ആഫ്രിക്കയിലെ ബാറും കോട്ടയത്തെ വെട്ടുപന്തു കളിയും തമ്മിലെന്ത്?
ഗോവിന്ദൻ ഒരു നാവികനാണ്. കടലിലാണു ജീവിതത്തിന്റെ പകുതി സമയവും ചെലവഴിക്കുന്നത്. പരന്നു കിടക്കുന്ന വെള്ളത്തിനു മുകളിലിരുന്ന് ഓളംതല്ലുന്ന മനസ്സോടെയെഴുതുന്ന കഥകൾക്ക് അതുകൊണ്ടു തന്നെ ജീവിതത്തിന്റെ ഉപ്പുരസം ഇത്തിരി കൂടുതലാണ്. കടൽയാത്രയ്ക്കിടെ സന്ദർശിക്കുന്ന രാജ്യങ്ങളും ജനങ്ങളും ജീവിതവുമൊക്കെ ഗോവിന്ദന്റെ
ഗോവിന്ദൻ ഒരു നാവികനാണ്. കടലിലാണു ജീവിതത്തിന്റെ പകുതി സമയവും ചെലവഴിക്കുന്നത്. പരന്നു കിടക്കുന്ന വെള്ളത്തിനു മുകളിലിരുന്ന് ഓളംതല്ലുന്ന മനസ്സോടെയെഴുതുന്ന കഥകൾക്ക് അതുകൊണ്ടു തന്നെ ജീവിതത്തിന്റെ ഉപ്പുരസം ഇത്തിരി കൂടുതലാണ്. കടൽയാത്രയ്ക്കിടെ സന്ദർശിക്കുന്ന രാജ്യങ്ങളും ജനങ്ങളും ജീവിതവുമൊക്കെ ഗോവിന്ദന്റെ
ഗോവിന്ദൻ ഒരു നാവികനാണ്. കടലിലാണു ജീവിതത്തിന്റെ പകുതി സമയവും ചെലവഴിക്കുന്നത്. പരന്നു കിടക്കുന്ന വെള്ളത്തിനു മുകളിലിരുന്ന് ഓളംതല്ലുന്ന മനസ്സോടെയെഴുതുന്ന കഥകൾക്ക് അതുകൊണ്ടു തന്നെ ജീവിതത്തിന്റെ ഉപ്പുരസം ഇത്തിരി കൂടുതലാണ്. കടൽയാത്രയ്ക്കിടെ സന്ദർശിക്കുന്ന രാജ്യങ്ങളും ജനങ്ങളും ജീവിതവുമൊക്കെ ഗോവിന്ദന്റെ
ഗോവിന്ദൻ ഒരു നാവികനാണ്. കടലിലാണു ജീവിതത്തിന്റെ പകുതി സമയവും ചെലവഴിക്കുന്നത്. പരന്നു കിടക്കുന്ന വെള്ളത്തിനു മുകളിലിരുന്ന് ഓളംതല്ലുന്ന മനസ്സോടെയെഴുതുന്ന കഥകൾക്ക് അതുകൊണ്ടു തന്നെ ജീവിതത്തിന്റെ ഉപ്പുരസം ഇത്തിരി കൂടുതലാണ്. കടൽയാത്രയ്ക്കിടെ സന്ദർശിക്കുന്ന രാജ്യങ്ങളും ജനങ്ങളും ജീവിതവുമൊക്കെ ഗോവിന്ദന്റെ കഥകൾക്കു വിഷയമാണ്. അതിനിടയ്ക്കു ചാട്ടുളി പോലൊന്നു നാട്ടിലേക്കു പാഞ്ഞെത്തി കോട്ടയത്തു മാത്രമുള്ള വെട്ടുപന്തു കളിയെപ്പറ്റി അസാധ്യമായൊരു കഥയെഴുതി വിസ്മയിപ്പിക്കുകയും ചെയ്യും. നാടൻപന്തുകളിയെപ്പറ്റി എഴുതുമ്പോഴും മനുഷ്യക്കടത്തിനെപ്പറ്റി എഴുതുമ്പോഴും അതിലൊരു മനുഷ്യത്വത്തിന്റെ നനവുണ്ട്. അന്തമില്ലാത്ത കടൽപരപ്പിനു മുകളിലൂടെ നടത്തുന്ന യാത്രകൾ പകർന്നു നൽകിയ അനുഭവച്ചൂരു തന്നെയാകാം അതിനു കാരണം. ‘കടൽച്ചൊരുക്ക്’ എന്ന കഥാസമാഹാരം ഗോവിന്ദന്റേതായി പുറത്തിറങ്ങി. വെട്ടുവര, ഇരുപത്തിനാലാമത്തവൻ, നങ്കൂരബാലൻ തുടങ്ങിയ കഥകൾ വായനക്കാരുടെ ശ്രദ്ധ നേടി. ഗോവിന്ദൻ കടൽ ജീവിതം പറയുന്നു.
പലർക്കും ‘കടൽച്ചൊരുക്ക്’ ഒരു അസ്വസ്ഥജനകമായ ‘ചൊരുക്ക്’ തന്നെയാകുമ്പോൾ ഗോവിന്ദന് അതു തന്റെ കഥകൾക്കുള്ള ഇന്ധനമാണ്. ഒരു നാവികനെന്ന രീതിയിലുള്ള അനുഭവങ്ങൾ സാഹിത്യജീവിതത്തിന് എത്രമാത്രം സഹായകരമായിട്ടുണ്ട്?
കടൽച്ചൊരുക്ക് എന്ന കഥ ഞാൻ എഴുതുന്നത് ഒരു ഡിസംബർ മാസത്തിലാണ്. സൈമൺ ഡി കോസ്റ്റയുടെ കരച്ചിൽ പതിഞ്ഞ കഥയായിരുന്നു അത്. ലോകത്തിന്റെ പല ഭാഗത്തും ആരും കേൾക്കാനില്ലാത്ത ഒരുപാടു സമരങ്ങൾ നടക്കുന്നുണ്ട്. ഒറ്റയ്ക്കു നയിച്ച സമരങ്ങൾ പലപ്പോഴും കഥകളാകാറാണല്ലോ പതിവ്. ജയിച്ചവർ ചരിത്രമെഴുതുന്നു. തോറ്റവർ എവിടെയൊക്കെയോ ഇല്ലാതാകുന്നു. തോറ്റു പോയ ചിലരുടെ ശബ്ദങ്ങൾ അധികം അന്വേഷിച്ചു നടക്കാതെ സ്വയം ഏണി കയറി കപ്പലിലേക്ക് വരാറുണ്ടെന്ന സഹായം നാവികനെന്ന നിലയിൽ ‘നിർദാക്ഷിണ്യം’ കിട്ടിയിട്ടുണ്ട്. ചിലതു ചിരിപ്പിക്കുന്നവയും മറ്റു ചിലതു ശ്വാസംമുട്ടിക്കുന്നവയുമാണ്. ഉദാഹരണം ലോമെ, ഇരുപത്തിനാലാമത്തവൻ എന്നീ കഥകൾ.
‘തിരയിളക്കം പോലെ അച്ചടക്കമില്ലാത്ത ഭാഷ’ എന്നാണു കഥാകൃത്ത് അബിൻ ജോസഫ് ‘കടൽച്ചൊരുക്ക്’ എന്ന പുസ്തകത്തിന്റെ അവതാരികയിൽ കുറിച്ചിട്ടുള്ളത്. വർഷത്തിൽ പകുതി സമയവും കടലിൽ ജീവിക്കുന്ന, ഭൂഖണ്ഡങ്ങൾ താണ്ടുന്ന നാവികന്റെ ഭാഷ ലോകഭാഷയല്ലാതെ മറ്റെന്താണ്. എഴുത്തിലെ അച്ചടക്കമില്ലായ്മയാണു ഗോവിന്ദന്റെ യുഎസ്പി. കുതറിയോടുന്ന വാക്കുകളും വെകിളി പിടിച്ച വാചകങ്ങളും ഏറ്റവും പുതിയ കഥയായ ‘നങ്കൂരബാലനിൽ’ വരെ വ്യക്തമായി അനുഭവിച്ചറിയാം. ഗോവിന്ദൻ സ്വന്തം എഴുത്തുഭാഷ കണ്ടെടുക്കുന്നതെവിടെ നിന്നാണ്?
അച്ചടക്കം എന്നതു കടലിലെ ജീവിതത്തിന്റെ ഭാഗമാണ്. വീട്ടിൽ വന്നാൽ ഭാര്യയാണു കുടുംബ കാര്യങ്ങൾ മുഴുവൻ ചിട്ടയായി മാനേജ് ചെയ്യുന്നത്. അതുകൊണ്ട് അച്ചടക്കമില്ലായ്മ കഥയിൽ കാണിക്കുന്നു. ഒരു റിലീസ് പോയിന്റായി ഞാൻ കഥയെഴുത്ത് ഉപയോഗിക്കുന്നു. സ്വൽപം അരാജകത്വമില്ലാതെ എന്തു സാധാരണ ജീവിതം? ഓരോ തവണയും കടലിൽനിന്നു വരുമ്പോൾ ജീവൻ തിരിച്ചു കിട്ടിയ അവസ്ഥയുണ്ട്. മറ്റാരും പറയാത്ത കഥകളുണ്ട്. അതിനെ പറഞ്ഞു വയ്ക്കുമ്പോൾ സ്വൽപം വെകിളിയും അച്ചടക്കമില്ലായ്മയുമൊക്കെ ആവാം എന്നാണ് എന്റെ അഭിപ്രായം. ഈ ഉത്തരങ്ങളിലും ആ വെകിളി വായിച്ചെടുക്കാം. എഴുത്തുഭാഷ വന്നു പോകുന്നതാണ്. ഒട്ടും അധ്വാനിക്കാതെ തന്നെ അതു വന്നു കയറാറാണു പതിവ്. ഏതോ ഒരു റിലീസ് പോയിന്റിൽ സംഭവിച്ചു പോകുന്നതാണ്. ഞാനായി ഒന്നും വേണമെന്നു വച്ചു ചെയ്യുവാൻ ശ്രമിക്കാറില്ല. FOR ME- ‘A STORY JUST HAPPENS’. പല കഥകളും എഡിറ്റ് ചെയ്യുന്നതു പോലും കഥ വായിച്ച സുഹ്യത്തുക്കൾ പറഞ്ഞപ്രകാരമാണ്. എല്ലാ ക്രെഡിറ്റും അവർക്കുള്ളതാണ്.
‘ലോമെ’ എന്ന കഥയിലെ ‘ടോഗോയിലെ പട്ടിണി നികത്തുന്നത് കടൽക്കൊള്ളക്കാരാണ്’ എന്ന വാചകം ഒരു ചാട്ടുളി പോലെ വായനക്കാരന്റെ ഹൃദയത്തിൽ ആഞ്ഞുകൊത്തുന്ന ഒന്നാണ്. തങ്ങളുടെ അധ്വാനം കവരുന്ന കവർച്ചക്കാരായിരിക്കുമ്പോൾത്തന്നെ മറ്റൊരു ദേശത്ത്, മറ്റൊരു ജനതയുടെ വയർ നിറയ്ക്കുന്നവരും അവരാണ് എന്നു കഥാകൃത്ത് എഴുതുമ്പോൾ അതൊരു വലിയ രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ്. ജനാധിപത്യം, ഏകാധിപത്യം എന്ന ദ്വന്ദ്വത്തെ കടൽ ജീവിതത്തിൽ ഗോവിന്ദൻ മനസ്സിലാക്കിയത് എങ്ങനെയാണ്?
കുടുക്കിക്കളയുന്ന ചോദ്യമാണ്. എന്നാലും പറയാം. എന്റെ അഭിപ്രായത്തിൽ പല നാട്ടിലെയും ജാനാധിപത്യം ഫാബ്രിക്കേറ്റഡ് ഏകാധിപത്യമാണ്. മനഃസാക്ഷിയെക്കാളും മനുഷ്യത്വത്തെക്കാളും കഴിവുകളെക്കാളും മുകളിൽ ദൈവങ്ങളും മതങ്ങളും ന്യൂനപക്ഷങ്ങളും ഗോത്രങ്ങളും ഓഫറുകളും വോട്ട് ചോദിക്കുന്ന നാട്ടിൽ ജനാധിപത്യത്തിന്റെ മാനിപ്പുലേറ്റഡ് വേർഷനാണു കാണുന്നത്. നമ്മുടെ നാട്ടിൽ ഹർത്താൽ നിയന്ത്രണ ബില്ല് കൊണ്ടുവരുമെന്നു പറഞ്ഞ് പബ്ലിക് പോസ്റ്റിട്ടവർ ഹർത്താൽ ആചരിച്ചിട്ടും തിരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ചു വരുന്നു. അവർ പ്രസംഗിക്കുമ്പോൾ നമ്മൾ കൈയടിക്കുന്നു എന്നതാണു ഭീകരമായ അവസ്ഥ. ഒരു പാർട്ടി മാത്രമല്ല. എല്ലായിടത്തും ഇതൊക്കെത്തന്നെയാണ്. ചിലയിടങ്ങളിൽ ജെനിസൈഡ് ചെയ്യുന്നവർ ഏകാധിപതികളായി വാഴുന്നു. ചിലർ ചതിച്ചും പറ്റിച്ചും ജാതി പറഞ്ഞും ആളാകുന്നു. രണ്ടും ഫലത്തിൽ ഒന്നാണ്. രണ്ടിലും ബാധിക്കപ്പെടുന്നവർ ഒരു ഗോത്രത്തിലും പെടാത്ത ചിലരാണ്. ‘വിമോചന സമരങ്ങൾ’ എന്ന കഥയിൽ ഇവരുടെ കഥയാണു പറയുന്നത്. നേതാക്കൻമാർ ഇക്കോണമി കൺട്രോൾ ചെയ്യുന്നവരുടെ പപ്പറ്റാണ്. അവരുടെ കൊള്ളരുതായ്മകളെ വച്ചു പൂജ നടത്തുമ്പോൾ ഇതിനപ്പുറം വരാനിരിക്കുന്നതേയുള്ളൂ എന്നു നിസ്സംശയം പറയാം.
മലയാള കഥയിലെ ദേശമെഴുത്തിൽ ഗോവിന്ദൻ എന്ന കഥാകൃത്ത് നങ്കൂരമിട്ട കഥയാണു ‘നങ്കൂരബാലൻ’. കടൽക്കഥകളിൽനിന്നും ആഗോള പ്രമേയങ്ങളിൽനിന്നും വെട്ടിത്തിരിഞ്ഞ് കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളൊരു കായികവിനോദമായ വെട്ടുപന്തിന്റെ ചുവടുപിടിച്ചൊരു ജീവിതമെഴുത്ത്. ഗോവിന്ദന്റെ മാസ്റ്റർപീസ് കഥ നങ്കൂരബാലനാണെന്നു പറഞ്ഞാൽ എന്താണ് അഭിപ്രായം? അതെഴുതിയ അനുഭവം പങ്കുവയ്ക്കാമോ?
പണ്ട് വെട്ടുപന്ത് കളിക്കാൻ പോയിരുന്നു. അതിന്റെ ചൂരും വാശിയും ഒന്നു വേറെയാണ്. പാമ്പാടി ടീമിലെ രാജേഷ് ചേട്ടായിയാണ് ഇതിനെക്കുറിച്ച് ആദ്യം പറഞ്ഞത്. ബെന്നിപ്പാപ്പിയും ഗരുഡനും മുക്കണ്ണനുമൊക്കെ ജീവിച്ചിരിക്കുന്ന ആളുകളാണ്. അസാധ്യ കളിക്കാരാണ്. കഥ പച്ചക്കള്ളമാണ്. ‘മാസ്റ്റർപീസ്’ എന്നതൊക്കെ വലിയ വാക്കുകളാണ്. കഥ പറഞ്ഞും കടലിൽ പോയും മുപ്പത്തിയഞ്ചു വർഷം കഴിഞ്ഞു. നങ്കൂര ബാലനെക്കാളും നല്ല കഥകൾ ചിലപ്പോൾ വരുമായിരിക്കാം. ഇല്ലായിരിക്കാം... അറിയില്ല...
ഇരുപത്തിനാലാമത്തവൻ എന്ന കഥയിൽ അഭയാർഥികളുടെ ജീവിതമാണു ഗോവിന്ദൻ പ്രമേയമാക്കിയിരിക്കുന്നത്. സ്വന്തമായൊരു ദേശമില്ലാത്ത അവരെ പലപ്പോഴും സ്വീകരിക്കുന്നതും രക്ഷപ്പെടുത്തുന്നതും കടലാണല്ലോ. ഒട്ടേറെപ്പേരുടെ മരണക്കിടക്കയായും കടൽ മാറുന്നുണ്ട്. ഗോവിന്ദന്റെ കടൽയാത്രകൾക്കിടയിൽ അഭയാർഥി ബോട്ടുകളുമായി ബന്ധപ്പെട്ട അനുഭവങ്ങളുണ്ടായിട്ടുണ്ടോ?
മാർവൽ കോമിക്സ് ജോക്കർ ഒറിജിൻസ് സിനിമയിൽ ഒരു ഡയലോഗുണ്ട്, ‘It Seems like I was never existed... ’. താങ്കൾ വൈകിട്ട് വീട്ടിൽ ചെല്ലുമ്പോൾ അവിടെ വീടോ കുടുംബമോ ഇല്ല... എത്ര ഭീകരമായ അവസ്ഥയാണത്. ഒന്നു സങ്കൽപിച്ചാൽ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമായി മനസ്സിലാകും. ഇരുപത്തിനാലാമത്തവൻ മനുഷ്യക്കടത്തിന്റെ അവസ്ഥകൾ സംസാരിക്കുന്ന കഥയാണ്. ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ ഇതു പതിവാണെന്ന് ആഫ്രിക്കൻ തുറമുഖങ്ങളിലെ സാധാരണക്കാർ പറയുന്നതു കേട്ടിട്ടുണ്ട്. അവരുടെയൊക്കെ ജീവിതം ഒരുപാടു സങ്കീർണമാണ്. നിലനിൽപ്, അതിജീവനം, വിശപ്പ്, ദാഹം ഇതൊക്കെ മനുഷ്യനെ കൊലപാതകിയാക്കുന്ന സംഭവങ്ങളാണ്. താങ്കൾക്കും എനിക്കും ഇതൊക്കെ ബാധകമാണ്. അഭയാർഥി ബോട്ടുകളിലും ഈ തരത്തിലുള്ള മുതലെടുപ്പാണു നടക്കുന്നത്. ഇപ്പോൾ എഴുതുന്ന നോവലിൽ എല്ലാം വ്യക്തമാക്കാം. സസ്പെൻസ് കളയുന്നില്ല. കടൽ ഭയങ്കര സത്യമുള്ള ഒരു ലോകമാണ്. അവിടെ അധ്വാനിക്കുക എന്നത് എല്ലാവർക്കും പറഞ്ഞിട്ടുള്ള പണിയല്ല. കുടുംബത്തു നിന്നുമുള്ള ഒറ്റപ്പെടൽ, ചില സംഭവങ്ങൾ ഇവയൊക്കെ പലപ്പോഴും വിഷാദത്തിലേക്കു തള്ളിയിടും.
കടൽ യാത്രയ്ക്കിടയിൽ മറ്റു രാജ്യക്കാരുമായി / ഭാഷക്കാരുമായി അവരുടെ സാഹിത്യത്തെപ്പറ്റി സംസാരിച്ചിട്ടുണ്ടോ? മനസ്സിൽ തട്ടിയ സാഹിത്യകൃതികളുമായി പരിചയപ്പെടാനായിട്ടുണ്ടോ? കടൽയാത്രയിലെ സാഹിത്യവായന, എഴുത്ത് എങ്ങനെയാണ്?
അധികമില്ല. ഓർത്തിരിക്കുന്ന ഒരു സംഭവം പറയാം. കുറച്ചു വർഷങ്ങൾക്കു മുൻപാണ്. ജനുവരി. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ ഒന്നു പുറത്തിറങ്ങി. കോട്ടയത്ത് കുമാരനല്ലൂരിൽ ആറ്റുവക്കത്ത് ചൂണ്ടയിട്ടു മാട്ടേലും മതിലേലും എറിഞ്ഞു നടന്ന എനിക്ക് റഷ്യയിലെ തണുപ്പിനെക്കുറിച്ച് ഏകദേശ ധാരണ പോലുമില്ലായിരുന്നു. തണുപ്പു പിടിച്ചു നടക്കാൻ പറ്റാതെ ഒരു തെരുവിന്റെ മൂലയ്ക്കിരുന്നു പോയ എന്നെ തട്ടി വിളിച്ച ഒരു ഭിക്ഷക്കാരനാണു ഞാനിതുവരെ അറിഞ്ഞതിൽ വച്ച് ഏറ്റവും വലിയ വായനക്കാരൻ. ഇടുങ്ങിയ തെരുവിൽ ടാർപ്പോളിനിട്ടു മൂടിയ, ചണച്ചാക്ക് വിരിച്ച അയാളുടെ ‘വീടി’ന്റെ മുന്നിൽ നിന്നു ചൂടു കാപ്പി ഊതിക്കുടിച്ചപ്പോൾ കേട്ട സാഹിത്യ സംസാരമാണ് ഇതുവരെ കേട്ടതിൽ വച്ച് ഏറ്റവും നല്ല സാഹിത്യ പ്രഭാഷണം. കുറച്ചു കൂടി നന്നായി വായിക്കാം; കഥയെഴുതാം എന്നൊക്കെയുള്ള തോന്നലിൽ ഞാൻ ഉടക്കി വീഴുന്നത് അവിടെ വച്ചാണ്. അയാളുമായി പിരിഞ്ഞപ്പോൾ ഞാൻ കുറച്ചു പണം അയാൾക്കു കൊടുത്തു. അതു വാങ്ങിയ അയാൾ എനിക്ക് ഒരു പുസ്തകം തന്നു. ‘ദ് പോർട്ടബിൾ ചെഖോവ്’. പുസ്തകങ്ങൾ വൃത്തിയായി അടുക്കിയ തകരപ്പെട്ടിയിൽ കുറച്ചേറെയുണ്ടായിരുന്നങ്കിലും ആ മനുഷ്യൻ എനിക്കു തന്ന സ്നേഹസമ്മാനം അതാണ്. ആദ്യമായി ആന്റൺ ചെഖോവിനെ വായിക്കുന്നത് അങ്ങനെയാണ്. തിരഞ്ഞുപിടിത്തം അതിനു ശേഷം തുടങ്ങിയതാണ്. ഏതൊരു നാട്ടിൽ ചെന്നാലും അവിടുത്തെ ഒരു സുവനീർ വാങ്ങി വയ്ക്കും. ചിലപ്പോൾ അതു പുസ്തകമാകാം, അല്ലെങ്കിൽ മറ്റെന്തങ്കിലും. കപ്പലുകാർക്ക് നാൽപതു കിലോഗ്രാം വരെ സാധനങ്ങൾ കൊണ്ടുപോകാം. 35 കിലോ തൂക്കിയാൽ പിന്നെയുള്ള അഞ്ചു കിലോ സ്പേസ് പുസ്തകങ്ങളാവും. ഇപ്പോൾ ഇന്റർനെറ്റ് ഉള്ളതുകൊണ്ട് വായന എളുപ്പമാണ്. കടലിൽ ഒരു ദിവസം അര മണിക്കൂറെങ്കിലും വായിക്കാനായി മാറ്റിവയ്ക്കും. ജോലിത്തിരക്കുകൾ ഉള്ളതുകൊണ്ട് എഴുത്ത് കുറവാണ്. എങ്കിലും ചിലപ്പോഴൊക്കെ റിലീസ് പോയിന്റ് പൊട്ടാറുണ്ട്. അധികം എഴുത്തും വീട്ടിൽ വന്ന ശേഷമാണ്.
കടൽച്ചൊരുക്ക് എന്ന കഥാസമാഹാരം ഗോവിന്ദന്റേതായി പുറത്തുവന്നു. അതു കഴിഞ്ഞും ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചു. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത് എന്താണ്? ഇനിയെന്താണു പ്രസിദ്ധീകരിക്കാനുള്ളത്?
‘മലയാള മനോരമ ശ്രീ’ കഥാ മത്സരത്തിനു ശേഷം ഏഴു വർഷം എഴുതിയിട്ടില്ല. അതിനു ശേഷം ‘എന്റെ എഴുത്തുപുര’ ഫെയ്സ്ബുക് ഗ്രൂപ്പിൽ കുത്തിക്കുറിച്ച കഥകളാണ് ‘കടൽച്ചൊരുക്ക്’ എന്ന കഥാസമാഹാരമായി എൻബിഎസ് ചെയ്തത്. ഞാൻ സ്വപ്നത്തിൽ മാത്രം കണ്ടിരുന്ന കഥാ പുരസ്കാരങ്ങൾ കടൽച്ചൊരുക്ക് നേടിത്തന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്മെന്റിന് ആദ്യ അഞ്ചിൽ എത്തിയതും അങ്ങിനെയായിരുന്നു. ഇപ്പോൾ മനസ്സ് കാലിയാണ്. നോവൽ വർക്കും മുടങ്ങിക്കിടക്കുകയാണ്. മക്കൾക്കു വെക്കേഷനായതു കൊണ്ട് ഫൊട്ടോഗ്രഫിയും റോഡും റീലും വച്ചുള്ള ചൂണ്ടയിടീലുമാണ് ഇപ്പോൾ നടക്കുന്നത്. കുടുംബം ഉറങ്ങിയ ശേഷം രാത്രിയിൽ വായിക്കും. കടൽ പശ്ചാത്തലത്തിൽ ഒരു ക്രൈം ഫിക്‌ഷൻ നോവൽ എഴുതിത്തീർത്തു. പിന്നെ, എഴുതിക്കഴിഞ്ഞു എന്ന് എനിക്കു തോന്നിയ മൂന്നു കഥകളെ മൂന്നു വഴിക്കു പറഞ്ഞു വിട്ടിട്ടുണ്ട്. പോസിറ്റീവിലി വെയ്റ്റിങ്!
ഈയടുത്തു വായിച്ചവയിൽ ഇഷ്ടമായ ചില കഥകളെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമുള്ള അനുഭവം പങ്കുവയ്ക്കാമോ?
ഉറക്കെ വിളിച്ചു പറയുന്ന രാഷ്ട്രീയമാണു സമകാലിക കഥകൾ. മനുഷ്യന്റെ സൂക്ഷ്മഭാവങ്ങളെ വരച്ചു വയ്ക്കാൻ അസാമാന്യ കഴിവു വേണം. പൊറള്, പൊന്ത, മരണച്ചിട്ടി, പാരലാക്സ്, കൂർഗിഞ്ചി, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം, ഭൂപടങ്ങൾ തിരുത്തുമ്പോൾ, പാതാളപ്പിടപ്പ്, ചാരുമാനം, നിര്യാതനായി, വേട്ടക്കൊരുമകൻ, കല്യാശ്ശേരി തീസീസ്, നീലശംഖുപുഷ്പങ്ങൾ, പൈഡ് പൈപ്പർ, ആദം, വന്യം, സാർ വയലൻസ്, കൂ, ആരാൻ, ക്രാ, പെരുമ്പിലായി ഖിസ്സ.. അങ്ങനെയങ്ങനെ.. ഒരുപാടു കഥകൾ. കഥയുടെ പേരുകൾ പറഞ്ഞാൽ ഒരുപാടുണ്ട്. ഒറ്റക്കഥ വായിച്ച് ഞാൻ ഫാനായ ചില എഴുത്തുകാരുടെ പേരുകൾ പറയാം. യമ, ഡോ. ശാലിനി, കെ. രേഖ, പ്രിയ എ.എസ്., എസ്.ഹരീഷ്, ലാസർ ഷൈൻ, അബിൻ, അജിജേഷ്, പ്രിൻസ് അയ്മനം, പി. വി. ഷാജികുമാർ, അയ്മനം ജോൺ സർ, മനോജ് വെങ്ങോല, പ്രദീപ് എം. നായർ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, മജീദിക്കാ (മജീദ് സെയ്ദ്), സുനു എ.വി., വിവേക് ചന്ദ്രൻ മാഷ്, പ്രശാന്ത് കെ. എൻ., ബിപിൻ ചന്ദ്രൻ, അനീഷ് ഫ്രാൻസിസ്, എബിൻ മാത്യു, അമൽ രാജ്, അനിൽ ദേവസ്സി, അനൂപ് അന്നൂർ, കെ. എസ്. രതീഷ്, ജേക്കബ് ഏബ്രഹാം, സുധീർ പെരുമ്പിലാവ്, അഖിൽ കെ. (ഈ ഒരു സമീപകാലഘട്ടത്തിലെ ചെറുകഥ വായന മാത്രമാണ് പറയുന്നത്. ഇനിയും ഒരുപാടുണ്ട്.).
എഴുത്തിൽ ഏറ്റവും പ്രോൽസാഹനം നൽകുന്നത് ആരൊക്കെയാണ്? വഴിതിരിച്ചുവിട്ടത് ആരാണ്?
കഥകൾ അമ്മയെ വായിച്ചു കേൾപ്പിക്കുമെങ്കിലും അമ്മയ്ക്ക് ഞാനെഴുതുന്ന കഥകൾ അത്ര പ്രിയം പോര. അമ്മ വായിച്ചിരുന്നതു സി.വി. രാമൻപിള്ള, എംടി, മലയാറ്റൂർ എന്നിവരെയാണ്. അതുകൊണ്ടാവാം, ചിലപ്പോൾ കഥ വായിച്ചു കേട്ട ശേഷം അമ്മയൊന്നു ചിരിക്കും. അതാണ് അപ്രൂവൽ. ഞാനെഴുതുന്ന മാറ്ററിനെ കഥയാക്കി മാറ്റുന്നത് ആദ്യ വായന നടത്തുന്ന ഭാര്യ പ്രിയയും ചില അടുത്ത സുഹൃത്തുക്കളും ചേർന്നാണ്. അക്ഷരത്തെറ്റു മുതൽ കണ്ടു പിടിച്ച്, കുത്തും കോമയും വരെ വരച്ചിട്ട് കഥയെ നിശിതമായി വിമർശിക്കുന്ന കുറച്ചു നല്ല സുഹൃത്തുക്കളുണ്ട്. ‘കഥ കൊള്ളത്തില്ലടാ കൂവേ’ എന്നു പറയുന്ന സുഹൃത്തുക്കൾ ഉള്ളപ്പോൾ എനിക്ക് സധൈര്യം എഴുതാം. ഡോ. മുഞ്ഞിനാട് പത്മകുമാർ, അബിൻ, അജിജേഷ്, അനൂപ് നാരായണൻ, അരുൺകുമാർ, അനീഷ് ഫ്രാൻസിസ്, അനിൽ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, മജീദ് ഇക്ക, വിവേക് മാഷ്, ശ്രീകുമാർ എഴുത്താണി, പള്ളിക്കോണം രാജീവ്, എബിൻ എന്നിവരാണ് അവർ. തീമും പ്ലോട്ടും ക്ലൈമാക്സും മാത്രമാണ് എന്റെ. കാഴ്ചകളാണു സാധാരണ ബോഡി ആകാറുള്ളത്. ബോഡി ഫോമിങ് സംസാരങ്ങളിൽക്കൂടി ഉടലെടുക്കാറാണു പതിവ്. കഥയിൽ കൂടുതൽ കൃത്യത വരുത്തുവാൻ ഡിസ്കഷൻസ് സഹായിക്കാറുണ്ട്. ശ്രീകുമാർ എഴുത്താണിയുടെ ടൈംലൈൻ പ്ലോട്ടിങ് എന്ന തിയറി ഒരുപാടു സഹായിക്കുന്നുണ്ട്. മർച്ചന്റ് നേവി ഓഫിസേഴ്സ് ക്രിക്കറ്റ് ക്ലബിലെ (MOCC) അംഗങ്ങളായ ക്യാപ്റ്റൻ ടിജോ, ക്യാപ്റ്റൻ അജയ് മാത്യു, ക്യാപ്റ്റൻ സലിൽ നമ്പ്യാർ, ക്യാപ്റ്റൻ ശബരീഷ്, ക്യാപ്റ്റൻ നന്ദകുമാർ ഉണ്ണി, ക്യാപ്റ്റൻ സിനോയ് ഐസക് എന്നിവരും ഒരുപാടു പ്രോത്സാഹനങ്ങൾ തരുന്നുണ്ട്. ഒരുകാലത്തു നിന്നു പോയ എഴുത്തിനെ പൊടി തട്ടിയെടുത്തത് എന്റെ എഴുത്തുപുരയിലെ സുഹൃത്തുക്കൾ ചേർന്നാണ്. വിനയൻ, രേഷ്മ, ശരത്, എബിൻ, സജ്ന, രാജേഷ്, എന്നിവരാണു തിരികെ എഴുത്തിലേക്കു വരുവാനുള്ള വഴി വെട്ടിയത്.
കോട്ടയം എന്ന ദേശം എഴുത്തിനെ എത്രമാത്രം സ്വാധീനിച്ചു?
നങ്കൂരബാലനിൽ മാത്രമേ കോട്ടയം വന്നിട്ടുള്ളൂ. ബാക്കി മിക്കതും കടൽക്കഥകളാണ്. സ്കൂളിലോ പ്ലസ്ടുവിനോ കഥകൾ എഴുതിയിട്ടില്ല. ആദ്യം കഥ പറയുന്നത് കോട്ടയം സിഎംഎസ് കോളജിൽ വച്ചാണ്. അന്നു ഞാനെഴുതിയ കഥയെ ഡിസ്ട്രക്ടീവായി ട്രോളിയ കൂട്ടുകാരായിരുന്നു കൂടെയുള്ളത്. കളിയാക്കിക്കൊല്ലുക, പറഞ്ഞു കൊല്ലുക എന്നൊക്കെ പറയില്ലേ. ഏകദേശം അതുപോലെ. അന്ന് എഴുത്ത് നിന്നു. പിന്നെ എഴുത്തു തുടങ്ങുന്നതു കടലിലാണ്. കടൽക്കഥകൾ, ദേശം വിടുമ്പോൾ കാണുന്ന സംഭവങ്ങൾ ഇതൊക്കെയാണ് ഇതുവരെ എഴുതിയിട്ടുള്ളത്. കോട്ടയം ദേശം എഴുത്തിൽ ഒരു ഭാഷ തന്നു എന്നു പറയാം. വേറെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ല.
English Summary: Puthuvakku column written by Ajish Muraleedharan - Talk with writer Govindan