ജീവിതം കൊണ്ടു മുറിവേറ്റവരാണു നിധീഷ് ജി.യുടെ കഥാപാത്രങ്ങളേറെയും. സാധാരണക്കാരാണവർ. വീടിനു സമീപത്തെ മാടക്കടയിൽ, മലമുകളിലെ ഒറ്റപ്പെട്ടൊരു വയർലെസ് സ്റ്റേഷനിൽ, ഈയടുത്തു പേരുമാറ്റിയൊരു കവലയിൽ, സ്റ്റേഡിയത്തിലെ നടത്തക്കൂട്ടത്തിൽ ഒക്കെ അവരെ കാണാനാകും. അവരുടെ കണ്ണുകളിലെ മഞ്ഞപ്പാടകൾക്കു താഴെ കഥകൾ വന്നു

ജീവിതം കൊണ്ടു മുറിവേറ്റവരാണു നിധീഷ് ജി.യുടെ കഥാപാത്രങ്ങളേറെയും. സാധാരണക്കാരാണവർ. വീടിനു സമീപത്തെ മാടക്കടയിൽ, മലമുകളിലെ ഒറ്റപ്പെട്ടൊരു വയർലെസ് സ്റ്റേഷനിൽ, ഈയടുത്തു പേരുമാറ്റിയൊരു കവലയിൽ, സ്റ്റേഡിയത്തിലെ നടത്തക്കൂട്ടത്തിൽ ഒക്കെ അവരെ കാണാനാകും. അവരുടെ കണ്ണുകളിലെ മഞ്ഞപ്പാടകൾക്കു താഴെ കഥകൾ വന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതം കൊണ്ടു മുറിവേറ്റവരാണു നിധീഷ് ജി.യുടെ കഥാപാത്രങ്ങളേറെയും. സാധാരണക്കാരാണവർ. വീടിനു സമീപത്തെ മാടക്കടയിൽ, മലമുകളിലെ ഒറ്റപ്പെട്ടൊരു വയർലെസ് സ്റ്റേഷനിൽ, ഈയടുത്തു പേരുമാറ്റിയൊരു കവലയിൽ, സ്റ്റേഡിയത്തിലെ നടത്തക്കൂട്ടത്തിൽ ഒക്കെ അവരെ കാണാനാകും. അവരുടെ കണ്ണുകളിലെ മഞ്ഞപ്പാടകൾക്കു താഴെ കഥകൾ വന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതം കൊണ്ടു മുറിവേറ്റവരാണു നിധീഷ് ജി.യുടെ കഥാപാത്രങ്ങളേറെയും. സാധാരണക്കാരാണവർ. വീടിനു സമീപത്തെ മാടക്കടയിൽ, മലമുകളിലെ ഒറ്റപ്പെട്ടൊരു വയർലെസ് സ്റ്റേഷനിൽ, ഈയടുത്തു പേരുമാറ്റിയൊരു കവലയിൽ, സ്റ്റേഡിയത്തിലെ നടത്തക്കൂട്ടത്തിൽ ഒക്കെ അവരെ കാണാനാകും. അവരുടെ കണ്ണുകളിലെ മഞ്ഞപ്പാടകൾക്കു താഴെ കഥകൾ വന്നു ഘനീഭവിക്കുന്നതായി നമുക്കനുഭവപ്പെടും. നമ്മുടെ മനസ്സിൽ നിന്നൊരു കേൾവിക്കാരൻ എഴുന്നേറ്റു ചെന്ന് ആ കണ്ണുകൾക്കു താഴെ കസേര വലിച്ചിട്ടിരിക്കും. കഥകൾ കേട്ടു തുടങ്ങും. ക്ലാപ്പന, താമരമുക്ക്, ഘണ്ടർണ്ണങ്കാവ്, ഇലവീഴാപൂഞ്ചിറ, നാരങ്ങാച്ചായ – എണ്ണം പറഞ്ഞ കഥകളിലൂടെ നിധീഷ് ജി. എന്ന കൊല്ലം ആദിനാട്ടുകാരൻ പൊലീസുകാരൻ വായനക്കാരുടെ മനസ്സിലൊരു കസേര വലിച്ചിട്ടിരുന്നുകഴിഞ്ഞു. നിധീഷ് കഥാജീവിതം പറയുന്നു.

 

ADVERTISEMENT

ഇരയും വേട്ടക്കാരനും തമ്മിലുള്ള ഒരു സംഘർഷം നിധീഷിന്റെ കഥകളുടെ പൊതുസ്വഭാവമായി അനുഭവപ്പെട്ടിട്ടുണ്ട്. ഇരയാക്കപ്പെടുന്ന വേട്ടക്കാരന്റെ അന്തഃസംഘർഷങ്ങൾ കൂടി ആ കഥകളുടെ ഭാഗമായി വരുന്നുവെന്നതാണു പ്രത്യേകത. നിധീഷിന്റെ ജോലിയുടെ പ്രത്യേകതയാണോ ഇത്തരമൊരു ആശയഘടനയിലേക്കു കഥകളെ നയിക്കുന്നത്?

 

അതു ജോലിയുടെ സ്വാധീനം കൊണ്ടു മാത്രമാണെന്നു പറയാൻ വയ്യ. ആകെയുള്ള ഒരു സാമൂഹികാവസ്ഥ അത്തരത്തിലുള്ളതാണല്ലോ. ഇരകളാണു ചുറ്റും. രാഷ്ട്രത്തിന്റെ, അധികാരത്തിന്റെ, മതത്തിന്റെ, ജാതിയുടെ, നിറത്തിന്റെ അങ്ങനെ പലതിന്റെയും. എല്ലാ ദിവസവും നമ്മൾ കണ്ടുമുട്ടുന്ന മനുഷ്യരുടെ, ഇടപഴകുന്ന സാഹചര്യങ്ങളുടെ ഒരു പ്രതിഫലനം എഴുത്തിലുമുണ്ടാകും. ചിലപ്പോൾ ഒരു യാത്രയ്ക്കിടയിൽ അല്ലെങ്കിൽ ഏതെങ്കിലും തട്ടുകടയിൽ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ, തിരക്കേറിയ ഒരു കവലയിൽ ചെന്നിറങ്ങുമ്പോൾ, അലസമായ ഒരു പ്രഭാതനടത്തത്തിൽ ഒക്കെ ഇരകളും വേട്ടക്കാരുമായ മനുഷ്യർ കടന്നുവരുന്നു. അവരുടെ വികാരങ്ങളെല്ലാം പൊടുന്നനെ നമ്മുടേതു കൂടിയാവുന്നു. നന്മയുടെ വെളിച്ചത്തിൽ നിൽക്കുമ്പോഴും കഥാപാത്രങ്ങൾ ഇരുട്ടുള്ളവരായിത്തീരുന്നത് എന്തുകൊണ്ടായിരിക്കാം എന്നു ഞാനും വേവലാതിപ്പെടാറുണ്ട്. എന്തിനേറെ, പ്രണയമെഴുതുമ്പോൾ പോലും ആ ഇരുട്ട് കടന്നുവരാറുണ്ട്.

 

ADVERTISEMENT

ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതത്തിന്റെ വളരെ സൂക്ഷ്മമായ ചിത്രീകരണമുള്ള കഥയാണു നാരങ്ങാച്ചായ. തലക്കെട്ടിലും കഥയിലും പരാമർശിക്കപ്പെടുന്ന നാരങ്ങാച്ചായയിലുമുണ്ട് എഴുത്തുകാരൻ വളരെ ശ്രദ്ധാപൂർവം നടത്തിയ ഒരു തിരഞ്ഞെടുപ്പ്. ആൺകോയ്മയുടെ പ്രതീകമായി കാലങ്ങളായി ചിത്രീകരിക്കപ്പെട്ടു വരുന്ന ‘കടുപ്പമുള്ള ചായ’ അല്ല അതെന്നതു ശ്രദ്ധേയമാണ്. മറിച്ചു പല സ്വത്വങ്ങൾ ഉൾച്ചേർന്നിട്ടുള്ള നാരങ്ങാച്ചായയാണത്. എഴുത്തുകാരന്റെ കൃത്യമായ ബോധ്യങ്ങൾ ഇടപെടൽ നടത്തിയിട്ടുള്ള കഥയാണു നാരങ്ങാച്ചായ എന്നുള്ളതു വ്യക്തം. ആ കഥയിലേക്കെത്തിയ അനുഭവം വിശദമാക്കാമോ?

 

ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായുള്ള ഒരെഴുത്തിന്റെ കാര്യത്തിനായി ഞാനും ഒരു സുഹൃത്തും കൊച്ചിയിൽ അൽപകാലം ഉണ്ടായിരുന്നു. ദിവസവും രാവിലെ ഞങ്ങൾ കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ പോകും. ടീ സ്റ്റാളുകളിൽ പോയിരുന്ന് ലെമൺ ടീയോടൊപ്പം ചുറ്റുമുള്ള വർത്തമാനങ്ങൾ കേൾക്കും. അവിടെ വച്ചാണ് ലിൻഡയെ കാണുന്നത്. സത്യത്തിൽ ഞങ്ങൾ ഒരിക്കൽ പോലും മിണ്ടിയില്ല. അവളുടെ യഥാർഥ പേരെന്തെന്ന് എനിക്കറിയില്ല. അവളാകട്ടെ എന്നെയെന്നല്ല അവിടെ പാറിനടന്നിരുന്ന പ്രാവുകളെപ്പോലും ഗൗനിക്കുന്നുണ്ടായിരുന്നില്ല. സ്വാഭാവിക മനുഷ്യരായിത്തന്നെ ക്വിയർ വ്യക്തികളെ അടയാളപ്പെടുത്തുന്ന ഒരു കഥ ലിൻഡയിലൂടെ പറയണം എന്നെനിക്കു തോന്നി. മനുഷ്യരാണ്, മാറ്റി നിർത്തപ്പെടേണ്ടവരല്ല എന്ന ബോധ്യത്തിനു മേൽ സംഭവിച്ച ഒരു ബ്ലെൻഡിങ് ആയിരുന്നു നാരങ്ങാച്ചായയുടേത്. എഴുതി വന്നപ്പോൾ അറിയാതെ ചേർന്നതാണ് അതിലെ ബിംബങ്ങളും അടരുകളുമൊക്കെ. സ്വത്വാവിഷ്ക്കരണത്തിന് ലെമൺ ടീയുടെ നിറവും മണവും രുചിയും അദ്ഭുതകരമായ പാകം നൽകിയെന്നുള്ളതു യാദൃച്ഛികമാണ്. ധാരാളം സമയമെടുത്താണു ഞാനൊരു കഥ പൂർത്തിയാക്കാറുള്ളത്. മറ്റൊന്നുമല്ല, ആത്മവിശ്വാസക്കുറവു തന്നെ കാരണം. ഏകദേശം നാലുമാസങ്ങളുടെ അടയിരുപ്പ് നാരങ്ങാച്ചായയുടെ ഫൈനൽ ഡ്രാഫ്റ്റിനുണ്ട്.

 

ADVERTISEMENT

ദേവസി കാർഡോസിനെയും നാണുവച്ചനെയും വസുമതിയെയും ത്രാസ് ബാബുവിനെയും ജേക്കബിനെയും വായിച്ചുകഴിയുമ്പോൾ, കരിമ്പനകളും മാടക്കടകളും ബീഡി തെറുപ്പും ചാരായക്കടകളും ഉള്ളിൽ മായാച്ചിത്രങ്ങളായി പതിഞ്ഞു കഴിയുമ്പോൾ ക്ലാപ്പന ഓരോ വായനക്കാരുടെയും സ്വന്തം ദേശമായി മാറുന്നു. നിധീഷിന്റെ കഥകളിൽനിന്ന് എന്നെങ്കിലുമൊരു സിനിമയുണ്ടാകുമെങ്കിൽ അതായിക്കാണാൻ ഏറ്റവും ആഗ്രഹിക്കുന്ന കഥയാണു ക്ലാപ്പന. അത്രമേൽ സമ്പന്നമായ ദൃശ്യഭാഷയുള്ള കഥയാണത്. ആ കഥ രൂപപ്പെട്ടുവന്നതെങ്ങനെയാണ്?

 

ട്രെയിനിലാണു കോട്ടയത്തെ ജോലിസ്ഥലത്തേക്കുള്ള യാത്ര. മൊബൈൽ സ്ക്രീനുകളിലേക്ക് മനുഷ്യൻ വല്ലാതെ ചുരുങ്ങുന്നതിനു മുമ്പ്, ട്രെയിനുകളിൽ സ്ഥിരയാത്രക്കാരുടെ വായനക്കൂട്ടവും പാട്ടുകൂട്ടവും കവിതക്കൂട്ടവുമൊക്കെ ഉണ്ടായിരുന്നു. ഒരിക്കൽ അത്തരം ഒരു കൂട്ടത്തിൽ വച്ച് ഏറെ അടുപ്പമുള്ള ഒരു ചങ്ങാതി ആശാന്റെ കരുണ ചൊല്ലുന്നത് ഞാൻ കൗതുകത്തോടെ കേട്ടു. അതുവരെ കേട്ടിട്ടുള്ളതിൽനിന്നു വിഭിന്നമായി അതിനു സവിശേഷമായ ഒരു താളമുണ്ടായിരുന്നു. ഓണാട്ടുകരക്കാരനായ അദ്ദേഹമാണ് കരുണ മനഃപാഠമാക്കിയ നാണുവച്ചനെക്കുറിച്ച് എന്നോടു പറയുന്നത്. നാണുവച്ചനെ അതേപടി ക്ലാപ്പനയിലെ ഒരു മാടക്കടയിലേക്കു ഞാൻ ബീഡി തെറുക്കാൻ കൊണ്ടുവന്നിരുത്തുകയായിരുന്നു. ആ സമയം എല്ലാ പൗരുഷങ്ങളോടെയും പ്രതാപത്തോടെയും ദേവസ്സി കാർഡോസ് അവിടുണ്ടായിരുന്നു. തൊട്ടടുത്തു വസുമതിയും. മിക്ക കഥകളും വിഷ്വൽസ് മനസ്സിൽ കണ്ടാണ് എഴുതിയിട്ടുള്ളത്. ക്ലാപ്പനയിൽ അതിനു കുറേക്കൂടി തെളിച്ചമുണ്ടെന്ന് തോന്നുന്നു. ‘ഇതിൽ ഒരു സിനിമയുണ്ടല്ലോ നിധീഷേ’ എന്നു പലരും പറഞ്ഞു. പക്ഷേ, ആദ്യം സിനിമയാകാൻ പോകുന്നതു ക്ലാപ്പനയല്ല, മറ്റൊരു കഥയാണ്.

 

ക്ലാപ്പന, താമരമുക്ക്, ഘണ്ടർണ്ണങ്കാവ്, ഇലവീഴാപൂഞ്ചിറ, നാരങ്ങാച്ചായ എന്നീ ശ്രദ്ധേയ കഥകളിൽ നിധീഷിന്റെ മനസ്സിനോട് ഏറ്റവും അടുത്തു നിൽക്കുന്ന കഥയേതാണ്? എന്താണു കാരണം?

 

അതു താമരമുക്ക് തന്നെയാണ്. ക്രാഫ്റ്റ് കൊണ്ടൊന്നുമല്ല, വ്യക്തിപരമായി ഞാൻ ആ കഥയോട് അത്രമേൽ ചേർന്നിട്ടുണ്ട്. അതിനുള്ളിൽ ഞാനുണ്ട്. കുട്ടിക്കാലത്ത് എന്റെ നാട്ടിൽ ഞാൻ കണ്ട മനുഷ്യർ, ഇടവഴികൾ, ഒച്ചകൾ, നിലവിളികൾ ഒക്കെ അതിലുണ്ട്. അയ്യത്തമ്മ ജീവിച്ചിരുന്ന ഒരു സ്ത്രീയാണ്. ആ കരുത്തും കണ്ണിലെ കനലും ഉള്ളിലിപ്പോഴും ജ്വലിക്കുന്നുണ്ട്. മുണ്ട് മാടിക്കുത്തി അവർ അപ്പുറത്തെ അയ്യത്ത് തെങ്ങിനു തടമെടുക്കുന്നുണ്ട്. മുറുക്കിത്തുപ്പുന്നതിനിടയിൽ ‘എടാ, ഇങ്ങോട്ട് വന്നേടാ’ എന്നു ദൃഢമായ ശബ്ദത്തിൽ വിളിക്കുന്നുണ്ട്. ഇടുപ്പിൽനിന്നു വാക്കത്തിയെടുത്തു തിണ്ണയിൽ വച്ചു കാലിന്മേൽ കാലുകയറ്റിയിരുന്നു കൊച്ചുറേഡിയോയിൽ അവർ പ്രാദേശിക വാർത്തകൾ കേൾക്കുന്നുണ്ട്. വേലിയിലെ ചെമ്പരത്തിക്കാട് അപ്പോൾ അതേപടി പൂത്തു നിൽക്കുന്നതു കാണാം. പെട്ടെന്നൊരു ദിനം കവലയിൽ ഒരു ബോർഡ് വന്നതും സ്ഥലനാമം മാറിയതും അത്ര വിദൂരമായ കാലത്തൊന്നുമല്ല. തോറ്റുപോയ പ്രതിരോധങ്ങളിൽനിന്നു ശക്തി ആവാഹിച്ച് ആയത്തിലുയരുന്ന ചുറ്റികയുടെ ലക്ഷ്യസ്ഥാനമാണ് എനിക്ക് താമരമുക്ക്. തോറ്റു പോയിട്ടും തോൽക്കാത്തവരുടെ ഒരു കൊടി ആ കഥയിൽ പാറുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.

 

നിധീഷിന്റെ ഭൂരിഭാഗം കഥകളിലും നാട്ടിൻപുറവും അവിടുത്തെ ജീവിതവും കഥാഗതിയെ മുന്നോട്ടുനയിക്കുന്ന ശക്തമായ പരിസരമാണ്. അത്തരം കഥകളിലെ ഭാഷ പോലും വായനക്കാരെ ചുറ്റിവരിയുന്ന ഗൃഹാതുര ഓർമകളിലേക്കു നയിക്കുന്നതാണ്. ഈ ദേശമെഴുത്തിൽ സ്വന്തം ജീവിതാനുഭവങ്ങൾ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്. കുട്ടിക്കാലത്തും കൗമാരത്തിലും യൗവനത്തിലും മനസ്സിലുറഞ്ഞ കഥകൾ ഏതു പ്രദേശത്തെയായിരുന്നു? അവ പിന്നീടു വീണ്ടെടുത്തതെങ്ങനെയാണ്?

 

കൊല്ലം, ആലപ്പുഴ ജില്ലകളുടെ അതിർത്തിയും ഓണാട്ടുകരയുടെ തെക്കൻ ഭാഗവുമുൾപ്പെട്ടതാണ് എന്റെ നാട്. ഇവിടെ വേണാടിന്റെയും ഓണാട്ടുകരയുടെയും സമ്മിശ്രമായ ഒരു ഭാഷാശൈലിയാണുള്ളത്. തൊണ്ടുതല്ലലിന്റെയും കയറുപിരി റാക്കിന്റെയും പുള്ളോർവീണയുടെയും ഒക്കെ സ്വാഭാവികമായ താളമതിനുണ്ട്. തോപ്പിൽഭാസിയുടെ നാടകങ്ങളിൽ, അടൂരിന്റെ സിനിമകളിൽ, പത്മരാജന്റെ കഥകളിൽ ഒക്കെയാണ് ഓണാട്ടുകര ഭാഷ കൂടുതൽ അടയാളപ്പെട്ടിട്ടുള്ളത്. ഓച്ചിറ ഒരു കാലത്ത് നാടകസംഘങ്ങളുടെ തട്ടകമായിരുന്നു. അതിലെ കഥാപാത്രങ്ങളെല്ലാം എന്റെ നാടിന്റെ ഭാഷ സംസാരിച്ചു. സംഭാഷണങ്ങളിൽ സ്വന്തം ഭാഷാശൈലി ഉപയോഗിക്കുമ്പോൾ നമ്മൾ വളരെ കംഫർട്ടബിൾ ആയിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. സ്വാഭാവികമായ ഒരു ഒഴുക്ക് കിട്ടും. ദേശത്തുനിന്നു മെല്ലെ മെല്ലെ മാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന വാക്കുകളും വസ്തുക്കളും രേഖപ്പെടുത്താൻ ബോധപൂർവം ശ്രമിക്കാറുണ്ട്. ചെറുപ്പകാലത്തു കണ്ട കാഴ്ചകൾ, അന്നു മിണ്ടിപ്പറഞ്ഞ മനുഷ്യർ ഒക്കെ വല്ലാതെ ഉള്ളിൽ പതിഞ്ഞു കിടക്കുന്നതിനാലാവണം എഴുതുമ്പോൾ ആ കാഴ്ചകളും മനുഷ്യരും അറിയാതെ കടന്നുവരും. മാത്രമല്ല എഴുതാനുതകുന്ന ഒരു വിഷയം കിട്ടിയാൽ നേരിട്ടറിയാവുന്ന മനുഷ്യരിലൂടെ അതു പറയുക താരതമ്യേന എളുപ്പമാണ്. കൂടുതൽ വൈകാരികമായി നമുക്ക് സാഹചര്യങ്ങളെ റിലേറ്റ് ചെയ്യാൻ പറ്റും. അല്ലാതെ വലിയ സാഹസങ്ങൾക്കൊന്നും മെനക്കെടാനുള്ള പരിപാടി എനിക്കൊട്ടും സെറ്റാവില്ല. ബുദ്ധി കൊണ്ട് അളന്നെടുക്കാവുന്ന, സാഹിത്യ സമ്പുഷ്ടമായ കഥകളെഴുതാൻ ഞാൻ തീരെ ദുർബലനാണു താനും.

 

മരണപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരാണു നിധീഷിന്റെ കഥാപാത്രങ്ങളെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പലവിധ കാരണങ്ങളാൽ ജീവിതം ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുന്നവരാണവർ. അവർക്കുള്ള ഏക രക്ഷാമാർഗമായി മാറാനാണു കഥയുടെ ശ്രമം. വളരെക്കുറച്ചു മാത്രം ആ ശ്രമം വിജയിക്കുന്നു. പലപ്പോഴും പരാജയപ്പെടുന്നു. കൊങ്ങയ്ക്കു പിടിച്ചു ഞെക്കുന്ന ആ ജീവിതസാഹചര്യങ്ങളിൽനിന്നു കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്ന ആ കഥാപാത്രങ്ങൾ നമ്മളിലിലോരോരുത്തരിലുമുണ്ട് എന്നതാണു ശ്രദ്ധേയം. ഇവരെ കണ്ടെടുത്തത് എവിടെ നിന്നാണ്?

 

ഒക്കെ ഞാൻ കണ്ട മനുഷ്യരാണ്. നാട്ടിൽ, യാത്രകളിൽ, ഡ്യൂട്ടിക്കിടയിൽ പലനേരം പല കാലങ്ങളിൽ. ഒരുപാടു വർണ്ണങ്ങളുള്ള ഒരു കാഴ്ച മുന്നിൽ തെളിയുമ്പോൾ പുറമേ കാണാവുന്ന സൗന്ദര്യത്തിലല്ല, ഓരത്തെവിടെയോ ഇരുന്നു ചൂണ്ടയിടുന്ന ഒരു മനുഷ്യനിലാവും കണ്ണുകൾ ചെന്നു മുട്ടുക. മണിക്കൂറുകളോളം ശ്വാസം വിടാതെയുള്ള ആ ഇരിപ്പിന്റെ ഡാർക്ക് ഷെയ്ഡിലാണ് കഥകൾ തിരയാൻ തോന്നുക. ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം ജീവിതം അയാളെ കുരുക്കിയിട്ടിരിക്കുന്നതായി കാണാം. മെല്ലെ പ്രതീക്ഷയുടെ വെളിച്ചം കാട്ടി ആ മനുഷ്യനെ നടത്തിക്കൊണ്ടു പോകാൻ ശ്രമിക്കും. പക്ഷേ, എന്തുകൊണ്ടോ പലരും ജീവിതം കൊണ്ടു മുറിവേറ്റവരായി മാറുന്നു. കാരണം ചോദിച്ചാൽ അറിയില്ല. അങ്ങനെയങ്ങു സംഭവിച്ചു പോകുന്നുവെന്നുള്ളതാണു സത്യം .

 

സ്ഥലനാമങ്ങളാണു നിധീഷിന്റെ ശ്രദ്ധേയമായ പല കഥകളുടെയും പേരുകൾ. ഘണ്ടർണ്ണങ്കാവ്, താമരമുക്ക്, ക്ലാപ്പന, ഇലവീഴാപൂഞ്ചിറ, കന്നേറ്റിപ്പാലം, ആയിരംതെങ്ങ് തുടങ്ങിയവ ഉദാഹരണം. കേവലം സ്ഥലനാമങ്ങൾക്കപ്പുറം അവ കഥയുടെ ഭാരം മുഴുവൻ ചുമക്കുന്ന ചുമലുകളായും മാറുന്നുണ്ട്. എന്താണ് ഈ പേരിടലിനു പുറകിൽ? എവിടെയുള്ള സ്ഥലങ്ങളാണിവ? ആ പരിസരം വിശദമായി പറയാമോ?

 

സമകാലിക മലയാളം വാരികയിൽ വന്ന ‘പുള്ളിമാൻ ജംക്‌ഷൻ’ എന്ന കഥയാണ് ഇത്തരത്തിൽ ആദ്യമെഴുതിയത്. അതിലെ ഒരു കഥാപാത്രമായ ദേവസ്സി കാർഡോസിന് മറ്റൊരു കഥ പറയാനുണ്ടെന്ന് എന്തുകൊണ്ടോ എനിക്കു തോന്നി. കാർഡോസിനെ ചുറ്റിപ്പറ്റി എഴുതവേ, അയാളുടെ ദേശത്തെ അവഗണിക്കാൻ പറ്റാതെ വന്നു. അങ്ങനെയാണു ക്ലാപ്പന എന്ന ടൈറ്റിലിലേക്ക് വരുന്നത്. അതുപക്ഷേ, പെട്ടെന്നു പൂർത്തീകരിക്കാനായില്ല. പകുതിവഴിയിലിറങ്ങി അകത്തൂട്ട് ചന്തയിലേക്ക് കയറി. ആ സമയത്താണു സ്ഥലനാമങ്ങൾ തലക്കെട്ടായി വരുന്ന കുറച്ച് കഥകൾ എഴുതിയാലോ എന്ന ചിന്ത വരുന്നത്. ചില കഥാപാത്രങ്ങളെ ക്യാരി ഓവർ ചെയ്താൽ പുസ്തകരൂപത്തിൽ ചേർത്തുവയ്ക്കുമ്പോൾ നോവലിനു സമാനമായ ഒരു ഭൂമികയായി അനുഭവപ്പെടുമെന്നും അതിന് ഒരു പുതുമയുണ്ടാകുമെന്നും തോന്നി. അതിലേക്കു വേണാട് - ഓണാട്ടുകര അതിരുകളിലെ പത്ത് സ്ഥലങ്ങൾ തിരഞ്ഞെടുത്തു. കാവ്, കുളങ്ങര, കടവ്, ചന്ത തുടങ്ങിയവ ഇവിടുത്തെ സ്ഥലനാമങ്ങളുടെ പ്രത്യേകതയാണ്. രണ്ടു വർഷങ്ങൾ കൊണ്ടു പല ആനുകാലികങ്ങളിലായി ആ കഥകൾ വന്നു. തുടർച്ചയായി എഴുതിയവയിൽ ‘ഇലവീഴാപൂഞ്ചിറ’ ഒഴികെയുള്ള പത്തുകഥകളിലും എന്റെ ദേശത്തെ മനുഷ്യരാണുള്ളത്. ‘താമരമുക്ക്’ എന്ന കഥാപുസ്തകം ഡിസി ബുക്സിൽനിന്നു വൈകാതെ വരും.

 

നാണുവച്ചൻ ഒരു ദീർഘനിശ്വാസമെടുത്തു. ആ കണ്ണുകളിലെ മഞ്ഞപ്പാടകൾക്ക് താഴെ കഥകൾ വന്നു ഘനീഭവിക്കുന്നതു പോലെ തോന്നി (ക്ലാപ്പന), ഒരു നക്ഷത്രപ്പൊട്ട് പോലുമില്ലാത്ത കനത്ത ഇരുട്ടിലൂടെ എങ്ങോട്ടെന്നില്ലാതെ ഞാൻ സൈക്കിൾ പായിച്ചു. പരന്നൊഴുകുന്ന നിലാവിലൂടെ തെന്നിപ്പറക്കുന്നതു പോലെയാണെനിക്കു തോന്നിയത്. അത്രമാത്രം തെളിച്ചമായിരുന്നു (താമരമുക്ക്), മുടിയഴിച്ചിട്ടു മലർന്നുകിടക്കുന്ന ഇല്ലിക്കൽപ്പെണ്ണിന്റെ കൂർത്തുനിൽക്കുന്ന മുലകളുടെ പ്രലോഭനത്തിൽനിന്നും സൂര്യൻ ഇടയ്ക്കിടെ മേഘങ്ങളിലേക്കു മുഖം മറയ്ക്കുന്നതു ഞാൻ ജിത്തുവിനു കാട്ടിക്കൊടുത്തു (ഇലവീഴാപൂഞ്ചിറ), മഴവില്ലിന്റെ നിറങ്ങൾ വാർന്നുവീഴുന്ന മട്ടിൽ അക്ഷരങ്ങൾ മെനഞ്ഞ ട്രാൻസ് എന്ന മ്യൂസിക് ബാന്റിന്റെ മനോഹരമായ എഴുത്ത് കാറ്റത്തിളകി (നാരങ്ങാച്ചായ). കഥയോടൊട്ടി നിൽക്കുന്ന ഇത്തരം അതിസൂക്ഷ്മ ബിംബങ്ങൾ നിധീഷിന്റെ കഥകൾ വായിക്കുമ്പോൾ കിട്ടുന്നൊരു അതിരസമാണ്. എഴുത്തിലെ ഈ മാജിക് കണ്ടെടുക്കുന്നതെങ്ങനെയാണ്?

 

അങ്ങനെ ചോദിച്ചാൽ, കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോൾ വീണു കിട്ടുന്ന കാഴ്ചകളാണ് അതൊക്കെ എന്നേ പറയാൻ പറ്റൂ. രാത്രി ഏറെ വൈകി വീട്ടിലെത്താനുള്ള തിടുക്കത്തിൽ സൈക്കിളോടിച്ചിട്ടുള്ളവർക്കറിയാം ആ നേരത്ത് അകത്തും പുറത്തുമായി വീശുന്ന കാറ്റിന്റെ മുഴക്കം. കേവുവള്ളത്തിൽ ചരക്കുകളുമായി ഇവിടുന്നു തിരുവനന്തപുരത്തൊക്കെ പോയി കച്ചവടം ചെയ്തിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ആ കണ്ണുകളിലേക്ക് അൽപനേരം നോക്കിയിരുന്നാൽ മതി, കഥകളുടെ മഞ്ഞവെയിൽ നമ്മിലേക്ക് ചാഞ്ഞു വീഴും. ഒരു കഥ പറയുമ്പോൾ ചില ചെറിയ സൂചകങ്ങളിലൂടെ മറ്റൊരു വലിയ കഥ നമുക്ക് ഒളിപ്പിച്ചു കടത്താൻ പറ്റും. അത്തരം സൂചകങ്ങളെ തേടി കണ്ടുപിടിക്കാറുണ്ട്. പരത്തി പറയുന്നതിന്റെ വിരസതയെ മുറിക്കാനുള്ള ഒരു കുറുക്കുവഴി കൂടിയാണത്. എല്ലായ്പ്പോഴും അതു വർക്കാവണമെന്നില്ല. വായനക്കാർക്ക് എപ്രകാരം റിലേറ്റ് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണു ബിംബങ്ങളും സൂചകങ്ങളും കൂടുതൽ അർത്ഥവത്താകുന്നത്.

 

ഈയടുത്തുവായിച്ചതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുസ്തകം, കഥ; കണ്ടതിൽവച്ചേറ്റവും ഇഷ്ടമായ സിനിമ, വായിച്ചതിൽ മനസ്സുടക്കിയ ഒരു പത്രവാർത്ത, മനസ്സിൽനിന്നു മായാത്ത ഒരു കാഴ്ച, ഫെയ്സ്ബുക്കിലെ ഒരു കുറിപ്പ് തുടങ്ങിയവയെപ്പറ്റി വിശദമായി പറയാമോ?

 

ഹരിത സാവിത്രിയുടെ ‘മുറിവേറ്റവരുടെ പാതകൾ’ എന്ന പുസ്തകം ഒരു ട്രാവലോഗാണ്. ഗ്രീൻ ബുക്സാണ് പ്രസാധകർ. കേവലം യാത്രാക്കുറിപ്പുകളെന്ന് നമുക്കതിനെ ലേബൽ ചെയ്യാനാവില്ല. യൂറോപ്പിലെ പല ദേശങ്ങളിലെ മനുഷ്യരുടെ കണ്ണുനീർ ഒഴുകിപ്പരന്ന പുസ്തകം. ഒറ്റപ്പെടലും ദാരിദ്ര്യവും ചൂഷണങ്ങളും വിഷാദവുമെല്ലാം ആഴമേറിയ മുഴക്കത്തോടെ അനുഭവിപ്പിക്കുന്ന കുറിപ്പുകൾ.

 

എൻ. ഹരി എഴുതിയ ‘ത്സാൻസി റാണിയുടെ കുതിരകൾ’ എന്ന കഥയോടു സ്നേഹം തോന്നിയത് അതിൽ വൃദ്ധമനസ്സുകളുടെ നിസ്സഹായത ആഴത്തിൽ വരച്ചിരിക്കുന്നതിനാലാവണം. വളരെ റിയലിസ്റ്റിക്കായ കഥ പറച്ചിലാണ് ഹരിയുടേത്. വായിച്ചു തീരുന്ന പടി ആദ്യം വ്യക്തമാകാതിരുന്ന ചില ലിങ്കുകൾ തേടി കഥയിലേക്ക് ഒന്നുകൂടി പോകാനുള്ള വിദഗ്ധമായ കുരുക്ക് കഥാകൃത്ത് ക്രാഫ്റ്റിൽ ഇട്ടു വച്ചിരിക്കുന്നത് അദ്ഭുതത്തോടെയാണ് കണ്ടത്.

 

‘നായാട്ട്’ എന്ന സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചു ഭിന്നാഭിപ്രായങ്ങൾ വരുന്നുണ്ട്. എന്നാൽ ഞാനതിൽ ജീവിതം മാത്രമേ കണ്ടുള്ളു. നായാട്ട് കണ്ട ഓരോ പൊലീസുകാരനും ഉള്ള് നൊന്തിട്ടുണ്ടാകണം. തുടർന്നു പോകുന്ന വേദനയും അരക്ഷിതാവസ്ഥയും ആഴത്തിൽ കൺസീവ് ചെയ്യാൻ ആ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

 

ഉന്തുവണ്ടിയിൽ ഇളനീർ വിൽക്കുന്ന ഒരു മുനിരാജിനെ കുറിച്ച് മനോജ് വെങ്ങോല മുഖപുസ്തകത്തിൽ ഒരു കുറിപ്പെഴുതിയിരുന്നു. സ്വന്തമെന്ന് പറയാൻ ആരുമില്ലാത്തതിനാൽ കൂട്ടുകാരനെയും പെറ്റമ്മയെയും തീർക്കാൻ കഴിയാതെ ഉള്ളിൽ തീക്കനലുമായി നടക്കുന്ന മുനിരാജ്. ജീവിതമല്ലേ, ജീവിക്കണ്ടേ? എന്നയാൾ പറയുന്നുണ്ട്. അതൊരു പൊള്ളുന്ന ചോദ്യമായി ബാക്കി കിടക്കുന്നു.

 

പേടിയോടെയാണിപ്പോൾ പത്രം തുറക്കാറ്. സന്തോഷം തരുന്നതൊന്നുമല്ലല്ലോ ചുറ്റും നടക്കുന്നത്. ലോക്ഡൗൺ കാരണം ഡൽഹിയിൽ പെട്ടുപോയ ലോറി ഡ്രൈവർ കോവിഡ് ബാധിച്ചു മരണപ്പെട്ട വാർത്ത കാണുന്നതോടെ ഉള്ളിൽ അതിന്റെ ഇരുണ്ട വശം വർക്ക് ചെയ്യാൻ തുടങ്ങും. പൊടുന്നനെ തൊട്ടുതാഴെയുള്ള കോളത്തിൽ, ഒരു പാൽക്കാരൻ പത്തുപേർക്ക് ഓക്സി മീറ്ററുകൾ വാങ്ങി നൽകിയ വാർത്തയിലെ പ്രകാശം നമ്മെ ചെറുതായി സമാധാനപ്പെടുത്തും. മനസ്സിൽനിന്നു മായാത്ത ഏതെങ്കിലും ഒരു കാഴ്ച പറയാൻ ആവശ്യപ്പെട്ടാൽ വലിയ ബുദ്ധിമുട്ടാവും. ഒക്കെയും മായാത്ത കാഴ്ചകളാണ്. പറ്റുമെങ്കിൽ അതൊക്കെ കഥകളായി എഴുതാൻ ശ്രമിക്കാം.

 

കുടുംബം, വീട്, ജോലി, സിനിമ, പ്രകാശിതമായ പുസ്തകങ്ങൾ?

 

കൊല്ലം ജില്ലയിൽ ആദിനാട് എന്ന സ്ഥലത്ത് താമസിക്കുന്നു. അച്ഛനുമമ്മയും ഒപ്പമുണ്ട്. അനുജൻ മിൽമയിൽ ഉദ്യോഗസ്ഥനാണ്. ഭാര്യ ഭാഗ്യ ഒരു അൺ-എയ്ഡഡ് സ്കൂളിൽ അക്കൗണ്ടന്റ് ജോലി ചെയ്യുന്നു. മകൾ ദിയ പത്താം ക്ലാസ് കഴിഞ്ഞു. ഇളയമകൻ അമൻ യുകെജിയിലും. ഞാനിപ്പോൾ കോട്ടയം ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടറിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറാണ്. രണ്ട് ചെറുകഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. സയൂര ബുക്സിൽനിന്നു വെള്ളില, സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൽനിന്നു ഹിപ്പൊപ്പൊട്ടാമസ്. വൈകാതെ ഡിസി ബുക്സിൽ നിന്നു ‘താമരമുക്ക്’, പാപ്പാത്തി പുസ്തകങ്ങളിൽനിന്നു ‘ലോഹം’ എന്നീ കഥാസമാഹാരങ്ങൾ പുറത്തിറങ്ങും. എഴുത്തുപണികൾ പൂർത്തിയായ ഒരു ചെറിയ സിനിമ പ്രീ-പ്രൊഡക്‌ഷൻ സ്റ്റേജിലാണ്. അതിനെക്കുറിച്ച് പിന്നീടു പറയാം.

 

English Summary : Puthuvakku column written by Ajish Muraleedharan - Talk with writer Nidhish G