ശബ്ദത്തിന്റെ തീവണ്ടി വേഗങ്ങളിൽ രൂപപ്പെടുന്ന നോവൽ വചനങ്ങൾ
ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെ ആയിരുന്നു. വചനം ദൈവമായിരുന്നു. (യോഹന്നാൻ 1:1, വിശുദ്ധ ബൈബിൾ) മലയാളിയായ റസൂൽ പൂക്കുട്ടി ഓസ്‌കർ അവാർഡ് സ്വീകരിച്ചുകൊണ്ട് ആ വേദിയിൽ നിന്നു പറഞ്ഞത് രണ്ടോ മൂന്നോ വാചകങ്ങളാണ്. അതിതാണ്– ‘ലോകത്തിലെ ഏറ്റവും മഹത്തായ ശബ്ദത്തിന്റെ പ്രഭവസ്ഥാനത്തു നിന്നാണ് ഞാൻ
ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെ ആയിരുന്നു. വചനം ദൈവമായിരുന്നു. (യോഹന്നാൻ 1:1, വിശുദ്ധ ബൈബിൾ) മലയാളിയായ റസൂൽ പൂക്കുട്ടി ഓസ്‌കർ അവാർഡ് സ്വീകരിച്ചുകൊണ്ട് ആ വേദിയിൽ നിന്നു പറഞ്ഞത് രണ്ടോ മൂന്നോ വാചകങ്ങളാണ്. അതിതാണ്– ‘ലോകത്തിലെ ഏറ്റവും മഹത്തായ ശബ്ദത്തിന്റെ പ്രഭവസ്ഥാനത്തു നിന്നാണ് ഞാൻ
ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെ ആയിരുന്നു. വചനം ദൈവമായിരുന്നു. (യോഹന്നാൻ 1:1, വിശുദ്ധ ബൈബിൾ) മലയാളിയായ റസൂൽ പൂക്കുട്ടി ഓസ്‌കർ അവാർഡ് സ്വീകരിച്ചുകൊണ്ട് ആ വേദിയിൽ നിന്നു പറഞ്ഞത് രണ്ടോ മൂന്നോ വാചകങ്ങളാണ്. അതിതാണ്– ‘ലോകത്തിലെ ഏറ്റവും മഹത്തായ ശബ്ദത്തിന്റെ പ്രഭവസ്ഥാനത്തു നിന്നാണ് ഞാൻ
ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടു കൂടെ ആയിരുന്നു. വചനം ദൈവമായിരുന്നു. (യോഹന്നാൻ 1:1, വിശുദ്ധ ബൈബിൾ)
മലയാളിയായ റസൂൽ പൂക്കുട്ടി ഓസ്‌കർ അവാർഡ് സ്വീകരിച്ചുകൊണ്ട് ആ വേദിയിൽ നിന്നു പറഞ്ഞത് രണ്ടോ മൂന്നോ വാചകങ്ങളാണ്. അതിതാണ്–
‘ലോകത്തിലെ ഏറ്റവും മഹത്തായ ശബ്ദത്തിന്റെ പ്രഭവസ്ഥാനത്തു നിന്നാണ് ഞാൻ വരുന്നത്. അത് മൗനത്തിൽനിന്നു തുടങ്ങുന്നു. മറ്റൊരു മഹാമൗനത്തിൽ അവസാനിക്കുന്നു. ആ ശബ്ദമാണ് ഓംകാരം.’
പ്രപഞ്ചഹുങ്കാരം ഓംകാരം പോലെയൊരു മുഴക്കമാണ്. കടലിരമ്പവുമതെ. കടലിൽനിന്നു കിട്ടുന്ന ശംഖ് ചെവിയോടു ചേർത്തു പിടിച്ചാൽ ഉള്ളിൽ അലയടിച്ചു കേൾക്കുന്നത് കടലിന്റെ ഹുങ്കാരം.
ശബ്ദത്തിന്റെ ശക്തി വിശേഷങ്ങളെക്കുറിച്ച് വിചാരമുതിർന്നത് ഒരു നോവൽ വായിച്ചുകൊണ്ടിരുന്നപ്പോഴാണ്. ജേക്കബ് ഏബ്രഹാമിന്റെ ‘അ മുതൽ അം വരെ പോകുന്ന തീവണ്ടി.’
ഏതോ തീവണ്ടിയാത്രയുടെ കഥ എന്നു കരുതിയാണ് വായനതുടങ്ങിയതെങ്കിലും കഥയിൽ കണ്ട തീവണ്ടി വേറൊന്നാണ്. കംപാർട്‌മെന്റുകൾ പോലെ കോർത്തു കോർത്തിട്ടിരിക്കുന്നൊരു അക്ഷരവണ്ടി. 112 പേജുള്ള ഒരു കുഞ്ഞു നോവലാണിത്. വേണമെങ്കിൽ അച്ചടക്കമില്ലാത്ത നോവൽ എന്നു പറയാം, കാരണം ഇത് ചട്ടപ്പടിയല്ലാത്തൊരു സൃഷ്ടിയാണ്. എഴുത്തിലെ പരീക്ഷണമാണ്. മുഖ്യകഥാപാത്രമാകുന്നത് ശബ്ദം. രണ്ടാം കഥാപാത്രം റേഡിയോ. പിന്നീടു മാത്രമേ മനുഷ്യർ കഥാപാത്രങ്ങളായി വരുന്നുള്ളൂ.
കാമുകൻ എന്നു പേരിട്ടിട്ടുള്ള അധ്യായം ഇങ്ങനെ:
ഒരു തരംഗമായി കാറ്റിലേറി അവൻ വന്നിരുന്നു. പാട്ടുപാടിയും കഥകൾ പറഞ്ഞും കാതോരം സംസാരിച്ചും അവനെന്നോടൊപ്പം ഉണർന്നു, ഉറങ്ങി, സ്വപ്നം കണ്ടു. പലപ്പോഴും എന്നെ അവൻ ഇക്കിളിയാക്കും. എന്റെ തണുത്ത മടിയിൽ കയറിയിരിക്കും. ഇറയത്ത് കാലുനീട്ടിയിരുന്ന് ഞങ്ങളങ്ങനെ പാടിക്കൊണ്ടേയിരിക്കുമായിരുന്നു. ഏഴര വെളുപ്പിനേ എന്നോടൊപ്പം അവൻ ഉണരും. പാതിരാവിൽ ഞാനുറങ്ങുമ്പോൾ നിശ്ശബ്ദനാകും. ഈ ആറ്റരികിലെ വീട്ടിൽ എന്റെ ഭർത്താവും മകളും പോയിക്കഴിഞ്ഞാൽ പകൽ ഞാനും അവനും തനിച്ചാകും.
വിവരണം ഇവിടെ വരെയാകുമ്പോൾ വീട്ടമ്മയുടെ ജാരൻ എന്നൊക്കെ നമ്മൾ വിചാരിക്കും. അവരുടെ ജാരബന്ധത്തെക്കുറിച്ച് സങ്കൽപിച്ചു തുടങ്ങുകയുമായി. പക്ഷേ, കുറച്ചുകൂടി മുന്നോട്ടു ചെല്ലുമ്പോൾ നമ്മൾ മനസ്സിലാക്കും. കാമുകൻ തന്നെ, പക്ഷേ, ആളു മനുഷ്യനല്ല. അതൊരു റേഡിയോ ആണ്.
നോവലിനൊരു കഥയില്ല, എന്നു പറഞ്ഞാൽ അത് അസത്യമാകും. സൗണ്ട് എൻജിനീയർ ഋഷി, അയാളുടെ കൂട്ടുകാരികളായ അരുണ, ഉന്നതി, ദക്ഷിണേഷ്യയിലെ ശബ്ദകലയുടെ ചക്രവർത്തി മിർസ്ബാൻ ഇറാനി, ഗോവാജീവിതം, സിലോൺ റേഡിയോയിലെ വാർത്താവായനക്കാരി സുഭാഷിണി, ലങ്കയിലെ തമിഴ് വംശീയ കലാപം തുടങ്ങി പല പല കഥകളും കഥാപാത്രങ്ങളും നോവലിൽ അവരുടെ പങ്ക് അഭിനയിച്ചുപോകുന്നുണ്ട്. പക്ഷേ, അപ്പോഴും ശബ്ദം അതിന്റെ അധീശഭാവവുമായി നോവലിൽ നിറയുന്നു.
ശബ്ദത്തിന്റെ പല പല ഭാവങ്ങൾ പലേടത്തായി നമ്മളെ വന്നു തൊട്ടു കടന്നുപോകുന്നു.
കാമുകനായി മാറുന്ന ശബ്ദത്തെക്കുറിച്ചു പറയുമ്പോൾ തന്നെ ശബ്ദം രോഗമുണ്ടാക്കുന്നതിനെക്കുറിച്ചും പറയുന്നു.
കോട്ടയ്ക്കകം വീട്ടിലെ ഏകാന്ത ദിനങ്ങൾ. ആശുപത്രിയിലെ നീണ്ട വരാന്തകൾ. അപ്പായുടെയും അമ്മയുടെയും അനിയത്തിയുടെയും ഉത്കണ്ഠ പൊടിച്ച മുഖങ്ങൾ, ബന്ധുക്കളുടെ കളിയാക്കലുകൾ, കൂട്ടുകാരുടെ സന്ദർശനങ്ങൾ, ഒരു വർഷം ഋഷിക്കു മുന്നിലൂടെ ഒതു തീവണ്ടിച്ചൂളം പോലെ കടന്നു പോയി. ഓരോ കമ്പാർട്‌മെന്റിലും ഓരോ ദിനങ്ങൾ, പല പല ശബ്ദങ്ങൾ, നിശ്ശബ്ദതയുടെയും ശബ്ദത്തിന്റെയും സൗന്ദര്യം. അതു തിരിച്ചറിവിന്റെ കാലം കൂടിയായിരുന്നു. മൗനത്തെ പ്രണയിച്ച നാളുകൾ, വിഷാദത്തിൽ സന്തോഷം കണ്ടെത്തിയ രാപകലുകൾ..
വ്യത്യസ്ത ഭാവങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ശബ്ദപ്രപഞ്ചത്തിന്റെ വായനാസാധ്യതകൾ കണ്ടെത്തി അവതരിപ്പിക്കുക എന്ന ശ്രമകരമായ ജോലിയാണ് ജേക്കബ് ഏബ്രഹാം അനായാസം നിർവഹിച്ചിരിക്കുന്നത്. ജേക്കബ് പറയുന്നതു കേൾക്കാം.
അ മുതൽ അം വരെ പോകുന്ന തീവണ്ടിയിലെ മുഖ്യ കഥാപാത്രം ശബ്ദം ആണ്. ഇത്തരത്തിലൊരു നോവൽ മറ്റാരെങ്കിലും എഴുതിയിട്ടുണ്ടാവുമോ എന്ന് സംശയം. എന്താണ് ഇങ്ങനെയൊരു നോവലെഴുതാനുള്ള പ്രേരണ ?
വായിക്കുന്നതിനൊപ്പം വരികൾക്കിടയിൽ കേൾക്കാനും കഴിയുന്ന ഒരു നോവൽ എന്ന ആശയം കുറേക്കാലമായി എന്നോടൊപ്പം കൂടിയിരുന്നതാണ്. പത്തനംതിട്ടയിലെ മലയോര പ്രദേശമായ നെടുമുരുപ്പിന്റെ താഴ്‌വരയിലാണ് എന്റെ വീട്. ഞങ്ങടെ നാട്ടിലെ മനുഷ്യർ താരതമ്യേന ഉറക്കെ സംസാരിക്കുന്നവരാണ്. പരുക്കൻ ഭാഷയിൽ ഉറക്കെ വിശേഷങ്ങൾ വിളിച്ചു ചോദിക്കുന്നവരാണ്. മലയിലെ കാറ്റിനും നാട്ടുവഴിക്കുമിടയിൽ ഒച്ചകൾ ചിതറിപ്പോകുമോയെന്ന പേടിയുള്ള പോലെ. കുട്ടിക്കാലം മുതൽ കേട്ട ഇത്തരം മൊഴികൾ എന്നോടൊപ്പം എപ്പോഴും സഞ്ചരിക്കുന്നതായി തോന്നാറുണ്ട്. ഒരു വേനൽക്കാലത്ത് അയലോക്കത്തെ വീട്ടിലെ കിണറ്റുകരയിൽ കുളിക്കുമ്പോൾ കപ്പി പൊട്ടി തൊട്ടി കിണറ്റിൽ വീണ ശബ്ദമൊക്കെ ഇപ്പോഴും ചെവിയിലുണ്ട്. ഒന്നു കണ്ണടച്ചാൽ നാട്ടിലെ ഓരോ മനുഷ്യരുടെയും ഒച്ച എനിക്കു കേൾക്കാം. എഴുത്തിൽ ഈ ശബ്ദങ്ങളൊക്കെ ഒന്നു വീണ്ടെടുക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെയാണ്, റേഡിയോ ഒരു തൊഴിൽ മേഖലയായി മാറിയപ്പോൾ ശബ്ദങ്ങളുടെ പശ്ചാത്തലത്തിൽ റേഡിയോയും കൂടെ ചേർന്ന ഒരു നോവൽ ഒരു പരീക്ഷണം പോലെ എഴുതാമെന്ന് തോന്നിയത്. ഇത്തരമൊരു നോവൽ ആരെങ്കിലും എഴുതിയിട്ടുണ്ടോയെന്ന് എനിക്കും അറിയില്ല. വായനക്കാർക്ക് ഭാവനയുടെ അതിരില്ലാത്ത ലോകം നൽകുക എന്നതാണ് നോവലുകൾ ചെയ്യുന്നത്. ഈ നോവലിൽ വായനക്കാരനെ/ വായനക്കാരിയെ അവരുടെ കേൾവിയുടെ ചരിത്ര വാതിലുകൾ ഭാവനയാൽ തുറക്കാൻ സഹായിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതിൽ വിജയിച്ചു എന്നു തന്നെയാണ് ഈ നോവലിന് കിട്ടിയ സ്വീകാര്യത തെളിയിക്കുന്നത്.
രണ്ടാം കഥാപാത്രം റേഡിയോ ആണ്. അതും പുതുമ തന്നെ. റേഡിയോയെ കഥാപാത്രമാക്കിയത് ആഖ്യാനത്തിൽ എന്തു സഹായമാണ് ചെയ്തത്?
ബാല്യത്തിൽ എന്റെ വീട്ടിലുണ്ടായിരുന്ന ഏക ആഡംബര വസ്തു റേഡിയോയായിരുന്നു. റേഡിയോയ്ക്ക് ഒപ്പമായിരുന്നു വീടിന് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരങ്ങൾ. രാവിലെ സ്റ്റേഷൻ പിടിക്കുന്ന റേഡിയോ രാത്രി വൈകിയാവും ഓഫാക്കുന്നത്. ആകാശവാണിയുടെ തിരുവനന്തപുരം നിലയമാണ് പത്തനംതിട്ടയിൽ കിട്ടുന്നത്. പ്രഭാതഭേരി, കണ്ടതും കേട്ടതും, വയലും വീടും, റേഡിയോ നാടകങ്ങൾ, കമ്പോള മൊത്ത നിലവാരം, ഇടയ്ക്ക് ഡൽഹി റിലേ അങ്ങനെ റേഡിയോ കേൾവി തന്നെയാണ് അക്കാലങ്ങളിൽ. ശബ്ദങ്ങളുടെ മാന്ത്രിക ലോകമായിരുന്നു അത്. വാക്കുകളിൽ വർണിക്കുന്ന ഇടങ്ങളിലേക്ക് ശബ്ദങ്ങളുടെ വിരലിൽ തൂങ്ങി നടക്കുന്ന സുഖം. പിന്നീട് റേഡിയോ മേഖലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതോടെയാണ് ആ ലോകത്തെ അദ്ഭുതങ്ങൾ നേരിട്ടു കാണാൻ കഴിഞ്ഞത്. സാധാരണക്കാരന്റെ മാധ്യമം എന്നു പേരു കേട്ടതാണ് റേഡിയോ. ഈ നോവലിൽ ശബ്ദങ്ങളെ പ്രമേയമാക്കിയപ്പോൾ നോവൽ നിൽക്കേണ്ട തറ റേഡിയോ തന്നെയാവണം എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. അത് നോവലിനു ഗതിവേഗം പകർന്നു. ഒരുപാട് വായനക്കാർ ഇതൊരു റേഡിയോ നോവലായാണ് സ്വീകരിച്ചതു തന്നെ.
ജേക്കബിനെ രൂപപ്പെടുത്തിയതിൽ റേഡിയോ വഹിച്ച പങ്ക്?
എന്റെ അപ്പൻ ഒരു ഗൾഫ് തൊഴിലാളിയായിരുന്നു. അദ്ദേഹം രണ്ടു മാസത്തെ അവധിക്ക് നാട്ടിൽ വരുമ്പോൾ റേഡിയോയും കൊണ്ടു വരുമായിരുന്നു. റേഡിയോ കേട്ട് റോത്ത് മാൻസ് സിഗരറ്റൊക്കെ വലിച്ച് മൂപ്പരങ്ങനെ രസിച്ചിരിക്കും. എന്നെയും ചിലപ്പോൾ പിടിച്ച് മടിയിലിരുത്തും. റേഡിയോ കേൾക്കുന്നത് സൂക്ഷ്മമായാണ്. വാർത്തകൾ അദ്ദേഹം ശ്രദ്ധയോടെ കേൾക്കും. റേഡിയോയ്ക്കായിരുന്നു വീട്ടിൽ പരമപ്രധാനമായ സ്ഥാനം. ആ ശിക്ഷണത്തിൽ നിന്നാണ് ഞാനും റേഡിയോ പ്രേമിയായി മാറുന്നത്. ഇപ്പോൾ 15 വർഷമായി ഞാൻ റേഡിയോ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ആകാശവാണി, മാതൃഭൂമി ക്ലബ് എഫ്എം, ഇപ്പോൾ കേരള സർക്കാർ മലയാളം മിഷൻ റേഡിയോ മലയാളം വരെ ആ റേഡിയോ പ്രേമം എത്തിയിരിക്കുന്നു.
ശരിക്കും എഴുത്തുകാരനാവൽ പുസ്തകവായനയിലൂടെ സംഭവിക്കുന്നു എന്നാണു പറയാറ്. ജേക്കബിന്റെ വിലയിരുത്തൽ?
നല്ല കയ്യക്ഷരമാണ് എന്നെ എഴുത്തുകാരനാക്കിയതെന്നു പറയാം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്ക്കൂളിലെ മലയാളം അധ്യാപികയാണ് എന്റെ കയ്യക്ഷരം കണ്ടിട്ട് നിനക്കു കഥയെഴുതാൻ പറ്റും എന്നു പറയുന്നത്. ടീച്ചറിന്റെ അഭിപ്രായത്തിൽ എഴുത്തുകാർക്ക് നല്ല കയ്യക്ഷരം ആയിരിക്കുമത്രേ. എനിക്കത് വലിയ പ്രചോദനമായി. അങ്ങനെ ഞാനും എഴുത്തുകാരനാവാൻ തീരുമാനിച്ചു. പിന്നീടാണ് വായന വരുന്നത്. ആർത്തി പിടിച്ച വായന. പള്ളിയിലും കോളജിലും എന്റെ നേതൃത്വത്തിൽ കയ്യെഴുത്തു മാസികകൾ പുറത്തിറക്കിയിട്ടുണ്ട്. കയ്യക്ഷരമാണ് എന്നെ എഴുത്തുകാരനാക്കിയത്.
മിർസ് ബാൻ ഇറാനിയെ കുറിച്ചു വായിച്ചപ്പോൾ എനിക്ക് റസൂൽ പൂക്കുട്ടിയെ ഓർമ വന്നു.
മിർസ്ബാൻ ഇറാനി ശരിക്കുള്ള കഥാപാത്രമാണ്. ക്ലബ് എഫ്എം റേഡിയോയിൽ എന്നോടൊപ്പം ജോലി ചെയ്ത ശ്യാം എന്ന സൗണ്ട് എൻജിനീയർ കുറെക്കാലം ഗോവയിൽ ഇറാനിയുടെ സ്റ്റുഡിയോയിൽ ജോലി ചെയ്തിട്ടുണ്ട്. ഋഷി എന്ന കഥാപാത്രത്തിൽ ശ്യാമിന്റെ നിഴലുകൾ വീണു കിടപ്പുണ്ട്. മിർസ് ബാനെക്കുറിച്ച് ശ്യാം പറഞ്ഞ അറിവുകളിൽ നിന്നാണ് ആ കഥാപാത്രം രൂപപ്പെട്ടത്. നോവലിലെ ഉന്നതിയും യഥാർഥത്തിലുള്ള ആളാണ്.
ഗോവയെക്കുറിച്ച് വിശദമായ വിവരണമുണ്ട്. എത്ര കാലം അവിടെ ഉണ്ടായിരുന്നു? ഗോവ എഴുത്തിനെ എങ്ങനെ സ്വാധീനിച്ചു?
അഞ്ചു തവണ ഞാൻ ഗോവയിൽ പോയിട്ടുണ്ട്. അതെല്ലാം ദൈർഘ്യമില്ലാത്ത യാത്രകളായിരുന്നു. പരമാവധി ഒരാഴ്ച വരെ താമസിച്ചിട്ടുണ്ട്. വല്ലാത്ത കാല്പനിക ഭാവം ഗോവയ്ക്കുണ്ട്. ഇന്ത്യയുടെ ലാറ്റിനമേരിക്ക എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന സ്ഥലം. നോവലിന്റെ അന്തരീക്ഷം അങ്ങനെയാണ് ഗോവയിൽ നിശ്ചയിച്ചത്.
പ്രക്ഷേപണ കലാരംഗത്തെ സ്വന്തം അനുഭവപരിചയം ഈ പുസ്തകമെഴുതുന്നതിൽ എത്രമാത്രം സഹായിച്ചു?
ആകാശവാണിയുടെ തിരുവനന്തപുരം സ്റ്റേഷനിൽ കുറച്ചു കാലം ഞാൻ സ്ക്രിപ്റ്റ് റൈറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ആകാശവാണി നിലയത്തിന് പറയാൻ ഒരുപാടു കഥകളുണ്ട്. പ്രതിഭകളായ ഒരുപാടു പേർ ജോലി ചെയ്ത സ്റ്റേഷൻ. മലയാള സിനിമയുടെ ഫ്ലാഷ് ബാക്ക് എന്ന ഒരു വർഷത്തിലധികം നീണ്ടു നിന്ന പരമ്പരയുടെ ഭാഗമായി, ഈയിടെ അന്തരിച്ച ഗുരുതുല്യനായ രവീന്ദ്രൻ ചെന്നിലോട് സാറിനൊപ്പമാണ് റേഡിയോ കരിയർ തുടങ്ങിയത്. പിന്നീട് മാതൃഭൂമിയുടെ ക്ലബ്ബ് എഫ്എമ്മിൽ സീനിയർ കോപ്പിറൈറ്ററായി 12 വർഷം പ്രവർത്തിച്ചു. ഇപ്പോൾ കേരള സർക്കാറിന്റെ മലയാളം മിഷനിൽ റേഡിയോ മലയാളം എന്ന ഓൺലൈൻ റേഡിയോയുടെ പ്രോജക്ട് ഹെഡാണ്. റേഡിയോയിലെ നീണ്ട തൊഴിൽ ജീവിതത്തിന്റെ ഭാഗമാണ് ഈ നോവൽ. നമ്മുടെ സാഹിത്യ നായകന്മാരെ പരിശോധിച്ചാൽ റേഡിയോ അവർക്കൊക്കെ വലിയ പ്രചോദനമായിരുന്നെന്നു കാണാം. എനിക്ക് ഈ നോവൽ തന്നത് റേഡിയോയാണ്.
‘വിഷമവൃത്തങ്ങളിൽ വിശുദ്ധർ’ എന്ന ജേക്കബിന്റെ നോവൽ നിറയെ കാഴ്ചകളാണ്. ദൃശ്യങ്ങളായാണ് വിവരണം മുന്നോട്ടു പോകുന്നത്. ഇത് നിറയെ കേൾവിയാണ്. കാഴ്ചയോ കേൾവിയോ എഴുത്തിൽ വലിയ വെല്ലുവിളി തരുന്നത്? വായനക്കാരന്റെ മനസ്സിൽ കൂടുതൽ കാലം തങ്ങിനിൽക്കുന്നത് ഏത്?
കാഴ്ചയ്ക്കു തന്നെയാണ് ആയുസ്സ് കൂടുതൽ. നമ്മുടെ സാഹിത്യം പൊതുവേ കാഴ്ചയ്ക്ക് പ്രഥമസ്ഥാനം നൽകുന്നു. വിഷമവൃത്തങ്ങളിൽ വിശുദ്ധർ എന്ന നോവലിൽ കാഴ്ചകളാണ് എന്നത് സത്യമാണ്. എന്നാൽ കേൾവിയും പരമപ്രധാനമാണ്. എന്റെ ഒരു കൂട്ടുകാരി പറഞ്ഞിട്ട് അന്ധരുടെ ഒരു വാട്ട്സാപ് ഗ്രൂപ്പിൽ ഞാൻ കഥകളൊക്കെ വായിച്ച് കൊടുക്കുമായിരുന്നു. പിന്നീടാണ് ഞാൻ അതിന്റെ വ്യർഥത ആലോചിച്ചത്. കേൾവിയും സ്പർശവുമാണ് അവരുടെ ലോകം. കണ്ണടച്ചു കേട്ടു നോക്കിയാൽ ഒരു പുതിയ ലോകം നമ്മൾക്കു മുമ്പിൽ തുറക്കും. അതും അനുഭവമാണ്.
ഈ നോവലിന്റെ പേരാണ് ഇതു വായിക്കാൻ പ്രേരണയാവുന്നത്. പേരിന്റെ പൊരുൾ?
അ മുതൽ അം വരെ പോകുന്ന തീവണ്ടി എന്ന പേര് ഭാഗ്യം പോലെ വീണു കിട്ടിയതാണ്. ഭാഷയെ റെയിലായി കണക്കാക്കി. പേര് നന്നായി എന്ന് ഒരുപാട് വായനക്കാർ അഭിപ്രായപ്പെട്ടു.
നോവലുണ്ടാക്കിയ പ്രതികരണം?
ഈ നോവൽ വായനക്കാരിൽ സമ്മിശ്ര പ്രതികരണമാണ് ഉണർത്തിയത്. പരമ്പരാഗത രീതിയിൽ നോവലിനെ സമീപിച്ചവർക്ക് ഈ പരീക്ഷണ നോവൽ അത്ര പഥ്യമായില്ല. എന്നാൽ പുതുമയെ ഇഷ്ടപ്പെടുന്ന വായനക്കാർ നന്നായി സ്വീകരിച്ചു.
English Summary: Pusthakakkazhcha Column by Ravi Varma Thampuran on writer Jacob Abraham