പ്രിയ എസ്.കെ., അവൾ തന്റെ മരണത്തിന്റെ രഹസ്യം താങ്കളോട് പറയാതിരിക്കില്ല...
കാലങ്ങൾക്കു മുമ്പ് കാറ്റുപ്പാറ കുന്നിന്റെ വിജനതയിൽ വായനാ ഭ്രാന്തമായി ഒരു യുവാവ് ജീവിച്ചിരുന്നു. വിശപ്പറിയാതെ ദാഹമറിയാതെ പ്രണയ കാമങ്ങളറിയാതെ വേനലും വസന്തവും വന്ന് പോവുന്നതറിയാതെ ... സൂര്യൻ കൂർക്കം വലിച്ചുറങ്ങുമ്പോൾ എഴുന്നേറ്റ് പതിനൊന്ന് മണിക്ക് മുമ്പ് തന്നെ ടാപ്പിംങ് ജോലിയൊക്കെ തീർത്ത്
കാലങ്ങൾക്കു മുമ്പ് കാറ്റുപ്പാറ കുന്നിന്റെ വിജനതയിൽ വായനാ ഭ്രാന്തമായി ഒരു യുവാവ് ജീവിച്ചിരുന്നു. വിശപ്പറിയാതെ ദാഹമറിയാതെ പ്രണയ കാമങ്ങളറിയാതെ വേനലും വസന്തവും വന്ന് പോവുന്നതറിയാതെ ... സൂര്യൻ കൂർക്കം വലിച്ചുറങ്ങുമ്പോൾ എഴുന്നേറ്റ് പതിനൊന്ന് മണിക്ക് മുമ്പ് തന്നെ ടാപ്പിംങ് ജോലിയൊക്കെ തീർത്ത്
കാലങ്ങൾക്കു മുമ്പ് കാറ്റുപ്പാറ കുന്നിന്റെ വിജനതയിൽ വായനാ ഭ്രാന്തമായി ഒരു യുവാവ് ജീവിച്ചിരുന്നു. വിശപ്പറിയാതെ ദാഹമറിയാതെ പ്രണയ കാമങ്ങളറിയാതെ വേനലും വസന്തവും വന്ന് പോവുന്നതറിയാതെ ... സൂര്യൻ കൂർക്കം വലിച്ചുറങ്ങുമ്പോൾ എഴുന്നേറ്റ് പതിനൊന്ന് മണിക്ക് മുമ്പ് തന്നെ ടാപ്പിംങ് ജോലിയൊക്കെ തീർത്ത്
കാലങ്ങൾക്കു മുമ്പ് കാറ്റുപ്പാറ കുന്നിന്റെ വിജനതയിൽ വായനാ ഭ്രാന്തമായി ഒരു യുവാവ് ജീവിച്ചിരുന്നു. വിശപ്പറിയാതെ ദാഹമറിയാതെ പ്രണയ കാമങ്ങളറിയാതെ വേനലും വസന്തവും വന്ന് പോവുന്നതറിയാതെ ...
സൂര്യൻ കൂർക്കം വലിച്ചുറങ്ങുമ്പോൾ എഴുന്നേറ്റ് പതിനൊന്ന് മണിക്ക് മുമ്പ് തന്നെ ടാപ്പിംങ് ജോലിയൊക്കെ തീർത്ത് കാട്ടരുവിയിൽ കുളിച്ച് ആ വിജനതയിൽ ഇരുന്ന് അവൻ പുസ്തകങ്ങളെ തിന്ന് തീർത്തു
അവന്റെ ചുറ്റും ഹരിതാഭകളായിരുന്നു. കിഴക്ക് വയനാടൻ മലനിരകൾ. പടിഞ്ഞാറ് തട്ട് തട്ടുകളായി കയറിപ്പോകുന്ന ചെറു കുന്നുകൾ. വടക്ക് മയ്യഴിയുടെ കൈവഴിയായ മടപ്പള്ളിപ്പുഴ. തെക്ക് കമ്പിവേലികൾ അതിരിട്ട സർക്കാർ വനങ്ങളുമായിരുന്നു
താഴെ...
മടപ്പള്ളി പുഴക്കും കൊക്കോ തോട്ടങ്ങൾക്കും ഇപ്പുറം താഴ്വരയിൽ ആടുകളെ മേയ്ക്കാൻ വരുന്ന പെൺകുട്ടിയുടെ കയ്യിലും പുസ്തകം ഉണ്ടായിരുന്നു എന്തൊക്കെയാവും അവൾ വായിക്കുന്നത് എന്ന് അവൻ അത്ഭുതപ്പെടുമായിരുന്നു. കാറ്റ് പാറയ്ക്കും താഴ്വരയ്ക്കും ഇടയിലെ പുൽത്തകിടികളിൽ ആടുകൾ സ്വപ്നം കണ്ടു നടന്നു. അവളുടെ കയ്യിൽ ചോറ്റുപാത്രം ഉണ്ടായിരുന്നു അവളുടെ വസ്ത്രങ്ങൾക്ക് കടുംവർണങ്ങളായിരുന്നു. ചോറ് തിന്ന് കഴിഞ്ഞ് മടപ്പള്ളി പുഴയിൽ കയ്യും പാത്രവും വൃത്തിയാക്കി സൂര്യൻ ഉറങ്ങാൻ പോവുവോളം അവൾ വായിച്ചു.
അവന്റെ അന്തർമുഖത്വത്തിന്റെ വേലികൾ പൊളിച്ച് ആദ്യം അവളുടെ ആടുകൾ കുന്ന് കയറി വന്നു. അവയെ പിടിക്കാൻ അവൾ വന്നു പിന്നെ അവളുടെ പുസ്തകങ്ങളും വന്നു. അവളുടെ കയ്യിൽ നിന്നാണ് അവന് ആദ്യമായി
‘‘ഒരു ദേശത്തിന്റെ കഥ’’ വായിക്കാൻ കിട്ടിയത്.
അത് അതിരാണിപ്പാടത്തിന്റെയോ ശ്രീധരന്റെയോ മാത്രം കഥ ആയിരുന്നില്ല. ശ്രീധരനു ചുറ്റും നൂറോളം കഥാപാത്രങ്ങളും അരനൂറ്റാണ്ടിലേറെ കാലവും ഉണ്ടായിരുന്നു. ചരിത്രത്തിന്റെ നേർരേഖകളെ മറയിൽ നിർത്തി നാട്ടറിവിന്റെയും നാട്ടുഭാഷയുടേയും താളത്തിൽ, എസ്.കെ. പൊറ്റെക്കാട്ട് എന്ന ലോകസഞ്ചാരി ഒരു സിംഫണി തീർക്കുകയായിരുന്നു. മലയാളനോവലിൽ അവൻ അന്നുവരെ കേൾക്കാത്ത ആ സിംഫണി അവന്റെ ചുറ്റും പ്രതിധ്വനിച്ചു.
അതിരാണിപ്പാടത്തു നിന്നും അക്കണ്ട ദൂരമത്രയും താണ്ടി മടപ്പള്ളി പുഴ നീന്തി കൊക്കോ തോട്ടങ്ങൾ മുറിച്ചുകടന്ന് കരിമ്പാറയിലെ പടവുകൾ കയറി അവർ ഓരോരുത്തരായി അവനെ തേടിയെത്തി.
ചിരിയും കണ്ണീരും രതിയും പകയും മൃതിയും വേദനയും വിശപ്പും നിറച്ച ഓരോരോ ഭാണ്ഡങ്ങൾ അവരുടെ തോളുകളിൽ തൂങ്ങിക്കിടന്നു. ആധാരം ആണ്ടിയും, പെരിക്കോലൻ അയ്യപ്പനും, കുളൂസ് പറങ്ങോടനും, ശകുനിക്കമ്പൗണ്ടറും കുടക്കാൽ ബാലനും, കൂനൻ വേലുവും... പിന്നെയും എത്രയോ ജന്മങ്ങൾ കാറ്റ് പാറക്കുന്നിന്റെ മുകളിൽ വെയില് കൊണ്ടു.
സത്യവും നീതിയും ജീവിതപ്പൊരുളാക്കിയ കൃഷ്ണൻ മാസ്റ്റർ കുന്നിൻമുകളിലെ കുളിർകാറ്റിൽ ഇളവേറ്റു. കേളഞ്ചേരി തറവാടിനെ നശിപ്പിച്ചും സ്വയം നശിച്ചും വന്നെത്തിയ കുഞ്ഞിക്കേളു മേലാൻ വയനാടൻ മലകളിലെ മഞ്ഞിൻ പുതപ്പുകൾ നോക്കി നെടുവീർപ്പിട്ടു. അന്യന്റെ സമ്പാദ്യം റാഞ്ചുന്ന ശങ്കുണ്ണി കമ്പൗണ്ടറും അനീതിക്കെതിരെ മുഖംനോക്കാതെ പ്രതികരിക്കുന്ന ഉണ്ണീലിയമ്മയും റബ്ബർ മരങ്ങൾക്കിടയിൽ അലഞ്ഞുനടന്നു.
അവരാരും തന്നെ അവന് അപരിചിതരായിരുന്നില്ല. ചങ്ങാത്തം കൂടാൻ അവരാരും മടിച്ചു നിന്നതുമില്ല. അവരെയൊക്കെ സൃഷ്ടിച്ച ആ പ്രതിഭയുടെ തൂലികയ്ക്ക് അത്രമാത്രം ശക്തി ഉണ്ടായിരുന്നു.
വലിയ മുഖ വിസ്താരമുള്ള കിണർ കുലുക്കിക്കൊണ്ട് ആലി കിണറ്റിലേക്ക് ചാടിയപ്പോൾ അവന്റെ ഹൃദയമിടിപ്പിന് വേഗം കൂടി. പാതി നഗ്നയായ കാന്തമ്മയെ ഒരു കൈകൊണ്ട് മാറത്ത് അടക്കി പിടിച്ച് മറ്റേ കൈകൊണ്ട് വെള്ളത്തിൽ തുഴഞ്ഞ് പൊങ്ങിവന്ന ആലിയെ അവൻ അത്ഭുതത്തോടെ നോക്കി.
തിരുവാതിര രാത്രികളിൽ ആരും കല്യാണി കുട്ടിയേയോ ജാനുവിനെയോ അന്വേഷിച്ചില്ല. അതിരാണിപ്പാടമാകെ ഉത്സാഹത്തിന്റെ തിരകളിൽ ആടിയുലഞ്ഞു. തിരുവാതിര സൂര്യൻ അതിരാണിപ്പാടത്തിനപ്പുറം താഴുമ്പോൾ സന്യാസിയായും കുറവനായും കുറത്തിയായും കൈനോട്ടക്കാരനായും സായിപ്പായും മദാമ്മയായുമൊക്കെ മുതിർന്നവരും കുട്ടികളും പൊറാട്ടു വേഷങ്ങൾ കെട്ടിയാടി. ഏകാങ്ക നാടകസംഘങ്ങൾക്കും പ്രഹസനക്കാർക്കും ഡാൻസുകാർക്കും സദിരുകാർക്കും വേണ്ടി പെട്രോൾമാക്സുകൾ എരിഞ്ഞു.
അവൻറെ ചുറ്റും അവർ വട്ടമിട്ടിരുന്ന് കഥകൾ പറഞ്ഞു. മലയാളത്തിൻ്റെ മധുരമുള്ള കഥകൾ. കഥകൾക്കും അപ്പുറത്ത് അവയൊക്കെയും ജീവിതങ്ങളായിരുന്നു. ആ ജീവിതങ്ങൾ മനുഷ്യരുടേതായിരുന്നു. മനുഷ്യൻ എന്ന അത്ഭുതത്തെ അത്രമേൽ അത്ഭുതത്തോടെ അവൻ അറിയുകയായിരുന്നു. കാറ്റു പാറ കുന്ന് അതിരാണി പാടമായും അതിരാണി പാടം കാറ്റ് പാറ കുന്നായും കുപ്പായം മാറി കളിക്കുന്നത് വായനയുടെ സുഖലഹരിയിൽ അവൻ അറിഞ്ഞു.
താഴെ ...
ആ പെൺകുട്ടി ഒഴുകുന്ന പുഴക്കിപ്പുറത്ത് കാട്ടു മരത്തിന്റെ ചുവട്ടിൽ ഇരുന്നു വായിച്ചു. കൊക്കോ തോട്ടങ്ങൾക്കും കളിപ്പാട്ടങ്ങൾ ചിതറിക്കിടക്കും പോലെ കിടന്ന പട്ടണത്തിനും അപ്പുറം കുറച്ചു മണിക്കൂറുകളുടെ മാത്രം യാത്രാ ദൂരത്തിൽ അതിരാണിപ്പാടം നഗരമായി മാറി ജീവിതം ആഘോഷിക്കുന്നത് അവൻ ഉൾക്കണ്ണിലൂടെ കണ്ടു.
ശ്രീധരൻ നടന്ന വഴികളിലൂടെ അവനും നടന്നു. ശ്രീധരൻ കണ്ട സ്വപ്നങ്ങൾ അവന്റെ സ്വപ്നങ്ങൾ കൂടിയായി മാറി. ശ്രീധരനു മുമ്പിൽ നദിയായി ഒഴുകിയ ജീവിതങ്ങൾ അതിന്റെ എല്ലാ വികാര വിചാരങ്ങളുമായി അവന്റെ ഉള്ളിൽ ഇളകിമറിഞ്ഞു. ശ്രീധരന്റെ ആദിരൂപം എസ്.കെ. പൊറ്റെക്കാട്ട് തന്നെയാണെന്ന അറിവിൽ അവൻ കണ്ണുകൾ അടച്ച് പൊറ്റക്കാടിന്റെ മുഖം ഉള്ളിലേക്ക് ആവാഹിച്ചെടുത്തു. അവനെ തൊട്ട് തഴുകി കുളിർകാറ്റുകൾ കടന്നുപോയി.
ആ പെൺകുട്ടി പൊറ്റക്കാടിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചവളായിരുന്നു. നാടൻ പ്രേമവും തെരുവിന്റെ കഥയും വിഷകന്യകയും കാപ്പിരികളുടെ നാട്ടിലും വൃന്ദാവനവും പ്രേമ ശിക്ഷയും മൂടുപടവും കറാമ്പൂവും നോർത്ത് അവന്യൂവും സിംഹ ഭൂമിയും ഇൻഡോനേഷ്യൻ ഡയറിയും സോവിയറ്റ് ഡയറിയും നേപ്പാൾ യാത്രയും കുരുമുളകും ഏതാണ്ട് എല്ലാ ചെറുകഥകളും വായിച്ചിരുന്നു.
ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് എന്ന, എസ്.കെ. പൊറ്റെക്കാട്ടിന്റെ വിടർന്ന കണ്ണുകളോടും പൊടിമീശയോടും അവൾക്ക് പ്രണയമായിരുന്നു. എസ്. കെ.യുടെ എഴുത്തിനെ കുറിച്ച് മണിക്കൂറുകളോളം അവൾ അവനോട് സംസാരിച്ചു. സുന്ദരിയായ ആ പത്തൊമ്പതുകാരിയുടെ സ്വപ്നങ്ങളിലും ചിന്തകളിലും സംസാരത്തിൽ പോലും സ്വാധീനം ചെലുത്തിയ എസ്.കെ. പൊറ്റക്കാട് എന്ന എഴുത്തുകാരനോട് അവന് കഠിനമായ അസൂയ തോന്നി.
അക്കാലത്ത് ഒരു പെൺകുട്ടിയും യുവാവും തമ്മിൽ സംസാരിക്കുന്നത് കണ്ടാൽ തന്നെ അവർ തമ്മിൽ ഹിതമല്ലാത്തതെന്തോ ഉണ്ടെന്ന് ഊഹിച്ചെടുത്ത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന നാട്ടുകാരെ അവൾ പേടിച്ചതേയില്ല. അവരെ കാണാൻ പാകത്തിൽ അവിടെ ഒരു മനുഷ്യജീവി പോലും ഉണ്ടായിരുന്നില്ല.
അവർക്കിടയിൽ എസ്.കെ. പൊറ്റെക്കാട്ട് എന്ന എഴുത്തുകാരനും അദ്ദേഹത്തിന്റെ രചനകളും ഏറ്റവും കരുതലോടെ ചർച്ചചെയ്യപ്പെട്ടു. ജീവിതത്തിൽ ഒരിക്കലെങ്കിലും പൊറ്റക്കാട്ടിനെ നേരിട്ട് കണ്ട് ഓട്ടോഗ്രാഫ് വാങ്ങാൻ കഴിയാത്തതിന്റെ ദുഃഖം അവളിൽ ഉണ്ടാക്കുന്ന ചലനങ്ങൾ കണ്ട് അവൻ അമ്പരന്നു. ഒരു പ്രതിഭയുടെ വാക്കുകൾക്ക് മനുഷ്യ മനസ്സിൽ ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനത്തിന് ശക്തി എത്രയാണെന്ന് അവൻ അനുഭവിച്ച് അറിയുകയായിരുന്നു.
ആ കുന്നിൻ പുറത്തെ വിജനവാസം വെടിഞ്ഞ് മറ്റൊരു ജോലിയിലും കാലത്തിലും വായനാ ഭ്രാന്തുമായി അവൻ ജീവിക്കവെ അവളുടെ ആത്മഹത്യാ വാർത്ത അവനെ തേടിയെത്തുക തന്നെ ചെയ്തു. താഴ്വരയിൽ ആടുകളെ മേയാൻ വിട്ട് കാട്ടുമരത്തിന്റെ ചുവട്ടിൽ പുസ്തകവും കയ്യിൽ പിടിച്ച് മറു ലോകങ്ങളിൽ ജീവിച്ച അവളുടെ മുഖം അവന്റെ ഉള്ളിൽ തെളിഞ്ഞു.
പിന്നെയും കുറച്ചുകാലം കഴിഞ്ഞ് കാറ്റുപാറ കുന്ന് തേടി അവൻ എത്തിയപ്പോൾ ആ താഴ്വരകളിൽ നിറയെ റബ്ബർ മരങ്ങളായിരുന്നു. അവൾ മരണത്തിലേക്ക് പറന്ന മല മുനമ്പിൽ നിന്ന് താഴേക്കു നോക്കിയപ്പോൾ അവൻ അവളുടെ ശബ്ദം കേട്ടു. അന്തരീക്ഷത്തിൽ അവളുടെ ചിരി ചിതറി ചിലമ്പുന്നതും കേട്ടു .
അവൻ അതിന് മറുപടിയായി ഉരുവിട്ടു.
‘‘അതിരാണിപ്പാടത്തെ പുതിയ തലമുറയുടെ കാവൽക്കാരാ... അതിക്രമിച്ച് കടന്നത് പൊറുക്കൂ ... പഴയ കൗതുക വസ്തുക്കൾ തേടി നടക്കുന്ന ഒരു പരദേശിയാണ് ഞാൻ...’’
വർഷങ്ങൾക്കിപ്പുറം മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായ ഒരു ദേശത്തിന്റെ കഥ ഒരിക്കൽ കൂടി വായിച്ചു തീരുമ്പോൾ,
പ്രിയ എസ്. കെ...
താങ്കൾ ഈ ഭൂമിയിൽ ഇല്ല. താങ്കളുടെ ഈ അക്ഷര വിസ്മയം എനിക്ക് കൈമാറിയ പെൺകുട്ടിയും ഇല്ല. മരണത്തിനപ്പുറത്തെ ലോകത്തിൽ വച്ച് അവൾ നിങ്ങളെ കണ്ടുമുട്ടാതിരിക്കില്ല. നിങ്ങളുടെ കൈകളിൽ ഏറ്റവും വിശുദ്ധിയോടെ അവൾ ചുംബിക്കാതിരിക്കില്ല. അവൾക്ക് താങ്കളോട് പ്രണയമായിരുന്നു. താങ്കളുടെ രചനകൾ വായിച്ചയത്ര അവൾ മറ്റൊരു എഴുത്തുകാരനെയും വായിച്ചിട്ടില്ല.
അവളോട് പറയുക... താങ്കളുടെ ഈ നോവൽ ഇപ്പോഴും ഒരു വിസ്മയമായി വായനക്കാരെ കീഴടക്കുന്നുണ്ടെന്ന്... ഒപ്പം അവളോടൊപ്പം താങ്കളുടെ ഈ ദേശ വാക്കുകൾ പങ്കിട്ട ഞാനെന്ന മനുഷ്യൻ ഇപ്പോഴും അവളെ ഓർക്കുന്നുവെന്നും പറയുക. എന്തിനാണ് അവൾ മരണത്തിലേക്ക് പറന്നതെന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല.
പ്രിയ എസ്.കെ... അവൾ തന്റെ മരണത്തിന്റെ രഹസ്യം താങ്കളോട് പറയാതിരിക്കില്ല. അത്രമാത്രം അവൾക്ക് താങ്കളെ ഇഷ്ടമായിരുന്നു. ഒപ്പം എനിക്കും. പിന്നെ വായനയെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും.
വിനയാദരങ്ങളോടെ ...
Content Summary: Vayanavasantham, Column written by Abbas TP on S. K. Pottekkatt