നായകനല്ല ജോജി; നായകനാകുന്നതിൽ പരാജിതനായ, കോമാളിയോളം പോന്ന വില്ലൻ
ജോജി നായകനല്ല, നായകനാവാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്ന, അതിൽ പരാജയപ്പെടുന്ന ദുർബലനായ ഒരു കഥാപാത്രമാണ്. ഒരുപക്ഷേ ഒരു ട്രാജി-കോമാളി..
ജോജി നായകനല്ല, നായകനാവാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്ന, അതിൽ പരാജയപ്പെടുന്ന ദുർബലനായ ഒരു കഥാപാത്രമാണ്. ഒരുപക്ഷേ ഒരു ട്രാജി-കോമാളി..
ജോജി നായകനല്ല, നായകനാവാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്ന, അതിൽ പരാജയപ്പെടുന്ന ദുർബലനായ ഒരു കഥാപാത്രമാണ്. ഒരുപക്ഷേ ഒരു ട്രാജി-കോമാളി..
മാക്ബെത് കഥയ്ക്ക് ഇൻസ്പിരേഷൻ ആവുമ്പോഴും ‘ജോജി’, പരിചിതമായ ‘ഷേക്സ്പിയർ കളർ’ ഇല്ലാതെ നിൽക്കുന്ന സിനിമയാണ്. അതിന് ഒറ്റയ്ക്കൊരു ജീവിതമുണ്ട്. ബലഹീനമായ ഒരു സ്ഥലം പതുക്കെപ്പതുക്കെ ഇടിഞ്ഞു വീഴുന്നപോലെയാണ് ഹിംസാത്മകമായ ഒരാധിപത്യത്തിന്റെ പരിസരത്തിൽ ജോജിയുടെ കഥയും കഥാപാത്രങ്ങളും പെരുമാറുന്നത്. ജോജിയുടെ ശാരീരികമായ ബലഹീനത അങ്ങനെയൊരു പരിസരത്തിന്റെ പിടുത്തത്തിൽനിന്നു പുറത്തു കടക്കാൻ ശ്രമിക്കുന്ന ഓരോ അവസരത്തിലും പരാജയപ്പെടുമ്പോഴും ശ്വാസം വിടുന്നത് മറ്റൊരു അവസരം കാംക്ഷിച്ചുകൊണ്ടോ മറ്റൊരു സ്ഥലത്തേക്കു മാറി നിന്നുകൊണ്ടോ ആണ്. ജോജി നായകനല്ല, നായകനാവാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്ന, അതിൽ പരാജയപ്പെടുന്ന ദുർബലനായ ഒരു കഥാപാത്രമാണ്. ഒരുപക്ഷേ ഒരു ട്രാജി-കോമാളി.. മാക്ബെത്ത് തനിക്ക് പ്രാപ്യമെന്നു കരുതുന്ന ഒരു പ്രവചനത്തിനു പിറകിലായിരുന്നു സഞ്ചരിച്ചതെങ്കിൽ ജോജി നിഴൽ പോലെ തെളിയുകയും മായുകയും ചെയ്യുന്ന തന്റെ ആഗ്രഹത്തിനു പിറകെ സഞ്ചരിക്കുന്നു.
നമ്മുടെ മിക്ക ഷേക്സ്പിയർ റീഡേഴ്‌സും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ, കളർഫുൾ ക്യാരക്ടേഴ്സിന്റെ – ആരാധകരാണ്. കടലിൽ അവസാനിക്കുന്ന സൂര്യന്റെ മാത്രം കാഴ്ചക്കാരാണ്. സച്ചിദാനന്ദന്റെ വിമർശനം തന്നെ ഇതിന് നല്ല ഉദാഹരണമാകും: താൻ പഠിച്ച/പഠിപ്പിച്ച തന്റെ ഷേക്സ്പിയർ ഈ സിനിമയിൽ ഇല്ല എന്ന വാദം പോലെയാണത്. ആ അർഥത്തിൽ, സിനിമാ പ്രേക്ഷകനല്ല, നാടക പ്രേക്ഷകനാണ് സച്ചി. ഒച്ചയുടെ ഉയരവും താഴ്ചയും കടന്നുവരുന്ന സംഭാഷണങ്ങളുടെ, കടുംനിറങ്ങളുടെ ഒരു ഷേക്സ്പിയർ തിയറ്റർ അനുഭവമാണ് അത്; പല ഷേക്സ്പിയർ ഇൻസ്പയേഡ് സിനിമകളിലും മലയാളത്തിലും നമ്മള്‍ കണ്ടുമുട്ടിയ പോലെ.
ദിലീഷ് പോത്തൻ പക്ഷേ അത്തരം മുറ്റിയ നിറങ്ങളിലേക്കോ മുറ്റിയ ഭാവപ്പകർച്ചകളിലേക്കോ സഞ്ചരിക്കുന്നില്ല, പകരം കുളത്തോളം താഴ്ന്ന ഇടങ്ങളിൽ നിന്നുകൊണ്ട്, അടുക്കളയോളം അവഗണിക്കപ്പെട്ട ഇടങ്ങളിൽ കഴിഞ്ഞുകൊണ്ട്, തന്നെ മൂടുന്ന ക്രൂരമായ അധികാരത്തെ കാണുകയോ നേരിടുകയോ ചെയ്യുന്ന ഒരു ‘ഔട്ട് സൈഡറെ’, കോമാളിയോളം പോന്ന വില്ലനെ, സൃഷ്ടിക്കുകയായിരുന്നു. അതാണ് ഈ ഷേക്സ്പിയർ റീഡിങ്ങിലെ വ്യത്യസ്തത. ഈ സിനിമയുടെ ആകർഷകമായ ഒരു ഘടകവും അതാണ്. ഫഹദ് ഫാസില്‍ മനോഹരമായി ആവിഷ്ക്കരിക്കുന്നതും ആ അന്യനെയാണ്.
നമ്മുടെ ‘ആധുനികത’യുടെ ഏറ്റവും നിറമേറിയ ലോകം, ഒരിക്കല്‍, കവിതയിലായിരുന്നു. നിലനിന്നിരുന്ന അനുഭൂതിയെ പല അകൽച്ചകളിൽ നിന്നുകൊണ്ട് അപ്രസക്തമാക്കുന്ന മായികപ്രവൃത്തി അതിനു ശീലമായിരുന്നു. ഒരുപക്ഷേ, ആധുനികതയുടെ ഏറ്റവും ശബ്ദമുഖരിതമായ സ്ഥലവും കവിതയുടേതായിരുന്നു. ഒരുപക്ഷേ ഏറ്റവും നാടകീയമായ ജീവിതവും കവിതയിലായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയിൽ കണ്ടിരുന്നപോലെ നന്മയുടെയും തിന്മയുടെയും നെടും പിളര്‍പ്പുകള്‍ ഈ നാടകീയാംശത്തിന്‍റെ ഭാഗമാണ് - നമ്മുടെ ആലോചനകളിലും ദൃശ്യാനുഭവങ്ങളിലും പിന്നീട് ഇതേ നാടകീയാംശത്തിന്റെ സാധ്യതകളാണ് പരീക്ഷിക്കപ്പെടുന്നത്. ആധുനികതയുടെ സവിശേഷതയായിരുന്ന മിനിമൽ ആർട്ട്, അങ്ങനെയൊരു സൗന്ദര്യസങ്കൽപം, അടൂരിന്റെ ചില സിനിമകളിൽ ഉണ്ടായിരുന്നപോലെ, ആരും അധികം പിൻപറ്റിയിട്ടില്ല. അല്ലെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിനു പരിചിതമായ കടും നിറങ്ങളുടെയും കൊടും പ്രവൃത്തികളുടെയും നിഴലുകൾക്കു താഴേയാണ് ഒരു പക്ഷേ നമ്മുടെ കലയിലെ മിക്ക സൗന്ദര്യാനുഭവവും അരങ്ങേറിയത്. അത്തരം ഒരോർമ ജോജിയുടെ മരണമൊഴിയിലും കാണാം: സൊസൈറ്റിയെ തനിക്ക് എതിർ നിർത്തുന്നതിൽ അതാണ് ഉള്ളത്. കെ.ജി. ജോർജ് സിനിമകൾ ഇതിന് ഉദാഹരണമാണ്. നെടും പിളർപ്പുകളായിരുന്നു ജോർജിനും ഇഷ്ടം. ഈ സിനിമയ്ക്ക് ജോർജ് ചെയ്ത ഇരകളുമായി സാമ്യം കണ്ടെത്തുന്നത് കലയെ സംബന്ധിച്ച ഇങ്ങനെയൊരു സമീപനം നമുക്കിടയിൽ പ്രബലമായതുകൊണ്ടുകൂടിയാണ്.
ഒരു ഷേക്സ്പിയർ അനുഭവത്തെ, ഷേക്സ്പിയർ ഹൈ ആർട്ടിനെ, കലയിലെ സവിശേഷ സൗന്ദര്യാനുഭവമാകുന്ന മിനിമൽ ആർട്ടിലേക്കും നയിക്കാമോ എന്നാണ്, ജോജി കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ ആലോചിച്ചത്. ആ സാധ്യത ഒരു വെല്ലുവിളിതന്നെയാണ്. ദിലീഷ് പോത്തൻ അങ്ങനെ ഒരു സാധ്യതയാണ് ആവിഷ്ക്കരിക്കാൻ ശ്രമിക്കുന്നത്. അത് നമുക്ക് അത്ര പരിചിതമല്ല. നമുക്ക് പരിചയമുള്ളത് ഈ സിനിമയുടെ കഥയാണ്, കലാ പരിചരണമല്ല. എനിക്കു തോന്നുന്നത് ഈ സിനിമയ്ക്ക് എതിരെ ഉയർന്ന വിമർശനങ്ങൾ കേടായ ഒരു സിനിമയെയല്ല കാണിക്കുന്നത്, മറിച്ച് കേടായ സിനിമാ നിരൂപണത്തെയാണ്. അതിൽ നമ്മുടെ കവികളും പെടുന്നു എന്നത് വേറെയും കേടിനെ കാണിക്കുന്നു.
English Summary: Writer Karunakaran on Macbeth and Malayalam movie Joji