ADVERTISEMENT

കേരളത്തിന്റെ ശ്രേഷ്ഠമായ ആയുർവേദ ചികിത്സയ്ക്ക് ലോക പ്രശസ്തി നേടിക്കൊടുത്ത മഹാരഥനാണ് അന്തരിച്ച ആയുർവേദാചാര്യൻ ഡോ.പി.കെ.വാരിയർ. ഈയടുത്താണ് അദ്ദേഹം നൂറാം പിറന്നാൾ ആഘോഷിച്ചത്. പാരമ്പരാഗത രീതികളെ  മുറുകെ പിടിച്ചുള്ള ചികിത്സാവിധികളും ഔഷധ നിർമാണ–ഗവേഷണങ്ങളും അദ്ദേഹത്തെ ആയുർവേദ ചരിത്രത്തിലെ  വിശ്വപൗരനാക്കി. നിസ്വാർഥ സേവനങ്ങളാലും നന്മയുടെ ഔഷധഗുണങ്ങൾ കൊണ്ടും അദ്ദേഹം  ആയുർവേദത്തിന്റെ കർമയോഗിയായി വാഴ്ത്തപ്പെട്ടു. 

മലപ്പുറത്തെ കോട്ടയ്ക്കൽ ഒരു സ്ഥലപ്പേരിനപ്പുറം ലോകപ്രശസ്തമായൊരു ആര്യവൈദ്യശാലയുടെ തലപ്പാവാണ്. 1902–ൽ വൈദ്യരത്നം പി.എസ്.വാരിയർ സ്ഥാപിച്ച ആര്യവൈദ്യശാല ആ നാടിന്റെ പെരുമയ്ക്കും പുരോഗതിക്കും വഴിയൊരുക്കി. കുറച്ചു കുറുന്തോട്ടിയോ ഒരിടങ്ങഴി പാലോ കൊണ്ടുപോയി   കൊടുത്താൽ  പത്തുകാശ് കിട്ടുമെന്നായപ്പോൾ പാവപ്പെട്ട അനേകർക്ക് വൈദ്യശാല വലിയ ആശ്രയമായി. ഒട്ടേറെ േപർക്ക്  അവിടെ ജോലിക്കിട്ടി. വൈദ്യശാലയിലെ ധർമാശുപത്രി നൂറുകണക്കിനു പാവപ്പെട്ട രോഗികൾക്ക് വലിയ അനുഗ്രഹവുമായി.അങ്ങനെ കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു നാടിന്റെ ഗതിമാറ്റിയ കഥകൾ ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്‌റ്റിയുമായ ഡോ. പി.കെ.വാരിയർ ‘സ്‌മൃതിപർവം’ എന്ന ‌ആത്മകഥയിൽ വിവരിക്കുന്നുണ്ട്. 2008–ൽ ആത്മകഥയ്ക്കുള്ള സംസ്‌ഥാന സാഹിത്യ അക്കാദമി അവാർഡ് ഈ കൃതിക്കായിരുന്നു. 

athmakathayanam-column-dr-p-k-warrier
ഡോ. പി. കെ. വാരിയർ

രാഷ്‌ട്രപതി വി.വി.ഗിരി,ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമോവോ ബന്ദാര നായകെ , ജയപ്രകാശ് നാരായണൻ, തമിഴ്നാട് മുൻ മുഖ്യമന്ത്രി  കാമരാജനാടാർ, കേന്ദ്രമന്ത്രിമാരായിരുന്ന എൻ.സഞ്ജീവയ്യ, ഭൂട്ടാസിങ്,പാണക്കാട് ശിഹാബ് തങ്ങൾ, വി. എസ്. അച്യുതാനന്ദൻ തുടങ്ങി ഒട്ടേറെ പ്രമുഖർ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയ്ക്ക് എത്തിയിട്ടുണ്ട്. 

കോട്ടയ്‌ക്കൽ രാജാസ് സ്‌കൂളിലെ പഠനത്തിനുശേഷം ആയുർവേദ കോളജിൽനിന്ന് ആര്യവൈദ്യൻ ബിരുദം നേടി.  പഠനകാലത്ത് ചെറിയൊരു വിപ്ലവകാരി കൂടിയായിരുന്നു പി.കെ. വാരിയർ. പീപ്പിൾസ് വാർ മൂവ്‌മെന്റിൽ പങ്കെടുത്തതും  ഗാന്ധിത്തൊപ്പി ധരിച്ച് സ്‌കൂളിൽ സമരം ചെയ്‌തതും എ. കെ. ജിയ്‌ക്കു പിന്നാലെ മുഹമ്മദ് യൂസഫ് നടത്തിയ ജാഥയിൽ പങ്കുകൊണ്ടതും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതും വീടുവിട്ടുപോയി പ്രവർത്തിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ജീവചരിത്രത്തിലുണ്ട്.  1953ലാണ് അദ്ദേഹം  കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുക്കുന്നത്.

കേന്ദ്ര ആരോഗ്യ വകുപ്പിന് കീഴിലുള്ള ആയുർവേദ, യൂനാനി , ആൻഡ് സിദ്ധ ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡ്, കേരള ആയുർവേദിക് സ്‌റ്റഡീസ് ആൻഡ് റിസർച്ച് സൊസൈറ്റി ഗവേണിങ് ബോഡി, സെൻട്രൽ കൗൺസിൽ ഫോർ ഇന്ത്യൻ മെഡിസിൻ, സംസ്‌ഥാന ആയുർവേദ അഡ്വൈസറി ബോർഡ്, എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷൂറൻസ് കോർപറേഷന്റെ മെഡിക്കൽ ബെനിഫിറ്റ് കൗൺസിൽ, കേരള റീജനൽ ബോർഡ് എന്നിവയിൽ അംഗമായിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ ആയുർവേദ ഫാക്കൽറ്റി ഡീനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കേരള ആയുർവേദ മണ്ഡലം, അഖിലേന്ത്യാ ആയുർവേദ കോൺഗ്രസ് എന്നിവയുടെ അധ്യക്ഷനായും പ്രവർത്തിച്ചു.ഇംഗ്ലിഷിലും മലയാളത്തിലുമായി മുന്നൂറോളം ലേഖനങ്ങൾ രചിച്ച അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങളും പ്രഭാഷണങ്ങളും ‘പാദമുദ്ര’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

ഡോ. പി. കെ. വാരിയർ

മുഴുവൻ പേര്: പന്നിയമ്പളളി വാര്യത്ത് കൃഷ്‌ണൻകുട്ടി വാര്യർ 

ജനനം : 1921 ജൂൺ അഞ്ചിന് 

മരണം : 2021 ജൂൺ പത്ത്

പിതാവ്: കെ.ടി. ശ്രീധരൻ നമ്പൂതിരി

മാതാവ്: കുഞ്ചിവാര്യസ്യാർ  

ഭാര്യ: കവയിത്രി മാധവിക്കുട്ടി വാരസ്യാർ 

athmakathayanam-column-by-dr-mk-santhosh-kumar-on-kottakkal-dr-p-k-warrier
ഡോ. പി. കെ. വാരിയർ

മക്കൾ: ഡോ. ബാലചന്ദ്രൻ വാരിയർ, കെ. വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ. 

പ്രധാന ബഹുമതികൾ

പത്മശ്രീ, സംസ്‌ഥാന സർക്കാറിന്റെ അഷ്‌ടാംഗരത്നം അവാർഡ്, നാഷനൽ അക്കാദമി ഓഫ് ഇന്ത്യൻ മെഡിസിന്റെ ഫെലോഷിപ് , കാലിക്കറ്റ്, മഹാത്‌മാഗാന്ധി സർവകലാശാലകൾ , കോപ്പൻഹേഗൻ മെഡിസിന ആൾട്ടർനേറ്റീവ് എന്നിവയിൽ നിന്നുള്ള ഡോക്‌ടറേറ്റ് ,നേപ്പാളിലെ ഭൂപാൽ മാൻസിങ് കാർക്കി സ്‌പെഷ്യൽ അവാർഡ് , ധന്വന്തരി പുരസ്‌ക്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, ആദിസമ്മാൻ പുരസ്‌ക്കാർ, പണ്ഡിറ്റ് ശിവശർമ ഓറേഷൻ അവാർഡ്,കെ.പി.നമ്പൂതിരീസ് അവാർഡ്.

Content Summary : Athmakathayanam Column by Dr. M. K. Santhosh Kumar on Dr. P. K. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com