വാക്കിനെ പ്രണയിച്ചൊരാള്‍...
കാന്തത്തോട് ഇരുമ്പുപൊടി പറ്റിപ്പിടിക്കുന്നതു പോലെയാണ് പ്രസംഗത്തോട് ഒട്ടിപ്പിടിച്ചതെന്ന് അഴീക്കോട് ആത്മകഥയിലെഴുതിയിട്ടുണ്ട്. കെ.ടി. സുകുമാരന്‍ എന്ന ബാലനെ പ്രസംഗ പ്രണയിയാക്കിയത് പിതാവ് പനങ്കാവില്‍ ദാമോദരന്‍ മാസ്റ്ററുടെ പ്രഭാഷണങ്ങളായിരുന്നു. അഴീക്കോട്ടെ സ്ഥിരം പ്രഭാഷകരിലൊരാളും ‘ആത്മവിദ്യാസംഘം’
കാന്തത്തോട് ഇരുമ്പുപൊടി പറ്റിപ്പിടിക്കുന്നതു പോലെയാണ് പ്രസംഗത്തോട് ഒട്ടിപ്പിടിച്ചതെന്ന് അഴീക്കോട് ആത്മകഥയിലെഴുതിയിട്ടുണ്ട്. കെ.ടി. സുകുമാരന്‍ എന്ന ബാലനെ പ്രസംഗ പ്രണയിയാക്കിയത് പിതാവ് പനങ്കാവില്‍ ദാമോദരന്‍ മാസ്റ്ററുടെ പ്രഭാഷണങ്ങളായിരുന്നു. അഴീക്കോട്ടെ സ്ഥിരം പ്രഭാഷകരിലൊരാളും ‘ആത്മവിദ്യാസംഘം’
കാന്തത്തോട് ഇരുമ്പുപൊടി പറ്റിപ്പിടിക്കുന്നതു പോലെയാണ് പ്രസംഗത്തോട് ഒട്ടിപ്പിടിച്ചതെന്ന് അഴീക്കോട് ആത്മകഥയിലെഴുതിയിട്ടുണ്ട്. കെ.ടി. സുകുമാരന്‍ എന്ന ബാലനെ പ്രസംഗ പ്രണയിയാക്കിയത് പിതാവ് പനങ്കാവില്‍ ദാമോദരന്‍ മാസ്റ്ററുടെ പ്രഭാഷണങ്ങളായിരുന്നു. അഴീക്കോട്ടെ സ്ഥിരം പ്രഭാഷകരിലൊരാളും ‘ആത്മവിദ്യാസംഘം’
കാന്തത്തോട് ഇരുമ്പുപൊടി പറ്റിപ്പിടിക്കുന്നതു പോലെയാണ് പ്രസംഗത്തോട് ഒട്ടിപ്പിടിച്ചതെന്ന് അഴീക്കോട് ആത്മകഥയിലെഴുതിയിട്ടുണ്ട്. കെ.ടി. സുകുമാരന്‍ എന്ന ബാലനെ പ്രസംഗ പ്രണയിയാക്കിയത് പിതാവ് പനങ്കാവില്‍ ദാമോദരന്‍ മാസ്റ്ററുടെ പ്രഭാഷണങ്ങളായിരുന്നു. അഴീക്കോട്ടെ സ്ഥിരം പ്രഭാഷകരിലൊരാളും ‘ആത്മവിദ്യാസംഘം’ പ്രവര്‍ത്തകനുമായിരുന്നു ദാമോദരന്‍ മാസ്റ്റര്‍. പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോള്‍ സഹോദരങ്ങളുമൊത്ത് അച്ഛന്‍റെ പ്രസംഗം കേള്‍ക്കാന്‍ പോയത് അഴീക്കോടിന്‍റെ മനസ്സില്‍നിന്ന് ഒരിക്കലും മാഞ്ഞില്ല. ആ ശബ്ദസൗകുമാര്യം സൃഷ്ടിച്ച അനുരണനങ്ങള്‍ ആത്മകഥയില്‍ അനുസ്മരിക്കുന്നതിങ്ങനെ: ‘ഒച്ച ഉയര്‍ത്തിയുള്ള സംസാരമല്ല, കേള്‍വിക്ക് മധുരമായ ശബ്ദമല്ല, ഗാംഭീര്യമുള്ള ശബ്ദം. വെള്ളം തോട്ടിലൂടെ ഒഴുകിപ്പോകുമ്പോള്‍ ‘ഗുളുഗുളു’ എന്നു താളത്തിലുള്ള ഒരൊച്ച കേള്‍ക്കുമല്ലോ. അതുപോലത്തെ ശബ്ദമാണ്’.
ശബ്ദഗരിമയും താളവും പ്രഭാഷണത്തില്‍ പ്രധാനമാണെന്ന് ആ ബാലമനസ്സില്‍ പതിഞ്ഞു. സ്കൂള്‍ പഠനകാലത്ത് ഈ ആകര്‍ഷണം പ്രസംഗപ്രണയമായി വളര്‍ന്നു. ആത്മവിദ്യാസംഘം സ്ഥാപകനും കേരള നവോത്ഥാന നായകനുമായ വാഗ്ഭടാനന്ദ ഗുരുദേവനായിരുന്നു പ്രചോദനം. മഹത്തായ പ്രഭാഷണത്തിന് ശബ്ദഭാഷയും ശരീരഭാഷയും മാത്രമല്ല ആത്മാവിന്‍റെ ഭാഷയുമുണ്ടെന്നു ബോധ്യപ്പെടുത്തിയത് ഗുരുദേവനായിരുന്നു.
‘ഉണരുവിന്‍
അഖിലേശനെ സ്മരിപ്പിന്‍
ക്ഷണമെഴുന്നേൽപിന്‍
അനീതിയോടെതിര്‍പ്പിന്‍’
എന്ന ഗുരുദേവ സൂക്തമായിരുന്നു അഴീക്കോടിനു പ്രിയപ്പെട്ട പ്രാർഥന. ഗുരുദേവശിഷ്യനും പ്രൈമറിക്ലാസ്സില്‍ അധ്യാപകനുമായിരുന്ന എം.ടി. കുമാരൻ മാസ്റ്റര്‍ ആ പ്രാർഥന ഫലിക്കുവാനെന്നോണം അഴീക്കോടിനെ വേദിയിലേക്കു കൈപിടിച്ചുയര്‍ത്തി. കുമാരൻ മാസ്റ്ററെഴുതി, കാണാപ്പാഠം പറഞ്ഞതാണ് അഴീക്കോടിന്‍റെ ആദ്യപ്രസംഗം. വിഷയം: പുനര്‍ജന്മം.
പ്രഭാഷണത്തില്‍ ഒരു നവജന്മം കിട്ടുവാന്‍ അഴീക്കോടിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. 1946-ല്‍ വാർധയിലെ സേവാഗ്രാമില്‍ ചെന്ന് ഗാന്ധിജിയെ കാണുമ്പോഴാണ് തനിക്ക് ഒരു നവജന്മം കിട്ടിയതെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. മൗനിയായി ചര്‍ക്ക തിരിച്ചുകൊണ്ടിരുന്ന മഹാത്മാവ് തന്നെ അന്വേഷിച്ചെത്തിയ ആ ഇരുപതുകാരനെ നോക്കി മോണ കാട്ടി ചിരിച്ചു. ഗാന്ധിശിഷ്യന്‍ ആര്യനായകം ആ പുഞ്ചിരിയെ ഇങ്ങനെ വ്യാഖ്യാനിച്ചു: ‘നിങ്ങളുടെ ഗ്രാമത്തിന് നിങ്ങളെ ആവശ്യമുണ്ട്’.
‘എന്‍റെ ഭൗതികശരീരത്തില്‍ അനശ്വരതയുടെ വല്ല കണികയും ഇന്നു നിലനിൽക്കുന്നുണ്ടെങ്കില്‍ ചൈതന്യദായകമായ ആ മഹാദര്‍ശനത്തിന്‍റെ ഫലമായിരിക്കണം’ – ജീവിതാന്ത്യം വരെ തുടര്‍ന്ന ഗാന്ധിയന്‍ സ്വാധീനത്തെപ്പറ്റി അഴീക്കോടിന്‍റെ വാക്കുകളിങ്ങനെ.
ഒരു പൊതുയോഗത്തില്‍ ആദ്യമായി പ്രസംഗിക്കുന്നതും ഏതാണ്ട് ഇതേ കാലത്തുതന്നെ. ബികോം വിദ്യാർഥിയായിരിക്കെ കണ്ണൂരില്‍വച്ചു നടത്തിയ ആ പ്രസംഗത്തിന്‍റെ വിഷയം ‘ആശാന്‍റെ തത്ത്വചിന്തയും ഭാരതീയ വീക്ഷണവും’. പിന്നീട് വള്ളത്തോളും കേശവദേവും മുണ്ടശ്ശേരിയും ജി. ശങ്കരക്കുറുപ്പും കെ. ബാലകൃഷ്ണനുമൊക്കെ പങ്കെടുക്കുന്ന സാഹിത്യ സമ്മേളനങ്ങളില്‍ സ്വാഗത പ്രസംഗകനായി അരങ്ങേറി. കോണ്‍ഗ്രസിന്‍റെ നാലണ മെമ്പറായതോടെ രാഷ്ട്രീയ പ്രസംഗങ്ങളും ആരംഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.കെ. പൊറ്റെക്കാട്ടിനെതിരെ ഒറ്റപ്പാലത്തുനിന്നു പരാജയപ്പെട്ടതോടെ രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കു തിരശ്ശീല വീണു. സാഹിത്യ, സാംസ്കാരിക സമ്മേളനങ്ങള്‍ അഴീക്കോടിന്‍റെ പ്രഭാഷണം കൊണ്ടു മാത്രം വിജയിക്കുന്നതാണ് പിന്നീടുള്ള ആറ് പതിറ്റാണ്ടു കാലം കണ്ടത്.
പ്രഭാഷണത്തിന് ഒരു ‘അഴീക്കോട് സ്റ്റൈലു’ണ്ട്. വളരെ പതിഞ്ഞ ശബ്ദത്തിലാണ് ആരംഭം. ‘ഒച്ചക്കാരന്‍ മെച്ചക്കാരന്‍’ എന്ന വിശ്വാസം പ്രഭാഷണത്തിനു കൊള്ളുകയില്ല എന്ന് അഴീക്കോടിനറിയാം. വിഷയഗൗരവമനുസരിച്ചാണ് ശബ്ദം ഉയര്‍ത്തുന്നതും താഴ്ത്തുന്നതും. പ്രഭാഷണത്തിനു ചേര്‍ന്ന ഗാംഭീര്യമുള്ള പുരുഷശബ്ദം, തെളിഞ്ഞ ഓര്‍മ, നര്‍മബോധം, താര്‍ക്കികയുക്തി, വസ്തുനിഷ്ഠമായ വിമര്‍ശന നൈപുണ്യം എന്നിവയായിരുന്നു അഴീക്കോടിന്‍റെ വചോവിലാസത്തിനാധാരം. ചരിത്രം, സാഹിത്യം, തത്ത്വചിന്ത, രാഷ്ട്രീയം, മതം, സ്പോര്‍ട്സ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളിലുള്ള പാണ്ഡിത്യവും മലയാളം, ഇംഗ്ലിഷ്, സംസ്കൃതം എന്നീ ഭാഷകളിലുള്ള പ്രാവീണ്യവും വാഗ്ദേവതയുടെ പുരുഷാവതാരം, സാഗരഗര്‍ജ്ജനം തുടങ്ങിയ ആരാധന കലര്‍ന്ന വിശേഷണങ്ങള്‍ക്ക് അദ്ദേഹത്തെ അര്‍ഹനാക്കി.
അധ്യപകന്‍, സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍ എന്നീ ബഹുമുഖവ്യക്തിത്വത്തിനുടമയായ അഴീക്കോട് പ്രഭാഷണത്തിലാണ് ആത്മസാക്ഷാത്കാരം നേടിയത്. ‘സദസ്യരുടെ മനസ്സിനെ താമരയിലയിലെ മഞ്ഞുനീര്‍ക്കണം പോലെ ഇളക്കി അവരെ നാം സൃഷ്ടിച്ച ഒരു ആശയപ്രപഞ്ചത്തില്‍ എത്തിച്ച് മാനസികോത്തേജനം നിര്‍വഹിച്ചതായി അനുഭവപ്പെടുന്ന ഒരു പ്രഭാഷകന്‍റെ ഹൃദയം എത്തിച്ചേരുന്ന ഭാവശാന്തിയുടെയും ഹൃദയവിശ്രാന്തിയുടെയും അരികത്തെത്താന്‍പോലും പല ജോലികൊണ്ടും സാധിക്കുകയില്ല.’ (അഴീക്കോടിന്‍റെ ആത്മകഥ).
സാംസ്കാരിക സമ്മേളനങ്ങളും പ്രഭാഷണങ്ങളുമൊക്കെ റദ്ദു ചെയ്യപ്പെട്ട കോവിഡ് മഹാമാരിയുടെ ഇക്കാലത്ത് വാക്കുകളുടെ വൈദ്യുതാലിംഗനമേറ്റ ഒരു തലമുറ വാക്കിനെ പ്രണയിച്ചൊരാളെ ജന്മദിനത്തില്‍ (മേയ് 12) അനുസ്മരിക്കാതിരിക്കുന്നതെങ്ങനെ?
(ലേഖകന്‍ ബസേലിയസ് കോളജ് മലയാള വിഭാഗം മേധാവിയും ‘മതേതരഭാരതം-അഴീക്കോടിന്‍റെ പ്രഭാഷണങ്ങള്‍’ എന്ന പുസ്തകത്തിന്‍റെ എഡിറ്ററുമാണ്)
English Summary: Remembering Sukumar Azhikode on his birth anniversary