂന്നു തവണ മരണത്തിലേക്ക് യാത്ര പോയി മടങ്ങി. ഇപ്പോൾ മരണത്തോടുള്ള വികാരം? ജീവിതത്തോടോ?
കുട്ടിയായിരുന്നപ്പോള്‍ കുളത്തില്‍ വീണതാണ് ഒരപകടം. യൌവനാരംഭത്തില്‍ പാമ്പുകടിയേറ്റ് മരണാസന്നനായതാണ് മറ്റൊന്ന്. അലച്ചിലും ഭക്ഷണമില്ലായ്മയും മൂലം രോഗം ബാധിച്ച അവസ്ഥയും ഞാന്‍ മറികടന്നു. ഇതിനിടയില്‍, തീവ്രമായ മരണാഭിമുഖ്യത്തോടെ ജീവിച്ച കാലവും ഉണ്ടായി. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍, രസകരമാണ്. ജീവിതത്തിന്‍റെ സൌന്ദര്യം എനിക്ക് ഹൃദയത്തില്‍ അറിയാനാകുന്നുണ്ട്. എല്ലാം നശ്വരമാണ് എന്ന് ഞാനെന്‍റെ മരണഭയങ്ങളെ മറികടക്കുന്നു. ജീവിതത്തെ സ്നേഹിക്കുന്നു. ശൂന്യത മാത്രമാണ് അനശ്വരം എന്ന് നിരന്തരം ഓര്‍ക്കുന്നു. അച്ഛന്‍റെ ഒരു ബന്ധു ഉണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ അദ്ദേഹത്തെ അമ്പുചാച്ചന്‍ എന്ന് വിളിച്ചു. പെരുമ്പാവൂരിലെ ഒരു ഗുണ്ടയായിരുന്നു. സ്കൂളിലേയ്ക്ക് പോകുംവഴി അദ്ദേഹത്തെ പലപ്പോഴും കണ്ടിട്ടുണ്ട്. മദ്യപിച്ചു വീണുകിടക്കുന്ന നിലയിലും ആളുകളോട് കലഹിയ്ക്കുന്ന നിലയിലും. നിവര്‍ത്തിയ കത്തിയുമായി മീന്‍മാര്‍ക്കറ്റിലെ ചെറുപ്പക്കാരോട്, 'പൊട്ടാസിയം സയനൈഡ് പുരട്ടിയ കത്തിയാഡാ, വാടാ...' എന്ന് വെല്ലുവിളിക്കുന്ന കണ്ട് ഞാന്‍ നടുങ്ങിയിട്ടുണ്ട്. നന്നാകാനും ഇത്തിരി ഭയത്തോടെ ജീവിയ്ക്കാനും ഉപദേശിക്കുന്നവരോട് പുള്ളിക്കാരന്‍ ചോദിച്ചു: 'മരിയ്ക്കാന്‍ വേണ്ടിട്ടല്ലേ എല്ലാരും ജീവിക്കണത്. പിന്നെ പേടിക്കണതെന്തിനാ.?' അല്‍പ്പകാലം കഴിഞ്ഞ്, അമ്പുചാച്ചന്‍ വിഷം കഴിച്ചു മരിച്ച വാര്‍ത്ത ഞങ്ങളെത്തേടിവന്നു. ജീവിതാനന്ദത്തിന്‍റെ ധ്യാനതീര്‍ത്ഥം അദ്ദേഹം ഒറ്റവലിയ്ക്ക് കുടിച്ചുതീര്‍ത്തു.
∙ പുസ്തകവായനയാണ് മനോജിന്റെ ഏറ്റവും ഇഷ്ടപ്പെട്ട മേഖല. ലോക സാഹിത്യം, മലയാള സാഹിത്യം ,ദേശീയ സാഹിത്യം എന്നിവയിലെ പ്രധാന പുസ്തകങ്ങളെല്ലാം ഇറങ്ങിയാലുടൻ തപ്പി പിടിച്ചു വായിക്കും. വായന ഏതു തരത്തിലുള്ള സുഖമാണ് തരുന്നത്.?
ഒരു പുസ്തകം പോലും ഇല്ലാത്ത വീടായിരുന്നു എന്‍റെത്. എന്തിന്, പത്രം പോലും വരുത്തിയിരുന്നില്ല. ഞാന്‍ കോളേജില്‍ എത്തിയ ശേഷമാണ് വീട്ടില്‍ പത്രം വരുത്തിതുടങ്ങിയത് പോലും. അപ്പോഴേയ്ക്കും അവിടന്നും ഇവിടന്നും ഓരോരോ പുസ്തകങ്ങള്‍ വാങ്ങി വായിക്കാനും സൂക്ഷിക്കാനും തുടങ്ങിയിരുന്നു. ആലുവ യു.സി. കോളേജിലായിരുന്നു ഞാന്‍ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചത്. കോളേജ് ലൈബ്രറി ഞാന്‍ നന്നായി വിനിയോഗിച്ചു. അറയ്ക്കപ്പടി ജയ്ഹിന്ദ് ലൈബ്രറി, ലാലുതോമസ് ലൈബ്രറി, വളയന്‍ചിറങ്ങര വായനശാല, വെങ്ങോല കര്‍ഷക ഗ്രന്ഥാലയം, പൂണൂര്‍ വായനശാല എന്നിങ്ങനെ നാട്ടിലെ എല്ലാ ലൈബ്രറികളിലും ഞാന്‍ മെമ്പര്‍ഷിപ്പ് എടുത്തു. ഉറക്കം മാറ്റിവച്ചിട്ട്, കിട്ടാവുന്ന അത്രയും വായിച്ചു. വായന ഒരു ലഹരി പോലെ കൊണ്ടുനടന്നു. വായിക്കുമ്പോള്‍, മറ്റെന്തു ചെയ്യുന്നതിനേക്കാളും ഞാന്‍ സന്തോഷം അനുഭവിക്കുന്നുണ്ട്. ഒരു നിറവും. എഴുത്തുകാരന്‍ എഴുതുമ്പോഴുള്ള സര്‍ഗ്ഗാനന്ദം വായനക്കാരനായ എനിക്ക് അതേ അളവില്‍ അനുഭവിക്കാന്‍ കഴിയണം. അതിനു വേണ്ടിയാണ് വായന. 'A fork in the road' എന്ന ആത്മകഥയിലൂടെ ശ്രദ്ധേയനായ 'Andre Brink' എഴുതുന്നു: 'My library was a place of ultimate refuge, a wild and sacred space where meanings are manageable precisely because they aren't binding; and where illusion is comfortingly real. To read, to think, to trace words back to their origins real or presumed; to invent; to dare to imagine.'
∙ പാരലൽ കോളജ് അധ്യാപകൻ ,ബസ് കണ്ടക്ടർ , വാരികകളിൽ സഹ പത്രാധിപർ, ന്യൂസ് ചാനലിൽ ന്യൂസ് റൂം ചുമതലക്കാരൻ ... വളരെ വൈവിധ്യമാർന്ന ജീവിത മേഖലകൾ .അടിക്കടിയുള്ള ഈ മാറ്റങ്ങൾ എഴുത്തിനെ എങ്ങനെ ബാധിച്ചു.?
അരക്ഷിതവും ദരിദ്രവുമായ ജീവിതസാഹചര്യം കൊണ്ട് എത്തിപ്പെട്ട തൊഴിലിടങ്ങളാണ് ഇവയെല്ലാം. എല്ലായിടത്തും ആത്മാര്‍ഥമായി ജോലി ചെയ്തു. ആസ്വദിച്ചു പണിയെടുത്തു. മടുത്തപ്പോള്‍, ആ നിമിഷം ഇട്ടേച്ചുപോന്നു. വേറെ പണി നോക്കി. പത്തുകൊല്ലംകൊണ്ട് എത്രയോ കുട്ടികളുമായി ഞാന്‍ സംവദിച്ചു. ബസ് കണ്ടക്ടർ എന്ന ജോലിയും രസകരമായിരുന്നു. പലമട്ടിലുള്ള ആളുകളെ നിത്യവും കണ്ടു. പരിചയപ്പെട്ടു. അവരുമായി സൗഹൃദം ഉണ്ടാക്കി. മാധ്യമ സ്ഥാപനങ്ങളിലെ ജോലിയും ധാരാളം ആളുകളുമായി ബന്ധപ്പെടാന്‍ കാരണമായി. ഉന്നതരും ഇടത്തരക്കാരും സാധുമനുഷ്യരു൦ എന്നെത്തേടി വന്നു. ഞാന്‍ അവരോടെല്ലാം ഇടപഴകി. എഴുത്തിന് ഇതെല്ലാം ഗുണം ചെയ്തിട്ടുണ്ട്. ചിലത് എഴുതാതിരിക്കുന്നതും സര്‍ഗ്ഗാത്മകതയാണ് എന്ന് ഇവരില്‍ ചിലര്‍ പഠിപ്പിച്ചു.
∙ ആരോടും പകയോ വിദ്വേഷമോ തോന്നാത്ത വിധം, എന്നാൽ ഹൃദയത്തിന്റെ അടിത്തട്ടിൽ ചെന്ന് അവിടെ തൊടുംവിധം സ്നേഹ, ബഹുമാന, വാൽസല്യങ്ങളുടെ ചായം പൂശിയവയാണ് എല്ലാ കുറിപ്പുകളും തന്നെ .ഇത്രയ്ക്ക് നിർമമനായി എങ്ങനെ സ്വന്തം ജീവിതത്തെ മാറി നിന്ന് കാണാനാകുന്നു?
ആരോടും പകയോ വിദ്വേഷമോ സൂക്ഷിക്കാത്ത ആളാണ് ഞാന്‍. അമിതമായ കോപം, സങ്കടം, സന്തോഷം, അസൂയ എന്നിവയു൦ കുറവാണ്. ഞാന്‍ എന്‍റെ ഉള്ളിലേയ്ക്ക് നോക്കിയാണ് എഴുത്തില്‍ മുന്നോട്ട് പോകുന്നത്. ലിബിയന്‍ വിമോചന നേതാവ് ഒമര്‍ മുക്താറിന്‍റെ ജീവിതം ആവിഷ്കരിയ്ക്കുന്ന lion of the desert എന്ന സിനിമ ഈയിടെയാണ് കണ്ടത്. മുസ്തഫ അക്കാദ് ആണ് സംവിധായകന്‍. അധികാരത്തിനായി ഇറ്റാലിയന്‍ സൈന്യം നിഷ്കളങ്കരായ ഗ്രാമീണരെ കൊന്നൊടുക്കുന്ന കണ്ട് എന്‍റെ ചോര മരവിച്ചുപോയി. ചരിത്രമാണ്. ഇറ്റലിയുടെ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ സ്വന്തം ജനങ്ങളെ അദ്ദേഹം ഒന്നിച്ച് നിര്‍ത്തി. യുദ്ധം അവസാനിപ്പിക്കാന്‍, ഇറ്റലി ഒമറിന് പാരിതോഷികങ്ങളടക്കം വാഗ്ദാനം ചെയ്യുന്നു. ഇന്നോളം ജീവിച്ചിട്ടില്ലാത്ത, സന്തോഷം എന്തെന്നറിയാത്ത സ്വന്തം ജനത്തേയും തന്നെത്തന്നെയും നോക്കി നിര്‍മ്മമനായി അദ്ദേഹം പറയുന്നു: 'I can't betray my people'. കാണുന്ന ഓരോ സിനിമയും വായിക്കുന്ന ഓരോ പുസ്തകവും പറയുന്നു, ഹൃദയത്തില്‍, സ്നേഹവും വാത്സല്യവും കാരുണ്യവും സൂക്ഷിക്കാന്‍. ഞാനത് ചെയ്യുന്നു.
∙ പുതിയ എഴുത്ത് എന്താണ്? നോവലോ കഥയോ? മനോജിന് നഷ്ടപ്പെട്ട സ്വന്തം പുസ്തകം?
അക്ഷരനഗരം എന്ന കഥാസമാഹാരം അച്ചടിയിലാണ്. ഒരു നോവല്‍ എഴുതുന്നുണ്ട്. ഫസ്റ്റ് ഡ്രാഫ്റ്റ് പൂര്‍ത്തിയായി. ഇനിയും അതില്‍ പണിയെടുക്കണം. അതിനും മുന്‍പ് എഴുതി പകുതിയില്‍ നിര്‍ത്തിയ ഒരു നോവല്‍ ഈയിടെ വീണ്ടും വായിച്ചുനോക്കി. സാവകാശം ഇരുന്ന് ആലോചിച്ചെഴുതിയാല്‍ അതും നന്നാവും എന്നാണ് കരുതുന്നത്. മനസില്‍ ഇപ്പോള്‍ അതേയുള്ളൂ. സാര്‍ത്രെ, സിമോണ്‍ ഡി ബുവേ എന്നിവരുടെ ജീവിതം നോവലായി എഴുതണം എന്ന് ആലോചിച്ചിരുന്നു. അതിനായി വായിക്കുകയും നോട്ടുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. നിഷ അനില്‍കുമാറിന്‍റെ അവധൂതരുടെ അടയാളങ്ങള്‍ വായിച്ചതോടെ ഞാനാ ആഗ്രഹം ഉപേക്ഷിച്ചു. എന്‍റെ നഷ്ടപുസ്തകമാണത്. ബുവേയെ എനിക്ക് ഇഷ്ടമാണ്.
∙ ജീവിതത്തെ പകർത്താൻ അസാധാരണമായ ഓർമ ആവശ്യമാണ്. യഥാർഥത്തിൽ നമ്മൾ ജീവിക്കുന്നതു തന്നെ ഓർമകളിലാണ്. ഏതൊരു സംഭവവും ഉണ്ടാകുമ്പോൾ ചുമ്മാ അതങ്ങ് സംഭവിച്ചു പോവുകയാണ്. ആ സംഭവത്തിൽ നിന്നുള്ള ദുഃഖമോ സന്തോഷമോ തമാശയോ എന്തായാലും ,ആ സംഭവത്തിൽ നിന്നുള്ള വികാരം അതിന്റെ പൂർണതയിൽ നമ്മുടെ മനസ്സിൽ യഥാർഥത്തിൽ ഉണ്ടാവുന്നത്. അതെക്കുറിച്ച് ഓർക്കുമ്പോഴാണ്. പ്രണയം, മരണം ഒക്കെയും .എന്തു പറയുന്നു?
ഡയറി എഴുതുന്ന ശീലം വര്‍ഷങ്ങളായി തുടരുന്ന ഒരാളാണ് ഞാന്‍. നിത്യവും പരിചയപ്പെടുന്ന ആളുകള്‍, അവരുമായി നടത്തിയ സംഭാഷണം, പങ്കുവച്ച ആശയം, അവരുടെ സ്വഭാവരീതികള്‍, പെരുമാറ്റം, എനിക്ക് തോന്നിയ ആകര്‍ഷണം, ഫോണ്‍ നമ്പര്‍, അന്നേദിവസം ചെലവഴിച്ച പണം, എന്നിങ്ങനെ എല്ലാമെല്ലാം ഞാന്‍ കൃത്യമായി എഴുതിവയ്ക്കും. ഇതെല്ലാം, പിന്നീട് എനിക്ക് സഹായകമായിട്ടുണ്ട്. സൂക്ഷ്മമായ പല കാര്യങ്ങളും അങ്ങനെയാണ് എഴുത്തില്‍ ഉപയോഗിക്കുന്നത്. വര്‍ഷങ്ങളോളം എഴുതിയ ഡയറിക്കുറിപ്പുകള്‍ വെറുതെ എടുത്ത് വായിച്ചാല്‍ ഓര്‍മ്മകളാണ് ജീവിതം എന്ന് തോന്നും. അവയെല്ലാം നടന്നപ്പോഴല്ല, പിന്നീട് ഓര്‍ക്കുമ്പോഴാണ് തീക്ഷ്ണമെന്നും തോന്നിയിട്ടുണ്ട്. ഉറ്റവരുടെ വേര്‍പാടും ആ നിമിഷങ്ങളുടെ നിസഹായതയും വീണ്ടും ഡയറിയില്‍ വായിച്ചപ്പോള്‍, ഓര്‍ത്തപ്പോള്‍ ഞാന്‍ തകര്‍ന്നുപോയിട്ടുണ്ട്, ആ ദിവസങ്ങളേക്കാള്‍. പിയാനോ സംഗീതകാരിയായ ഗര്‍ട്രൂസ് ബാരിക്കെഴുതിയ ഒരു കത്തില്‍ ജിബ്രാന്‍ ചോദിച്ചത് ഞാനിപ്പോള്‍ ഓര്‍ക്കുന്നു: ‘വേദനിക്കുവാന്‍ വേണ്ടിയാണോ നാം ഓര്‍മ്മകള്‍ സൂക്ഷിക്കുന്നത്?'
English Summary: Pusthakakkazhcha Column by Ravi Varma Thampuran on writer Manoj Vengola