മാനസ സരസ്സിൽ മുങ്ങി നിവർന്നു: കൈലാസം കണ്ണിലൊതുക്കി മാടമ്പ്

നേപ്പാളിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ പൂന്തോട്ടത്തിനരികിലുള്ള മണ്ഡപത്തിൽ ഷർട്ടു പോലുമിടാതെ മാടമ്പ് കുഞ്ഞുക്കുട്ടൻ ചമ്രം പടിഞ്ഞ് ഇരിക്കുകയാണ്. മുന്നിൽ മുറുക്കാൻ പെട്ടി. പൂണൂലിട്ട സന്യാസിരൂപം കണ്ടു പലരും തല കുമ്പിട്ടു തൊഴുതു കടന്നുപോയി. തിരുമേനി പരിസരമൊന്നും അറിയുന്നില്ല. അത്രയേറെ വിസ്തരിച്ചാണു
നേപ്പാളിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ പൂന്തോട്ടത്തിനരികിലുള്ള മണ്ഡപത്തിൽ ഷർട്ടു പോലുമിടാതെ മാടമ്പ് കുഞ്ഞുക്കുട്ടൻ ചമ്രം പടിഞ്ഞ് ഇരിക്കുകയാണ്. മുന്നിൽ മുറുക്കാൻ പെട്ടി. പൂണൂലിട്ട സന്യാസിരൂപം കണ്ടു പലരും തല കുമ്പിട്ടു തൊഴുതു കടന്നുപോയി. തിരുമേനി പരിസരമൊന്നും അറിയുന്നില്ല. അത്രയേറെ വിസ്തരിച്ചാണു
നേപ്പാളിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ പൂന്തോട്ടത്തിനരികിലുള്ള മണ്ഡപത്തിൽ ഷർട്ടു പോലുമിടാതെ മാടമ്പ് കുഞ്ഞുക്കുട്ടൻ ചമ്രം പടിഞ്ഞ് ഇരിക്കുകയാണ്. മുന്നിൽ മുറുക്കാൻ പെട്ടി. പൂണൂലിട്ട സന്യാസിരൂപം കണ്ടു പലരും തല കുമ്പിട്ടു തൊഴുതു കടന്നുപോയി. തിരുമേനി പരിസരമൊന്നും അറിയുന്നില്ല. അത്രയേറെ വിസ്തരിച്ചാണു
നേപ്പാളിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ പൂന്തോട്ടത്തിനരികിലുള്ള മണ്ഡപത്തിൽ ഷർട്ടു പോലുമിടാതെ മാടമ്പ് കുഞ്ഞുക്കുട്ടൻ ചമ്രം പടിഞ്ഞ് ഇരിക്കുകയാണ്. മുന്നിൽ മുറുക്കാൻ പെട്ടി. പൂണൂലിട്ട സന്യാസിരൂപം കണ്ടു പലരും തല കുമ്പിട്ടു തൊഴുതു കടന്നുപോയി. തിരുമേനി പരിസരമൊന്നും അറിയുന്നില്ല. അത്രയേറെ വിസ്തരിച്ചാണു മുറുക്കുന്നത്.
പരിചയം പുതുക്കിയപ്പോൾ മുഖത്തേക്കു കുറച്ചു നേരം നോക്കി മിണ്ടാതിരുന്നു.
‘ബ്രഹ്മസ്വം മഠം അല്ലേ’.
വർഷങ്ങൾക്കു മുൻപു പരസ്പരം ആദ്യമായി കണ്ട സ്ഥലം മാടമ്പ് ഓർത്തെടുത്തിരിക്കുന്നു. ആദ്യം കണ്ടതു തൃശൂർ ബ്രഹ്മസ്വം മഠത്തിലാണ്.
‘കൈലാസത്തിലേക്ക് കൂടെയുണ്ട്.’
ഉറക്കെ ചിരിച്ച് അടുത്തേക്കു വിളിച്ചിരുത്തി.
‘ഞാൻ ഏറ്റു.’ മാടമ്പ് പറഞ്ഞു. എന്നുവച്ചാൽ യാത്രയിൽ എന്റെ രക്ഷിതാവ് മാടമ്പാരിക്കുമെന്നർഥം.
കൈലാസത്തിലേക്കുള്ള യാത്രയിൽ നേപ്പാളിലെത്തിയപ്പോഴാണ് അറിയുന്നത് മാടമ്പ് കുഞ്ഞുക്കുട്ടൻ കൂടെയുണ്ടെന്ന്. അങ്ങനെയാണ് അന്വേഷിച്ചു പോയത്. പിന്നീടു യാത്രയിൽ മുഴുവൻ കഴിവതും മാടമ്പിനടുത്താണിരുന്നത്. ഹിമാലയത്തിന്റെ കാവ്യഭംഗി, ചരിത്രഭംഗി, ജൈവ സമ്പത്ത് എല്ലാം മാടമ്പ് വർഷങ്ങളായി വായിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഓരോ നദിയെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. മാടമ്പ് വിശ്വാസിയാണോ എന്നു ചോദിച്ചാൽ ആണെന്നു പറയാം. അല്ലല്ലോ എന്നു ചോദിച്ചാൽ അതിനു മറുപടി അല്ലാ എന്നായിരിക്കും. വലിയ വിഭവങ്ങൾ നിരത്തിയുള്ളൊരു ഗണപതി ഹോമം നേപ്പാൾ നഗരത്തിലെ ക്ഷേത്രത്തിൽ കണ്ടപ്പോൾ മാടമ്പ് പറഞ്ഞു, ‘ഇതു തട്ടിപ്പാണ്. സത്യത്തിൽ ഒരു അച്ച് ശർക്കരയും നാലു മണി മലരും മതി ഗണപതി ഹോമത്തിന്. ബാക്കിയെല്ലാം കാട്ടിക്കൂട്ടലുകളാണ്. അഗ്നിയുടെ സാന്നിധ്യത്തിൽ ഗണപതിയെ ഉപാസിച്ചു പ്രത്യക്ഷപ്പെടുത്തുന്നതുപോലെ ചെയ്യാൻ അറിയണം. ’
ചൈനയിലേക്കു പെർമിറ്റു കിട്ടാനായി നേപ്പാൾ അതിർത്തിയിൽ ഒരു രാത്രി തങ്ങണമായിരുന്നു. ചൈന വഴിയാണു പോകേണ്ടത്. തങ്ങിയതു വളരെ ചെറിയൊരു ടൗണിലാണ്. രാത്രി മാടമ്പു പുറത്തു പോകാൻ വിളിച്ചു. വേഷം മുണ്ടും ടീ ഷർട്ടുമാണ്. കഴുത്തിലൊരു മഫ്ളറും. ഗലികൾക്ക് ഇടയിലൂടെ പരിചയ സമ്പന്നനെപ്പോലെ മാടമ്പു നടന്നു. അവസാനം തിരഞ്ഞു തിരഞ്ഞ് എത്തിയതൊരു നാലാം തരം ബാറിൽ. ആകെ ബഹളമാണ്. വേദിയിൽ ഒരു സ്ത്രീ അത്യാവശ്യത്തിനു മാത്രം വസ്ത്രം ധരിച്ച് പാട്ടു പാടുന്നു. മാടമ്പു മദ്യപിച്ചില്ല. കൈലാസത്തിൽ എത്തുംവരെ വ്രതമാണ്. എന്തിനാണ് പിന്നെ അവിടെ പോയതെന്നു ചോദിച്ചപ്പോൾ പറഞ്ഞു, ‘ഒരു നാടിന്റെ അടിത്തട്ടിലെ ജീവിതം കാണുന്നത് ഇത്തരം സ്ഥലത്താണ്. മാത്രമല്ല അവിടെ പോയിരുന്നിട്ടുപോലും അതിലൊന്നും പെടാതെ നിൽക്കാൻ നമുക്കു കഴിയണം. ’ സത്യത്തിൽ അതായിരുന്നു മാടമ്പിന്റെ ജീവിതം. അദ്ദേഹം വേദ, പുരാണ, മന്ത്ര പഠനം ഏറെ നടത്തിയിട്ടും കമ്യൂണിസ്റ്റു ചിന്തകൾ മനസ്സിൽവച്ചു. അതേ സമയത്തു ബിജെപിയുടെ സ്ഥാനാർഥിയായി. എല്ലാം അനുഭവിക്കുകയും ഒന്നിലും അഭിരമിക്കുകയും ചെയ്യാതെ ജീവിച്ചു. സിനിമയിലെ പ്രശസ്തി പോലും മാടമ്പിന്റെ തൊലിപ്പുറത്തു തട്ടിയില്ല.
യാത്രയിൽ തങ്ങിയ ഓരോ സ്ഥലത്തും അദ്ദേഹം ആ പ്രദേശത്തെ ചെറിയ അങ്ങാടികൾ കാണാൻപോയി. പലതും വാങ്ങിക്കഴിച്ചു. റോഡിലെ കലുങ്കിലിരുന്നു ചായകുടിച്ചു, അവരോടു സംസാരിച്ചു. അവരിൽ പലരും കരുതി ഇത് ഏതോ സന്യാസിയാണെന്ന്.
മാനസ സരോവറിന്റെ തീരത്ത് അദ്ദേഹം കുട്ടിയെപ്പോലെ ആനന്ദിച്ച് അലഞ്ഞു നടന്നു. മഞ്ഞുവീഴ്ചയിൽ ആകാശത്തേക്കു നോക്കിനിന്നു. മഞ്ഞിനെക്കുറിച്ചും തടാകത്തെക്കുറിച്ചും സംസാരിച്ചു. കാളിദാസനെക്കുറിച്ചു മണിക്കൂറുകളോളം സംസാരിച്ചു. ശ്ളോകങ്ങൾ ചൊല്ലിത്തന്നു.
മാനസസരോവറിന്റെ തീരത്തു നിൽക്കെ അദ്ദേഹം ചോദിച്ചു: ‘മുങ്ങണ്ടേ?’.
‘എവിടെ?’
‘ഇവിടെ.’
‘ഈ തണുപ്പിലോ?’
‘ഇതാണു ഭൂമിയിലെ സ്വർഗം. ഇനി ഇവിടെ വരാനും സാധ്യതയില്ല. ഇവിടെ കുളിച്ചു തൊഴണം.’
മാനസസരോവറിനു മുകളിൽ നേർത്ത മഞ്ഞുപാളികൾ കാണാം. മാടമ്പു തോർത്തു മാത്രമുടുത്തു തടാകത്തിലേക്കിറങ്ങി. മഞ്ഞുപാളികൾ മാറ്റി. കൈലാസത്തെ നിന്നു വന്ദിച്ചു പ്രാർഥിച്ചു. പിന്നെ മൂന്നുവട്ടം മുങ്ങി. കൈക്കുമ്പിളിൽ െവള്ളമെടുത്ത് അർപ്പിച്ചു. കൈകൾ ആകാശത്തേക്കു കൂപ്പി. തിരിച്ചു കയറി തുവർത്തിയ ശേഷം പറഞ്ഞു: ‘ഇറങ്ങിക്കോളൂ’. അന്നു മാടമ്പില്ലായിരുന്നുവെങ്കിൽ മാനസസരോവറിലെ വെള്ളം തലയിൽ തളിച്ചു മടങ്ങിയേനെ. യാത്രാ സംഘത്തിൽ മൂന്നു േപരാണവിടെ മുങ്ങിയത്. അദ്ദേഹവും ഞാനും ഫൊട്ടോഗ്രഫർ ബി.ജയചന്ദ്രനും. തിരിച്ചു കയറുമ്പോൾ തിരുമേനി പറഞ്ഞു, ‘നാട്ടിലെ പൊട്ടക്കുളത്തിൽ വീണു മരിക്കുന്നതിനേക്കാൾ നല്ലതല്ലേ ഇവിടെ സമാധിയാകുന്നത്.’
ഭക്തിയെന്നതു പുറംമോടിയല്ലെന്ന് ആഴത്തിൽ പഠിപ്പിച്ചത് ആ യാത്രയാണ്. ഒരു ശർക്കര അച്ചു മതി ഗണപതി ഹോമത്തിനെന്ന പാഠം മറക്കാനാകില്ല. പിന്നീട് എത്രയോ തവണ കണ്ടു. ‘എടോ’ എന്നേ വിളിച്ചിട്ടുള്ളു. അതിലൊരു വല്ലാത്ത വാത്സല്യമുണ്ടായിരുന്നു. കൈലാസത്തെ നോക്കി കണ്ണിമയ്ക്കാതെ തല ഉയർത്തിപ്പിടിച്ചുനിന്ന മാടമ്പിന്റെ ചിത്രം മനസിൽനിന്നു മായില്ല. മാടമ്പ് ശരിക്കും സന്യാസിതന്നെയായിരുന്നു.
English Summary: Unni K Warrier on his trip to Kailasam with Madampu Kunjukuttan