തുള്ളി വിറയ്ക്കുന്ന ആ പനിനേരത്ത്, ആശുപത്രിയിൽ എനിക്ക് കൂട്ടിരുന്ന പപ്പേട്ടൻ
വല്ലാതെ പനിച്ച് പൊള്ളി ഹോസ്പിറ്റലിൽ അഡ്മിറ്റായി കിടന്ന ദിവസങ്ങളിലാണ്, ടി. പത്മനാഭനെ ഞാൻ രണ്ടാം തവണ വായിക്കുന്നത്. അതിന് മുമ്പ് അദ്ദേഹത്തിന്റെ കഥകൾ വായിച്ചിരുന്നു. വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ വിറച്ച് തുള്ളുന്ന ആ പനിക്കിടക്കയിൽ എന്റെ അരികിലിരുന്ന് പപ്പേട്ടൻ കഥ പറഞ്ഞപ്പോൾ ആ എഴുത്തിന്റെ മാസ്മരികത
വല്ലാതെ പനിച്ച് പൊള്ളി ഹോസ്പിറ്റലിൽ അഡ്മിറ്റായി കിടന്ന ദിവസങ്ങളിലാണ്, ടി. പത്മനാഭനെ ഞാൻ രണ്ടാം തവണ വായിക്കുന്നത്. അതിന് മുമ്പ് അദ്ദേഹത്തിന്റെ കഥകൾ വായിച്ചിരുന്നു. വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ വിറച്ച് തുള്ളുന്ന ആ പനിക്കിടക്കയിൽ എന്റെ അരികിലിരുന്ന് പപ്പേട്ടൻ കഥ പറഞ്ഞപ്പോൾ ആ എഴുത്തിന്റെ മാസ്മരികത
വല്ലാതെ പനിച്ച് പൊള്ളി ഹോസ്പിറ്റലിൽ അഡ്മിറ്റായി കിടന്ന ദിവസങ്ങളിലാണ്, ടി. പത്മനാഭനെ ഞാൻ രണ്ടാം തവണ വായിക്കുന്നത്. അതിന് മുമ്പ് അദ്ദേഹത്തിന്റെ കഥകൾ വായിച്ചിരുന്നു. വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ വിറച്ച് തുള്ളുന്ന ആ പനിക്കിടക്കയിൽ എന്റെ അരികിലിരുന്ന് പപ്പേട്ടൻ കഥ പറഞ്ഞപ്പോൾ ആ എഴുത്തിന്റെ മാസ്മരികത
വല്ലാതെ പനിച്ച് പൊള്ളി ഹോസ്പിറ്റലിൽ അഡ്മിറ്റായി കിടന്ന ദിവസങ്ങളിലാണ്, ടി. പത്മനാഭനെ ഞാൻ രണ്ടാം തവണ വായിക്കുന്നത്. അതിന് മുമ്പ് അദ്ദേഹത്തിന്റെ കഥകൾ വായിച്ചിരുന്നു. വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ വിറച്ച് തുള്ളുന്ന ആ പനിക്കിടക്കയിൽ എന്റെ അരികിലിരുന്ന് പപ്പേട്ടൻ കഥ പറഞ്ഞപ്പോൾ ആ എഴുത്തിന്റെ മാസ്മരികത ഞാൻ ശരിക്കും അനുഭവിക്കുക തന്നെ ചെയ്തു.
അഡ്മിറ്റാവണമെന്ന് ഡോക്ടർ പറയുമ്പോൾ ടൈഫോയിഡാണെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഏത് പുസ്തകമാണ് വീട്ടിൽ നിന്ന് വായിക്കാൻ എടുക്കേണ്ടതെന്ന ഭാര്യയുടെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഈ തുള്ളി വിറയ്ക്കലിനു ശമനം തരാൻ പപ്പേട്ടന്റെ വാക്കുകൾക്കേ കഴിയൂ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
സ്റ്റാൻഡിൽ ഘടിപ്പിച്ച കുപ്പിയിൽ നിന്ന് കുഴലിലൂടെ ജീവജലവും ഔഷധവും സിരകളിലേക്ക് അരിച്ച് കയറുമ്പോൾ മറുകയ്യിൽ ഇരുന്ന് പപ്പേട്ടൻ എന്നോട് സംസാരിച്ചു. മനുഷ്യൻ എന്ന അത്ഭുതത്തെ കുറിച്ച്, ആ അത്ഭുതത്തിന്റെ നിസ്സഹായതകളെ കുറിച്ച്, ദൈന്യങ്ങളെ കുറിച്ച്. കരുണയെ കുറിച്ച് ,സ്നേഹത്തെ കുറിച്ച്...
ഭാഷ കൊണ്ടുള്ള സർക്കസില്ലാതെ, മൗനത്തിലൂടെ, പറയാത്ത വാക്കുകളിലൂടെ, അർദ്ധ വിരാമങ്ങളിലൂടെ, എന്റെ ചെവിയിലേക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ സ്വകാര്യം പറയും പോലെ ആ സ്വരം സംഗീതം പൊഴിച്ചു. യാതൊരു തട്ടും തടവുമില്ലാതെ മുദ്രാവാക്യം വിളികളില്ലാതെ ആക്രോശങ്ങളില്ലാതെ എനിക്ക് മുമ്പിൽ ആ കഥകൾ സംഭവിച്ചു. സംഭവങ്ങളെയും അവയെ ബന്ധിപ്പിക്കുന്ന കാലച്ചരടിനെയും പപ്പേട്ടൻ എത്രമാത്രം ആകർഷകമായിട്ടാണ് ബന്ധിപ്പിക്കുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു.
വന്നുപോയ സന്ദർശകരെയോ ശരീര പീഢകളെയോ ഒന്നും ഞാനറിഞ്ഞില്ല.
മരണ മുനമ്പിൽ നിന്ന് ഇരുളും വേദനകളും വിശപ്പും മുള്ളുകളും ഇല്ലാത്ത, നിറയെ പ്രസരിപ്പും പ്രകാശവും പനിനീർ പൂക്കളുമുള്ള ലോകത്തിലേക്ക് ആ ചെറുപ്പക്കാരനെ മടക്കിക്കൊണ്ടു വന്ന പ്രകാശം പരത്തുന്ന ആ പെൺകുട്ടി എന്റെ അരികിലിരുന്ന് എന്റെ നിറുകയിൽ തൊട്ടു.
നിസ്സഹായരായ ഒരു അമ്മയെയും മക്കളെയും സഹായിക്കേണ്ടത് തന്റെ കടമയാണെന്നും, അങ്ങനെ സഹായിച്ചില്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം എന്ന് സ്വയം ചോദിക്കുന്ന മഖൻ സിങ്ങ് എന്ന ശിഖൻ എന്റെ മുമ്പിൽ നീണ്ടു നിവർന്നു നിന്നു. അയാളെ ചൂഴ്ന്ന് നിന്ന മനുഷ്യത്വം എന്ന ഗുണത്തിനു മുമ്പിൽ എന്റെ ശരീരത്തിലൂടെ ഐസ് കട്ടകൾ കൊണ്ട് ഉഴിയുന്ന നഴ്സിനെയും അതുണ്ടാക്കുന്ന പിടച്ചിലുകളെയും ഞാൻ മറന്നു.
വിശപ്പും ദാഹവും അപമാനഭാരവും എനിക്ക് മാത്രമല്ലെന്നും ശേഖുട്ടിമാർക്കും ഉണ്ടെന്ന് പപ്പേട്ടൻ എന്നോട് പറയുകയായിരുന്നില്ല, എന്നെ അനുഭവിപ്പിക്കുകയായിരുന്നു. അഭിമാനിയായ ശേഖുട്ടി തന്റെ കണ്ണുകളിലെ മുഴുവൻ ദൈന്യതയുമായി എന്റെ കാലിൽ തൊട്ടു.
കടയനെല്ലൂരിലെ ആ വരണ്ട അന്തരീക്ഷവും ആ യുവതിയും അവളുടെ ഏകാന്തതയും ആ ഏകാന്തത അവളിലുണ്ടാക്കുന്ന മുറിവുകളുടെ ദൈന്യവും ഇടിമിന്നലിന്റെ ഒച്ചയ്ക്കും വെളിച്ചത്തിനും നടുവിൽ തനിച്ചിരിക്കുന്ന അവളുടെ നിസ്സഹായതയും ഒരു വിരൽ സ്പർശത്തിന്റെ സ്നേഹ ചൂടിനായി ദാഹിക്കുന്ന അവളുടെ മനസ്സും പ്രിയപ്പെട്ട പപ്പേട്ടാ... ഈ കുറിപ്പ് എഴുതുമ്പോഴും എനിക്ക് അനുഭവിക്കാനാവുന്നുണ്ട്.
പനിത്തുള്ളലിന് കുറച്ച് ശമനം വന്ന രാത്രിയിൽ പുറത്തെ ബഹളങ്ങൾ ഒടുങ്ങിയമർന്ന് മൂകമായി കിടന്ന ആശുപത്രി വരാന്തയിലൂടെ രണ്ട് നഴ്സുമാർ, ക്ലാസ്മേറ്റ്സ് സിനിമയിലെ, എന്റെ ഖൽബിലെ വെണ്ണിലാവും പാടി കൊണ്ട് കടന്നു വന്നപ്പോൾ മുഴു ലോകത്തോടുമുള്ള സ്നേഹമായി പപ്പേട്ടന് വേണ്ടി ഞാൻ അവരോട് ചിരിച്ചു. സംസാരിച്ചു. അവരിലൊരാൾ പപ്പേട്ടന്റെ വാക്കുകളെ വായിച്ച ആളായിരുന്നു. അവർക്ക് ഏറ്റവും ഇഷ്ടം പപ്പേട്ടന്റെ, ‘കടൽ’ എന്ന കഥയാണെന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. പപ്പേട്ടന്റെ ആ കടലിന് അത്രമാത്രം സൗന്ദര്യമുണ്ടല്ലോ...
സാക്ഷിയും കാലഭൈരവനും കത്തുന്ന ഒരു രഥചക്രവും ഹാരിസൺ സായിവിന്റെ നായയും നളിനകാന്തിയും വീട് നഷ്ടപ്പെട്ട പെൺകുട്ടിയും ഗോട്ടിയും ശത്രുവുമൊക്കെ കടന്ന് ഗൗരിയിലെത്തുമ്പോൾ ഞാൻ ഓർത്തത് പ്രണയത്തിന്റെ അധര സിന്ദൂരത്തെ കുറിച്ച് തന്നെയാണ്.
ഞാൻ അനുഭവിച്ചതോ കണ്ടതോ ആയ കാഴ്ചകളും സംഭവങ്ങളും ഒക്കെ പപ്പേട്ടൻ കണ്ടതും കാണിച്ചു തന്നതും മറ്റൊരു പ്രതലത്തിൽ നിന്നാണ്. ഒരു മുരിങ്ങ മരത്തിന്റെ പൊടിപ്പുകൾക്ക് ജീവന്റെ തന്നെ വിലയുണ്ടെന്നും മൊഴികൾക്കും മറുമൊഴികൾക്കും ഇടയിൽ ജീവിതമെന്ന പെരും കടലുണ്ടെന്നും ഒരു പൂച്ച കുട്ടിയുടെ കരച്ചിലിനും ഒരു പശുവിന്റെ അമറലിനും ഈ ഭൂമി ജീവിതത്തിൽ തനതായ ഇടം ഉണ്ടെന്നും പരിചിത വഴികളിൽ നമ്മെ വന്ന് തൊടുന്ന കീർത്തന ശകലങ്ങൾക്ക് കൊടുങ്കാറ്റുകളെ ഗർഭം ചുമക്കാൻ കഴിയുമെന്നും ഒരു കുഞ്ഞിന്റെ നിസ്സഹായമായ നോട്ടത്തിന് ഏത് കരിങ്കല്ലിനേയും പിളർക്കാൻ കഴിയുമെന്നും ഏത് കരിമ്പാറയിലും സ്നേഹത്തിന്റെ കനിവുറവ കാത്തിരിക്കുന്നുണ്ടെന്നും ഞാൻ അറിഞ്ഞതും പഠിച്ചതും അനുഭവിച്ചതും പപ്പേട്ടന്റെ കഥകളിലൂടെയാണ്.
ആൾക്കൂട്ടത്തിന്റെ നടുവിൽ ഞാൻ കണ്ണടച്ചിരുന്നാലും എന്റെ അടുത്തിരുന്ന് ആരെങ്കിലും കുറച്ച് ഉറക്കെ പപ്പേട്ടന്റെ കഥ വായിച്ചാൽ ആ വാക്കുകളുടെ സൃഷ്ടാവ് പപ്പേട്ടനാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിയും എന്നിടത്ത് മൗലികത എന്ന വാക്കിന് അർത്ഥപൂർണ്ണത കൈവരുന്നു. അതിനുമപ്പുറം ഉള്ള മൗലികതയൊന്നും ഒരു ലോക കഥയിലും ഈയുള്ളവൻ കണ്ടിട്ടില്ല.
ഗൗരി എന്ന കഥ വായിച്ച് വായിച്ച് കാണാപാഠം ആയതാണ്. ഗൗരി വായിച്ചയത്ര പപ്പേട്ടന്റെ മറ്റൊരു കഥയും ഞാൻ ആവർത്തിച്ച് വായിച്ചിട്ടില്ല. വാക്കുകൾ കൊണ്ട് എനിക്ക് പകർത്താനാവാത്ത സൗന്ദര്യമുണ്ട് ഗൗരി എന്ന കഥയ്ക്ക്. ആ സൗന്ദര്യം വായിച്ചു തന്നെ അറിയേണ്ടതാണ്. അനുഭവിക്കേണ്ടതാണ്.
പനിയൊഴിഞ്ഞ് ശരീരമാകെ ക്ഷീണിച്ച് ആശുപത്രി വിടേണ്ട ഒടുക്കത്തെ ദിവസത്തിലാണ് ഗൗരി വായിച്ചത്. ഗൗരിയെ അങ്ങനെ നീട്ടിവെക്കുകയായിരുന്നു. മുമ്പ് മൂന്ന് തവണ വായിച്ച ഗൗരിയുടെ ഒടുക്കം എന്റെ ഉള്ളിൽ തെളിഞ്ഞു നിന്നിരുന്നു.
പപ്പേട്ടൻ എഴുതി...
‘‘ഗോപാൽ പൂരിലെ കടലിനു മുകളിൽ അപ്പോഴും മേഘങ്ങളുണ്ടായിരുന്നു. സൂര്യൻ മേഘങ്ങൾക്ക് പിറകിൽ ഒളിച്ചു കളിക്കുന്നതു പോലെ തോന്നി. അവർ ക്ഷമയോടെ കാത്തിരുന്നു...’’
അവരെ രണ്ടുപേരെയും ആ കടൽതീരത്ത് തനിച്ചാക്കി പോരാൻ ആദ്യവായനയിലേ കഴിഞ്ഞിട്ടില്ല. ഗൗരി വായിച്ച എല്ലാ വായനക്കാരുടെയും അവസ്ഥ അങ്ങനെ തന്നെയായിരിക്കും.
ആറു മാസത്തെ ഇടവേളയ്ക്കു ശേഷം അവർ പരസ്പരം കാണുമ്പോൾ ഗൗരി ക്ഷീണിച്ചിട്ടുണ്ട് എന്ന് അയാൾക്ക് മാത്രമല്ല തോന്നിയത്. പനി ഒഴിഞ്ഞ കിടക്കയിൽ ഇരുന്ന് ഗൗരി പതിയെ എന്നോട് പറഞ്ഞു.
‘‘ഈയിടെയായി ഒരുത്സാഹക്കുറവ് അനുഭവപ്പെടുന്നു. വായിക്കുമ്പോൾ തലവേദന വരും. എന്തെങ്കിലും കാര്യമായി ആലോചിക്കുമ്പോഴും വരും. ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞത് വിശേഷിച്ചൊന്നുമില്ല കണ്ണട വയ്ക്കാത്തത് കൊണ്ടാണ് എന്നാണ്. അതുകൊണ്ട് ഇപ്പോൾ ഒരാഴ്ചയായി...’’
കാലത്തെ കുറിച്ച്, വയസ്സിനെ കുറിച്ച് കൂടുതൽ കൂടുതൽ ബോധവതിയാകുന്ന ഗൗരി ചില രാത്രികളിൽ ഒറ്റയ്ക്ക് ഞെട്ടിയുണർന്നു ...
പപ്പേട്ടാ...
ഈ കഥ എഴുതുമ്പോൾ ദൈവം നിങ്ങളുടെ തൊട്ടടുത്ത് ഉണ്ടായിരുന്നിരിക്കണം. കഥയിലാകെ നിറഞ്ഞുനിൽക്കുന്ന വിവരിക്കാനാവാത്ത ആ നിർവൃതി ദൈവസാനിധ്യമാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ദൈവം തൊട്ട ഗൗരിയുടെ വായനയിൽ ഞാൻ എന്നെ കണ്ടു. ചിലപ്പോൾ എന്റെ കൂട്ടുകാരെ കണ്ടു.
സനാഥ എന്ന വാക്ക് ഗൗരി ഉച്ചരിച്ചപ്പോൾ അവരുടെ ശബ്ദം ചെറുതായി വിറയ്ക്കുന്നത് ഞാനറിഞ്ഞു. ഭംഗിയേറിയ ആ കണ്ണുകളിൽ പ്രതീക്ഷയുടെ തീനാളങ്ങൾ പടർന്ന്കയറുന്നത് ഞാൻ കണ്ടു.
ആശുപത്രി മുറിയിൽ ബാഗ്‌മതിയുടെ ജല സംഗീതം ഞാൻ കേട്ടു. അതിന്റെ കരയിൽ ശവങ്ങൾ എരിഞ്ഞു. മുക്കാലും കത്തി തീരാറായ ശവങ്ങൾ; കത്തി പാതിയായ ശവങ്ങൾ ;തീ പിടിച്ചു തുടങ്ങിയ ശവങ്ങൾ; തങ്ങളുടെ ഊഴവും കാത്ത് നദിക്കരയിൽ വിറങ്ങലിച്ചു കിടന്ന ശവങ്ങൾ ... ബാഗ്‌മതിയുടെ കരയിലെ ചിതകളിലേക്ക് നോക്കി മൂകരായി നിന്ന അവരിലൂടെ ഞാൻ മരണത്തെയും ജീവിതത്തെയും തോൽപ്പിക്കുന്ന പ്രണയ സാന്നിധ്യം അറിഞ്ഞു. സ്നേഹത്തിന്റെയും കരുതലിന്റെയും ധവളമന്ദാരങ്ങൾ കണ്ടു. ജീവിതം എത്രമേൽ ജീവിത യോഗ്യമാണെന്ന് അത്ഭുതം കൊണ്ടു.
ഗൗരിയെ വായിച്ചുതീർത്ത ആ ആശുപത്രി മുറി അതിന്റെ മരുന്നിൻ മണങ്ങളുമായി ഇപ്പോഴും എന്റെ മുമ്പിലുണ്ട്. ഗൗരിയെന്ന കഥയ്ക്കുള്ളിൽ പപ്പേട്ടൻ ഒളിപ്പിച്ചു വെച്ച മറ്റൊരു കഥ ഇപ്പോഴും ഒരു വാക്ക് പോലും തെറ്റാതെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നത് ഞാനെന്ന വായനക്കാരന്റെ ഓർമ്മശക്തി കൊണ്ടല്ല, പപ്പേട്ടന്റെ എഴുത്തിന്റെ ശക്തി സൗന്ദര്യങ്ങൾ കൊണ്ടാണ്. കഥയ്ക്കുള്ളിലെ പേരില്ലാത്ത ആ പെൺകുട്ടി കൈവളകൾ പൊട്ടി കൈത്തണ്ടയിൽ പൊടിഞ്ഞ ചോരയുമായി ജീവിതകാലം മുഴുവൻ എന്നെ പിൻതുടരുന്ന ഒരു നോട്ടം നോക്കിയിട്ട് പറഞ്ഞു .
‘‘വേറെ വാങ്ങിത്തരണ്ട; ഇത് എപ്പോഴും ഓർമയുണ്ടായാൽ മതി ’’
പപ്പേട്ടന്റെ കഥകളിൽ ചിലത് വായിച്ച എന്റെ പത്താംക്ലാസുകാരി മകൾ എന്നോട് പറഞ്ഞത് ‘എഴുതുന്നെങ്കിൽ ഇങ്ങനത്തെ കഥകൾ എഴുതണം ഇപ്പച്ചിയേ...’ എന്നാണ്. എനിക്ക് മുമ്പുള്ള തലമുറ പപ്പേട്ടനെ ഏറെ ഇഷ്ടത്തോടെ വായിച്ചു. എന്റെ തലമുറ പപ്പേട്ടനെ ആരാധനയോടെ വായിച്ചു. പുതിയ തലമുറ അത്ഭുതത്തോടെ പപ്പേട്ടനെ വായിക്കുകയാണ്.
ഈ കുറിപ്പിൽ മുഴുവൻ തിണക്കൽ പത്മനാഭൻ എന്ന, ടി. പത്മനാഭനെ ഈയുള്ളവൻ പപ്പേട്ടാ എന്ന് വിളിച്ചത് ഒരു വായനക്കാരൻ എന്ന അമിതസ്വാതന്ത്ര്യം ഉപയോഗിച്ചാണ്. മലയാളചെറുകഥയുടെ വസന്തവും പൂക്കാലവുമായി ഇന്നും നിലകൊള്ളുന്ന, ഏത് ലോകോത്തര കഥകൾക്കു മുമ്പിലും മലയാളിക്ക് അഭിമാനത്തോടെ കൊണ്ട് നിർത്താൻ കഴിയുന്ന കുറെ നല്ല കഥകൾ തന്ന ആ വലിയ എഴുത്തുകാരൻ എന്റെ ഈ പപ്പേട്ടൻ വിളിക്ക് മാപ്പ് തരിക തന്നെ ചെയ്യും എന്ന വിശ്വാസത്തോടെ...
Content Summary: Vayanavasantham, Column written by Abbas TP on T. Padmanabhan