ജീവിതം നനവു തട്ടിയ സോപ്പ് പോലെ; എഴുത്തിനിരുത്തിയത് ഒറ്റയാൾ ജീവിതം
നാട്ടിൻപുറത്തെ തോട്ടിലൊരു മാനത്തുകണ്ണി വെട്ടിപ്പുളഞ്ഞു പായുന്ന പോലുള്ള എഴുത്താണു മജീദ് സെയ്ദിന്റേത്. കണ്ണിമ ചിമ്മാതെ വേണം ആ വാക്കുകളെ പിന്തുടരാൻ. വളവിലും തിരിവിലും ഒടിവിലും ചുരുളിലും കയറ്റത്തിലും ഇറക്കത്തിലും വിസ്മയകരമായെന്തെങ്കിലും കാത്തുവച്ചിട്ടുണ്ടാകും. എഴുതുന്നതു കുറ്റാന്വേഷണമാകട്ടെ,
നാട്ടിൻപുറത്തെ തോട്ടിലൊരു മാനത്തുകണ്ണി വെട്ടിപ്പുളഞ്ഞു പായുന്ന പോലുള്ള എഴുത്താണു മജീദ് സെയ്ദിന്റേത്. കണ്ണിമ ചിമ്മാതെ വേണം ആ വാക്കുകളെ പിന്തുടരാൻ. വളവിലും തിരിവിലും ഒടിവിലും ചുരുളിലും കയറ്റത്തിലും ഇറക്കത്തിലും വിസ്മയകരമായെന്തെങ്കിലും കാത്തുവച്ചിട്ടുണ്ടാകും. എഴുതുന്നതു കുറ്റാന്വേഷണമാകട്ടെ,
നാട്ടിൻപുറത്തെ തോട്ടിലൊരു മാനത്തുകണ്ണി വെട്ടിപ്പുളഞ്ഞു പായുന്ന പോലുള്ള എഴുത്താണു മജീദ് സെയ്ദിന്റേത്. കണ്ണിമ ചിമ്മാതെ വേണം ആ വാക്കുകളെ പിന്തുടരാൻ. വളവിലും തിരിവിലും ഒടിവിലും ചുരുളിലും കയറ്റത്തിലും ഇറക്കത്തിലും വിസ്മയകരമായെന്തെങ്കിലും കാത്തുവച്ചിട്ടുണ്ടാകും. എഴുതുന്നതു കുറ്റാന്വേഷണമാകട്ടെ,
നാട്ടിൻപുറത്തെ തോട്ടിലൊരു മാനത്തുകണ്ണി വെട്ടിപ്പുളഞ്ഞു പായുന്ന പോലുള്ള എഴുത്താണു മജീദ് സെയ്ദിന്റേത്. കണ്ണിമ ചിമ്മാതെ വേണം ആ വാക്കുകളെ പിന്തുടരാൻ. വളവിലും തിരിവിലും ഒടിവിലും ചുരുളിലും കയറ്റത്തിലും ഇറക്കത്തിലും വിസ്മയകരമായെന്തെങ്കിലും കാത്തുവച്ചിട്ടുണ്ടാകും. എഴുതുന്നതു കുറ്റാന്വേഷണമാകട്ടെ, പ്രണയമാകട്ടെ, പകയാകട്ടെ, അരികുജീവിതങ്ങളാകട്ടെ, തന്റേതായൊരു രസക്കൂട്ടിൽ മുക്കിയെടുത്തു വിതറുന്ന ആ വാക്കുകളിൽ വായനക്കാർ അറിയാതെ വന്നൊട്ടിപ്പിടിച്ചു പോകും. വൈക്കം മുഹമ്മദ് ബഷീറിന്റെ നാട്ടുകാരനായ മജീദ് പുതുതലമുറ എഴുത്തുകാരിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞു. ‘ചെമ്പിലമ്മിണി കൊലക്കേസ്’ എന്ന പ്രഥമ നോവലിനു ശേഷം മജീദിന്റെ ആദ്യ കഥാസമാഹാരം ഉടൻ പുറത്തിറങ്ങാനിരിക്കുന്നു.
∙ടൈംപീസ് യോഹന്നാൻ, ചാക്കരി തങ്കമ്മ, മർമാണി യാക്കോബ്, പഞ്ചർ കോശി, ചെങ്കരിക്ക് സാംസൺ, കൊവാടിസ് കാദർകുട്ടി എന്നൊക്കെ വായിക്കുമ്പോൾ സമാന്തരമായി മനസ്സിൽ ആനവാരി രാമൻ നായരെന്നും പൊൻകുരിശു തോമായെന്നും തെളിഞ്ഞു വരുന്നുണ്ട്. ഭാഷയിൽ പൂണ്ടുവിളയാടിയ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ നാട്ടുകാരൻ കൂടിയാണല്ലോ മജീദ്. വായനക്കാരനെ വളരെപ്പെട്ടെന്നു സ്ഥലകാലങ്ങളിലേക്കു പിടിച്ചിടുന്ന വിസ്മയവിദ്യ ‘ചെമ്പിലമ്മിണി കൊലക്കേസ്’ എന്ന നോവലിന്റെ പ്രത്യേകതകളിലൊന്നാണ്. ദേശമെഴുത്തിന്റെ ഈ രസക്കൂട്ട് വശമാക്കിയതെങ്ങനെയാണ്?
ദേശമെഴുത്തെന്നല്ല, ഏതെഴുത്തും വായനയുടെ ഉപോൽപന്നമാണ്. അതുകൊണ്ടാണ് എല്ലാ എഴുത്തുകാരും മറുവശത്തു നല്ല വായനക്കാർ കൂടിയാവുന്നത്. എഴുതുന്നതിനേക്കാൾ ഇരട്ടി വായിക്കുന്നവരല്ലേ ലോകത്തെ മുഴുവൻ എഴുത്തുകാരും. വായിച്ചതിനെ വറ്റിച്ചെടുക്കുന്നതാണ് എഴുത്തെന്ന് ഞാൻ കരുതുന്നു. അതിനർഥം ഒരാൾ മറ്റൊരാളുടെ ആശയത്തെ പിന്തുടരുന്നു എന്നല്ല. അയാൾ കാണാതെ പോയ വഴികൾ, അല്ലെങ്കിൽ അയാൾക്ക് സഞ്ചരിക്കാൻ കഴിയാതെ പോയ വഴികൾ മറ്റൊരാൾ കണ്ടെത്തുന്നു എന്നു മാത്രം. ഒരെഴുത്തുകാരനെ സംബന്ധിച്ച് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ക്രൂരകൃത്യമാണു ദേശമെഴുത്ത്. കാരണം എല്ലാ നാടിനും അതിന്റേതായ രസക്കഥകളുണ്ടാവും. അതു കേട്ടാണു നമ്മളൊക്കെ വളരുന്നത്. അങ്ങനെ വളർന്ന എന്നിലെ ഓർമകളാണ് ചെമ്പിലമ്മിണിയിലെമ്പാടും ചിതറിക്കിടക്കുന്നത്. മേൽപറഞ്ഞ മിക്ക കഥാപാത്രങ്ങളും എന്റെ ചുറ്റും ജീവിച്ചിരുന്നവരാണ്. ചുരുക്കത്തിൽ ഈ പച്ചമനുഷ്യരോടൊപ്പമുള്ള തുറന്ന ജീവിതമായിരുന്നു എന്റെ ദേശമെഴുത്തിന്റെ രസക്കൂട്ട്.
∙‘മുള്ളണ കാണാൻ പോയോനെ, മുങ്ങാനോടി പോയോനെ, ഔതക്കാട്ടിലെ കൊച്ചോനെ, ഞങ്ങളു പൊക്കി കണ്ടോളൂ’. ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥയും ഭാവസാന്ദ്രമായ ഒരു പ്രണയകഥയും സമാന്തര ട്രാക്കിലോടുന്ന നോവലിൽ അതിശക്തമായ മറ്റൊരു സാന്നിധ്യമാണു നർമം. വായനക്കാരനെ ഒരു നിമിഷം പോലും കണ്ണിമചിമ്മാൻ അനുവദിക്കാത്ത ക്രൂരനായൊരു എഴുത്തുകാരനാണു മജീദ്. ഈ മൂന്നു കഥനരീതികളും പാളിപ്പോകാതെ ഒരുമിച്ച് അവസാനവരി വരെ കൊണ്ടുപോകാനാവുന്നതു കയ്യടക്കമുള്ളൊരു നോവലെഴുത്തുകാരന്റെ വരവു വിളിച്ചോതുന്നു. ചെമ്പിലമ്മിണി എഴുതാനുള്ള തയാറെടുപ്പുകൾ എന്തൊക്കെയായിരുന്നു?
സത്യത്തിൽ ‘ചെമ്പിലമ്മിണി കൊലക്കേസ്’ എന്ന പുസ്തകം പേരിൽ മാത്രമാണു കുറ്റകൃത്യം പേറുന്നത്. കഥയാവട്ടെ 1983 കാലത്തിലെ നിഷ്കളങ്കരും നാട്ടിൻപുറത്തുകാരുമായ ഒരു പറ്റം മനുഷ്യരുടെ രസകരമായ ജീവിതവും. ശരിക്കും ഒരു ദിവസം രാവിലെ തുടങ്ങി ആ ദിവസം വൈകിട്ടോടെ അവസാനിക്കുന്ന കഥയാണു ചെമ്പിലമ്മിണി. ഈ നോവലടക്കം ഇതുവരെയുള്ള എന്റെ എല്ലാ കഥകളും മൊബൈൽ ഫോണിലാണ് എഴുതുന്നത്. അതുകൊണ്ടു തന്നെ ഒരു തയാറെടുപ്പുമില്ലാതെയാണ് എന്റെ എഴുത്തുകൾ സംഭവിക്കാറുള്ളത്. ഇതിലും അതു തന്നെ സംഭവിച്ചു. ഏതു നരകത്തിൽ കൊണ്ടിട്ടാലും അവിടിരുന്ന് എഴുതാൻ തയാറുള്ള ഒരാൾക്ക് മറ്റെന്തു തയാറെടുപ്പ്. ഒരിക്കൽ സിനിമാക്കാരനായ ഒരു സുഹൃത്ത് പടമാക്കാൻ പറ്റിയ ത്രെഡുണ്ടോ എന്നു ചോദിച്ച ചോദ്യത്തിൽ നിന്നാണു ചെമ്പിലമ്മിണിയുടെ തുടക്കം. പെട്ടെന്നു മനസ്സിൽ തോന്നിയത് 40 വർഷമായി പരസ്പരം ഉമ്മ വയ്ക്കാൻ ആഗ്രഹിച്ചു നടക്കുന്ന രണ്ടു പേരുടെ പ്രണയത്തെ കുറിച്ചാണ്. അങ്ങനെ അതൊരു ചെറുകഥയായി എഴുതി. പിന്നീടു മനോരമയുടെ വിഷുക്കണിയിൽ നോവലെറ്റ് ചോദിച്ചപ്പോൾ ഈ കഥ വികസിച്ചു. പിന്നെയതു നോവലായി. ഇക്കാലത്ത് ജീവിതം തന്നെ മിക്കവർക്കും പിരിമുറുക്കമാണ്. അതിനിടയിൽ പുസ്തകം കാശു കൊടുത്തു വാങ്ങിക്കുന്നവനെ കൂടി വീർപ്പുമുട്ടിക്കേണ്ടെന്നു കരുതി നർമം മനഃപൂർവം ഉപയോഗിച്ചതാണ്. തന്നെയുമല്ല നാടൻ മനുഷ്യരുടെ ജീവിതവും ഇങ്ങനെയൊക്കെ തന്നെയാണ്.
∙തെരുവുകച്ചവടം, കടകൾ, ബോട്ട് സർവീസ്, കർണാടകയിൽ പച്ചക്കറിക്കൃഷി തുടങ്ങി മജീദ് ഉപജീവനത്തിനായി എത്രയോ വൈവിധ്യമാർന്ന തൊഴിലുകളിലാണ് ഏർപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ എഴുത്തിലൂടെത്തന്നെ ജീവിക്കാനും ശ്രമിക്കുന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഈ പാച്ചിലിനിടയിൽ എഴുത്ത് സംഭവിച്ചതെങ്ങനെയാണ്? എന്തായിരുന്നു എഴുത്തിനുള്ള മൂലധനം?
ഓർമ വച്ച കാലം മുതൽ (വായന ആസ്വദിക്കാൻ തുടങ്ങിയ സമയം) ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുള്ളത് എഴുത്തുകാരനാവാനാണ്. പക്ഷേ, ആയതു മറ്റു പലതുമാണ്. അല്ലെങ്കിലും ജീവിതമെന്നത് ഒരാളുടെയും കൈപ്പിടിയിൽ ഒതുങ്ങുന്ന ഒന്നല്ലല്ലോ. നനവു തട്ടിയ സോപ്പ് പോലെയാണത്. വളരെ ചെറുപ്പത്തിലേ പുസ്തകവായന ഇഷ്ടമായിരുന്നു. എത്ര വലിയ പുസ്തകമായാലും ഒറ്റയിരിപ്പിനു വായിക്കലാണ് എന്റെ ശീലം. പിന്നെ എന്നിലെ എഴുത്തുകാരൻ അതാലോചിച്ചു തനിയെ നടക്കും. ജീവിതം തെറിപ്പിച്ചെറിഞ്ഞ പല മേഖലകളുണ്ട്. അപ്പോഴും വായന ഒരാശ്വാസമായിരുന്നു. ഒരുപാട് അലച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ഇതിനിടെ ആരുമറിയാതെ എഴുതി നോക്കുമായിരുന്നു. പക്ഷേ, ആത്മവിശ്വാസമില്ലായിരുന്നു. ഒടുക്കം കർണാടകയിലെ ഒറ്റയാൾ ജീവിതമാണ് പതിയെ എന്നെ എഴുത്തിനിരുത്തിയത്. എഴുതാൻ തുടങ്ങിയപ്പോഴാണു കഴിഞ്ഞുപോയ അനുഭവങ്ങളുടെ തീവ്രതയിൽ ഞാൻ ഉലഞ്ഞു പോയത്. അതിൽ പലതും കഥകളായി. ശരിക്കും ഉള്ളിന്റെയുള്ളിലെ പഴയ ആഗ്രഹം തന്നെയാണ് എന്റെ മൂലധനം. ഇന്ന് എഴുതി ജീവിക്കുന്ന ഒരാളാകാൻ കഴിഞ്ഞതും ഈ കൊതി കൂടെയുള്ളതു കൊണ്ടാവും.
∙‘ഞാൻ എഴുതിയിരിക്കുന്ന മനുഷ്യരെല്ലാം ഞാൻ കണ്ട മനുഷ്യരാണ്. ഭാവനയിൽനിന്ന് അപൂർവം മനുഷ്യരെയേ ഞാൻ സൃഷ്ടിച്ചിട്ടുള്ളൂ’. മജീദ് ഒരിക്കൽ പറഞ്ഞതാണ്. ഈ മനുഷ്യരെ കണ്ടെത്തുന്നതെങ്ങനെയാണ്? പിന്നീട് അവരെങ്ങനെയാണ് എഴുത്തിലേക്കു കയറി വരുന്നത്? എഴുതി പ്രസിദ്ധീകരിച്ചതിനു ശേഷം വീണ്ടും അവരെ കണ്ടുമുട്ടാനിടയായ അനുഭവങ്ങളുണ്ടായിട്ടുണ്ടോ?
ശരിയാണ്. കൂടുതലും ഞാൻ കണ്ട മനുഷ്യരാണ് എന്റെ മിക്ക കഥകളിലുള്ളത്. ആഴത്തിൽ തുരന്നു നോക്കിയാൽ എല്ലാവരുടെ എഴുത്തിലും അതു തന്നെയാണു സംഭവിക്കുന്നത്. ഓരോ മനുഷ്യനും അവരറിയാതെ തന്നെ സ്വയത്തിലേക്കു പലപ്പോഴും യാത്ര ചെയ്യുന്നവരാണ്. എഴുത്തുകാരനാവട്ടെ അതു തിരിച്ചറിഞ്ഞു കഥകൾ തേടി യാത്ര ചെയ്യുന്നവനും. അങ്ങനെയാണു നമുക്കു ചുറ്റുമുള്ള ലോകം കഥകളായി മാറുന്നത്. അത്തരം യാത്രയിലാണ് ഈ മനുഷ്യർ നമ്മളിലേക്കു കയറി വരുന്നത്. പണ്ടു നമ്മുടെ കൂടെ ജീവിക്കുമ്പോൾ അവരുടെ കഥകൾ നമുക്കാവശ്യമില്ല. അതുകൊണ്ട് അന്നവരു കഥാപാത്രങ്ങളാവുന്നില്ല. പിന്നീട് എഴുതിത്തുടങ്ങുമ്പോൾ അവരിങ്ങോട്ടു വന്നു നമുക്കു കഥകൾ പറഞ്ഞു തരാൻ തുടങ്ങും. അപ്പോഴാണ് അവർ കഥകളുടെ ജീവനും ആത്മാവുമായി മാറുന്നത്. അതവരുടെ നിയോഗവും പകർത്തൽ എഴുത്തുകാരന്റെ നിയോഗവും. അത്രേയുള്ളൂ ഈ സംഗതി. പ്രസിദ്ധീകരിച്ച ശേഷം കഥാപാത്രങ്ങളെ കാണാറുണ്ട്. അപ്പോഴാണ് അവരുടെ കഥകൾ ഇനിയും ബാക്കിയാണല്ലോ എന്ന് ഓർക്കുന്നത്. ‘പെൺവാതിൽ’ എന്ന കഥയിലെ നായികയെ മിക്കവാറും കാണാറുണ്ട്. ഇപ്പോൾ ചെമ്പിലമ്മിണിയിലെ ഒരു കഥാപാത്രമുണ്ട്, ടെയ്‌ലർ ഷീമാ. കുട്ടിക്കാലത്തെയുള്ള പരിചയമാണ് അദ്ദേഹവുമായി. അന്നേ പരന്ന വായനയുള്ള ആ മനുഷ്യനെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. കക്ഷി അറിയാതെയാണ് ഞാൻ പുസ്തകമെഴുതിയത്. പക്ഷേ, ആദ്യമായി ചെമ്പിലമ്മിണി വാങ്ങി വായിച്ചത് ആ മനുഷ്യനാണ്. അദ്ദേഹത്തിന്റെ കൈയിലുള്ള പുസ്തകം ഒരു ഗ്രാമം മുഴുവനും മാറിമാറി വായിക്കുന്നു. എന്തു രസമാണിത്.
∙‘കാവലിനും സേവയ്ക്കും ഇതുപോലെ വേറൊരു ഇനവും കിട്ടുകേല. പട്ടിയേക്കാൾ വിശ്വസ്തരാ ഈ വർഗം. നന്ദീമൊണ്ട്. ജീവൻ തന്നാണേലും രക്ഷിച്ചോളും. ഒരിക്കലും വിദ്യ പഠിക്കാൻ അവസരം കൊടുക്കാതിരുന്നാ മതി’. സൂക്ഷ്മമായൊരു രാഷ്ട്രീയം മജീദിന്റെ നോവലിലും ചെറുകഥകളിലുമെല്ലാമുണ്ട്. പുതിയകാലത്തെ പുതിയ എഴുത്തുകാരൻ ആരായിരിക്കണമെന്നാണ് കരുതുന്നത്?
ചെമ്പിലമ്മിണി കൊലക്കേസിൽ പാരമ്പര്യമായി സ്വത്തിനൊപ്പം കൈമാറുന്ന പാവപ്പെട്ട തൊഴിലാളിക്കുടുംബത്തെക്കുറിച്ച് അപ്പൻ മകനോട് പറയുന്നതാണിത്. എത്ര തേച്ചാലും കുളിച്ചാലും മായാത്ത ഒരു ജാതിബോധം ഇപ്പോഴും നമുക്കിടയിലുണ്ട്. അതു നിഷേധിക്കാനാവില്ല. ‘പെലേനും നമ്പൂരിം കൂടി അടിയുണ്ടാക്കി. പെലേൻ കൊണ്ടെ കേസ് കൊടുത്തു. പെലേന്റെ കേസ് കെട്ട് കറുത്തിരുന്നു. ജഡ്ജിയേമ്മാനതെടുത്ത് വലിച്ചെറിഞ്ഞു’. നോവലിൽ കറുമ്പി എന്ന കഥാപാത്രം പറയുന്നതാണിത്. ഇതു ഞാൻ ചെറുപ്പത്തിൽ പലവട്ടം അവരിൽ നിന്നു തന്നെ കേട്ടതാണ്. കറുമ്പി മരിച്ചു. പക്ഷേ, അവരുടെ സ്റ്റേറ്റ്മെൻറ് ഇപ്പോഴും നമുക്കിടയിൽ ബാക്കി നിൽക്കുകയാണ്. ഇതൊക്കെ സൂക്ഷ്മമായി ഇന്നും നിലനിർത്തുന്ന സമൂഹത്തെക്കുറിച്ച് എഴുതാൻ ത്രാണിയുണ്ടാവണമെങ്കിൽ പുതിയ കാലത്തെ എന്നല്ല ഏതു കാലത്തെയും എഴുത്തുകാരൻ നിഷ്പക്ഷനായിരിക്കണമെന്നാണു ഞാൻ കരുതുന്നത്.
∙‘ചെമ്പിലമ്മിണി കൊലക്കേസ്’ എന്ന നോവൽ വായനക്കാർ സ്വീകരിച്ചു കഴിഞ്ഞു. ഒട്ടേറെ ചർച്ചകൾ അതുമായി ബന്ധപ്പെട്ടു നടക്കുന്നു. ‘പെൺവാതിൽ’ എന്ന കഥാസമാഹാരം ഉടൻ പുറത്തിറങ്ങാനിരിക്കുന്നു. എഴുത്തുകാരൻ എന്ന നിലയിൽ സ്വയം എങ്ങനെ വിലയിരുത്തുന്നു?
എഴുത്തുകാരൻ എന്ന വാക്കിനു തന്നെ ഒരു ബലമുണ്ട്. ആ നിലയ്ക്കു നോക്കിയാൽ എഴുത്തിൽ ഇനിയും കാലുറയ്ക്കാത്ത ഒരാളാണു ഞാൻ. കാലുറയ്ക്കണമെങ്കിൽ നല്ലത് ഇനിയും എഴുതേണ്ടിയിരിക്കുന്നു എന്നു സ്വയം പഠിപ്പിക്കാനാണ് എനിക്കു തോന്നുന്നത്. ഒപ്പം മറ്റൊരു ആത്മവിശ്വാസം കൂടിയുണ്ട്, ഏതോ ഒരു കൃതിയിലേക്കുള്ള നടപ്പാതയിലാണു ഞാനെന്ന്. ഇതും ഒരാഗ്രഹമാണു കേട്ടോ. വെറും ആഗ്രഹമല്ല അതിയായ ആഗ്രഹം. ഇനി അതിനുള്ള പരിശ്രമത്തിലാണ്.
∙പാളത്തിലൂടെ ഉപ്പൂറ്റിയൊരച്ചു പോയ തീവണ്ടി, വാർണിഷടിച്ച് ആകാശത്തു ചാരി ഉണങ്ങാൻ വച്ചിരിക്കുന്ന കുരിശ്, കാന്തം വലിച്ചെടുത്ത ഇരുമ്പുതരി പോലെ റാണിക്കു പുറകേയൊടുന്ന നാട്, ബീഡിപ്പുകയിൽ തിങ്ങിമരിച്ച പോലെ വാക്കുകൾ. സാഹിത്യഭംഗിയേറിയ ഇത്തരം ചെറിയ വാചകങ്ങളിലൂടെ കഥയിലെ വലിയ അർഥതലങ്ങളിലേക്കു വായനക്കാരനെ കൊണ്ടുപോകുന്ന വിദ്യ സമൃദ്ധമായി ചെമ്പിലമ്മിണിയിൽ കാണാം. നാട്ടിൻപുറ പരിസരങ്ങളിൽ നിന്നു തന്നെയുള്ള ആശയങ്ങളായതിനാൽ ഏതു വിഭാഗം വായനക്കാരും ഒരു നിമിഷം അവിടെയൊരു ബ്രേക്കിടും. അൽപനേരം ഗൃഹാതുരതയുടെ തണലിൽ വിശ്രമിച്ച ശേഷമായിരിക്കും വായന തുടരുക. അനായാസമായി വന്നു ചേരുന്നതാണോ ഈ എഴുത്തു വൈഭവം?
ആലോചിച്ച് ഒന്നുമെഴുതാൻ കഴിയാത്ത ഒരാളാണു ഞാൻ. അതിനി ഒരു വാക്കായാലും ഒരു കൂട്ടം വചനങ്ങളായാലും ശരി. പിന്നയല്ലേ കഥകൾ. ചിന്തിക്കാനിരുന്നാൽ ഞാൻ ഉറങ്ങിപ്പോകും. അതാ കുഴപ്പം. എനിക്ക് എഴുതണമെന്നേ തോന്നാറുള്ളൂ. അപ്പോ എഴുതാനിരിക്കും. ശരിക്കും മനസ്സിൽ കഥയൊന്നും അന്നേരം ഉണ്ടാവില്ല. പക്ഷേ, എന്താണേലും ആദ്യത്തെ ഒരു വാചകം എഴുതിക്കിട്ടിയാൽ മതി, പിന്നെ അതങ്ങു കഥയായി ഒഴുകി തീരാറാണു സംഭവിക്കാറുള്ളത്. കഥയിലെ പ്രയോഗങ്ങളും അങ്ങനെ വരുന്നതാണ്. എന്റെ എല്ലാ കഥകളും ഒറ്റയിരിപ്പിനു തീർന്നതാണ്. ഒരുപക്ഷേ, എന്റെ വായനയുടെ ശീലം തന്നെയാവാം എഴുത്തിലും നടക്കുന്നത്. ഉണ്ണിക്കൃഷ്ണൻ കിടങ്ങൂരിനും നജീബ് മൂടാടിക്കും ഇതു വ്യക്തമായി അറിയാം. കാരണം അവരാണ് എന്റെ കഥകൾ ആദ്യമായി വായിക്കുന്നവർ. അതുപോലെ ഈ എഴുത്തു രീതി വലിയ പോരായ്മയാണെന്ന് ഇപ്പോൾ നല്ല ബോധ്യവുമുണ്ട്. മാറുവോന്ന് ആർക്കറിയാം.
∙‘ഒരർഥത്തിൽ ഈ ലോകത്ത് ഒന്നുമില്ലാത്തവർക്കാണ് എല്ലാമുള്ളത്’. മരണത്തുരുമ്പ് എന്ന കഥയിലെ എസ്ഐ കിഷോർ പറയുന്നതാണിത്. ഈ കഥയാകട്ടെ, പെൺവാതിൽ, കാളുവിന്റെ പെങ്ങൾ തുടങ്ങിയ കഥകളാകട്ടെ, മജീദിന്റെ ഭൂരിഭാഗം കഥകളിലും അരികുജീവിതം നയിക്കുന്നവരെ ചേർത്തുപിടിക്കുന്ന ഒരു പ്രത്യയശാസ്ത്രം ആഴത്തിൽ പ്രവർത്തിക്കുന്നത് അനുഭവിക്കാനാകും. ഒന്നുമില്ലാവർക്കു വേണ്ടി എഴുതുന്ന വാക്കുകൾക്കു പിന്നിലുള്ള പ്രചോദനമെന്താണ്?
എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതെ ഒരുപാടു കാലം ജീവിച്ചതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ലോകം കൃത്രിമമായി എത്ര പുരോഗമനത്തിൽ നട്ടു പിടിപ്പിച്ചാലും അതിന്റെ അരികുകളിൽ ഇത്തരം ജീവിതങ്ങളെ കുടികെട്ടി നമ്മൾ പാർപ്പിക്കും. ശരിക്കും അവരു നമ്മളെ ചേർത്തുപിടിക്കുന്നത് അനുഭവിച്ചിട്ടുണ്ടോ? അതു ‘വല്ലാത്ത’ ആത്മാർത്ഥതയുളള ഒന്നാണ്. മറ്റാർക്കും അതില്ലെന്നല്ല ഈ പറഞ്ഞതിനർത്ഥം. അങ്ങനെയുള്ള ചേർത്തുപിടിക്കൽ അനുഭവിച്ചതു കൂടി കൊണ്ടാവും എഴുതാനിരിക്കുമ്പോൾ അതൊക്കെ തികട്ടിവരുന്നത്.
∙‘നടുക്കായലെത്തിയപ്പോ പങ്കായം വലിച്ചെറിഞ്ഞേച്ച് അപ്പന്റെ വയറ്റത്തൂന്ന് ഞാൻ കെട്ടഴിച്ചു മാറ്റി. വട്ടം പൊളന്ന വലിയ മുറിവായിരുന്നത്. തേട്ടക്കൂരിയുടെ പണ്ടപ്പതപ്പ് പോലെ ഒക്കെ പൊറത്തോട്ടു ചാടി. മീൻപ്പലഞ്ഞീൻ തെള്ളിയിടണപോലെ ഞാൻ അതെല്ലാം വലിച്ച് പൊറത്തിട്ടു. തൊടം കുത്തിയൊഴുകിയ ചോര വള്ളത്തിൽ പടർന്നു. കെടന്ന് എന്നെ നോക്കിയ അപ്പന്റെ കണ്ണിൽ നോക്കി ഞാൻ ചിരിച്ചു’. ‘ഇത്താക്ക് തുരുത്ത്’ ഒരു ചെറുകഥയായി എഴുതി നിർത്തേണ്ട വിഷയമല്ലായിരുന്നു എന്നാണു ഞാൻ കരുതുന്നത്. ഒരു നോവലിനുള്ള സകല ചേരുവകളും മജീദ് അതിൽ ഒരുക്കിവച്ചിട്ടുണ്ടായിരുന്നു. കഥ തീരണ്ടായിരുന്നു എന്നു വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയ അപൂർവം കഥകളിലൊന്നാണത്. ഫ്രാൻസിസ് നൊറോണയും വിനോയ് തോമസും എസ്.ഹരീഷുമൊക്കെ കൊണ്ടുവന്ന പോലെ ഭാഷയിലും പാത്രസൃഷ്ടിയിലുമൊക്കെ തന്റേതായ ഒരു വേറിട്ട വഴി തുറക്കാൻ ഇവിടെ മജീദിനായിട്ടുണ്ട്. അതേപ്പറ്റി എന്തു പറയുന്നു?
ഇത്താക്ക് തുരുത്ത് നോവലാകേണ്ടതാണെന്ന കണ്ടെത്തൽ ശരി വയ്ക്കുന്നു. ആ കഥ നോവലിലേക്കുള്ള സഞ്ചാരത്തിലാണിപ്പോൾ. വൈക്കത്തിന്റെ തീരദേശ ഭാഷയും ഭൂമികയുമാണ് ആ കഥയ്ക്ക് തിരഞ്ഞെടുത്തത്. പ്രമേയവും മറ്റൊന്നായിരുന്നു. അമ്മവീട് അവിടെ ആയിരുന്നു. ആ ഓർമകൾ കഥ പറച്ചിലിനു നല്ല സഹായം ചെയ്തിട്ടുണ്ട്. ഞാൻ എഴുതിയതിൽ ഏറ്റവും ഇഷ്ടം തോന്നിയ കഥകളിലൊന്നാണത്. പുറത്തു വരാൻ പോകുന്ന ‘പെൺവാതിൽ’ എന്ന സമാഹാരത്തിൽ ആ കഥ ചേർത്തിട്ടുണ്ട്. കവി കൂടിയായ ഡോ. എസ്. നിബുലാൽ മാഷിന്റെ കഥകളുടെ പഠനത്തിൽ ഇത്താക്ക് തുരുത്ത് കൂടി ഉൾപ്പെട്ടിട്ടുണ്ട്.
∙ തലയോലപ്പറമ്പ് മജീദ് സെയ്ദ് എന്ന എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ എത്രമാത്രം പങ്കുവഹിച്ചു. കുട്ടിക്കാലത്തെക്കുറിച്ചും ആദ്യകാല വായന, എഴുത്ത് എന്നിവയെക്കുറിച്ചും ദേശത്തെക്കുറിച്ചും പറയാമോ?
ബഷീറിന്റെ ജന്മനാടെന്ന നിലയിൽ തലയോലപ്പറമ്പിന് അന്നുമിന്നും ഒരു സാഹിത്യ ചന്തമുണ്ടായിരുന്നു. എന്റെയൊക്കെ കുട്ടിക്കാലത്ത് ബഷീറില്ലാത്ത അദ്ദേഹത്തിന്റെ ജന്മനാട് തേടി വരുന്നവർ ഒരു കൗതുകമായിരുന്നു. ഒരാൾ എഴുതി വച്ച നാടു തേടി വരുന്നവർ. അതൊക്കെ കണ്ട് അന്നു വണ്ടറിടിച്ചിട്ടുണ്ട്. ആദ്യമായിട്ടു വായിച്ചത് ഒരു കുടയും കുഞ്ഞു പെങ്ങളുമാണ്. എന്റെ വീട്ടിൽ വായിക്കാൻ അന്നുമിന്നും എല്ലാവർക്കും ഇഷ്ടമാണ്. കണ്ണിന് ഓപറേഷൻ കഴിഞ്ഞ ഉമ്മയുടെ സങ്കടം എനിക്ക് വരുന്ന പുസ്തകങ്ങൾ വായിക്കാൻ കഴിയുന്നില്ലല്ലോ എന്നായിരുന്നു. അന്നൊക്കെ വീടുകളിൽ ആഴ്ച തോറും പുസ്തകങ്ങൾ കൊണ്ടു തരുന്ന ഏർപ്പാടുണ്ടായിരുന്നു. ഉമ്മയും മൂത്ത പെങ്ങൾ റഷീദയും അതെടുക്കും. അങ്ങനെയൊക്കെ കിട്ടിയ വായന പിന്നെ ലൈബ്രറികളിലായി. വലിയ എഴുത്തുകാരിലേക്കായി. അനിൽകുമാർ, പി.കെ.ജയിംസ്, പിന്നെ ഞാൻ. ഞങ്ങളാണു പുസ്തക കമ്പനി. വായിക്കുക, പാടത്തിരുന്ന് അതിനെ ചർച്ചിക്കുക. ഇതായിരുന്നു പണി. ആദ്യമായി നേരിൽ കണ്ട എഴുത്തുകാരൻ പെരുമ്പടവം ശ്രീധരനാണ്. ഞങ്ങളുടെ നാട്ടിൽ വന്നു ബസ് കയറാൻ നിന്ന അദ്ദേഹത്തെ പത്രത്തിൽ കണ്ട പരിചയം വച്ചു തിരിച്ചറിഞ്ഞു പരിചയപ്പെടുകയായിരുന്നു. ബഷീർ ഗാന്ധിയെ തൊട്ട പോലെ പെരുമ്പടവത്തിനെ ഞങ്ങൾ തൊട്ടു നോക്കി. അതൊക്കെ വലിയ കാര്യമായിരുന്നു അന്ന്. അന്നേ സാഹിത്യത്തിൽ ഒരു കമ്പമുണ്ടായിരുന്നു. എഴുത്തുകാരനെ നാട് രൂപപ്പെടുത്തുകയാണോ എഴുത്തുകാരൻ നാടിനെ രൂപപ്പെടുത്തുകയാണോ എന്ന സന്ദേഹത്തിലാണു ഞാൻ. പക്ഷേ, ഞാൻ എന്റെ നാടിനെ ഓർത്ത് അഭിമാനിക്കുന്നു. സ്നേഹിക്കുന്നു. കാരണം എന്നിലെ എഴുത്തുകാരനെ അത്രമേൽ അവർ ചേർത്തു പിടിക്കുന്നു. അതാണു മുന്നോട്ടുള്ള എന്റെ ധൈര്യവും.
English Summary : English Summary : Puthuvakku column written by Ajish Muraleedharan - Talk with writer Majeed Sayd