സമീപകാലത്തിറങ്ങിയ ഏതൊരു സിനിമയുടെയും ട്വിസ്റ്റിനെ കടത്തിവെട്ടും സലിൻ മാങ്കുഴി എഴുതിയ ‘ഭ്രാന്തിമാൻ’ എന്ന കഥയുടെ ക്ലൈമാക്സ്. മൂന്നു പതിറ്റാണ്ടിലേറെയായി മലയാളികളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന, സംഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്റെ ജീവിതമാണ് അതീവ ചാരുതയോടെ ആ കഥ പറഞ്ഞത്. ഗൃഹാതുരതയുടെ

സമീപകാലത്തിറങ്ങിയ ഏതൊരു സിനിമയുടെയും ട്വിസ്റ്റിനെ കടത്തിവെട്ടും സലിൻ മാങ്കുഴി എഴുതിയ ‘ഭ്രാന്തിമാൻ’ എന്ന കഥയുടെ ക്ലൈമാക്സ്. മൂന്നു പതിറ്റാണ്ടിലേറെയായി മലയാളികളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന, സംഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്റെ ജീവിതമാണ് അതീവ ചാരുതയോടെ ആ കഥ പറഞ്ഞത്. ഗൃഹാതുരതയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാലത്തിറങ്ങിയ ഏതൊരു സിനിമയുടെയും ട്വിസ്റ്റിനെ കടത്തിവെട്ടും സലിൻ മാങ്കുഴി എഴുതിയ ‘ഭ്രാന്തിമാൻ’ എന്ന കഥയുടെ ക്ലൈമാക്സ്. മൂന്നു പതിറ്റാണ്ടിലേറെയായി മലയാളികളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന, സംഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്റെ ജീവിതമാണ് അതീവ ചാരുതയോടെ ആ കഥ പറഞ്ഞത്. ഗൃഹാതുരതയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാലത്തിറങ്ങിയ ഏതൊരു സിനിമയുടെയും ട്വിസ്റ്റിനെ കടത്തിവെട്ടും സലിൻ മാങ്കുഴി എഴുതിയ ‘ഭ്രാന്തിമാൻ’ എന്ന കഥയുടെ ക്ലൈമാക്സ്. മൂന്നു പതിറ്റാണ്ടിലേറെയായി മലയാളികളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന, സംഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്റെ ജീവിതമാണ് അതീവ ചാരുതയോടെ ആ കഥ പറഞ്ഞത്. ഗൃഹാതുരതയുടെ ബാർബർഷോപ്പിലെ കറങ്ങുന്ന കസേരയിലിരുത്തി വായനക്കാരെ വട്ടംകറക്കിയ സലിനിന്റെ കഥയാണ് പത / UA. ബാർബർ ചന്ദ്രന്റെ ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യം വെളിപ്പെടുന്ന നിമിഷത്തിലേക്ക് നെഞ്ചിൻകൂട് പൊട്ടിക്കുന്ന ഹൃദയമിടിപ്പോടെയല്ലാതെ വായിച്ചെത്തുക വയ്യ. തന്റേടികളും സ്വതന്ത്ര ജീവിതം നയിക്കുന്നവരുമായ സ്ത്രീകളുടെ കഥകളാണു ‘പേരാൾ’ എന്ന കഥാസമാഹാരത്തിലുള്ളത്. വ്യത്യസ്തങ്ങളായ സൃഷ്ടികളിലൂടെ വായനക്കാരെ വിസ്മയിപ്പിക്കുന്ന പുതുതലമുറ കഥാകൃത്താണു സലിൻ മാങ്കുഴി. കഥകളെക്കുറിച്ച്, സമൂഹത്തെക്കുറിച്ച്, സ്ത്രീകളെക്കുറിച്ച്, എഴുത്തിനെക്കുറിച്ച്, പുസ്തകങ്ങളെക്കുറിച്ച് സലിൻ മനസ്സുതുറക്കുന്നു. 

 

ADVERTISEMENT

∙സമീപകാലത്തിറങ്ങിയ കഥകളിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണു സലിനിന്റെ ‘ഭ്രാന്തിമാൻ’. ആധുനിക കേരളത്തിലെ ഏറ്റവും കുപ്രശസ്തനായ ആന്റി ഹീറോ എന്നു വിശേഷിപ്പിക്കാവുന്ന സുകുമാരക്കുറുപ്പിനെ കേന്ദ്രകഥാപാത്രമായി ഒരു കഥയെഴുതുമ്പോൾ വെല്ലുവിളികളേറെയാണ്. അതു സലിൻ അതിജീവിച്ചു എന്നു മാത്രമല്ല, കഥ സൂപ്പർഹിറ്റ് ആകുകയും ചെയ്തു. ഒന്നൊന്നര ക്ലൈമാക്സിലൂടെ വായനക്കാരെ ത്രില്ലടിപ്പിച്ചു കളഞ്ഞു കഥാകൃത്ത്. ആ തലക്കെട്ടിനു പിന്നിലെന്താണ്? 

എഴുതാനെടുത്ത തയാറെടുപ്പുകളെന്തെല്ലാമാണ്? വായനക്കാരുടെ പ്രതികരണങ്ങളിൽ തൃപ്തനാണോ?

 

സുകുമാരക്കുറുപ്പിനെ ഇനി പിടികൂടിയെന്നിരിക്കട്ടെ. യഥാർത്ഥ കുറുപ്പല്ലന്നേ മലയാളി പറയൂ. അങ്ങനെ ഉറച്ചു വിശ്വസിക്കുകയും പൊലീസിനെ അവിശ്വസിക്കുകയും ചെയ്യും. കുപ്രസിദ്ധനായ കുറുപ്പ് ഒരു മിത്തായി രൂപം മാറിയിട്ടു വർഷം ഒരുപാടായി. അതുകൊണ്ടാണു കുറുപ്പിനെ പിടിക്കാനാകില്ലെന്നും അയാൾ എവിടെയോ ജീവിക്കുന്നുവെന്നും നമുക്കിത്ര വിശ്വാസം. ലോകം മുഴുവൻ പൊലീസ് അലഞ്ഞിട്ടും എന്തുകൊണ്ടാണയാളെ പിടിക്കാൻ കഴിയാത്തതെന്നു നമ്മളൊക്കെ എത്രയോ തവണ സ്വയം ചോദിച്ചിട്ടുണ്ട്. അതിസാമർത്ഥ്യത്തോടെ പൊലീസ് ഓരോ പ്രതികളെയും കുടുക്കുന്ന വാർത്ത വായിക്കുമ്പോഴും അതിനുള്ളിൽ പരിഹാസച്ചിരിയോടെ ഇരിക്കുന്ന കുറുപ്പിനെ നാം ഓർക്കും. പൊലീസ് കാട്ടുന്ന ഓരോ മികവും കുറുപ്പിനെ ഓർമിപ്പിക്കുന്നു. അതുകൊണ്ടു തന്നെ കുറുപ്പിനെ നമുക്കു മറക്കാനും ആകില്ല. അടുത്ത കാലത്ത്, കുറുപ്പ് സിനിമയാകുന്നുവെന്നറിഞ്ഞപ്പോഴാണു ഞാൻ കുറുപ്പിനെക്കുറിച്ചു വീണ്ടും ഓർത്തത്. പഴയ വാർത്തകളിലും യുട്യൂബിലും പരതി. അതിനിടയിലാണു സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ആളെ അറസ്റ്റ് ചെയ്തു വിട്ടയച്ച വാർത്ത കണ്ണിൽപെട്ടത്. ആ നിമിഷം കഥ എന്നെ പൂണ്ടടക്കം പിടികൂടി. പിന്നെയാണ് റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥനായ ജോർജ് ജോസഫ് സാറുമായി ഫോണിൽ സംസാരിച്ചത്. അദ്ദേഹം കുറുപ്പിനെ അന്വേഷിക്കുന്നതിനു ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിൽ നിന്ന് അന്വേഷണസംബന്ധമായ ഒട്ടേറെ വിവരങ്ങൾ കിട്ടി. ഞാൻ കുറുപ്പിനെ വിടുകയും കുറുപ്പുമായി രൂപസാദൃശ്യം ഉള്ള ഒരാളെ പിന്തുടരുകയുമാണു ചെയ്തത്. കുറുപ്പിന്റെ കഥ പറയാതെ തന്നെ എല്ലാവർക്കുമറിയാം. അതുകൊണ്ട് അത് ആവർത്തിക്കാതെ തന്നെ വായനക്കാരൻ എല്ലാം ഓർത്തെടുത്തായിരിക്കും വായന തുടങ്ങുന്നത്. സംഭ്രാന്തിയുളവാക്കുന്ന രൂപസാദൃശ്യം എന്നതിനെക്കാളും ആ വാക്കിൽ ഒളിച്ചുപാർക്കുന്ന ഭ്രാന്തിനെയാണ് എനിക്ക് ഇഷ്ടമായത്. ഭ്രാന്തിൽ ഒളിച്ചിരിക്കുന്ന ഒരാൾ. അങ്ങനെയാണ് ‘ഭ്രാന്തിമാൻ’ എന്ന തലക്കെട്ടിനെ ഞാൻ കാണുന്നത്. കഥയുടെ ആദ്യ പേജിൽ സുകുമാരക്കുറുപ്പിനെ ഞാൻ ഒളിപ്പിച്ചു നിർത്തുകയും കുറുപ്പിന്റെ രൂപസാദൃശ്യമുള്ള രവീന്ദ്രനെ നായകനാക്കുകയും ചെയ്തു. അതിലൂടെ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനും രവീന്ദ്രനിലൂടെ മുന്നേറാനും സാധിച്ചു. അവസാനവരിയിലെ ക്ലൈമാക്സിൽ കുറുപ്പിനെ കൊണ്ടുവരാനായതാണു ഹൈലൈറ്റായത്. വായനക്കാരൻ ചിന്തിക്കാൻ സാധ്യതയില്ലാത്ത വഴിയിലൂടെയാണു കഥ സഞ്ചരിച്ചത്. പോലീസുകാരനായ വിൻസന്റിനെ നായകന്റെ പ്രച്ഛന്നവേഷം അണിയിച്ചതും സസ്പെൻസ് നിലനിർത്താൻ ഉപകരിച്ചു. ഒട്ടേറെ പേർ കഥ വായിച്ച ശേഷം എന്നെ വിളിച്ചു. സമീപകാലത്തു വന്ന ഈ കഥയ്ക്കു പുറമേ ബന്ദി, പത U/A എന്നീ കഥകൾക്കും വളരെയധികം നല്ല വാക്കുകൾ ലഭിച്ചു. സന്തോഷവും തൃപ്തിയും നൽകുന്നതായിരുന്നു അവ.

ADVERTISEMENT

 

∙ബാലമാസികയായ തളിരിൽ കഥയെഴുതി 15 രൂപ പ്രതിഫലം വാങ്ങിയ കുട്ടിയിന്ന് മലയാളി കാത്തിരിക്കുന്ന മികച്ച കഥകളുടെ സൃഷ്ടാവായി മാറിയിരിക്കുന്നു. അതിനിടയിൽ കവി, കവിതാലാപകൻ, മാധ്യമ പ്രവർത്തകൻ, പാരലൽ കോളജ് അധ്യാപകൻ, റേഡിയോ നാടകകൃത്ത്, റേഡിയോ ജോക്കി, ടെലിവിഷൻ തിരക്കഥാകൃത്ത്, സിനിമാ തിരക്കഥാകൃത്ത്, സർക്കാർ ജീവനക്കാരൻ തുടങ്ങി ഒട്ടേറെ വേഷങ്ങൾ. വ്യത്യസ്തങ്ങളായ ഈ ജീവിത പരിസരങ്ങൾ സലിനിലെ കഥയെഴുത്തുകാരനെ എങ്ങനെ രൂപപ്പെടുത്തി?

 

സ്ക്കൂളിൽ പഠിക്കുമ്പോഴെഴുതിയ ഒരു കഥ ‘തളിരി’ൽ വരികയും മണിയോർഡറായി 15 രൂപ പ്രതിഫലം കിട്ടുകയും ചെയ്തത് ഇന്നും സന്തോഷം നൽകുന്നു. പക്ഷേ, ഒന്നോ രണ്ടോ കഥ കൂടെ എഴുതിയിട്ടു ഞാനന്നു കഥയെഴുത്തു നിർത്തി. കോളജിൽ ചെന്നപ്പോൾ കവിതയെഴുതി. കഴമ്പില്ലാത്തതാണവയെന്നു സ്വയം മനസ്സിലാക്കിയപ്പോൾ ഡിഗ്രി കഴിഞ്ഞു. പിന്നെ പല എഴുത്തു ജോലികളും ചെയ്തു. ആകാശവാണിക്കും പത്രത്തിനും വേണ്ടി ഒട്ടേറെ ഫീച്ചറുകൾ എഴുതി. കഥയും കവിതയും പൂർണമായും വിട്ടു. പക്ഷേ, വായനയും സിനിമകാണലുമുണ്ടായിരുന്നു. ദുബായിൽ റേഡിയോയിൽ ജോലി കിട്ടിയപ്പോൾ ഒട്ടേറെ റേഡിയോ നാടകങ്ങളും റേഡിയോ സീരിയലുകളും എഴുതി. അന്ന് എന്റെ പല നാടകങ്ങളിലും മുഖ്യ വേഷം ചെയ്ത ആശാ ശരത് ഇന്ന് അറിയപ്പെടുന്ന ചലച്ചിത്ര നടിയാണ്. ആശയാണ് എന്നെ സീരിയൽ എഴുതാൻ പ്രേരിപ്പിച്ചത്. ഗൾഫിലെ ജോലി വിട്ടു സർക്കാർ ഉദ്യോഗസ്ഥനായി പിആർഡിയിൽ ചേർന്നു. തുടർന്ന് ഒരു സീരിയലേ ഞാൻ എഴുതിയുള്ളൂ. സർക്കാർ ഉദ്യോഗസ്ഥനായതിനാൽ സീരിയലിന്റെ സമയക്രമം പലപ്പോഴും ബുദ്ധിമുട്ടായി വന്നു. ആദ്യമെഴുതിയ സിനിമ ‘നോട്ട’ത്തിന് ഇന്ത്യൻ പനോരമ സിലക്‌ഷൻ ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചു. എനിക്കു ലഭിച്ച സർക്കാർ ജോലി പലപ്പോഴും സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ ഇടം ഉള്ളതായതിനാൽ ഞാൻ ജോലിയിലാണു കൂടുതലും അഭിരമിച്ചത്. 2014ലിലാണു ദീർഘകാലത്തിനു ശേഷം വീണ്ടും കഥയിലേക്കു മടങ്ങി വന്നത്. 2018 മുതലാണു കഥയെഴുത്ത് ഗൗരവമായി കണ്ടുതുടങ്ങിയത്. ഇതുവരെ പരിചയിച്ച മനുഷ്യരും പുസ്തകങ്ങളും സ്ഥലങ്ങളും അനുഭവങ്ങളും ഉണർത്തുന്ന ചിന്തയാണ് എന്നിലെ കഥാകാരനെ വീണ്ടും ഉണർത്തിയതെന്നു കരുതുന്നു.

ADVERTISEMENT

 

∙‘പേരാൾ’ എന്ന 11 കഥകളുടെ സമാഹാരത്തിലെ ആദ്യ കഥയായ ‘പേരാൾ’ പേരുകളുടെ രാഷ്ട്രീയമാണു ചർച്ച ചെയ്യുന്നത്. മനുഷ്യർക്കിടയിലെ വിവിധതരത്തിലുള്ള വിഭജനങ്ങളിൽ പേരുകൾ വലിയ പങ്കുവഹിക്കുന്നുവെന്ന് ആ കഥ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരെപ്പറ്റിയുള്ള സൂക്ഷ്മ നിരീക്ഷണങ്ങൾ ആ കഥയിൽ കാണാം. അതേപ്പറ്റി വിശദമാക്കാമോ?

 

ഈ ലോകത്തു സംഭവിക്കുന്ന ഏറ്റവും വലിയ വിഭജനമാണു പേരുകളിലൂടെ നടക്കുന്നത്. ഓരോ മതത്തിനും ഓരോ പേര് എന്നത് എത്ര ഭീകരമാണ്. എന്താണീ വിഭജനത്തിന്റെ ചോദന. ഒരാളിന്റെ പേരിലൂടെ അയാളുടെ മതമല്ലേ നാം ആദ്യം പരിചയപ്പെടുമ്പോൾ യഥാർത്ഥത്തിൽ അന്വേഷിച്ചറിയുന്നത്. നമ്മുടെ പുരോഗമന ചിന്തകൾക്കൊന്നും പേരുകൾക്കകത്തേക്ക് അധികം കടക്കാനായിട്ടില്ല. ‘പേരാൾ’ എന്ന കഥ വിവിധ മതപ്പേരുകളിൽ ജീവിക്കുന്ന ഒരാളിന്റെ ജീവിതമാണ്. ഏതു മതപ്പേരും എല്ലാവർക്കുമെന്നതു പോലെ അയാൾക്ക് ഇണങ്ങും. ശ്രീനാരായണ ഗുരു ജീവിക്കുകയും സമാധി കൊള്ളുകയും ചെയ്യുന്ന വർക്കലയാണു കഥ നടക്കുന്നത്. കോടാനുകോടി മനുഷ്യരുള്ള ഈ പ്രപഞ്ചത്തിൽ ഒരു മനുഷ്യായുസ്സു കൊണ്ട് ഒരു സാധാരണ മനുഷ്യൻ പത്തോ മുന്നൂറോ പേർക്ക് മാത്രമാണു പരിചിതനും പ്രസക്തനുമാകുന്നത്. മനുഷ്യരിൽ നിന്നു വേർപെട്ട പേരുകൾ സ്വന്തം പേരു മറന്നു പോയ ഒരാളിനു ചുറ്റും കൂടുന്നിടത്താണു കഥ അവസാനിക്കുന്നത്. പേരുകൾ സങ്കടകരമായ വിഭജനത്തിന്റെ അടയാളമാണ്.

 

∙സ്വദേശമായ മാങ്കുഴിയെപ്പറ്റിയുള്ള ഓർമകൾ എന്തെല്ലാമാണ്. പേരിലേക്ക് സ്വദേശം ചേർത്തതെന്തുകൊണ്ടാണ്? മാങ്കുഴിയും തിരുവനന്തപുരവും എഴുത്തിനെ എങ്ങനെ സ്വാധീനിച്ചു?

സലിൻ മാങ്കുഴി

 

ഞാൻ എംഎ പഠനം കഴിഞ്ഞിട്ടാണു മാങ്കുഴിയിൽ ബസ് ഗതാഗതം വന്നത്. വായനശാലയോ  സാംസ്കാരിക പാരമ്പര്യമോയൊന്നും ഇല്ലാത്ത ഉൾനാടൻ ഗ്രാമം. രണ്ടു രണ്ടര കിലോമീറ്റർ നടന്നാണ് ഒന്നാം ക്ലാസിൽ ചേരാൻ പോയത്. ആ നടത്ത ഒരുപാടു കാലം തുടർന്നു. യാത്രയ്ക്ക് ഒരുപാട് അസൗകര്യം ഉണ്ടായിരുന്നു. ആ ഗ്രാമവും അവിടുത്തെ മനുഷ്യരും ഭൂപ്രകൃതിയും തന്നെയാണു കഥയെഴുതാനിരിക്കുമ്പോൾ ഇന്നും മനസ്സിൽ വരുന്നത്. സ്കൂളിൽ പഠിക്കുമ്പോഴേ നോട്ടുബുക്കിൽ സ്വന്തം പേരിനൊപ്പം സ്ഥലപ്പേരും ചേർത്തെഴുതിയത് എഴുത്തുകാരനാകാനുള്ള ആഗ്രഹം കൊണ്ടാവാം. കുടുംബപ്പേരും സ്ഥലപ്പേരു തന്നെയായിരുന്നു. ആരും അതു വേണ്ടെന്നു പറഞ്ഞില്ല. അറിയാതെ പേരിനൊപ്പം കൂടിയതാണു സ്ഥലപ്പേര്.

 

∙പേരാളിലെ ഭൂരിഭാഗം കഥകളിലെയും സ്ത്രീകൾ വ്യക്തിത്വമുള്ളവരും തന്റേടികളും സ്വന്തം ഇഷ്ടങ്ങൾ ആരെയും കൂസാതെ നടപ്പാക്കുന്നവരുമാണ്. തോറ്റവരുടെ യുദ്ധത്തിലെ പദ്മിനി ടീച്ചർ, പാതാളപ്പൂവിലെ അന്ന, മധ്യേയിങ്ങനെ ഒഴുകിയും ഒഴുകാതെയും കഥയിലെ തങ്കമണി, മരണം നമ്മെ വേർപിരിക്കും വരെയിലെ ഗ്രേസ് തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങൾ ഏറെ മിഴിവുള്ളവരാണ്. ഇത്ര തന്റേടം സലിനിന്റെ സ്ത്രീ കഥാപാത്രങ്ങൾക്ക് എവിടെ നിന്നു ലഭിക്കുന്നു?

 

എനിക്ക് പുരുഷൻമാരെക്കാളും ഇഷ്ടവും വിശ്വാസവും സ്ത്രീകളെയാണ്. പ്രതിസന്ധിയിൽ നിന്നു പെട്ടെന്ന് ഉയർന്നു വരുന്നതും പ്രായോഗിക പരിഹാരം നിർദ്ദേശിക്കുന്നതും സ്ത്രീകളാണ്. പുരോഗമന ചിന്താഗതിക്കാർ ഏറെയും സ്ത്രീകളാണ്. എനിക്കു രണ്ടു പെൺമക്കളുണ്ടായതിനു ശേഷമാണു ഞാൻ സ്ത്രീകളെക്കുറിച്ചു കൂടുതൽ ചിന്തിച്ചത്. എന്റെ ഭാര്യ പറത്താണു സ്ത്രീ ജീവിതത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കിയത്. മാസമുറയുടെ വേലിയേറ്റങ്ങളെയും സംഘർഷങ്ങളെയും ഒഴുക്കിക്കളയുന്ന ചോരയെയും കുറിച്ച് ആണുങ്ങൾ എത്ര പേർ ചിന്തിച്ചിട്ടുണ്ട്. മൂത്രം മുട്ടി വയറു വേദനിച്ചു സഞ്ചരിക്കുന്ന സ്ത്രീകളെ കണ്ടാൽ ആണുങ്ങൾക്ക് തിരിച്ചറിയാനാകുമോ? പെണ്ണിന്റെ ജീവിതം  അറിഞ്ഞാലേ അവരെ സ്നേഹിക്കാനാവൂ, അവർക്കു മത്സരിക്കാൻ സീറ്റു കൊടുക്കാനും അവർ പറയുന്നതു കേൾക്കാനും കഴിയൂ. എന്റെ ആഗ്രഹമാണ് എന്റെ കഥയിലെ സ്ത്രീകൾ. പമ്പ സൂപ്പർഫാസ്റ്റിലെ പൂർണിമ പൂർണയാകുന്നത് ഭർത്താവിൽ നിന്ന് അകന്നശേഷമാണ്.

 

∙മനസ്സിൽ പൂർത്തിയാകാത്ത ഒരു കഥ എല്ലായ്പ്പോഴും കൊണ്ടുനടക്കുന്ന ഒരാളാണ് സലിൻ. ഒരു കഥ രൂപപ്പെടുന്നതും അതു വികസിപ്പിക്കുന്നതും എങ്ങനെയാണ്? എഴുത്തുരീതി എപ്രകാരമാണ്?

 

കഥയുടെ ഒരു തുള്ളിയാണ് മനസ്സിൽ ആദ്യം വീഴുന്നത്. അതിൽ നിന്നു മുന്നിലോട്ടും പിന്നിലോട്ടും പിടിച്ചു കയറുകയാണു ചെയ്യുന്നത്. മനസ്സിൽ ഒരു ഏകദേശ കഥ രൂപപ്പെടുത്തിയ ശേഷമാണ് എഴുതാനിരിക്കുന്നത്. എഴുതി തുടങ്ങുമ്പോൾ കഥയാകെ മാറും. അതുവരെ ചിന്തിക്കാത്തതും അറിയാത്തതുമായ സംഭവങ്ങളും കഥാപാത്രങ്ങളും കടന്നു വരും. കഥ എന്താകുമെന്ന് എഴുതിക്കഴിഞ്ഞേ എനിക്കും അറിയാനാകൂ. അതുകൊണ്ടു തന്നെ ക്ലൈമാക്സ് എന്താകുമെന്നറിയാനുള്ള വ്യഗ്രതയും അറിയുമ്പോഴുള്ള ആനന്ദവുമാണ് ഒരോ കഥയെഴുതുമ്പോഴും എനിക്കു ലഭിക്കുന്നത്.

 

∙നമ്മുടെ സമൂഹം എവിടെ നിൽക്കുന്നു എന്നു മനസ്സിലാകുന്നത് പുതുതായി ഇറങ്ങുന്ന പുസ്തകങ്ങളിലൂടെയാണ്. നമ്മുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയുമൊക്കെ ചില പുസ്തകങ്ങൾ മാറ്റിമറിക്കും. സമീപകാലത്തു വായിച്ച അത്തരമൊരു പുസ്തകത്തെപ്പറ്റി, ഒരു കഥയെപ്പറ്റി പറയാമോ?

 

വർഷങ്ങൾക്കു മുമ്പു വായിച്ച ഒരു പുസ്തകം എന്നെ അടിമുടി ഞെട്ടിച്ചു. പി.കെ.ബാലകൃഷ്ണന്റെ ‘ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും’. നമ്മുടെ ചരിത്ര പുസ്തകങ്ങൾ എത്രമാത്രം ഫിക്‌ഷനാണെന്ന് ഈ പുസ്തകം നമ്മെ ഓർമിപ്പിക്കും. മഹിതമെന്നു കരുതി നമ്മളിപ്പോഴും ഭൂതകാലത്തിൽ അഭിരമിക്കുന്നു. ആ അറിവില്ലായ്മയാണ് പുരോഗമനാത്മകമായി ചിന്തിക്കാൻ നമ്മെ സമ്മതിക്കാത്തത്. മനുഷ്യൻ എന്ന സാമൂഹിക ബോധത്തിലെത്താൻ അനുവദിക്കാതെ തടസ്സം നിൽക്കുന്നതു നമ്മുടെ ചരിത്രാവബോധമില്ലായ്മയാണ്. എല്ലാം ശരിയായ ഇടത്തു നിന്നു കുഴപ്പത്തിലേക്കല്ല നമ്മുടെ യാത്രയെന്നെങ്കിലും തരിച്ചറിയണം. ആനുകാലികങ്ങളിൽ വരുന്ന കഥകൾ മിക്കതും വായിക്കും. പുതിയ എഴുത്തുകാരും നല്ല കഥകളും ഒട്ടേറെയുണ്ട്. പുതിയ നല്ല എഴുത്തുകാരെ കണ്ടെത്തി അവതരിപ്പിക്കാൻ ഒട്ടുമിക്ക പത്രാധിപൻമാരും ശ്രമിക്കുന്നുമുണ്ട്. ജി.ആർ.ഇന്ദുഗോപൻ എഴുത്തിലൂടെ എന്നെ ഭ്രമിപ്പിക്കുന്നവരുടെ സഭാ നേതാവാണ്. ശംഖുമുഖിയും ട്വിങ്കിൾ റോസയും മനസ്സിൽ നിന്നു പോകുന്നതേയില്ല.

 

∙ഒരു പുസ്തകം എപ്പോഴും കയ്യിൽ വേണം, ഇരിക്കുന്ന കസേരയ്ക്കരികിൽ, കിടക്കുന്ന കട്ടിലിനരികിൽ, യാത്രയ്ക്കിടയിൽ ബാഗിൽ എന്നിങ്ങനെയുള്ള രസകരമായൊരു നിരീക്ഷണം സലിനിന്റേതായി കണ്ടു. പുസ്തകങ്ങളെ അത്രമേൽ സ്നേഹിക്കുന്നൊരാളുടെ വരികളാണത്. പുസ്തകങ്ങൾ നമ്മളെ എത്രമാത്രം മനുഷ്യനാക്കി മാറ്റുന്നു? സലിനിന്റെ കയ്യിൽ ഇപ്പോഴുള്ള അത്തരമൊരു പുസ്തകമേതാണ്?

 

രണ്ടു പെൺമക്കളും ഭാര്യയും അവിടെയും ഇവിടെയും സ്ഥാനം തെറ്റിക്കിടക്കുന്ന കുറേ പുസ്തകങ്ങളും ചേരുമ്പോഴാണ് എന്റെ വീട്‌ എനിക്കു മനോഹരമാകുന്നത്. പുസ്തകങ്ങൾ നമ്മളെ മാറ്റിമറിക്കുമെന്നൊന്നും ഞാൻ കരുതുന്നില്ല. ചാൾസ് ശോഭരാജ് വലിയ വായനക്കാരനായിരുന്നെന്നു കേട്ടിട്ടുണ്ട്. ഒരു കള്ളനോ കൊലപാതകിയോ വായനയിലൂടെ പരിശുദ്ധനാവുമോ? അതോ തന്റെ ചിന്തയും ബോധ്യവും നിലപാടും ഉറപ്പിക്കുമോ? രണ്ടാമത്തേതിനാണു സാധ്യത. എന്നിരുന്നാലും പുസ്തകം നമ്മെ വിമലീകരിക്കുകയും നല്ല മനുഷ്യരാക്കുകയും ചെയ്യുമെന്നു തന്നെ വിശ്വസിക്കാം. അതു പ്രതീക്ഷയാണ്. അത്തരം പ്രതീക്ഷകളാണ് നമ്മെ നിലനിർത്തുന്നത്. ഇപ്പോൾ എന്നോടൊപ്പമുള്ള പുസ്തകം അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്തും’ മനോജ് കുറൂറിന്റെ ‘മുറിനാവു’മാണ്. ഇടയ്ക്കു വച്ചു വായന മുടങ്ങിയപ്പോഴും കിടക്കയ്ക്കരുകിൽ മുറിനാവ് എന്നെയും നോക്കി കാത്തിരുന്നു.

 

∙പഴയ കവിത ചൊല്ലൽകാരനും റേഡിയോ അവതാരകനായിരുന്നല്ലോ. ഗാംഭീര്യമുള്ള, മനോഹരമായ ശബ്ദമാണ്. പ്രസാധനത്തിന്റെ, വായനയുടെ പുതിയ വഴികളായ പോഡ്കാസ്റ്റുകൾ പരിചയിച്ചിട്ടുണ്ടോ? കഥയും നോവലും അക്ഷരങ്ങളിൽ നിന്നിറങ്ങി ശബ്ദങ്ങളായിട്ടായിരിക്കുമോ ഭാവി തലമുറ അനുഭവിക്കുക? 

 

പുസ്തകവും പേപ്പറും ഇല്ലാതാകും. പക്ഷേ, വായിച്ചനുഭവിക്കുന്നവർ കുറച്ചു പേരെങ്കിലും എല്ലാക്കാലത്തും ഉണ്ടാകും. ഓൺലൈൻ വായനയാവും ഇനി. വായനയ്ക്കു മാത്രം ഉണ്ടാക്കാൻ കഴിയുന്ന കൽപന വളരെ വലുതാണ്. വായനക്കാരൻ സജീവമായി പങ്കെടുക്കേണ്ട പ്രക്രിയയാണു വായന. മഴയെക്കുറിച്ചു വായിക്കുമ്പോൾ വേനലിനെക്കുറിച്ചു ചിന്തിക്കാൻ കൂടിയുള്ള സാധ്യത അതു തുറന്നുവയ്ക്കുന്നു. വായിക്കുന്നത് അനുഭവിക്കുന്നതിനപ്പുറം ചിന്തിക്കുന്നതിനു പ്രേരണ നൽകുന്നു എന്നതാണു പ്രസക്തം. പോഡ്കാസ്റ്റിൽ കേൾവിക്കാരന് വായനക്കാരനില്ലാത്ത ചില അധിക സാധ്യതകൾ കൂടെ കിട്ടും. സംഗീതം, ശബ്ദം, സൗണ്ട് എഫക്ട് തുടങ്ങിയവ ആസ്വാദനത്തിനു പുതിയ തലം നൽകുന്നു. ഇനിയുള്ള കാലം കഥയ്ക്കു കേൾവിക്കാരാവും കൂടുതൽ. കഥ പ്രിന്റിനു വേണ്ടിയാണോ പോഡ്കാസ്റ്റിന് വേണ്ടിയാണോ എഴുതുന്നതെന്ന ബോധ്യം എഴുത്തുകാരനു വേണം. രണ്ടും രണ്ടു വ്യത്യസ്തങ്ങളായ മാധ്യമങ്ങളാണ്. ഇപ്പോൾ പ്രിന്റിനു വേണ്ടി എഴുതിയതിനെയാണു പോഡ്കാസ്റ്റിനും ഉപയോഗിക്കുന്നത്. അതാണതിന്റെ പരിമിതിയും പോരായ്മയും.

English Summary : Puthuvakku column written by Ajish Muraleedharan - Talk with writer Salin Mankuzhy