ചാരത്തിൽ നിന്നുയർന്ന അക്ഷരക്കുഞ്ഞുങ്ങൾ
എഴുതിയ 1000 പേജ് തൃപ്തി വരാതെ കത്തിച്ചു കളഞ്ഞ എഴുത്തുകാരിയാണ് നിഷ അനിൽകുമാർ. വീണ്ടും പല തവണ പുതുക്കി എഴുതി പൂർത്തിയാക്കിയ ആ നോവലാണ് ‘അവധൂതരുടെ അടയാളങ്ങൾ’. എഴുത്തുകാരിയുടെ സമർപ്പണത്തിന്റെ മുദ്ര പതിഞ്ഞു കിടക്കുന്നുണ്ട് നോവലിലെ ഓരോ വാക്കിലും. ലോക സാഹിത്യത്തിലെ മഹാമേരുക്കളായ ജീൻ പോൾ സാർത്രെയുടെയും
എഴുതിയ 1000 പേജ് തൃപ്തി വരാതെ കത്തിച്ചു കളഞ്ഞ എഴുത്തുകാരിയാണ് നിഷ അനിൽകുമാർ. വീണ്ടും പല തവണ പുതുക്കി എഴുതി പൂർത്തിയാക്കിയ ആ നോവലാണ് ‘അവധൂതരുടെ അടയാളങ്ങൾ’. എഴുത്തുകാരിയുടെ സമർപ്പണത്തിന്റെ മുദ്ര പതിഞ്ഞു കിടക്കുന്നുണ്ട് നോവലിലെ ഓരോ വാക്കിലും. ലോക സാഹിത്യത്തിലെ മഹാമേരുക്കളായ ജീൻ പോൾ സാർത്രെയുടെയും
എഴുതിയ 1000 പേജ് തൃപ്തി വരാതെ കത്തിച്ചു കളഞ്ഞ എഴുത്തുകാരിയാണ് നിഷ അനിൽകുമാർ. വീണ്ടും പല തവണ പുതുക്കി എഴുതി പൂർത്തിയാക്കിയ ആ നോവലാണ് ‘അവധൂതരുടെ അടയാളങ്ങൾ’. എഴുത്തുകാരിയുടെ സമർപ്പണത്തിന്റെ മുദ്ര പതിഞ്ഞു കിടക്കുന്നുണ്ട് നോവലിലെ ഓരോ വാക്കിലും. ലോക സാഹിത്യത്തിലെ മഹാമേരുക്കളായ ജീൻ പോൾ സാർത്രെയുടെയും
എഴുതിയ 1000 പേജ് തൃപ്തി വരാതെ കത്തിച്ചു കളഞ്ഞ എഴുത്തുകാരിയാണ് നിഷ അനിൽകുമാർ. വീണ്ടും പല തവണ പുതുക്കി എഴുതി പൂർത്തിയാക്കിയ ആ നോവലാണ് ‘അവധൂതരുടെ അടയാളങ്ങൾ’. എഴുത്തുകാരിയുടെ സമർപ്പണത്തിന്റെ മുദ്ര പതിഞ്ഞു കിടക്കുന്നുണ്ട് നോവലിലെ ഓരോ വാക്കിലും. ലോക സാഹിത്യത്തിലെ മഹാമേരുക്കളായ ജീൻ പോൾ സാർത്രെയുടെയും സിമോൺ ഡി ബുവെയുടെയും ജീവിതമാണ് അസാധാരണ കയ്യടക്കത്തോടെ നിഷ അവതരിപ്പിച്ചിരിക്കുന്നത്. സങ്കൽപവും യാഥാർഥ്യവും ഇഴചേർന്ന രചനാശൈലിയിലൂടെ ആ ഉന്നതവ്യക്തിത്വങ്ങളുടെ ജീവിതശോഭ വായനക്കാരിലേക്കും പ്രസരിപ്പിക്കുകയാണ് എഴുത്തുകാരി. നോവലുകളും കഥകളും ലേഖനങ്ങളുമടങ്ങിയ എഴുത്തുജീവിതത്തെക്കുറിച്ചു വിശദമായി സംസാരിക്കുകയാണു നിഷ.
‘അവധൂതരുടെ അടയാളങ്ങൾ’ എന്ന നോവലിൽ സിമോൺ ഡി ബുവെയും സാർത്രെയും തമ്മിലുള്ള ബന്ധം ഒരു സാങ്കൽപിക കഥാപാത്രത്തിന്റെ ചിന്തയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ്. സാഹിത്യത്തിലെ രണ്ട് ഉന്നത വ്യക്തിത്വങ്ങളുടെ ജീവിതം യാഥാർഥ്യവും സങ്കൽപവും കൂട്ടിക്കലർത്തി അവതരിപ്പിച്ചപ്പോഴുണ്ടായ പ്രധാന വെല്ലുവിളി എന്തായിരുന്നു? അതെങ്ങനെ മറികടന്നു? ആ നോവലെഴുതിയ അനുഭവം?
‘അവധൂതരുടെ അടയാളങ്ങൾ’ എഴുതിയപ്പോഴുണ്ടായ പ്രധാന വെല്ലുവിളി ജീൻ പോൾ സാർത്രെയെ എങ്ങിനെ അവതരിപ്പിക്കും എന്നതു തന്നെയായിരുന്നു. അവധൂതർ ഒരു സ്ത്രീപക്ഷ രചനയായതു കൊണ്ടുതന്നെ അദ്ദേഹത്തെപ്പോലെ ധീരനും സ്വതന്ത്രനും തത്ത്വചിന്തകനുമായ ഒരെഴുത്തുകാരനെ, നൊബേൽ പുരസ്കാരം തിരസ്കരിക്കാൻ തക്ക ഉന്നത നിലപാടുകൾ വച്ചുപുലർത്തിയ വിപ്ലവകാരിയായ മനുഷ്യസ്നേഹിയെ സിമോണിന്റെ അതേ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം ഉള്ളപ്പോഴും, സഹയാത്രികരായി ജീവിച്ച പ്രതിഭാശാലികളായ സ്ത്രീപുരുഷന്മാരിൽ ഉടലെടുക്കുന്ന അസൂയയും അഭിപ്രായവ്യത്യാസങ്ങളും തുറന്നെഴുതാതെ ഈ നോവൽ എഴുതിയാൽ അവരുടെ സ്വകാര്യ ജീവിതത്തെ പൊലിപ്പിച്ചെഴുതിയ വെറുമൊരു പൈങ്കിളി നോവലിന്റെ നിലവാരത്തിലേക്ക് പോകുമോയെന്ന ഭയം തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ആ വെല്ലുവിളി മറികടക്കുകയെന്നതു കഠിനം തന്നെയായിരുന്നു. സിമോണിന്റെ ജീവിതത്തിന്റെ രണ്ടു ഘട്ടം എന്ന നിലയിൽ കഥ പറയാൻ തീരുമാനിച്ചത് അങ്ങനെയാണ്.
സാർത്രെയിലെ കാമുകനും എഴുത്തുകാരനും സിമോൺ എന്ന പെൺകുട്ടിയെയും സിമോൺ എന്ന എഴുത്തുകാരിയെയും എങ്ങിനെ സ്വാധീനിച്ചു, എങ്ങിനെ പരിവർത്തനം ചെയ്യാൻ സാധിച്ചു എന്നൊരു തലത്തിൽ നിന്നുകൊണ്ടു കഥ പറയാൻ തീരുമാനിച്ച നിമിഷം ആ വെല്ലുവിളിയെ മറികടക്കാൻ സാധിക്കുകയും ചെയ്തു. നോവൽ എഴുതിത്തീർക്കാൻ നാലു വർഷം എടുത്തു. അനായാസമായി എഴുതാവുന്ന പ്രമേയമല്ലെന്ന ഉത്തമബോധ്യത്തോടെയാണ് ഈ സബ്ജക്ട് തിരഞ്ഞെടുത്തത്. നോവലിലേക്കു വേണ്ട ടൂൾസ് കണ്ടെത്തുക എളുപ്പമായിരുന്നില്ല. നാലു ലൈബ്രറികളിൽ എനിക്കു മെംബർഷിപ്പ് ഉണ്ടായിരുന്നു. എന്നിട്ടും ആവശ്യമുള്ള പുസ്തകങ്ങൾ ലഭിച്ചില്ല. കുറേയൊക്കെ ഗൂഗിളിനെ ആശ്രയിച്ചു. രണ്ടു ലോകമഹായുദ്ധങ്ങൾ നേരിട്ടവർ, അന്നത്തെ ഫ്രാൻസിന്റെ ചരിത്രം, സാർത്രെയുടെ ജയിൽ ജീവിതകാലം, യാത്രകൾ, സിമോണിന്റെ മറ്റു സൗഹൃദങ്ങൾ തുടങ്ങിയ കാര്യങ്ങൾ യാഥാർഥ്യത്തോടെ അവതരിപ്പിക്കുമ്പോൾ അതിൽ തെറ്റുപറ്റിയാൽ ചരിത്രത്തോടും വരാനിരിക്കുന്ന തലമുറയോടും ചെയ്യുന്ന നീതികേടായിരിക്കുമെന്ന് ബോധ്യമുള്ളതുകൊണ്ടുള്ള മാനസിക സംഘർഷം ചെറുതായിരുന്നില്ല.
ഒരു സ്ത്രീയെന്ന നിലയിൽ മറ്റനേകം ഉത്തരവാദിത്തങ്ങൾ ഉള്ളതുകൊണ്ട് എഴുതാനുള്ള സമയം കണ്ടെത്തുക, ജോലിയുടെ ഭാരം, ആ കാലഘട്ടത്തിൽ തന്നെ വേറേ രചനകൾക്കു വേണ്ടി സമയം കണ്ടെത്തുക ഇതൊക്കെ ഏതാണ്ട് ഭ്രാന്തിനു തുല്യമെത്തുന്ന അവസ്ഥ തന്നെയായിരുന്നു. ആദ്യമെഴുതിയ ആയിരത്തോളം പേജുകൾ തൃപ്തി തോന്നാതെ കത്തിച്ചു കളഞ്ഞു. വീണ്ടും ചുരുക്കി 750 പേജ് എഴുതി. അതിൽനിന്ന് എഡിറ്റ് ചെയ്ത് 600 പേജ് എഴുതി. ഒടുവിലാണ് ടൈപ്പ് ചെയ്തത്. ഒരു പുസ്തകത്തിനു വേണ്ടിയും ഇത്രയേറെ ആത്മസംഘർഷവും സമയവും എനിക്കു ചെലവഴിക്കേണ്ടി വന്നിട്ടില്ല.
നിഷയെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള സ്ത്രീപക്ഷ എഴുത്തുകാരി ആരാണ്? ഏറ്റവും സ്പർശിച്ച ഒരു സ്ത്രീപക്ഷ രചന ഏതാണ്?
ബോധം ഉറച്ചതു മുതൽ എന്നെ ഏറ്റവും സ്വാധീനിച്ച എഴുത്തുകാരി സിമോൺ ഡി ബുവെ തന്നെയാണ്. ഏറ്റവും സ്പർശിച്ചിട്ടുള്ള സ്ത്രീപക്ഷ രചന സിമോൺ ഡി ബുവെയുടെ ‘സെക്കൻഡ് സെക്സ്’ എന്ന പുസ്തകവും.
ഇതിഹാസത്തിന്റെ അമ്മ എന്ന ആദ്യ നോവൽ പ്രസിദ്ധീകരിച്ചതിന്റെ പതിനഞ്ചാം വർഷമാണിത്. ആദ്യകൃതിയെപ്പറ്റിയും അത് എഴുതാനിടയായ സാഹചര്യത്തെപ്പറ്റിയും പറയാമോ?
‘ഇതിഹാസത്തിന്റെ അമ്മ’ കേരളത്തിലെ നക്സൽ പ്രസ്ഥാനത്തെക്കുറിച്ചുള്ള നോവലാണ്. 19–ാം വയസ്സിലാണ് ഈ നോവൽ എഴുതിയത്. 1950 കളിലും 1970 കളിലും കേരളത്തിലും ബംഗാളിലും ഡൽഹിയിലുമായി നടക്കുന്ന കഥയാണ് നോവലിന്റെ സബ്ജക്ട്. ആ കാലത്ത് വായിച്ച പുസ്തകങ്ങളും എന്റെ ഉള്ളിലെ പ്രതിഷേധങ്ങളുമൊക്കെത്തന്നെയാണ് അങ്ങനെയൊരു നോവൽ എഴുതാനുണ്ടായ സാഹചര്യവും. ഡിസി ആണ് നോവൽ പ്രസിദ്ധീകരിച്ചത്. എന്റെ ആദ്യത്തെ പുസ്തകവും ആദ്യത്തെ രചനയും ഇതിഹാസത്തിന്റെ അമ്മയാണ്.
പണ്ഡിറ്റ് കറുപ്പനെക്കുറിച്ചെഴുതിയ ലേഖനം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ പല അജ്ഞാത മേഖലകളിലേക്കുമുള്ള സഞ്ചാരമായിരുന്നു. മലയാളി സമൂഹം വേണ്ടവിധം മനസ്സിലാക്കിയിട്ടില്ലാത്ത മഹദ് വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. പണ്ഡിറ്റ് കറുപ്പൻ മനസ്സിലെത്തിയത് എങ്ങനെയായിരുന്നു?
ഇന്ത്യയിൽ ഇപ്പോഴും ദലിതർ വേട്ടയാടപ്പെടുന്നു. ജാതീയമായ വേർതിരിവ് ഏറ്റവും രൂക്ഷമായ കാലഘട്ടത്തിലൂടെയാണു നമ്മളിപ്പോൾ കടന്നുപോകുന്നത്. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് എവിടെയും കറുത്തവർ വംശീയമായ വേർതിരിവിനു വിധേയരാകുന്നുവെന്നതിന്റെ തെളിവാണല്ലോ അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വർഗക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം. നമ്മുടെ നാട്ടിലും ആ അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ല. പണ്ഡിറ്റ് കറുപ്പനെ പോലെയുള്ള എത്രയോ വലിയ നേതാക്കൾ സമുദായികമായ മുന്നേറ്റത്തിനു വേണ്ടി സമരം ചെയ്തു നേടിയ പല നേട്ടങ്ങളും പരാജയങ്ങളാകുന്ന ഒരു അവസ്ഥയാണ് പൂർണ്ണ സാക്ഷരത കൈവരിച്ചെന്ന് അവകാശപ്പെടുന്ന കേരളീയ സമൂഹത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ആ ചിന്തയിൽ നിന്നാണ് പണ്ഡിറ്റ് കറുപ്പനെ വീണ്ടും സ്മരിക്കേണ്ടതിന്റെ ആവശ്യം ഉണ്ടെന്ന തോന്നലുണ്ടായത്. കൂടാതെ അദ്ദേഹം കൊച്ചിയിലാണ് തന്റെ പ്രവർത്തന മണ്ഡലം കേന്ദ്രീകരിച്ചതും. പണ്ഡിറ്റ് കറുപ്പൻ സ്മൃതിമണ്ഡപത്തിനു മുന്നിൽ പലവട്ടം ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് പോയപ്പോഴൊക്കെ, ഇദ്ദേഹത്തെക്കുറിച്ച് എഴുതണമല്ലോ എന്നൊരു തോന്നൽ ഉണ്ടായിട്ടുമുണ്ട്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ചർമവാർഷികദിനമായ മാർച്ച് 23 നു ചന്ദ്രികയിൽ ഒരു ലേഖനം എഴുതുന്നത്.
കഥകളാണല്ലോ കൂടുതൽ എഴുതിയിട്ടുള്ളത്. അതിൽ മനസ്സിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന കഥയേതാണ്? എന്താണു കാരണം?
എഴുതിയ കഥകളിൽ എഴുത്തുകാരിയെന്ന നിലയിൽ ചേർന്നു നിൽക്കുന്നത് ‘കുരുട്ട് മരം’ എന്ന കഥയാണ്. താൻ സൃഷ്ടിച്ചു വിട്ട കഥാപാത്രങ്ങൾ എഴുത്തുകാരിയെ ചോദ്യം ചെയ്യാനെത്തുന്നതാണ് പ്രമേയം. യഥാർഥത്തിൽ ഓരോ സൃഷ്ടിയും സൃഷ്ടികർത്താവിന് മുന്നിൽ വെല്ലുവിളിയും ചോദ്യചിഹ്നങ്ങളുമാണല്ലോ. അതു രചയിതാവിന്റെ മുന്നിൽ ആയാലും ഈശ്വരന്റെ മുന്നിൽ ആയാലും. ആ ഒരു കാഴ്ചപ്പാടിൽ നിന്നാണ് ആ കഥ ജനിച്ചത്.
എഴുത്തുകാരി ഒരു ബിസിനസുകാരി കൂടിയാണ്. അത്ര സാധാരണയല്ലാത്ത ഒരു കൂട്ട്. ബിസിനസും എഴുത്തും എങ്ങനെയാണ്, വലിയ കൂട്ടുകാരാണോ?
എഴുത്തും ബിസിനസും രണ്ടു തരത്തിൽ സംഘർഷം തന്നെയാണ്. എഴുത്തിൽ സ്വാതന്ത്ര്യവും പ്രതിഷേധവും പ്രകടിപ്പിക്കാനുള്ള അവസരമുണ്ട്. എന്നാൽ ബിസിനസിൽ തന്ത്രവും ക്ഷമയുമാണ് ആവശ്യം. ഇടയ്ക്ക് ഇതിന്റെ ബാലൻസ് തെറ്റും. എങ്കിലും രണ്ടുംകൂടി ഒരുമിച്ച് കൊണ്ടുപോകേണ്ടതുകൊണ്ടു സാഹചര്യത്തിന് അനുസരിച്ചു ജീവിച്ചുപോകുന്നു.
നിഷ എഴുത്തിലേക്കു വരുന്നത് എങ്ങനെയാണ്? ചെറുപ്പത്തിലെ വായനയും എഴുതാനുള്ള ശ്രമങ്ങളും എങ്ങനെയായിരുന്നു? പ്രചോദനങ്ങൾ എന്തൊക്കെയായിരുന്നു?
എനിക്കു ജനപ്രിയ നോവലുകൾ വായിക്കാൻ ഇഷ്ടമാണ്. അതുപോലെ ക്രൈം നോവലുകളും. ജോയ്സിയെയൊക്കെ വായിക്കുമ്പോൾ അതിശയം തോന്നിയിട്ടുണ്ട്. എങ്ങനെ ഇത്രയധികം എഴുതാൻ സാധിക്കുന്നുവെന്ന്. നമുക്ക് നമ്മളെത്തന്നെ എവിടെയെങ്കിലും ഇറക്കി വയ്ക്കണമെന്ന തോന്നലിൽനിന്നു തന്നെയാണ് ഓരോ എഴുത്തുകാരനും/കാരിയും ജനിക്കുന്നതെന്നാണ് എന്റെ വിശ്വാസം. എന്റെ ഉള്ളിലെ എഴുത്തുകാരിയും അങ്ങനെയാണ് പിറന്നത്. പിന്നെയത് പ്രതിഷേധങ്ങൾ തുറന്നുകാട്ടാനുള്ള നല്ലൊരു പ്ലാറ്റ്ഫോം കൂടിയാണെന്നു തോന്നി. ആ തോന്നലിനെ എഴുത്തുകാർ എങ്ങനെ യൂസ് ചെയ്യുന്നു എന്നതുപോലെയിരിക്കും അവരുടെ പെർഫോമൻസ്. എനിക്കത് എന്നെത്തന്നെ അടയാളപ്പെടുത്താനുള്ള വേദി കൂടിയായിരുന്നു.
നിഷയുടെ സമകാലികരായ എഴുത്തുകാരിൽ വായനയിൽ പിന്തുടരുന്നത് ആരെയൊക്കെയാണ്?
സമകാലികരായ എഴുത്തുകാർ എല്ലാവരും പ്രതീക്ഷയും ആവേശവും തരുന്നവർ തന്നെയാണ്. വായനയിൽ പിന്തുടരുന്ന ഒരാളെ ചൂണ്ടിക്കാണിക്കുക ബുദ്ധിമുട്ടാണെങ്കിലും ജിസ ജോസിനെയും മനോജ് വെങ്ങോലയെയും കുറച്ചു കൂടുതൽ ശ്രദ്ധിക്കാറുണ്ട്. പിന്നെ ജേക്കബ് ഏബ്രഹാം. ജേക്കബിന് എങ്ങിനെയാണ് ഇങ്ങനെ തുരുതുരാ കഥകൾ വരുന്നതെന്ന് അതിശയിച്ചിട്ടുണ്ട്.
ഈയടുത്തു മനസ്സിനെ ഏറ്റവും സ്പർശിച്ച ഒരു കഥ, ഒരു പുസ്തകം, ഒരു എഫ്ബി പോസ്റ്റ്, ഒരു പത്രവാർത്ത, ഒരു ചിത്രം എന്നിവ ഏതൊക്കെയാണെന്നു വിശദമാക്കാമോ?
മനസ്സിനെ സ്വാധീനിച്ച കഥ മനോജ് വെങ്ങോലയുടെ ‘പൊറള്’ എന്ന കഥയാണ്. പുസ്തകം സാറാ ജോസഫിന്റെ ‘ബുധിനി’. പത്രവാർത്ത വർഷങ്ങളോളം വീടിനുള്ളിൽ പ്രണയിനിയെ ഒളിപ്പിച്ചു താമസിപ്പിച്ച റഹ്മാനെ കുറിച്ചുള്ളതാണ്. ആ വാർത്തയെ വിസ്മയകരം എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. എന്നാൽ ഏറ്റവും വേദനിപ്പിച്ച വാർത്ത അമ്മയ്ക്കു വേണ്ടി ശവക്കുഴി വെട്ടേണ്ടി വന്ന പയ്യനെ കുറിച്ചുള്ളതാണ്. നിങ്ങളാണ് എന്റെയമ്മയെ കൊന്നതെന്ന് ആ കുട്ടി വിളിച്ചു പറഞ്ഞപ്പോൾ നമ്മളോരോരുത്തരും ആ മരണത്തിന് ഉത്തരവാദികൾ തന്നെയെന്ന് തോന്നി. എഫ്‌ബി പോസ്റ്റ് കുറച്ചു പഴയതാണ്. ‘ചെലോദ് റെഡ്യാകും, ചെലോദ് റെഡ്യാകൂല്ല’
എന്ന വിഡിയോ തന്നെ. അതിനെക്കാൾ ആഴമേറിയ ഒരു പദമോ ഒരു സന്ദേശമോ ലോകത്തിനു ലഭിക്കാനുണ്ടോ! ചിത്രം: ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’.
കുടുംബം
ഭർത്താവ് അനിൽകുമാർ ഒരു ട്രാവൽസ് നടത്തുന്നു. രണ്ടു മക്കൾ. മൂത്തയാൾ കൃഷ്ണ ബിഎസ്‌സി രണ്ടാം വർഷം, ഇളയ ആൾ അദിതി എട്ടാം ക്ലാസ് വിദ്യാർഥി. കൊച്ചിയിൽ തമ്മനത്ത് താമസം.
Content Summary : Puthuvakku column written by Ajish Muraleedharan - Talk with writer Nisha Anilkumar