ഏണസ്റ്റ് ഹെമിങ് വെ: എഴുത്തിലെ സാഹസിതക; എഴുത്തുകാരന്റെയും
Mail This Article
സ്വന്തം ജീവിതംപോലെ സാഹസികത നിറഞ്ഞ കഥകൾകൊണ്ട് വായനക്കാരനെ വിസ്മയിപ്പിച്ച കഥാകാരനാണ് ഏണസ്റ്റ് ഹെമിങ് വെ. നടുക്കടലിൽ മൂന്നു ദിവസം മല്ലിട്ട് പിടികൂടിയ വമ്പൻ മത്സ്യത്തിന്റെ അസ്ഥിക്കൂടവുമായി കരയ്ക്കണയുന്ന സാന്റിയാഗൊ എന്ന ക്യൂബൻ മുക്കുവൻ, തോൽപ്പിക്കാനാവാത്ത ഇച്ഛാശക്തിയുമായി നമ്മുടെ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നതുപോലെത്തന്നെ ഹെമിങ് വെ എന്ന സാഹസികനായ അമേരിക്കൻ സാഹിത്യകാരനും എക്കാലത്തും വായനക്കാരന്റെ മനസ്സിൽ നിറഞ്ഞുനിൽക്കും.
ഡോക്ടറുടെ മകനായി 1899 ജൂലൈ 21ന് ആണ് ഹെമിങ് വെയുടെ ജനനം. ഹൈസ്കൂൾ ക്ലാസിൽ മികച്ച അത്‌ലറ്റായിരുന്നു ഹെമിങ് വെ. അന്നുതന്നെ എഴുതാനും തുടങ്ങിയിരുന്നു. വിദ്യാഭ്യാസാനന്തരം കാൻസാൻ സിറ്റി സ്റ്റാർ എന്ന പത്രത്തിൽ റിപ്പോർട്ടറായി. ഒന്നാം ലോക മഹായുദ്ധ കാലത്ത് അമേരിക്കൻ റെഡ്ക്രോസിൽ ആംബുലൻസ് ഡ്രൈവറായി. 1988 ജൂലൈയിൽ ഇറ്റാലിയൻ യുദ്ധമുന്നണിയിൽ വച്ചുണ്ടായ പരുക്കുമായാണു സ്വന്തം നാടായ മിഷിഗണിലേക്കു മടങ്ങിയത്. പിന്നീട് ‘ടോറന്റോ സ്റ്റാറി’ന്റെ വിദേശകാര്യ ലേഖകനായി പാരീസിലെത്തിയപ്പോഴാണ് സർഗാത്മക സാഹിത്യ പ്രവർത്തനമാരംഭിക്കുന്നത്.
ഹെമിങ് വെയുടെ ആദ്യകാല കഥകളിൽ പലതിലും അദ്ദേഹത്തിന്റെ ബാല്യ, കൗമാര ജീവിതവും അനുഭവങ്ങളും പ്രതിഫലിക്കുന്നുണ്ട്. ‘ഇൻ അവർ ടൈം’ (In Our Time) ഉദാഹരണം. എന്നാൽ ഒന്നാം ലോക യുദ്ധാനന്തരം, പ്രത്യാശകൾ തകർന്ന ഒരു തലമുറയുടെ ഇരുണ്ട ചിത്രങ്ങൾ അവതരിപ്പിച്ച ‘ദി സൺ ഓൾസൊ റൈസസ്’ (The Sun Also Rises) എന്ന നോവലാണ് ഹെമിങ് വെയ്ക്ക് അംഗീകാരം നേടിക്കൊടുത്തത്.
കാളപ്പോരുമത്സരത്തെ പ്രതിപാദിക്കുന്ന Death in the Afternoon, നായാട്ടിനെക്കുറിച്ചുള്ള Green Hills of Africa എന്നിവയ്ക്കു ശേഷമാണ് To have and not to have എന്ന പ്രശസ്തമായ ലഘുനോവൽ എഴുതുന്നത്. 1940ൽ പ്രസിദ്ധീകരിച്ച ‘ഫോർ ഹും ദി ബെൽ ടോൾസ്’ എന്ന മാസ്റ്റർപീസ് നോവലിൽ അമേരിക്കൻ ഫാസിസ്റ്റ് വിരുദ്ധസേനയിലെ റോബർട്ട് ജോർഡൻ എന്ന സന്നദ്ധ ഭടന്റെ ജീവിതത്തിലെ മൂന്നു ദിവസത്തെ കഥയാണ് വിവരിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധം ഹെമിങ് വെയുടെ സർഗാത്മക ജീവിതത്തിൽ സൃഷ്ടിച്ച മരവിപ്പ് ഒരു പതിറ്റാണ്ടുകാലം നീണ്ടുനിന്നു. പിന്നീടെഴുതിയ ‘ഓൾഡ് മാൻ ആൻഡ് ദി സീ’ എന്ന വിഖ്യാതകൃതി അതിന്റെ അത്യപൂർവമായ ശിൽപഭംഗികൊണ്ട് ലോകപ്രശസ്തമാകുകയും സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമാകുകയും ചെയ്തു. ഒടുവിൽ 1961 ജൂലൈ 2നു സ്വന്തം തോക്കിൽ നിന്നുതിർന്ന വെടിയുണ്ടയാണു ആ വലിയ എഴുത്തുകാരന്റെ ജീവിതത്തിനു വിരാമമിട്ടത്.
English Summary: Ernest Hemingway, American novelist